Tuesday, August 8, 2017

എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്

https://www.facebook.com/Hussain.Kizhakkedathu/posts/10209035597439120

2017 June 20
എട്ടിലോ ഒന്പതിലോ പഠിക്കുന്പോഴാണ് ഞാൻ പത്രവിതരണം നടത്തിയത്. ഒരു മെയ് മാസത്തിൽ ആയിരുന്നു തുടക്കം. രാവിലെ നാലിനെഴുന്നേറ്റു അടുത്തുള്ള ചായക്കടയിൽ നിന്നൊരു ചൂട് ചായയും കുടിച്ചു വീടിനു നാല് കിലോമീറ്റർ അകലെ ഉള്ള തോപ്പുപടിയിൽ പോയാണ് പേപ്പർ കെട്ട് എടുക്കുന്നത്. ചില ദിവസങ്ങളിൽ പേപ്പറിന്റെ ഇടയിൽ പരസ്യത്തെ തിരുകുന്ന പണി ഉണ്ടാവും.

 ആ പേപ്പറും ആയി ആറു കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇടക്കൊച്ചിയിൽ പോയി ആണ് വിതരണം. ഒന്ന് രണ്ടു ആഴ്ച നന്നായി പോയി, പക്ഷെ ജൂണിൽ കാലവർഷം തുടങ്ങിയപ്പോൾ പണി പാളി. പള്ളുരുത്തിയും ഇടക്കൊച്ചിയും എല്ലാം മഴ വന്നാൽ വെള്ളം നിറയുന്ന പല സ്ഥലങ്ങളും ഉള്ളതാണ്. ഈ മഴയത്തു പേപ്പർ ഒന്നും നനയാതെ ചിലപ്പോഴെല്ലാം അര വരെ ഉള്ള വെള്ളത്തിൽ കൂടി നടന്ന് ഓരോ വീട്ടിലും പേപ്പർ കൊണ്ട് പോയി കൊടുക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയാണ്. അവസാനത്തെ വീടെത്തുന്പോഴേക്കും എട്ടു മണി എങ്കിലും ആയിട്ടുണ്ടാവും.

ഇങ്ങിനെ വൈകി പേപ്പർ കിട്ടുന്ന ഒരു വീട്ടുകാരൻ എല്ലാ ദിവസവും എന്നെ ചീത്ത പറയുമായിരുന്നു. ഇനി ഈ പേപ്പർ ഉണ്ടംപൊരി പൊതിയാൻ ഉപയോഗിക്കാം എന്നായിരുന്നു അയാളുടെ സ്ഥിരം വാചകം. അയാളെയും പറഞ്ഞിട്ടു കാര്യമില്ല,വൈകി പേപ്പർ കിട്ടിയാൽ എനിക്കും ദേഷ്യം വരുന്ന കാര്യമാണ്, പക്ഷെ ഈ പണി ചെയ്യുന്ന വരെ അതിന്റെ പുറകിൽ ഉള്ള ബുദ്ധിമുട്ട് എനിക്കറിയില്ലായിരുന്നു.

അയാളുടെ പരാതി തീർക്കാൻ ഞാൻ ഒരു ദിവസം റൂട്ട് മാറ്റി പിടിച്ചു. ഏറ്റവും അവസാനത്തെ വീട്ടിൽ നിന്ന് തുടങ്ങി ആദ്യത്തെ വീട്ടിലേക്കു എന്ന് വിപരീത ദിശയിൽ പേപ്പർ ഇട്ടു. രാവിലെ ആറ് മണിക്ക് തന്നെ ഈ സ്ഥിരം പരാതി പറയുന്ന വീട്ടിൽ പേപ്പർ ഇട്ടു. വീട്ടുകാർ എഴുന്നേറ്റിട്ടു പോലും ഉണ്ടായിരുന്നില്ല. ഒരു ദിവസം എങ്കിലും അവർക്കു നേരത്തെ പേപ്പർ കിട്ടിയല്ലോ എന്ന് ഞാനും സന്തോഷിച്ചു, പിറ്റേന്ന് ആ വീട്ടുകാരനെ കാണുന്ന വരെ.

പിറ്റേന്ന് ഉറഞ്ഞു തുള്ളിയാണ് അയാൾ എന്നെ സ്വീകരിച്ചത്. വീട്ടുകാർ എഴുന്നേൽക്കുന്നതിനു മുൻപേ ഇട്ട പേപ്പർ ആ വീട്ടിലെ പട്ടി കടിച്ചു കീറിയിരുന്നു. ഒരു ദിവസത്തെ പേപ്പറിന്റെ പൈസ എന്റെ മാസ വരുമാനത്തിൽ നിന്ന് പോയി. അങ്ങേരുടെ പരാതി പരിഹരിക്കാൻ നേരത്തെ പേപ്പർ ഇട്ടതാണ് എന്നെല്ലാം ഉള്ള എന്റെ വാദങ്ങൾ ഒരു വാചകം കൊണ്ട് അയാൾ വെട്ടി നിരത്തി..

"പിന്നേ പേപ്പർ ഇടുന്നതൊക്കെ ഭയങ്കര പാടുള്ള പണിയല്ലേ ...."
അന്നാണ് എനിക്ക് മനസിലായത്, നമ്മുടെ നാട്ടുകാരെ കൊണ്ട് നന്ദി പറയിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. തൊഴിലിൽ ഒരു അധികാര ക്രമം നമ്മൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിൽ നമുക്ക് മുകളിൽ ഉള്ളവരെ സാറേ എന്ന് വിളിച്ചില്ലെങ്കിൽ ഉറക്കം വരാത്ത നമ്മൾ താഴെ ഉള്ളവരെ ഒരു ബഹുമാനവും പ്രകടിപ്പിക്കാതെ ഒരിക്കൽ പോലും ഒരിക്കൽ നന്ദി പറയാതെ അവഗണിക്കുന്നവരാണ്. പറ്റുമെങ്കിൽ നമ്മുടെ അഹങ്കാരവും ധാർഷ്ട്യവും പ്രകടിപ്പിക്കുന്നതും ഇങ്ങിനെ ഉള്ളവരോടാണ്.

എന്റെ ബാപ്പ FCI യിൽ ഒരു ചുമട്ടു പണിക്കാരൻ ആയിരുന്നു. ഒരിക്കൽ അന്നത്തെ എറണാകുളം കളക്ടർ (പിന്നീട് കേന്ദ്ര മന്ത്രി ആയ) എസ് കൃഷ്ണ കുമാർ, ഒരു സമരം ഒത്തു തീർപ്പാക്കുന്ന ചർച്ചക്കിടെ ബാപ്പായോട് ഇത് വെറും ചുമട്ടു തൊഴിലല്ലേ എന്നോ മറ്റോ പറഞ്ഞു. സാറിനു പറ്റുമെങ്കിൽ ഒരു ചാക്ക് എടുത്തു തലയിൽ വച്ച് വാഗണിൽ നിന്ന് ഗോഡൗണിലേക്കു വച്ച് കാണിക്കാൻ ബാപ്പ പറഞ്ഞു. എടുത്തു നോക്കിയിരുന്നെങ്കിൽ സിനിമയിൽ പറയുന്ന പോലെ കൃഷ്ണകുമാർ കണ്ടിയിട്ടേനെ :)

അത് കൊണ്ടാണ്, കൊച്ചി മെട്രോയിൽ ജോലി ചെയ്തവർക്ക് ആദ്യ യാത്രയും, സദ്യയും മറ്റും ഒരുക്കിയ അധികൃതരെ എത്ര അഭിനന്ദിച്ചാലും മതി വരാത്തത്. ബാംഗ്ളൂരിൽ വച്ച് ഒരു ഗൃഹപ്രവേശ ചടങ്ങിൽ ആദ്യം ഇട്ട ഇലയ്ക്ക് മുൻപിൽ അറിയാതെ വന്നിരുന്ന ഒരു തൊഴിലാളിയുടെ കുട്ടിയെ വഴക്കു പറഞ്ഞു മാറ്റുന്നത് കണ്ടു ഞെട്ടിയിട്ടുണ്ട്. കേരളത്തിൽ അങ്ങിനെ അല്ല എന്ന് കാണുന്നതിൽ വളരെ സന്തോഷം.

അധികാര ക്രമത്തിൽ നമുക്ക് താഴെ എന്ന് കരുതുന്നവരോട് മാത്രം അല്ല, മുകളിലുള്ളവരോടും ആകാം നന്ദി. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ആണ് ഹാരിസിനെ വലിയ പനി വന്നു ബോധം പോയ നിലയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ICU വിൽ പ്രവേശിപ്പിച്ചത്. എന്റെ കൈയിലെ ഫോൺ ചാർജ് തീർന്നപ്പോൾ വീട്ടിൽ വിളിച്ചു പറയാൻ ഫോൺ തന്ന അടുത്തിരുന്ന പേരറിയാത്ത ഇത്ത മുതൽ, രാത്രി ഒരു മണിക്ക് ഓടിക്കിതച്ചു വന്ന ഡോക്ടർ രേഖ സക്കറിയാസിനും നഴ്‌സുമാർക്കും, എമെർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്കുമൊന്നും നന്ദി പറഞ്ഞാൽ മതിയാവില്ല. ഇവിടെ വന്നു ഞാൻ നന്ദി പറഞ്ഞു കൊണ്ട് ഒരു ഇമെയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് അയച്ചു. അത് എല്ലാവരെടെയും കയ്യിൽ എത്തിയോ എന്നറിയില്ല. കിട്ടി എന്നറിയിച്ചു കൊണ്ട് മറുപടി ഒന്നും കണ്ടില്ല. അടുത്ത തവണ നാട്ടിൽ പോവുന്പോൾ നേരിട്ട് പോയി കാണണം.

ഭാര്യയുടെ പാസ്സ്പോർട്ടിലെ ജനനതീയതിയും SSLC ബുക്കിലെ ജനനത്തീയതിയും രണ്ടായിരുന്നു. ഒരു TV പരിപാടി കണ്ടു അനിയൻ നജീബാണ് കൊച്ചി പാസ്പോർട്ട് ഓഫീസറെ വിളിച്ചു ഇതിനു എന്ത് ചെയ്യാൻ കഴിയും എന്നന്വേഷിച്ചത്. നാട്ടിൽ പോയപ്പോൾ പാസ്പോര്ട്ട് ഓഫീസിൽ പോയി റീജിയണൽ പാസ്സ്പോർട്ട് ഓഫീസറെ നേരിട്ട് കണ്ടു. നേരെ വാ നേരെ പോ എന്ന പ്രകൃതത്തിൽ ഒരാൾ. വർഷങ്ങൾ ആയി നടക്കാത്ത കാര്യം ഒരു ദിവസം കൊണ്ട് ശരിയാക്കി തന്നു. കുറച്ചു കഴിഞ്ഞു ഒരു വാർത്ത വായിച്ചു, ഏതോ മന്ത്രി താഴെ വന്നു നിന്നപ്പോൾ പ്രോട്ടോകോൾ പ്രകാരം സ്വീകരിച്ചില്ല എന്നാണ് പറഞ്ഞു അങ്ങേരെ ലക്ഷദ്വീപിലേക്ക് സ്ഥലം മാറ്റിയ കാര്യം. പേര് മറന്നു പോയി, പക്ഷെ ഇന്നും അദ്ദേഹത്തെ ഞങ്ങൾ നന്ദിയോടെ ഓർക്കാറുണ്ട്.

പുറകിൽ വരുന്നവർക്ക് വാതിൽ തുറന്നു പിടിച്ചു കൊടുക്കുന്നതും, കത്ത് കൊണ്ട് തരുന്ന പോസ്റ്മാൻ മുതൽ നമുക്ക് വേണ്ടി എന്ത് ജോലി ചെയ്യന്നവരോടും താങ്ക്യൂ പറയുന്നത് ഇവിടുത്ത ശീലം ആണ്. മാത്രമല്ല ഇങ്ങിനെ ഉള്ളവരോട് സംസാരിച്ചാൽ നമ്മുടെ ചില ധാരണകൾ മാറുകയും ചില കാര്യങ്ങൾ പഠിക്കുകയും ചെയ്യും. എന്റെ വീട്ടിൽ ഫാൻ നന്നാക്കാൻ വന്ന ഈജിപ്റ്റുകാരൻ ഈജിപ്തിൽ ഏറോനോട്ടിക്‌സ് എഞ്ചിനീയറിംഗ് പഠിച്ച മനുഷ്യൻ ആണ്. ആ സർട്ടിഫിക്കറ്റ് ഇവിടെ ഉപയോഗിക്കാൻ കഴിയാതെയും ഈജിപ്ത് സൈന്യത്തിൽ ജോലി ചെയ്തു എന്ന് അമേരിക്കയിൽ പറയാൻ കഴിയാതെയും വന്നപ്പോൾ ഇലക്ട്രിക്ക് കോണ്ട്രാക്റ്റ് ജോലി ചെയ്യുന്നു. എന്റെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാൻ വരുന്ന പോളണ്ടുകാരൻ ജെറി ആണ് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റിയും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയെ പറ്റിയും എനിക്ക് പറഞ്ഞു തരുന്നത്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന തമാശ കേരളത്തിൽ ഉള്ള കാര്യം ഞാൻ ജെറിയോടു പറഞ്ഞിട്ടുണ്ട് :)

എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ ആണ്. ഒന്ന് കൂടി പറയുന്നു. എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്, അതിന്റെതായ ബുദ്ധിമുട്ടുകളും. അതുകൊണ്ടു നാളെ മുതൽ നമ്മുടെ വീട്ടിൽ ചവർ എടുക്കാൻ വരുന്നവർ മുതൽ പോസ്റ്മാൻ വരെ നമ്മളുമായി ഇടപഴകുന്നവരോട് ഒരു നന്ദി പറച്ചിൽ ആവാം, അത് ശീലം ഇല്ലെങ്കിൽ ഒരു പുഞ്ചിരി മതിയാവും. അവർക്കും നിങ്ങൾക്കും അത് കൊണ്ട് ഗുണമേ ഉള്ളൂ. കൊടുക്കുന്നവനും കിട്ടുന്നവനും സന്തോഷം കിട്ടുന്ന കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നതെന്തിനാണ്.

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...