Tuesday, January 29, 2019

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466

എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ B.Sc. ഫിസിക്സ് തോറ്റത്.

തോറ്റു എന്ന് പറഞ്ഞാലത് തെറ്റാണു, ഫൈനൽ പരീക്ഷ എഴുതിയില്ല എന്നതാണ് കൂടുതൽ ശരി. സെക്കന്റ് ഗ്രൂപ്പിൽ കണക്ക് പഠിക്കാതെ, B.Sc. ഫിസിക്സ് രണ്ടാം പേപ്പർ ആയി കാൽക്കുലസ് വന്നപ്പോൾ ഞാൻ ഒന്ന് ആടിപ്പോയി എന്നത് ശരിയാണ്, പക്ഷെ അക്കൊല്ലം പരീക്ഷ എഴുതാതെ ഇരിക്കാൻ വേറെ രണ്ടു കാരണങ്ങൾ കൂടി ഉണ്ടായിരുന്നു.

ഒന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം ആയിരുന്നു. ഏതാണ്ട് എല്ലാ ചെറുപ്പക്കാരും, പ്രായമായവരെ അക്ഷരം എഴുതാനും പഠിപ്പിക്കാനും സമയം ചിലവഴിച്ച സമയം ആയിരുന്നു അത്. ഏതാണ്ട് പൂർണമായും അതിൽ മുഴുകിയ എനിക്ക് പരീക്ഷയ്ക്ക് പഠിക്കാൻ സമയം കിട്ടാതെ പോയി.

പക്ഷെ രണ്ടാമത്തെ കാരണം ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്ന ഒന്നാണ്. സെന്റ് ആൽബെർട്സ് കോളേജിൽ ഇലെക്ട്രിസിറ്റി ആൻഡ് മാഗ്നെറ്റിസം പഠിപ്പിച്ചിരുന്ന ജെയിംസ് സാർ ഒരിക്കൽ ക്ലാസ്സിൽ വച്ച് എന്നെ വഴക്ക് പറഞ്ഞു എന്ന ഒരു ചെറിയ കാരണം ആണത്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കഥ എഴുതാനും മറ്റും എന്ന വ്യാജേന കുറെ ക്ലാസ് കട്ട് ചെയ്ത് തിരികെ ചെന്ന ദിവസം ആണ് സാർ ചൂടായത്.

"ക്ലാസ്സിലൊക്കെ കേറി പഠനം ഒക്കെ കഴിഞ്ഞുള്ള എഴുത്തും മറ്റും മതി, നന്നായി പഠിച്ചാൽ ഫിസിക്സിൽ തനിക്ക് നല്ല മാർക്ക് വാങ്ങിക്കാൻ കഴിയും" എന്ന് കുറച്ച് ദേഷ്യത്തോടെ ആണ് സാർ പറഞ്ഞത്. ബി എസ് സിക്ക് ചേരുമ്പോൾ എനിക്ക് ഫിസിക്സിൽ നല്ല മാർക്കുണ്ടായിരുന്നത് കൊണ്ടാവാം സാർ അങ്ങിനെ പറഞ്ഞത്, പക്ഷേ എന്റെ ഈഗോ ചെറുതായി ഒന്ന് വ്രണപ്പെട്ടു, സാർ അങ്ങിനെ പറഞ്ഞാൽ എന്നാൽ ഞാൻ പരീക്ഷ എഴുതുന്നില്ല എന്ന ഒരു മണ്ടൻ തീരുമാനം ഞാനെടുത്തു...

പ്രീഡിഗ്രി പാസ്സായപ്പോൾ തന്നെ എന്റെ ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിൽ ഏറ്റവും കൂടുതൽ പഠിച്ച ഒരാളായി ഞാൻ മാറിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ B.Sc. എന്താണ് എന്ന് തന്നെ വീട്ടുകാർക്ക് വലിയ പിടി ഉണ്ടായിരുന്നിട്ടില്ല. ഞാൻ കോളേജിൽ പോകുന്നു വരുന്നു എന്നല്ലാതെ അവർക്ക് ഇതിന്റെ വേറെ അധികം കാര്യങ്ങൾ ചോദിക്കാനുള്ള അറിവുണ്ടായിരുന്നില്ല. ഞാൻ എല്ലാ ക്ലാസും നല്ല രീതിയിൽ പാസാക്കുന്നത് കൊണ്ട്, ഇതും അങ്ങിനെ ആയിരിക്കും എന്നവർ കരുതിയിരിക്കണം.

ഫൈനൽ പരീക്ഷയുടെ അന്ന് രാത്രി ഞാൻ പേടിച്ചാണ് ബാപ്പയോട് പരീക്ഷ എഴുതാത്ത കാര്യം പറഞ്ഞത്. ഇക്കൊല്ലം പഠിക്കാൻ കഴിയാത്തത് കൊണ്ട്, നന്നായി പഠിച്ഛ് അടുത്ത കൊല്ലം പരീക്ഷ എഴുതിയാൽ കൂടുതൽ മാർക് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നീ അങ്ങിനെ കരുതുന്നുണ്ടെകിൽ അങ്ങിനെ ചെയ്യൂ എന്ന ഒരു വാക്കിൽ ബാപ്പ ആ സംഭാഷണം അവസാനിപ്പിച്ചു. ആ സംഭവമാണ്, ഞാൻ തന്നെ നന്നായി പഠിച്ചില്ലെങ്കിൽ ആരും എന്നെ നിർബന്ധിച്ച് പഠിപ്പിക്കാനും ഒന്നും പോകുന്നില്ല എന്ന അറിവ് എനിക്ക് സമ്മാനിച്ചത്. കാരണം ഇതൊന്നും അറിയുന്ന ആളുകൾ അല്ല എന്റെ വീട്ടുകാർ. (കുറെ വർഷം കഴിഞ്ഞു MCA അഡ്മിഷൻ കിട്ടിയപ്പോൾ ബാപ്പ, ബാപ്പയുടെ സൂപ്പർവൈസറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, MCA എന്നായിരിക്കില്ല, CA കോഴ്സ് ആയിരിക്കും എന്ന് സൂപ്പർവൈസർ പറഞ്ഞത് എന്നോട് ചോദിച്ച കാര്യം ഇന്നും ഓർക്കുന്നു. MCA അന്ന് വളരെ പുതിയ ഒരു കോഴ്സ് ആയിരുന്നു, കേരളത്തിൽ 90 സീറ്റ് മാത്രം.)

B.Sc. പരീക്ഷ എഴുതാതെ വെറുതെ നിന്ന കൊല്ലം, ഞാൻ പള്ളുരുത്തിയിൽ ഒരു ചെറിയ ട്യൂഷൻ സെന്റർ തുടങ്ങി. കണക്കിന് എറണാകുളത്ത് എഡിസൺ സാറിന്റെ അടുത്തും, ഫിസിക്സിന് മട്ടാഞ്ചേരിയിൽ അയ്യർ സാറിന്റെ അടുത്തും ട്യൂഷന് ചേർന്നു. പരിഷത്തിൽ ബാലവേദി സെക്രട്ടറി ആയി. ആ സമയത്ത് തന്നെ പേപ്പർ ഇടാനും കപ്പലണ്ടി വിൽക്കാനും ഇടയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ചിലപ്പോൾ ട്യൂഷൻ എടുക്കുന്ന കുട്ടികളുടെ വീടുകളിൽ തന്നെ പേപ്പർ ഇടേണ്ട സാഹചര്യം വന്നപ്പോൾ, ഒരു കുട്ടിയുടെ അമ്മ എന്നോട് "മാഷ് ട്യൂഷൻ എടുക്കുന്നത് നിർത്തി ഈ പണി തുടങ്ങിയോ" എന്നാണ് ചോദിച്ചത്. തുടർ സാക്ഷരതാ പ്രസ്ഥാനത്തിൽ ടീച്ചർമാരെ പഠിപ്പിക്കുന്ന ജോലിയും അതിനിടയിൽ ചെയ്തു. ഒരു സദസ്സ് എങ്ങിനെ കൈകാര്യം ചെയ്യണം എന്ന പേടിയൊക്കെ മാറിയത് അക്കാലത്താണ്.

ഈ ഒരു വർഷത്തെ അനുഭവങ്ങൾ ആണ് പിന്നീട് PGDCA, MCA കോഴ്സുകൾ ചെയ്യാനും, അവ നല്ല നിലയിൽ പാസാക്കാനും എന്നെ സഹായിച്ചത്, പക്ഷെ അതിനേക്കാളൊക്കെയുപരി ഒരു പരാജയത്തെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന, ഒരു യൂണിവേഴ്സിറ്റിയിലെ പഠിപ്പിക്കാത്ത ഒരു കാര്യം ഞാനാ കൊല്ലം പഠിച്ചു. ആളുകളെയും സന്ദർഭങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യണം എന്ന പാഠം. MCA ക്യാമ്പസ് ഇന്റർവ്യൂവിൽ വലിയ ഇംഗ്ലീഷ് പരിജ്ഞാനം ഒന്നും ഇല്ലാത്ത ഞാൻ നല്ല ആത്മവിശ്വാസത്തോടെ ഇരിക്കാനും കാരണം വരുന്നത് വരുന്നിടത് വച്ച് കാണാം എന്ന ആത്മവിശ്വാസം ഈ വർഷത്തെ അനുഭവങ്ങൾ നൽകിയത് കൊണ്ടാണ്. ഇത് പിന്നീട് പല സന്ദർഭങ്ങളിലും ഉപകാരപ്പെടുകയും ചെയ്തു.

ഉദാഹരണത്തിന് കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ കിട്ടി ബാംഗ്ലൂരിൽ SAP ലാബിൽ ചേർന്നപ്പോൾ, ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. എന്റെ ഒരു സീനിയർ , ചില കൂട്ടുകാരുടെ വാക്ക് കേട്ട്, ഞാൻ പണം നൽകിയാണ് അവിടെ കയറിയത് എന്നൊരു കിംവദന്തി കമ്പനിയിൽ പറഞ്ഞു പരത്തിയിരുന്നു. കൈക്കൂലി കൊടുക്കാൻ പോയിട്ട് അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകാൻ പോലും പണം കയ്യിൽ ഉണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ സീറ്റിന്റെ അടിയിൽ പേപ്പർ വിരിച്ചു കിടന്നുറങ്ങിയാണ് ബാംഗ്ലൂരിൽ പോയത്. പക്ഷെ അങ്ങിനെ ഒരു കിംവദന്തി അവിടുത്തെ എന്റെ ജോലിയെ ബാധിക്കുന്നു എന്ന് മനസിലാക്കിയ ഞാൻ ഒരു വർഷത്തിനുള്ളിൽ ജോലി രാജിവെച്ച് വേറൊരു കമ്പനിയിൽ ചേർന്നു. ഇന്നാലോചിച്ച് നോക്കുമ്പോൾ എന്റെ പ്രൊഫെഷണൽ ജീവിതത്തിൽ ഞാനെടുത്ത മറ്റൊരു നല്ല തീരുമാനം ആയിരുന്നു അത്, കാരണം, പുതിയ കാര്യങ്ങൾ നന്നായി പഠിക്കാതെ നിലനിൽക്കാൻ കഴിയില്ല എന്ന വെല്ലുവിളി വരുമ്പോൾ ആണ് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതും, പിന്നീട് നമുക്ക് ആ അനുഭവങ്ങൾ മുതൽക്കൂട്ടായി വരുന്നതും. പിറ്റേ വർഷം മൈക്രോസോഫ്ട് ഡെവലപ്പേർ ഡേയ്സ് എന്ന പ്രോഗ്രാമിൽ എന്റെ ഒരു സെമിനാർ ഉണ്ടായിരുന്നു, അത് കേൾക്കാൻ എന്റെ പഴയ കമ്പനിയിൽ നിന്ന് കുറെ ആളുകൾ സദസ്സിലും ഉണ്ടായിരുന്നു. എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് അന്നെനിക്ക് മനസിലായി.

ഞാൻ ട്യൂഷൻ എടുത്ത കുട്ടികളിൽ ഏറ്റവും മിടുക്കൻ സഞ്ജു ആയിരുന്നു. ഐഐടി മദ്രാസിൽ നിന്ന് റാങ്കോടെ ആണവൻ പാസായത്. പിന്നീട് കാലിഫോർണിയയിൽ ഉപരിപഠനം. വേറെ കുട്ടികൾ ഗെയിം കളിക്കുമ്പോൾ ഇവൻ ഗെയിം പ്രോഗ്രാം ചെയ്തു. മുഴുവൻ സമയവും വായനയും പഠനവും. അവന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയത് കൊണ്ട്, എല്ലാ കാര്യവും അമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു അവൻ ചെയ്തിരുന്നത്. പുറത്ത് പോയി മറ്റു കുട്ടികളും ആയി കളിക്കാനും ഒന്നും അവനെ അവർ അനുവദിച്ചിരുന്നില്ല. പഠിക്കുക, ജോലി കിട്ടുക, മോശം സ്വഭാവം ഒന്നും ഇല്ലാത്ത നല്ല കുട്ടിയായി വളരുക എന്ന ഒരു ധാരണയിൽ ആണ് അവന്റെ ജീവിതം പൊയ്ക്കൊണ്ടിരുന്നത്.

കാലിഫോർണിയയിലെ കോഴ്സ് കഴിഞ്ഞ ഉടനെ അവനു ജോലി ലഭിച്ചു. ഒരു ഡിഫെൻസ് കമ്പനിയിൽ. പക്ഷേ  ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ കോൺട്രാക്ട് പോയത് കൊണ്ട്, കമ്പനിയിൽ നിന്ന് അവനെ പിരിച്ചു വിട്ടു. അത് വരെ എല്ലാ പരീക്ഷകളിലും ജയിച്ചു വന്ന അവനു കമ്പനിയിൽ നിന്നുള്ള പിരിച്ചു വിടൽ ഒരു വലിയ ആഘാതമായിരുന്നു. അതിനു ശേഷം ആത്മവിശ്വാസത്തോടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവനു സാധിച്ചില്ല. ആളുകളോട് ഇടപഴകുന്നതിലും, ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിലും മറ്റും അവനു പല പ്രശ്നങ്ങളും വന്നു. ഏതാണ്ട് രണ്ടു വർഷത്തോളം ജോലി ഇല്ലാതിരുന്ന അവൻ പിന്നീട് അവൻ പഠിച്ച വിഷയവും ആയി ബന്ധം ഇല്ലാത്ത ഒരു ചെറിയ ജോലിയിൽ ചേരേണ്ടി വന്നു. വളരെ നാൾ ഞങ്ങൾ അവനെ പല തരത്തിലും സഹായിക്കാൻ നോക്കിയിരുന്നു. പക്ഷെ നല്ല മാർക്കും ഡിഗ്രിയും ഉള്ള അവനു പ്രായോഗിക ജീവിതത്തെ നേരിടാനുള്ള കെല്പില്ലായിരുന്നു.

മനുഷ്യന് ഒരേസമയം തന്നെ പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വരയും, പെട്ടെന്ന് ഒരു പുതിയ കാര്യം ചെയ്ത് അപകടത്തിൽ ചാടാതിരിക്കാനുള്ള കെൽപ്പും ഒരേ സമയം ഉണ്ട്. ഇതിന്റെ ഇടയിലുള്ള ഒരു ബാലൻസിങ് ആണ് നമ്മുടെ എല്ലാം ജീവിതം. നമ്മൾ ഒരു പുതിയ കോഴ്സ് പഠിക്കാൻ ചേരുമ്പോഴോ, പുതിയ ജോലിയിൽ കയറുമ്പോഴോ, പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴോ നമുക്ക് പരിചയം ഇല്ലാത്ത ഒരു കാര്യം ചെയ്യുകയാണ്. ഒരേ സമയവും പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ സ്ഥലങ്ങൾ കാണാനും ഉള്ള സന്തോഷവും, എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ആശങ്കയും ഉണ്ടാവും. പ്രായം ചെല്ലുന്തോറും പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വര കുറഞ്ഞു വരികയും, നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടർന്ന് പോവാനുള്ള ത്വര കൂടുകയും ചെയ്യും. IT ഫീൽഡിൽ ഉള്ള പ്രായം കൂടിയവർക്ക് പുതിയ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സിസ്റ്റം വരുംമ്പോൾ മാറാനുള്ള ആക്കം (momentum ) കൂടുതൽ ആയി കാണുന്നത് ഒരു ഉദാഹരണമാണ്. സ്‌പെൻസർ ജോൺസന്റെ "Who moved my cheese " എന്ന പുസ്തകം ഇതിന്റെ സംബന്ധിച്ചുള്ളതാണ്.

പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വര (നിയോഫീലിയ ) കുട്ടികളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്. ഇഴഞ്ഞു നടക്കുന്ന പ്രായത്തിൽ തന്നെ അടുക്കളയിലെ ഉള്ളിത്തൊലി വരെ എടുത്ത് വായിൽ വയ്ക്കുന്ന കുട്ടികൾ പുതിയ അനുഭവങ്ങളെ തേടുന്നതാണ്. പക്ഷെ മുതിർന്ന നമ്മൾ കുട്ടികൾ അപകടത്തിൽ പെടാതിരിക്കാൻ അവരെ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നു.

കുറച്ച് കഴിയുമ്പോൾ മറ്റു കുട്ടികളുമായി കൂട്ടുചേർന്നു കളിക്കുമ്പോഴാണ് കുട്ടികളുടെ സാമൂഹിക പാടവം (social skill ) പുഷ്ടിപ്പെടുന്നത്. ചെറുപ്പത്തിൽ മറ്റു കുട്ടികളും ആയി കളിക്കാനോ ഇടപഴകാനോ ഇടവരാത്ത കുട്ടികളിൽ വളർന്നു വരുമ്പോൾ മറ്റുള്ളവരുമായി ബന്ധവും, സമ്പർക്കവും ബുദ്ധിമുട്ടായി തീരും. സംഗീതമോ നൃത്തമോ ചെറുപ്പത്തിൽ പഠിക്കാത്തവർ മുതിർന്നു കഴിഞ്ഞു, കുറച്ച് പ്രയത്‌നം എടുത്തിട്ടാണെങ്കിലും പരിശീലിപ്പിക്കാൻ കഴിയും, പക്ഷെ ചെറുപ്പത്തിൽ മറ്റു കുട്ടികളുടെ കൂടെ കളിച്ചും, ഇണങ്ങിയും പിണങ്ങിയും വളരാത്ത കുട്ടികൾക്ക് മുതിർന്നു കഴിയുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രശനങ്ങൾ പൂർണമായും മാറ്റാൻ വളരെ ബുദ്ധിമുട്ടാണ്.

കുട്ടികളായിരിക്കുമ്പോൾ നമുക്കവരെ പല കാര്യങ്ങളിലും നിയന്ത്രിക്കാമെങ്കിലും, കൗമാരക്കാലത്തു ഈ നിയന്ത്രണം കൊണ്ട് കാര്യമില്ലാതെ വരുന്നു, കാരണം ചില പുതിയ അനുഭവങ്ങളിലൂടെ കുട്ടികൾ കടന്നു പോവേണ്ടത് അവരുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. എല്ലാം നമ്മൾ അറിഞ്ഞും നമ്മുടെ നിയന്ത്രണത്തിലും വേണം എന്ന് ശഠിച്ചാൽ അത് കുട്ടികളുടെ വളർച്ചയെ ബാധിക്കും. കുറെ കാര്യങ്ങളിൽ അവരെ പുതിയ അനുഭങ്ങളിലൂടെ കടന്നു പോകാൻ നമ്മൾ അനുവദിക്കണം. പല പ്രാവശ്യം വീണിട്ട് നടക്കാൻ പഠിക്കുന്ന പോലെ, പല വിജയപരാജയങ്ങൾ ആണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്.

വളർന്നു കഴിയുമ്പോൾ നിയോഫോബിയ (neophobia) ആളുകളിൽ കൂടുതലായി വരുന്നു. ജോലി എല്ലാം കിട്ടി ഒരു ക്രമത്തിൽ ജീവിതവും ജോലിയും നടന്നു പോയ്കൊണ്ടിരിക്കുമ്പോൾ മാറ്റം വളരെ ബുദ്ധിമുട്ടായി തോന്നും. കുട്ടികൾ പുതിയ കാര്യങ്ങൾ ചെയ്യുന്ന കാണുമ്പോൾ നമ്മളുടെ നിയോഫോബിയ അവരെ അങ്ങിനെ ചെയ്യുന്നതിൽ നിന്ന് അകാരണമായ ഭയം മൂലം തടയാൻ ശ്രമിക്കും. ഇത് പക്ഷെ കുട്ടികളുടെ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അവരെ അവരായി വളരാനും, അവരുടെ മാത്രം അനുഭവങ്ങൾ ഉണ്ടാവാനും അനുവദിക്കണം. അങ്ങിനെയുള്ള അനുഭങ്ങൾക്ക് അവർ നിങ്ങളോട് ഭാവിയിൽ നന്ദിയുള്ളവരായിരിക്കും. അവർക്ക് നമ്മുടെ ചിറകുകൾ നൽകാതിരിക്കാൻ, അവർക്ക് അവരുടെ ചിറകുകൾ ഉണ്ടല്ലോ...

Your children are not your children.
They are the sons and daughters of Life's longing for itself.
They come through you but not from you,
And though they are with you yet they belong not to you.

You may give them your love but not your thoughts,
For they have their own thoughts.
You may house their bodies but not their souls,
For their souls dwell in the house of tomorrow,
which you cannot visit, not even in your dreams.
You may strive to be like them,
but seek not to make them like you.
For life goes not backward nor tarries with yesterday.

You are the bows from which your children
as living arrows are sent forth.
The archer sees the mark upon the path of the infinite,
and He bends you with His might
that His arrows may go swift and far.
Let your bending in the archer's hand be for gladness;
For even as He loves the arrow that flies,
so He loves also the bow that is stable.

On Children (The Prophet)
Kahlil Gibran

Monday, November 5, 2018

ആചാരങ്ങൾ ഉണ്ടാവുന്നത്

ആചാരങ്ങൾ ഉണ്ടാവുന്നത്.
അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം.
കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിലായി ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു.
ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ ബാക്കി താഴെ നിൽക്കുന്ന എല്ലാ കുരങ്ങുകളുടെയും ദേഹത്തേക്ക് പരീക്ഷണത്തിന്റെ ഭാഗം ആയി തണുത്ത വെള്ളം ഒഴിക്കുന്ന ഒരു പൈപ്പ് തുറക്കപ്പെട്ടു. തണുത്തു വിറച്ച കുരങ്ങന്മാർ എല്ലാവരും കൂടി, മുകളിലേക്ക് കയറിയ കുരങ്ങനെ വാലിൽ പിടിച്ചു താഴെ ഇട്ടു.
കുറച്ച് കഴിഞ്ഞു തണുപ്പൊക്കെ മാറിയപ്പോൾ വേറൊരു കുരങ്ങൻ പഴം എടുക്കാൻ ഏണിയിൽ കയറാൻ തുടങ്ങി, അതെ സംഭവം ആവർത്തിച്ചു, താഴെ നിന്ന കുരങ്ങന്മാരുടെ ദേഹത്ത് തണുത്ത വെള്ളം വീണു, താഴെ നിന്ന കുരങ്ങന്മാർ എല്ലാവരും കൂടി മുകളിൽ കയറിയവനെ താഴെ വലിച്ചിട്ടു പഞ്ഞിക്കിട്ടു..
ഇങ്ങിനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുരങ്ങന്മാർക്ക് ഒരു കാര്യം മനസിലായി. ഒരു കുരങ്ങ് ഇനിയുടെ മുകളിൽ കയറിയാൽ ബാക്കി എല്ലാവരുടെയും ദേഹത്ത് തണുത്ത വെള്ളവും വീഴും. അത് കൊണ്ട് ഇനിയുടെ മുകളിൽ ഏത് കുരങ്ങൻ കേറാൻ നോക്കിയാലും ബാക്കി ഉള്ള കുരങ്ങുകൾ അവനെ വലിച്ച് താഴെ ഇട്ടു ആക്രമിക്കാൻ തുടങ്ങി.
ഇങ്ങിനെ കണ്ടീഷൻ ആയ കുരങ്ങുകളുടെ ഇടയിൽ നിന്ന് ഗവേഷകർ ഒരു കുരങ്ങിനെ എടുത്തു മാറ്റി പുതിയൊരു കുരങ്ങിനെ കൂട്ടിലേക്ക് കയറ്റി. കയറിയ ഉടനെ ഈ പുതിയ കുരങ്ങ് പഴം എടുക്കാൻ വേണ്ടി കയറാൻ തുടങ്ങി. സാധാരണ പോലെ, ബാക്കി എല്ലാ കുരങ്ങുകളും കൂടി ചേർന്ന് ഈ കുരങ്ങിനെ വലിച്ചു താഴെ ഇടുകയും ആക്രമിക്കുകയും ചെയ്തു. എന്തിനാണ് തന്നെ ബാക്കി കുരങ്ങുകൾ ആക്രമിച്ചത് എന്ന് പുതിയ കുരങ്ങിന് മനസിലായില്ല, പക്ഷെ പിന്നീടുള്ള പല ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ, പുതിയ കുരങ്ങിന് ഒരു കാര്യം മനസിലായി, ഏണിയിൽ കയറിയാൽ എന്തോ പ്രശ്നമുണ്ട് ബാക്കി കുരങ്ങുകളുടെ ഇടി കിട്ടും. ദേഹത്ത് തണുത്ത വെള്ളം വീണിട്ടാണ് ഇതെന്ന് പുതിയ കുരങ്ങിന് ഒരിക്കലും മനസിലായതും ഇല്ല.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഗവേഷകർ, പഴയ കൂട്ടത്തിലെ രണ്ടാമത് ഒരു കുരങ്ങിനെ മാറ്റി പുതിയ കുരങ്ങനെ കൂട്ടിൽ കേറ്റി.
ആ കുരങ്ങും കേറിയ പാടെ ഏണിയിൽ കയറി പഴം എടുക്കാൻ പോയി. തൊട്ടു മുൻപ് പുതുതായി വന്ന കുരങ്ങു ഉൾപ്പെടെ ബാക്കിയുള്ള എല്ലാ കുരങ്ങുകളും വന്നു ഈ കുരങ്ങിനെ വലിച്ചിട്ടു ചവിട്ടി. തൊട്ടു മുൻപ് വന്ന കുരങ്ങിനെ ഇതൊരു ആചാരം ആണെന്ന് അറിയാം എങ്കിലും എന്തിനാണ് താൻ ഇത് ചെയ്യുന്നത് എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.
ഇങ്ങിനെ ആദ്യം ഉണ്ടായിരുന്ന എല്ലാ കുരങ്ങുകളെയും ഓരോന്നായി മാറ്റി ഗവേഷകർ അഞ്ച് പുതിയ കുരങ്ങുകളെ കൂട്ടിൽ കയറ്റി, ഏണിയിൽ കയറാൻ പാടില്ല എന്ന വിശ്വാസം ഉള്ള അഞ്ച് പുതിയ കുരങ്ങുകളുടെ കൂട്ടാത്തെ ഉണ്ടാക്കി എടുത്തു. എന്നിട്ട് തണുത്ത വെള്ളം ഒഴിക്കുന്ന പൈപ്പ് ഓഫ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് ഒരിക്കൽ പോലും ഒരു കുരങ്ങും ഏണിയിൽ പഴം എടുക്കാൻ കയറിയില്ല, കയറാൻ തുടങ്ങുന്ന കുരങ്ങുകളെ മറ്റുള്ള കുരങ്ങുകൾ ആക്രമിക്കുകയും ചെയ്തു.
ഈ പരീക്ഷണം പലരും പല സന്ദർഭങ്ങളിൽ പറഞ്ഞിട്ടുണ്ടെകിലും യഥാർത്ഥത്തിൽ ആര് എവിടെ ആണ് ഇത് ചെയ്തത് എന്നതിന് വ്യക്തത ഇല്ല, ഒരു പക്ഷെ ഇതൊരു കഥ മാത്രം ആയിരിക്കാം. പക്ഷെ ഒരു സമൂഹത്തിൽ ദുരാചാരങ്ങൾ എങ്ങിനെ ഉണ്ടാവുന്നു എന്നും, പിന്നീട് വരുന്ന തലമുറ അത് എങ്ങിനെ കൊണ്ട് നടക്കുന്നു എന്നും തെളിയിക്കാൻ പലരും ഈ പരീക്ഷണത്തെ കുറിച്ച് പറയാറുണ്ട്.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു പക്ഷെ മനുഷ്യത്തെ പഴയ സമൂഹത്തിലെ ചില കാര്യങ്ങൾ കൊണ്ട് തുടങ്ങി വച്ചത് ആയിരിക്കാം.
എന്റെ ചെറുപ്പത്തിൽ ക്രിസ്ത്യൻ / ഹിന്ദു കുടുംബങ്ങളിൽ മരണം നടന്നാൽ കണ്ണാക്ക് എന്നൊരു ആചാരം ഉണ്ടായിരുന്നു. മരിച്ച ആളുടെ ഭാര്യയും മറ്റും മരണം അറിഞ്ഞു വരുന്ന ആളുകളെ നോക്കി എണ്ണി പെറുക്കി നിലവിളിക്കുന്ന ഒരു ആചാരം ആണിത്. ഈ മ യൗ എന്ന സിനിമയിൽ ഇത് കാണിക്കുന്നുണ്ട്. മരണം മൂലം ഉള്ള ദുഃഖം കരഞ്ഞു തീർക്കാൻ ആയി ഒരു പക്ഷെ ആരെങ്കിലും തുടങ്ങിയ ഒരു ആചാരം ആവാം ഇത്.
പക്ഷെ ഒരു സമൂഹം എന്ന നിലയിൽ പല ദുരാചാരങ്ങളും ഉണ്ടായിട്ടും ഉണ്ട്, സതി, സംബന്ധം, ജാതി തുടങ്ങിയവ. പുതിയ അറിവുകളും ബോധ്യങ്ങളും വന്നു കഴിയുമ്പോൾ മാറ്റേണ്ട ആചാരങ്ങൾ ആണവ. അല്ലെങ്കിൽ നമ്മളും മേൽപ്പറഞ്ഞ പരീക്ഷണത്തില് കുരങ്ങന്മാരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവില്ല.
ആചാരങ്ങൾ മാറ്റാൻ പറയുമ്പോൾ അതിനെ എതിർക്കുന്നതും മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മാത്രം ആണ്. കാരണം നമ്മുടെ തലച്ചോർ ഇപ്പോഴുള്ള സ്ഥിതി തുടർന്ന് കൊണ്ട് പോവുന്നതിൽ സന്തോഷം കണ്ടെത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രം ആണ്. പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആയി തലച്ചോർ സ്വീകരിക്കുന്ന ഒരു മെക്കാനിസം ആണിത്. അതിന് പല കാരണങ്ങൾ ഉണ്ട്, മാറ്റത്തെ തലച്ചോർ എതിർക്കാൻ ഉള്ള ചില കാരണങ്ങൾ താഴെ പറയുന്നു.
എ) നിയന്ത്രണം നഷ്ട്ടപെടുക. : പുതിയ ഒരാൾ അടുക്കളയിൽ കയറിയാൽ അടുക്കളയിൽ അതുവരെ സ്ഥിരം ജോലി ചെയ്തിരുന്ന ആളുകൾക്ക് ഈ പറഞ്ഞത് മനസിലാവും. ചില അമ്മായിഅമ്മ മരുമകൾ വഴക്കിന്റെ അടിസ്ഥാനം ഇതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ബി) അനിശ്ചിതത്വം : പുതിയ ജോലിക്ക് പുതിയ ഓഫീസിൽ പോയാൽ കുറച്ച നാളത്തേക്ക് എന്ത് എവിടെ എങ്ങിനെ എന്നൊരു അനിശിതത്വം ഉണ്ടാവും, അതാണ് ചിലർക്കെങ്കിലും പുതിയ സ്ഥലത്തേക്കോ, ജോലിയിലോ പോകാൻ താല്പര്യം കുറയാൻ കാരണം.
സി) എല്ലാം വ്യത്യസ്തം ആയി കാണും
ഡി) തങ്ങളേക്കാൾ കേമന്മാർ പുതിയ സ്ഥലത്തു ഉണ്ടാവുമോ എന്ന ഭയം.
ഇ) അപകടം / പരാജയം ഉണ്ടാവാൻ ഉള്ള സാധ്യത.
മതങ്ങളുടെ ആചാരങ്ങൾ മാത്രം അല്ല, ഓഫീസിലെ ചില മാറ്റങ്ങളും ആളുകൾ എതിർക്കാറുണ്ട് എന്ന് സൂക്ഷമം ആയി നിരീക്ഷിച്ചാൽ കാണാം. ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിക്കുന്ന ആളുകൾ പിന്നീട് ആ മാറ്റം ഉൾകൊള്ളും. ഉദാഹരണത്തിന് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക് ന്യൂസ്ഫീഡ് ആദ്യമായി അവതരിപ്പിച്ചപ്പോൾ അതിനെതിരെ കുറെ ഏറെ പേർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ന് ന്യൂസ്ഫീഡ് ഇല്ലാത്ത ഫേസ്ബുക് ഓർക്കാനേ വയ്യ.
അപ്പോൾ ആചാരങ്ങൾ തുടരാനുള്ള ത്വര മനുഷ്യ സഹജം ആണ്, അത് പറഞ്ഞു മനസിലാക്കി എടുക്കാൻ സമയം പിടിക്കും. പക്ഷെ ഒരിക്കൽ കൂടി പറയുന്നു :
പുതിയ അറിവുകളും ബോധ്യങ്ങളും വന്നു കഴിയുമ്പോൾ മാറ്റേണ്ട ആചാരങ്ങൾ മാറ്റിത്തന്നെ ആകണം, അല്ലെങ്കിൽ നമ്മളും കുരങ്ങന്മാരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവില്ല.

രാജ്യം, രാജാവ്

നിങ്ങൾ ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് നടന്നോ, സൈക്കിളിലോ മറ്റോ പോയിട്ടുണ്ടോ? ഞാൻ പോയിട്ടുണ്ട്. നിങ്ങളും പല പ്രാവശ്യം പോയിട്ടുണ്ടാവണം. എങ്ങിനെ എന്ന് പറയുന്നതിന് മുൻപ് കുറച്ച് ചരിത്രം.
ഒരു രാജ്യം, രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്?
അലക്സാണ്ടറെയും, ചന്ദ്രഗുപത മൗര്യനെയും അശോകനെയും പോലുള്ളവരെ കുറിച്ച് സ്കൂളുകളിൽ പഠിച്ച നമ്മുടെ മനസിലെ സങ്കല്പം അനുസരിച്ച്, വളരെ വിസ്തൃതിയുള്ള ഒരു ഭരണപ്രദേശമായ രാജ്യം , വളരെ അധികാരമുള്ള, കോടിക്കണക്കിന് ജനങ്ങളുടെ മേൽ ഭരണ സ്വാധീനമുള്ള ഭരണകർത്താവായ, വലിയ ഒരു കൊട്ടാരത്തിൽ സകല സുഖ സൗകര്യങ്ങളോടും കൂടി വാഴുന്ന ഒരു രാജാവ്, ഒരു നിയമസംഹിത, അത് നടപ്പിലാക്കാൻ പൊലീസ് , അന്യ രാജ്യക്കാർ ആക്രമിച്ചാൽ തിരിച്ചാക്രമിക്കാനും സുരക്ഷ ഒരുക്കാനും, ആയുധങ്ങളോട് കൂടിയ, അവ ഉപയോഗിക്കാൻ പരിശീലനം നേടിയ ഒരു വലിയ സൈന്യം, നികുതി വ്യവസ്ഥകൾ, ഖജനാവ്, നയങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാർ എന്നിവ ഉൾപ്പെട്ട ഒരു വലിയ സെറ്റപ്പ് ആണ്. മാത്രമല്ല രാജ്യത്തിൽ ഉൽപാദനത്തിന് കാർഷിക, വ്യവസായിക, നിർമാണ മേഖലകൾ ഉണ്ടാവും.
പക്ഷെ സിറ്റി സ്റ്റേറ്റ്സ് അഥവാ നാട്ടു രാജ്യങ്ങൾ എന്നൊരു സാധനം സാമൂഹിക ശാസ്ത്രത്തിൽ ഉണ്ട്. പണ്ടുകാലത്ത് നായാടി നടന്ന മനുഷ്യൻ കാർഷിക വിപ്ലവത്തിന്റെ ഭാഗമായി ഒരു സ്ഥലത്ത്, മിക്കവാറും ഒരു നദീതീരത്ത്, കൃഷിയും ആയി ഒതുങ്ങി കൂടിയ ആദ്യ നാളുകളിൽ, ഒരു ചെറിയ നഗരത്തിലെ ജനങ്ങൾക്ക് മാത്രമായി രാജാക്കന്മാർ ഉണ്ടായിരുന്നു. അവിടെ അവരുടേതായ, മിക്കവാറും കൃഷിക്ക് വേണ്ടി ഉള്ള പ്രകൃതി ശക്തികളെ ആരാധിക്കുന്ന ദൈവങ്ങൾക്ക് വേണ്ടി, ഒരു ചെറിയ ക്ഷേത്രവും, മിച്ചം വന്ന കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യാൻ രാജാവ് ഇറക്കുന്ന നാണയങ്ങൾ, അല്ലെങ്കിൽ ബാർട്ടർ സമ്പ്രദായവും കാണും . ക്ഷേത്രം നടത്തിക്കൊണ്ടു പോകുന്ന, രാജാവിന് ദൈവത്തിന്റെ പരിവേഷം നൽകുന്ന പുരോഹിതർ തുടങ്ങിയ കാര്യങ്ങൾ ഉള്ള വളരെ ചെറിയ, ഏറ്റവും അടിസ്ഥാനപരമായ ഒരു ജനസമൂഹത്തെ ആണ് അന്ന് രാജ്യം എന്ന് വിളിച്ചു പോന്നത്. മെസോപ്പൊട്ടാമിയയിലെ സുമേറിയൻ നഗരമായ ഉർ , ബാബിലോൺ, ഈജിപ്തിലെ മെംഫിസ്, മായൻ നഗരമായ ചിച്ചെൻ ഇത്‍സാ എന്നിവ പഴയ നഗര രാജ്യങ്ങൾക്ക് ഉദാഹരങ്ങളാണ്‌. ആധുനിക ലോകത്ത് വത്തിക്കാൻ, മൊണാക്കോ എന്നിവ ഉദാഹരങ്ങളായി പറയാം.
വലിയ സാമ്രാജ്യങ്ങൾ നിലവിൽ വന്നപ്പോൾ പക്ഷെ ഈ സിറ്റി സ്റ്റേറ്റുകൾ അഥവാ നാട്ടുരാജ്യങ്ങൾ അപ്രത്യക്ഷമായി. അവയെല്ലാം വലിയ പടയോട്ടങ്ങളിൽ തകർന്ന് വലിയ രാജ്യങ്ങളുടെ ഭാഗമായി.
കേരളത്തിൽ പക്ഷെ കഥ തിരിച്ചായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ചേര രാജാക്കന്മാരുടെ കുലശേഖര സാമ്രാജ്യത്തിൽ താരതമ്യേന ഒരു "രാജ്യമായിരുന്ന" കേരളം, കുലശേഖര സാമ്രാജ്യത്തിന്റെ അവസാനത്തിന് ശേഷം പല ചെറു നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു. നമ്മുടെ ചെറിയ കേരളം പെരുമ്പടപ്പ് സ്വരൂപം, ആറ്റിങ്ങൽ സ്വരൂപം, കരുനാഗപ്പള്ളി സ്വരൂപം, കായംകുളം രാജവംശം, പൂഞ്ഞാർ രാജവംശം , ഇടപ്പളി സ്വരൂപം കൊടുങ്ങലൂർ രാജവംശം, വള്ളുവനാട്, കോട്ടയം ( ഇപ്പോഴുള്ള കോട്ടയം നഗരമല്ല, പഴശ്ശിയും ആയി ബന്ധപ്പെട്ട തലശ്ശേരിക്കടുത്തുള്ള കോട്ടയം), അറയ്ക്കൽ രാജവംശം തുടങ്ങി മുപ്പത്തി രണ്ടോളം നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ നീളത്തെ (580 km) 32 കൊണ്ട് ഹരിച്ചാൽ, ഈ ഓരോ "രാജ്യത്തിന്റെയും" രാജ്യത്തിൻറെ നീളം തെക്കുവടക്കായിട്ട് ഏകദ്ദേശം 18 കിലോമീറ്റർ മാത്രമേ ഉള്ളൂ. ഇതിൽ തന്നെ അമ്പലപ്പുഴ , ഇടപ്പള്ളി , പൂഞ്ഞാർ, പന്തളം തുടങ്ങി ഒരു സൈക്കിളിൽ ഒരു അറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പോയി വരാവുന്ന രാജ്യങ്ങളും ഉണ്ടായിരുന്നു.
അരൂരിൽ ബസിറങ്ങി പള്ളുരുത്തിയിലേക്ക് നടന്നു വന്നാലോ, വൈപ്പിനിൽ നിന്ന് കൊടുങ്ങലൂരിലേക്ക് ബോട്ടിന് പോയാലോ എല്ലാം നിങ്ങൾ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആണ് പോകുന്നത്. പല കുറ്റവാളികളും തിരുവിതാംകൂറിൽ നിന്ന് കായൽ നീന്തി കൊച്ചിയിൽ എത്തിയാൽ പിന്നെ തിരുവിതാംകൂർ പൊലീസിന് അയാളെ പിടിക്കാൻ കഴിയില്ല. വൈപ്പിനിൽ നിന്ന് കായൽ നീന്തി കൊടുങ്ങലൂരിൽ (മലബാറിൽ) എത്തിയാലും സ്ഥിതി അത് തന്നെ. എന്റെ കൂട്ടുകാരൻ സാമിന്റെ വീടിന്റെ അടുത്ത് ഇങ്ങിനെ ഒരു അതിരു കല്ല് അവൻ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരു വശത്തു കൊ എന്നും മറുവശത്തു തി എന്നും കൊത്തിവച്ചിട്ടുണ്ട്. കൊച്ചിയും തിരുവിതാംകൂറും തമ്മിൽ ഉള്ള അതിരായിരുന്നു അത്.
ഈ "രാജ്യങ്ങളിലെ" "രാജാക്കന്മാരെയും" കൊട്ടാരങ്ങളെയും സൈന്യങ്ങളെയും കുറിച്ചുള്ള ചരിത്രം നോക്കുന്നത് നല്ല രസകരമായ സംഗതിയാണ്.
പതിനാറാം നൂറ്റാണ്ടിലെ നായർ പടയാളികളുടെ കൂടെ കൊച്ചി രാജാവ് എഴുന്നള്ളുന്ന ഒരു പോർട്ടുഗീസ് പെയിന്റിംഗ് പ്രകാരം, വെറും മുണ്ട് മാത്രമാണ് കുന്തം പിടിച്ച് ആനപ്പുറത്ത് ഇരിക്കുന്ന രാജാവിന്റെ വേഷം. ഊരിയ വാളും പരിചയും ഉള്ള പ്രധാന നായർ പടയാളി ധരിച്ചിരിക്കുന്നത് കോണകം മാത്രമാണ്. മറ്റുള്ള നായർ പടയാളികളും വെറും കോണകം മാത്രം, കൈയിൽ കുന്തങ്ങൾ ഉണ്ട്. നമ്മൾ ചില പെയിന്റിങ്ങുകളിൽ കാണുന്ന പോലെ സിൽക്ക് വസ്ത്രങ്ങൾ ധരിച്ച ആളുകൾ ആയിരുന്നില്ല അന്നത്തെ രാജാക്കന്മാർ. നല്ല വസ്ത്രധാരണം എല്ലാം യൂറോപ്യൻ അധിനിവേശത്തിന് ശേഷം പിന്നീട് വന്നതാണ്. അതിനും മുൻപ് വെറും പരുത്ത കോട്ടൺ മുണ്ടും കോണകവും മറ്റുമായിരുന്നു ഇവരുടെ വസ്ത്രങ്ങൾ.
ഇവരുടെ "കൊട്ടാരങ്ങൾ" പ്രധാനമായും മുള , ചെളി എന്നിവ കൊണ്ട് നിർമിച്ച്, ഓല മേഞ്ഞവ ആയിരുന്നു. പന്തളം കൊട്ടാരത്തിന്റെ പഴയ ഭാഗങ്ങൾ നോക്കിയാൽ ഇത് മനസിലാവും. (Mud, bamboo, stone and wood are the mostly used construction components in the old structures). കേരളത്തിൽ നല്ലൊരു കൊട്ടാരം ആദ്യമായി വരുന്നത് 1555 ൽ മട്ടാഞ്ചേരിയിൽ കൊച്ചി രാജാവിന് ഡച്ചുകാർ മട്ടാഞ്ചേരി കൊട്ടാരം പണിതു കൊടുത്തപ്പോഴാണ്. സത്യം പറഞ്ഞാൽ കൊട്ടാരം പണിയാൻ അറിയാവുന്നവർ ആരും അന്ന് കേരളത്തിൽ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്ന് പണിക്കാരെ കൊണ്ടുവന്ന പദമനാഭപുരം കൊട്ടാരം പണിയുന്നത് 1601 ലാണ്, 1750 ലോ മറ്റോ പുതുക്കിപ്പണിത കൊട്ടാരമാണ് ഇപ്പോഴുള്ളത്.
കേരളത്തിലെ രാജാക്കന്മാർ ഇങ്ങിനെ ദരിദ്രനാരായണമാർ ആയിരിക്കാൻ പ്രധാന കാരണം ഭൂമിയുടെ ഉടമസ്ഥത അവർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു രാജ്യത്തിൽ നാടുവാഴികൾ, ദേശവാഴികൾ എന്നിങ്ങനെ പല കൂട്ടങ്ങളുടെ ഏകോപന ചുമതല മാത്രമായിരുന്നു പല രാജാക്കന്മാർക്കും ഉണ്ടായിരുന്നത്. ഭൂമി എല്ലാം നമ്പൂതിരിമാരുടെ ബ്രഹ്മസ്വമോ, ക്ഷേത്രത്തിന്റെ ഭാഗമായ ദേവസ്വമോ ആയിരുന്നു. കൃഷി ചെയ്തിരുന്ന "താഴ്ന്ന" ജാതിക്കാരുടെ മേൽ ഏർപ്പെടുത്തിയ പല തരത്തിൽ ഉള്ള നികുതികൾ ആയിരുന്നു രാജാക്കന്മാരുടെ പ്രധാന വരുമാനമാർഗം. അവ പിരിക്കാൻ നായർ പടയാളികൾക്കായിരുന്നു അവകാശം. ഭൂമിക്ക് ഉടമസ്ഥ അവകാശം ഇല്ലാത്തത് കൊണ്ട്, ഭൂനികുതി എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. പക്ഷെ കച്ചവടക്കാരിൽ നിന്ന് പത്ത് ശതമാനം കരം പിരിച്ചിരുന്നു.
കുരുമുളകിന്റെയും മറ്റും വിദേശത്തേക്കുള്ള കയറ്റുമതി ആയിരുന്നു മറ്റൊരു പ്രധാന വരുമാനം. പക്ഷെ കുരുമുളകും മറ്റും സ്വാഭാവിക്കായി വരുന്ന ചെടികളിൽ നിന്ന് വിളവെടുക്കുന്നത് അല്ലാതെ ഒരു കൃഷി ആയി അന്നുണ്ടായിരുന്നില്ല. മാത്രമല്ല നെൽകൃഷിയും നാമമാത്രം ആയിരുന്നു. കേരളത്തിലെ ഭൂപ്രദേശവും മറ്റും ഇന്നത്തെ നിലയിൽ ആയിട്ട് വളരെ വർഷങ്ങൾ ആയിട്ടില്ല. കൊടുങ്ങലൂർ നിന്ന് പുറക്കാട് വരെ കപ്പലിന് പോകാൻ തക്ക ആഴത്തിലും വീതിയിലും ഒരു പുഴ ഉണ്ടായിരുന്നു. പുറക്കാട് തുറമുഖം ഉണ്ടായിരുന്നു. വൈപ്പിൻ പോലുള്ള ദ്വീപുകൾ ഉണ്ടായത് തന്നെ 14 ആം നൂറ്റാണ്ടിൽ മാത്രമാണ്. കടലിനോട് അടുത്തുള്ള സ്ഥലങ്ങളും കുട്ടനാടും എല്ലാം കൃഷിയോഗ്യമായി വന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രം ആയിരുന്നിരിക്കണം. കരമാർഗം സഞ്ചരിക്കാൻ നല്ല പാതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാളവണ്ടികൾ പോകുന്ന വഴികളും മറ്റുമായിരുന്നു അന്നത്തെ പ്രധാന ഹൈവേകൾ. ജലപാത ആയിരുന്നു പ്രധാന സഞ്ചാരമാർഗം.
ഇവരുടെ സൈന്യം ഇതിലേറെ തമാശയാണ്. നായർ "പടയാളികൾ" ആണ് പ്രധാന സൈന്യക്കാർ. ജന്മ ഉദ്ദേശം തന്നെ യുദ്ധമാണ്, പക്ഷെ ഇവരുടെ യുദ്ധം നമ്മൾ കരുതുന്ന പോലത്തെ യുദ്ധം അല്ല. നേരത്തെ പറഞ്ഞുറപ്പിച്ച ഒരിടത്ത് രണ്ടു പക്ഷത്തും ഉള്ള നൂറു കണക്കിന് നായന്മാർ വന്നു വാളും പരിചയും കൊണ്ട് കുറച്ച് മണിക്കൂറുകൾ നടത്തുന്ന ഒരു തരം മാമാങ്കമോ കൂട്ടത്തല്ലോ ആണ് ഇവരുടെ യുദ്ധം.യുദ്ധം ചെയ്യുന്ന രണ്ടു ഭാഗത്തുള്ളവരും ഈ "യുദ്ധം" തുടങ്ങുന്ന വരെ ഒന്നിച്ചിരുന്ന് വെടി പറയുകയും ഊണ് കഴിക്കുകയും ചെയ്യുമായിരുന്നു. രണ്ടോ മൂന്നോ ആളുകൾ പരിക്ക് പറ്റി വീണാൽ അന്നത്തെ യുദ്ധം അവസാനിക്കും. ഇരുപത് പേർ മരിക്കുന്ന യുദ്ധം ഒക്കെ അന്നത്തെ ആഴ്ചകൾ എടുക്കുന്ന മഹാ യുദ്ധങ്ങൾ ആയിരുന്നു. ആനകളെ ഉപയോഗിച്ചിരുന്നു, കുതിരപട്ടാളം ഉണ്ടായിരുന്നില്ല.
നമ്മുടെ നാട്ടിൽ ഇപ്പോൾ കാണുന്ന ചില ഗൂർഖകളെ പോലെ ഉള്ള ആളുകൾ ആയിരുന്നു നായർ പട്ടാളക്കാർ. കച്ചവടക്കാർക്ക് അവരുടെ സേവനം പണം നൽകി ആവശ്യപ്പെടാം. അവർ വാളും പരിചയും ആയി കച്ചവടക്കാരുടെ കൂടെ പോകും. നായന്മാർക്ക് താഴ്ന്ന ജാതിക്കാരെ കൊല്ലാൻ രാജാവ് അനുവാദം കൊടുത്തിട്ടുണ്ട്. ആദ്യത്തെ കൊലപാതകത്തിന് ഒരു ചെറിയ പിഴ മാത്രം ആണ് ശിക്ഷ എങ്കിൽ, രണ്ടാമത് മുതൽ അതുമില്ല. അത് കൊണ്ട് തന്നെ മറ്റുള്ള ജാതിക്കാർക്ക് ഇവരെ പേടിയായിരുന്നു.
ഈ രാജാക്കന്മാരും സൈന്യവും എല്ലാമാണ് ഇന്ത്യയുടെ ചരിത്ര ഗതി തന്നെ മാറ്റിയ യൂറോപ്പ്യൻ അധിനിവേശത്തിന് വഴി വച്ച് കൊടുത്തത്. കോഴിക്കോട് സാമൂതിരി കൊച്ചി രാജാവിനെ ആക്രമിച്ചതും മറ്റും പോർച്ചുഗീസുകാരും ഡച്ചുകാരും നടത്തിയ നിഴൽ യുദ്ധങ്ങൾ ആയിരുന്നു എന്ന് നമുക്ക് ഇന്ന് കാണാൻ കഴിയും. അവർക്ക് കോട്ടകൾ ഉണ്ടാക്കാനും ഫാക്ടറികൾ സ്ഥാപിക്കാനും മറ്റും ഈ "രാജാക്കന്മാരുടെയും" "സൈന്യങ്ങളുടെയും" കഴിവുകേടുകൾ നിമിത്തമായി. ടിപ്പുവിന്റെയും വിദേശികളുടെയും പീരങ്കികൾക്കും തോക്കുകൾക്കും മുൻപിൽ പിടിച്ചു നിൽക്കാൻ നായന്മാരുടെ മാമാങ്കം മതിയാകുമായിരുന്നില്ല.
ഇവരുടെ നീതിന്യായ വ്യവസ്ഥയും അതിപഴഞ്ചൻ ആയിരുന്നു. തറക്കൂട്ടങ്ങൾ ആയിരുന്നു വിചാരണയും ശിക്ഷയും നടപ്പിലാക്കിയിരുന്നത്. നിരപരാധിത്വം തെളിയിക്കാൻ മുതലകൾ നിറഞ്ഞ പുഴ നീന്തി കടക്കുന്ന ജല പരീക്ഷ, വിഷസർപ്പത്തെ ഇട്ട കുടത്തിൽ കയ്യിടുന്ന വിഷ പരീക്ഷ, തിളച്ച നെയ്യിൽ കൈ മുക്കുന്ന അന്ഗ്നിപരീക്ഷ തുടങ്ങിയ വളരെ "ശാസ്ത്രീയമായ" വിചാരണകൾ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്.
ശിക്ഷകൾ താഴെ പറയുന്ന പോലെ ആയിരുന്നു.
ബ്രാഹ്മണർ കൊലപാതകം നടത്തിയാലും, മേൽജാതിക്കാർ ജാതി വിരുദ്ധം ആയി കുറ്റങ്ങൾ ചെയ്താലും ജാതി ഭ്രഷ്ട് മാത്രം. നായർ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, പിഴ മാത്രം. പക്ഷെ മറ്റുള്ള ജാതിക്കാർ കുറ്റം ചെയ്‌താൽ ചെറിയ കുറ്റങ്ങൾക്ക് മൂക്ക്, ചെവി, നാക്ക് എന്നിവ ഛേദിച്ചു കളയും. വലിയ കുറ്റങ്ങൾക്ക് രണ്ടു കാലും രണ്ടാനകളും ആയി ബന്ധിപ്പിച്ച് ആ രണ്ടാനകളെയും രണ്ടു ദിശകളിലേക്ക് നടത്തി ആനക്കാലിൽ കെട്ടി വലിപ്പിക്കുക എന്ന ശിക്ഷാവിധി നടപ്പിലാക്കും. ജീവനോടെ മനുഷ്യനെ വലിച്ചു കീറും എന്ന് ചുരുക്കം. ഒരു നായരുടെ പറമ്പിൽ നിന്ന് മൂന്ന് തേങ്ങാ മോഷ്ടിച്ചതിന് ചാന്നാർ ജാതിയിൽ പെട്ട ഒരാളെ മൂന്ന് തേങ്ങയും കഴുത്തിൽ കെട്ടിയിട്ട് തൂക്കിലേറ്റിയത് അന്നത്തെ ആളുകളുടെ വിവരണങ്ങളിൽ ഉണ്ട്. മറ്റൊന്ന് കുറ്റവാളികളുടെ ആസനത്തിലൂടെ ഒരു ഇരുമ്പ് പാര കയറ്റി, തോളിലൂടെ പുറത്തെടുത്ത്, വെള്ളം കൊടുക്കാതെ പൊതു പ്രദർശനത്തിന് വച്ച് ഇഞ്ചിഞ്ചായി കൊള്ളുന്ന ഏർപ്പാടായിരുന്നു. ഇതൊന്നും പക്ഷെ "ഉയർന്ന" ജാതിക്കാർക്ക് ബാധകം ആയിരുന്നില്ല.
കന്നുകാലികളെയോ യന്ത്രങ്ങളെയോ കാർഷിക വൃത്തിക്ക് ഉപയോഗിക്കാത്തത് മൂലം കേരളത്തിലെ കാർഷിക രംഗം ഈ രാജാക്കന്മാരുടെ കീഴിൽ ഏറ്റവും മോശമായ സ്ഥിതിയിൽ ആയിരുന്നു. താഴ്ന്ന ജാതിക്കാരുടെ തോളിൽ കലപ്പ വച്ച് കൃഷിയിടം ഒരുക്കുന്ന പ്രക്രിയ ഒട്ടും കാര്യക്ഷമം ഇല്ലാത്തതായിരുന്നു. ഇങ്ങിനെ കാളയെ പോലെ പണിയെടുക്കുന്ന ആളുകളെ തല്ലാനും കൊല്ലാനും ഉള്ള അവകാശത്തോടെ കച്ചവടം ചെയ്യാൻ മേൽജാതിക്കാരായ ഉടമസ്ഥർക്ക് അവകാശം ഉണ്ടായിരുന്നു.
ഇന്ന് ഈ രാജാക്കന്മാർക്ക് വേണ്ടി വാദിക്കുന്ന ചില "താഴ്ന്ന" ജാതിക്കാർ അറിയേണ്ട ഒരു കാര്യമുണ്ട്. ഈ രാജാക്കമാരുടെ രാജഭരണത്തിൽ "താഴ്ന്ന" ജാതിക്കാർക്ക് വീട് വയ്ക്കുവാൻ അനുവാദം ഇല്ലായിരുന്നു. ഓല മേയാൻ പോലും അനുവാദം ഇല്ലാത്തത് കൊണ്ട് പട്ടികൂടുകളേക്കാൾ ശോചനീയം എന്നാണ് 1820 ൽ വാർഡും കോണറും രേഖപ്പെടുത്തിയിട്ടുള്ളത്. ചാളകൾ എന്നാണ് താഴ്ന്ന ജാതിക്കാരുടെ കുടിലുകളെ വിളിച്ചിരുന്നത്.
മാറ് മറയ്ക്കാനും, മുട്ടിന് കീഴെ മുണ്ടുടുക്കാനും, കല്ല് മാല അല്ലാതെ വേറെ ആഭരങ്ങൾ ധരിക്കാനും ഒന്നും അനുവാദം ഇല്ലായിരുന്നു. സ്ത്രീകൾ മുല വളരുന്ന കാലം മുതൽ മുലയുടെ വലിപ്പം അനുസരിച്ച് നികുതി കൊടുക്കണം. ആണുങ്ങൾ തലക്കരവും (കഴുത്തിന് മീതെ തല ഇരിക്കാൻ...) തുടങ്ങി എണിക്കരം, വലക്കരം, വണ്ടിക്കരം , ഏഴ ,കോഴ, തപ്പ് ,പിഴ, പുരുഷാന്തരം, ദത്തുകാഴ്ച , പൊന്നരിപ്പ്, അടിമപ്പണം എന്നിവയെല്ലാം അന്നുണ്ടായിരുന്ന നികുതികളാണ്.
ഇങ്ങിനെ സ്വരുക്കൂട്ടിയ നികുതികളും മാറ്റ് രാജ്യക്കാരും ആയി നടത്തിയ കുരുമുളക് കച്ചവടത്തിൽ നിന്ന് കിട്ടിയ സമ്പാദ്യവും സൂക്ഷിക്കാൻ പക്ഷെ ഖജനാവുകൾ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങൾ ആയിരുന്നു അന്നത്തെ ഖജനാവ്. രാജാക്കന്മാർ പരസ്പരം യുദ്ധം ചെയ്ത് കീഴ്പെടുത്തിയാൽ ക്ഷേത്രം ആക്രമിക്കുന്ന പതിവുണ്ടായിരുന്നില്ല. അത് കൊണ്ട് ഓരോ രാജാവും തങ്ങളുടെ സമ്പാദ്യങ്ങൾ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു. അവർക്ക് എപ്പോൾ വേണമെങ്കിലും പോയി എടുക്കാമല്ലോ.
പദമനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും സമ്പത്ത് കുമിഞ്ഞു കൂടിയത് ഇത് കൊണ്ടാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുപ്രീം കോടതി കേസ് തുടങ്ങാൻ കാരണം തന്നെ രാജാവ് നിലവറയിൽ വേറെ ആളുകളുടെ കൂടെ അല്ലാതെ കയറുന്നു എന്ന ആരോപണത്തിൽ നിന്നാണ്. അവിടെ എന്താണ് ഉള്ളത് എന്ന് കണക്ക് എടുത്തു വയ്ക്കണം എന്ന് കോടതി പറയാൻ കാരണവും ഇത് തന്നെ. അയ്യപ്പൻറെ തിരുവാഭരണങ്ങൾ പലതും ഇതിനകം നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നാതിരുന്നതും ഇതേ കാരണം കൊണ്ടാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും രാജാവിനോടുള്ള കൂർ കൊണ്ട് നടക്കുന്നവർ അവരുടെ ഇങ്ങിനെ ഉള്ള ചരിത്രം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണു. മാലിക് കുഫുറിന്റെ ആക്രമണത്തിൽ തോറ്റ് ഓടിയ പാണ്ട്യ രാജവംശത്തിലെ ഒരു ശാഖ തിരുനെൽവേലിയിൽ വള്ളിയൂര് വന്നു, അവിടെ വീണ്ടും ആക്രമണം ഉണ്ടായപ്പോൾ, തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വന്നു തമ്പടിച്ചു. പിന്നീട് തിരുമലൈ നയിക്കരുടെ ആക്രമണം പേടിച്ച് പുളിയൻകുടി, അച്ചൻകോവിൽ, ആര്യങ്കാവ് കുളത്തൂപ്പുഴ വഴി പന്തളത്തു വന്ന് പെട്ടവരാണ് ഇന്നത്തെ പന്തളം "രാജവംശം". ഇവരുടെ രാജ്യം കൈപ്പുഴ തമ്പാൻ എന്നൊരു ഭൂപ്രഭു നൽകിയ ഭൂമിയാണ്. അച്ചന്കോവിലിലും ആര്യങ്കാവിലും എല്ലാം പ്രധാന അയ്യപ്പ ക്ഷേത്രങ്ങൾ വരാനുള്ള കാരണം ഇവർ വന്ന വഴികൾ ആണിതെല്ലാം എന്നതാണ്. പിന്നീട് ടിപ്പുവിൽ നിന്ന് സംരക്ഷണത്തിന് വേണ്ടി ശബരിമലയിലെ വരുമാനവും ക്ഷേത്രവും തന്നെ തിരുവിതാംകൂറിനു നൽകിയ രാജാക്കന്മാരാണ് ശബരിമല ഇന്ന് സംരക്ഷിക്കാൻ നടക്കുന്നത്.
നമ്മൾ സ്കൂളിൽ പഠിച്ച പല ചരിത്രങ്ങളും രാജാക്കന്മാർ എങ്ങിനെ ജീവിച്ചു മരിച്ചു എന്നതിനെക്കുറിച്ചാണ്. അത് മാറ്റി അന്നത്തെ സാധാരണ ജനങ്ങൾ എങ്ങിനെ ജീവിച്ചിരുന്നു എന്ന് പഠിപ്പിക്കാൻ തുടങ്ങിയാൽ അന്ന് തീരും രാജാക്കന്മാരോടുള്ള നമ്മുടെ പ്രേമം.
ചില ആനകളെ ചങ്ങല മരത്തിൽ കെട്ടാതെ ചെവിയിൽ ഒരു തോട്ടി മാത്രം വച്ച് പാപ്പാന്മാർ ചായ കുടിക്കാൻ പോകുന്ന കാണാം. ആനകൾ ചങ്ങല മരത്തിൽ കെട്ടിയതാണ് എന്ന ബോധ്യത്തിൽ അനങ്ങാതെ നിൽക്കും. രാജഭരണത്തോടുള്ള വിധേയത്വം ഒരു തരം ചങ്ങലയാണ്. ജനാതിപത്യം വന്നു കഴിഞ്ഞപ്പോൾ നമ്മൾ പൊട്ടിച്ചെറിഞ്ഞ ചങ്ങല. പക്ഷെ ചിലർക്കെങ്കിലും ഇപ്പോഴും മനസ്സിൽ ചങ്ങല കെട്ടി തന്നെ ഇട്ടിരിക്കുകയാണ്. മുന്നോട്ട് നടന്നാൽ മാത്രമേ ചങ്ങലകൾ പൊട്ടിച്ച കാര്യം അവർ മനസിലാക്കുകയുള്ളൂ.
Ref: ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും : പി കെ ബാലകൃഷ്ണൻ

Tuesday, August 8, 2017

കാമുകിയുടെ കണ്ണുകൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208247646500839

2017 March 8 ·


"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?"

ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു അപൂർവവും, അച്ഛനമ്മമാരുടെ മുന്പിലല്ലാതെ മിണ്ടിയാൽ കുറ്റവും ആയിരുന്നു. ഞങ്ങൾ വൈകുന്നേരം പള്ളുരുത്തി വെളി മൈതാനത്തിന് ഇരുന്നു പെൺകുട്ടികളെ കുറിച്ച് വീരവാദങ്ങൾ മുഴക്കുമെങ്കിലും നേരെ ചൊവ്വേ പെണ്ണുങ്ങളോട് സംസാരിച്ചിട്ടുള്ളവർ ചുരുക്കം ആയിരുന്നു.അങ്ങിനെ ഉള്ള ഞാൻ സ്വീഡനിൽ ഒരു വെള്ളക്കാരി പെണ്ണിന്റെ ഈ ചോദ്യത്തിന് മുന്നിൽ പകച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

കല്യാണത്തിന് മുൻപ് ഏതു പെണ്ണിനെ കണ്ടാലും ഒന്ന് ലൈൻ അടിച്ചു കളയാം എന്ന ചിന്തയും ആയി നടന്ന ഞാൻ ഡേറ്റിംഗ്.കോം എന്ന സൈറ്റ് വഴി ആണ് കരോലിനെ പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തായും പിന്നീട് കാമുകിയും ആക്കി ഒരു വെള്ളക്കാരി പെൺകുട്ടിയുമായി കിടക്ക പങ്കിടുന്നത് വരെ മലർപ്പൊടിക്കാരന്റെ സ്വപ്‌നങ്ങൾ കരോളിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നത് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ്.

ഞങ്ങൾ രണ്ടു പേർക്കും ഇംഗ്ലീഷ് സംസാരിക്കാൻ വലിയ പിടി ഇല്ലായിരുന്നു എന്നത് മാത്രം ആയിരുന്നു ഞങ്ങൾ തമ്മിലുള്ള ഒരേ ഒരേ പൊതുവായ കാര്യം. സ്റ്റോക്ക് ഹോം ട്രയിൻ സ്റ്റേഷനിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടു മുട്ടിയത്. നഗരത്തിനു പുറത്തു ഒരു മണിക്കൂർ ദൂരെ ആയിരുന്നു അവളുടെ വീട്. സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന ഇന്ത്യക്കാരൻ ഞാൻ ആയതു കൊണ്ട് അവൾക്കു ആളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ എന്റെ കാര്യം അങ്ങിനെ അല്ലല്ലോ. ട്രെയിൻ ഇറങ്ങി വന്ന വലിയ മാറിടം ഉള്ള,അത് കുറച്ചു പുറത്തു കാണിക്കുന്ന തരത്തിൽ ഉടുപ്പിട്ട ഒരു പെൺകുട്ടിയുടെ വായിൽ നോക്കി ഇരുന്ന എന്നെ ചിരിച്ചു കൊണ്ട് അവൾ തന്നെ വന്നു "ഞാൻ കരോലിന" എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി.
ഹസ്തദാനത്തിനു കയ്യും നീട്ടി ചെന്ന എന്നെ രണ്ടു കവിളിലും ചുംബിച്ചു കൊണ്ട് ആണ് അവൾ പരിചയപ്പെട്ടത്. കുളിരു കോരി എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു വെള്ളക്കാരി ഉമ്മ വയ്ക്കുക; ജീവിതം സഫലമായി. നിറഞ്ഞ മാറിടങ്ങൾ നെഞ്ചിൽ അമർത്തി ഒരു കെട്ടിപ്പിടുത്തം. മദാമ്മമാർ ഇത്ര പെട്ടെന്ന് ഇതൊക്കെ ചെയ്യാൻ തുടങ്ങിയാൽ ദൈവമേ....

പിന്നീടുള്ള മൂന്നു മാസം കൊണ്ട് എന്റെ ജീവിതം വഴി തിരിച്ചു വിട്ട അവളെ ആദ്യം കണ്ടത് അങ്ങിനെ ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തെയും ഭക്ഷണത്തെയും ഇഷ്ടപെട്ട അവളെ ഞാൻ സ്റ്റോക്ക് ഹോമിൽ ഉള്ള ഇന്ത്യൻ റെസ്റ്റാറ്റാന്റിൽ കൊണ്ട് പോയി. എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങൾ കണ്ടു. അവളുടെ ആദ്യത്തെ കാമുകനെ പറ്റി അവൾ വാ തോരാതെ സംസാരിച്ചു. ഹാരി എന്ന ഒരു അമേരിക്കൻ യുവാവ്. ചെറുപ്പത്തിൽ കാലുകൾ തളർന്നു പോകുന്ന രോഗം വന്ന ഹാരിയെ വീൽ ചെയറിൽ കരോളിൻ കൊണ്ട് നടക്കുന്ന ചിത്രങ്ങൾ കാണിച്ചു തന്നു. രണ്ടു വര്ഷം മുൻപ് രോഗത്തിനു കീഴ്പെട്ടു ഹാരി മരിച്ച വിവരം പറഞ്ഞപ്പ്പോൾ അവളുടെ നീല കണ്ണുകൾ നനഞ്ഞു. നന്നായി വരക്കുമായിരുന്ന അവളുടെ ചിത്രങ്ങൾ എനിക്ക് കാണിച്ചു തന്നു, അതെല്ലാം ഒരു വെബ്‌സൈറ്റിൽ ഞങ്ങൾ പബ്ലിഷ് ചെയ്യാൻ ഞാൻ സഹായിച്ചു.

ജൂൺ രണ്ടാം വാരം സ്റ്റോക്ക് ഹോമിൽ നടക്കുന്ന വാട്ടർ ഫെസ്റ്റിവലിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഏതോ റോക്ക് ബാൻഡിന്റെ പാട്ടു കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക്, കുറച്ചു പ്രായം ആയ ദന്പതിമാർ നടന്നു വന്നു. അവരെ കണ്ടപ്പോഴേക്കും അവൾ എഴുന്നേറ്റു, കൂടെ ഞാനും. അവരോടു കുറച്ചു സംസാരിച്ചതിന് ശേഷം അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി.
"ഇത് എന്റെ ബയോളജിക്കൽ അച്ഛൻ ആണ്, അത് രണ്ടാനമ്മയും....."

നാട്ടിൽ നിന്നും ആദ്യമായി പുറത്തു ഒരു രാജ്യത്തു വന്ന എനിക്ക് ഇങ്ങിനെ ഉള്ള പരിചയപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പിന്നീട് അവൾ ജനിച്ചതിനു ശേഷം പിരിയാൻ തീരുമാനിച്ച അവളുടെ മാതാപിതാക്കളെ കുറിച്ചും അമ്മയുടെ പുതിയ ഭർത്താവ് അവളെ സ്വന്തം മകളെ പോലെ നോക്കുന്നതിനെ കുറിചെല്ലാം അവൾ പറഞ്ഞു.
അങ്ങിനെ ഒരു ദിവസം എന്റെ ഹോട്ടൽ മുറിയിൽ വാട്ടർ ഫെസ്റ്റിവലിന്റെ ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ ആണ് അവൾ ആ ചോദ്യം എന്നോട് ചോദിച്ചത്.

"നീ എന്ത് കൊണ്ടാണ് ഇപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്? നീ എന്റെ കണ്ണുകളിൽ നോക്കൂ, അവിടെ അല്ലേ എന്നെ കാണുന്നത്? നിനക്ക് വേണമെങ്കിൽ ഞാൻ എന്റെ മാറ് തുറന്നു കാണിച്ചു തരാം, ഇതിൽ കാണാൻ അത്ര മാത്രം ഒന്നുമില്ല" എന്ന് പറഞ്ഞു അവൾ ഉടുപ്പിന്റെ സിപ് തുറക്കാൻ തുടങ്ങി..

ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി. അപ്പോഴേക്കും കെട്ടിപിടുത്തവും, കവിളിലെ ഉമ്മ വയ്‌ക്കലെല്ലാം സ്വീഡനിലെ പൊതു രീതികൾ ആണെന്നും ലൈംഗികതയും ആയി ഒരു ബന്ധവും ഇല്ലെന്നും എനിക്ക് മനസ്സിൽ ആയിരുന്നു.

അവളുടെ വീട്ടിലേക്കു എന്നെ ക്ഷണിച്ച അന്നു തന്നെ ആണ് എന്റെ പ്രൊജക്റ്റ് അവസാനിച്ചു എനിക്ക് തിരിച്ചു നാട്ടിലേക്കു പോകാൻ ടിക്കറ്റ് ശരി ആയതു. എയർപോർട്ടിൽ യാത്ര അയക്കാൻ വന്ന അവൾ എന്നോട് പറഞ്ഞ:

"ഒരിക്കൽ നിനക്ക് ഒരു ഇന്ത്യൻ കാമുകി ഉണ്ടാവും. അന്ന് അവളുടെ കണ്ണുകളിൽ നോക്കുക. പെൺകുട്ടികളുടെ ആത്മാവിലേക്കുള്ള വാതിൽ അവരുടെ കണ്ണുകളാണ്"

തിരിച്ചു നാട്ടിൽ വന്നത് ഒരു പുതിയ ഞാൻ ആണ്. പെൺ ശരീരത്തിന് അകത്തുള്ള ആത്മാവിലേക്ക് നോക്കാനുള്ള വിദ്യ ഇത്ര ലളിതമാണെന്ന് പറഞ്ഞു തന്ന കരോലിനു നന്ദി പറഞ്ഞ് കൊണ്ട്. ഇതെല്ലം നമ്മുടെ എല്ലാ ആൺകുട്ടികൾക്കും ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കിൽ.....
എല്ലാവർക്കും ലോക സ്ത്രീ ദിന ആശംസകൾ.

ഗോലി കളി

https://www.facebook.com/Hussain.Kizhakkedathu/posts/10208293230040399

2017 March 12
"ബാപ്പ കണക്കു എന്ത് വരെ പഠിച്ചിട്ടുണ്ട്?..."
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഹാരിസ് ഏതോ കണക്കു ഹോംവർക് ചെയ്യുമ്പോൾ ചോദിച്ചു.
"ഞാൻ ഡിഗ്രി സെക്കന്റ് പാർട്ട് കണക്കായിരുന്നു, കാൽക്കുലസ് ഒക്കെ പഠിച്ചിട്ടുണ്ട് ...."
"എന്നാൽ ഒരു കണക്കു ചെയ്യാൻ എന്നെ സഹായിക്കാമോ? "
"തീർച്ചയായും.."
"മൂന്നു പേര് ഒരു കളി കളിക്കുകയാണ്. മൂന്നു പേരുടെ കയ്യിലും കളിയ്ക്കാൻ ഉപയോഗിക്കുന്ന ഗോലികൾ ഉണ്ട്* . കളിയുടെ നിയമം അനുസരിച്ചു ഒരു റൌണ്ട് ഒരാൾ ജയിക്കുന്പോൾ അയാളുടെ കയ്യിൽ ആ റൌണ്ട് തുടങ്ങുന്പോൾ എത്ര ഗോലികൾ ഉണ്ടായിരുന്നോ അത്രയും ഗോലികൾ മറ്റു രണ്ടു പേരും ജയിച്ചവന് കൊടുക്കണം. ഉദാഹരണത്തിന്, എന്റെ കയ്യിൽ റൌണ്ട് തുടങ്ങുന്പോൾ പത്തു ഗോലിയും , ബാപ്പയുടെ കയ്യിൽ ഇരുപതും, നിതിന്റെ കയ്യിൽ മുപ്പതും ഉണ്ടായിരുന്നു എന്ന് വയ്ക്കുക, ഞാൻ ആ റൌണ്ട് ജയിച്ചാൽ ബാപ്പയും നിതിനും പത്തു ഗോലികൾ വച്ച് എനിക്ക് തരണം.."
"ശരി മനസിലായി"..
"ചോദ്യം ഇതാണ്, രണ്ടാമത്തെ റൌണ്ട് കഴിഞ്ഞപ്പോൾ മൂന്നു പേരുടെയും കയ്യിൽ നാലും, അഞ്ചും, ആറും ഗോലികൾ വീതം ആണ് ഉണ്ടായിരുന്നത് എങ്കിൽ കളി തുടങ്ങിയപ്പോൾ ഓരോരുത്തരുടെ കയ്യിലും എത്ര ഗോലികൾ ഉണ്ടായിരുന്നു?"

പണി കിട്ടി മോനെ... കാല്കുലസും, അൾജിബ്രയും മറ്റും ഒരു സമവാക്യങ്ങൾ കാണാതെ പഠിച്ചു അതിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി ചെയ്യാനല്ലാതെ അതെല്ലാം എന്തിനു വേണ്ടി എന്ന് പഠിച്ചിട്ടില്ലാത്ത ഞാൻ ചെറുതായി വിയർത്തു. തലച്ചോറിൽ കുറെ നാളായി തുരുന്പിച്ചു കിടന്ന ചില ചക്രങ്ങൾ എല്ലാം തിരിയുന്ന ശബ്ദം കേട്ട് തുടങ്ങി, പക്ഷെ എത്ര ആലോചിച്ചിട്ടും, ഉത്തരം മാത്രം കിട്ടിയില്ല.

നമുക്ക് രണ്ടു തരത്തിൽ പഠിക്കാം, ഒന്ന് കാണാതെ പഠിക്കുന്നത്, ഞാനൊക്കെ സ്കൂളിൽ പഠിക്കുന്പോൾ ഉള്ള പ്രധാന പഠന രീതി ഇതായിരുന്നു. നല്ല ഓര്മ ഉള്ളവർ കൂടുതൽ മാർക്ക് എടുക്കും. മറ്റൊന്ന് അടിസ്ഥാന തത്വങ്ങൾ മനസിലാക്കി പഠിച്ചു, കുറച്ചു കുഴപ്പം പിടിച്ച ചോദ്യങ്ങൾ ബുദ്ധി ഉപയോഗിച്ചു ചെയ്യുന്നതാണ്. ഉദാഹരണത്തിന് 16x16 കാണാതെ പറയുന്നതും, ചില ഫോർമുലകൾ കാണാതെ പേടിച്ചു അതിലെ എക്സ് മാറ്റി ഒരു നന്പർ വച്ച് ഉത്തരണം കണ്ടു പിടിക്കുന്നതും മറ്റും ഓര്മ ഉപയോഗിക്കുന്നതും, മുകളിൽ ഹാരിസ് ചോദിച്ച പോലെ ഉള്ള ചോദ്യങ്ങൾ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ടതും ആണ്.

ഡി വൈ ബൈ ഡി എക്സ് ഓഫ് എക്സ് സ്‌ക്വയർ ഈക്വൽ ടു ടു എക്സ് (dy/dx(x2) = 2x) എന്നെല്ലാം കാണാതെ പഠിച്ചതല്ലാതെ ഇത് എന്താണ് സംഭവം എന്ന് കുറെ വർഷങ്ങൾക്കു ശേഷം https://www.khanacademy.org കണ്ടു മാത്രം മനസിലാക്കിയ ഞാൻ ഹാരിസിന്റെ സ്കൂൾ ടീച്ചറെ കണ്ടപ്പോൾ ഒരിക്കൽ പറഞ്ഞു.

"അമേരിക്കയിൽ കുട്ടികൾ ഇപ്പോഴും വളരെ കുറച്ചു കണക്കു മാത്രം ആണ് പഠിക്കുന്നത്. ഞാനൊക്കെ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലസാഗു തുടങ്ങി ഫാക്ടറിങ് ഒക്കെ ചെയ്തു എന്നാണ് എന്റെ ഒരു ഓർമ "

"പലപ്പോഴും ഇവിടെ പ്രശ്നം ഇന്ത്യൻ മാതാപിതാക്കൾ ആണ്. എല്ലാവരും കുട്ടികളെ ട്യൂഷൻ എല്ലാം വിട്ടു, കുട്ടികൾ മുഴുവൻ കാണാപ്പാഠം പഠിച്ചു വരുന്നുണ്ട്, പക്ഷെ ഇതെല്ലാം എന്താണ് എന്തിനാണ് എന്ന് അവർക്കു ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നത് കഷ്ടമാണ്. ഉദാഹരണത്തിന് ഒന്നും ഒന്നും രണ്ടു എന്ന് കാണാതെ പഠിച്ചു വരുന്ന ഒരു കുട്ടിയോട് ഒന്ന് എന്ന് പറഞ്ഞാൽ (what is oneness of one) എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ എന്ത് ബുദ്ധിമുട്ടാണ് എന്ന് നിങ്ങള്ക്ക് അറിയാമോ." ടീച്ചർ പറഞ്ഞത് എനിക്ക് എനിക്ക് മുഴുവൻ മനസിലായില്ല
"ഒന്ന് എന്നാൽ എല്ലാവർക്കും അറിയാവുന്നതല്ലേ, അത് പറഞ്ഞു കൊടുക്കണോ?
"തീർച്ചയായും, ഉദാഹരണത്തിന്, ഒന്നും ഒന്നും എത്ര ആണ് എന്ന് നിങ്ങൾ പറയൂ"
ചോദ്യം കേട്ട് ഞാൻ പകച്ചു, എന്നെ ഇവർ ആക്കുകയാണോ? എന്റെ മുഖം കണ്ടു ടീച്ചർ തന്നെ തുടർന്നു ..

"രണ്ടു എന്നാണ് നിങ്ങൾ പറയാൻ പോകുന്നത് എന്നെനിക്കറിയാം, പക്ഷെ അത് ഇപ്പോഴും അങ്ങിനെ ആകണം എന്നില്ല. സാധനങ്ങളെ എണ്ണാൻ കഴിയുന്ന discrete mathematics ൽ മാത്രം ആണ് അത് അങ്ങിനെ. ഒരു ആപ്പിൾ എന്ന് പറയാം, പക്ഷെ ഒരു ഗ്ലാസ് വെള്ളം എന്നല്ലാതെ ഒരു വെള്ളം എന്ന് ഒരിക്കലും പറയില്ല, ഒരു പുഴയും മറ്റൊരു പുഴയും ചേർന്നാൽ രണ്ടു പുഴ ആകില്ല കുറച്ചു വലിയ ഒരു പുഴ ആണ് ആകുന്നതു"

ഒന്നും ഒന്നും ഇമ്മിണി ബാല്യ ഒന്ന് എന്ന് പറയാൻ ബാല്യകാലസഖിയിലെ മജീദിന്റെ പെങ്ങളോ മറ്റോ ആണോ ആണോ ഈ അദ്ധ്യാപിക. പക്ഷേ അവർ പറഞ്ഞത് സത്യം ആണ്. കുറ്റം ഞാൻ പഠിച്ച രീതിയുടേതാണ്. വർഷങ്ങൾക്കു ശേഷം khan academy ഉപയോഗിച്ച് കാൽക്കുലസ് രണ്ടാമത് പഠിച്ചപ്പോൾ മാത്രം ആണ് ശരിക്കും കാൽക്കുലസ് എന്താണ് എന്തിനാണ് എന്ന് എനിക്ക് മനസിലായത്.

എന്റെ ഹിന്ദി ക്ലാസും തഥൈവ ആയിരുന്നു. ഒരിക്കൽ പോലും അധ്യാപകൻ ഹിന്ദിയിൽ സംസാരിച്ചിട്ടില്ല. കുറെ വാക്കുകളുടെ അർഥം കാണാതെ പഠിച്ചു എന്നല്ലാതെ. ക്യാ,കോൻ , കഹാം എന്നെല്ലാം ഉള്ള വാക്കുകൾ ചോദ്യങ്ങളിൽ നിന്ന് മാറ്റി കുറെ വാക്കുകൾ അവിടെല്ലാം ഫിറ്റ് ചെയ്തു ആയിരുന്നു ഞാൻ ഹിന്ദി ചോദ്യങ്ങൾക്കു ഉത്തരം എഴുതിയിരുന്നത്. നൂറിൽ മുപ്പതു മാർക്ക് വാങ്ങി ഗ്രൂപ്പ് പാസ്സ്‌മാർക് കിട്ടി പാസ്സാവുക ആയിരുന്നു.ഇപ്പോഴും ചിലർ എന്നോട് പത്തു മിനിറ്റ് ഹിന്ദിയിൽ സംസാരിച്ചു കഴിഞ്ഞാണ് എനിക്ക് ഹിന്ദി അറിയില്ല എന്ന് ഇവർക്ക് മനസിലാവുന്നത് തന്നെ. ഇവിടെ സ്പാനിഷ് പഠിപ്പിക്കുന്നത് സ്പാനിഷിൽ നാടകം കളിപ്പിച്ചും, വീട്ടിലെ ആളുകളെ സ്പാനിഷ് ഇന്റർവ്യൂ എടുത്തും മറ്റുമാണ്.

ഇപ്പോൾ ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം മാറി എന്ന് കരുതുന്നു. കേരളത്തിൽ ദരിദ്രരായ പിള്ളേർ എങ്ങിനെ എങ്കിലും പഠിച്ചോളും എന്ന് ശ്രീനിവാസൻ കളിയാക്കിയ DPEP ആണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സിലബസ്,പക്ഷെ അത് എന്തോ കാരണം കൊണ്ട് അധിക നാൾ നിലനിന്നില്ല.

മുകളിൽ കൊടുത്ത ചോദ്യത്തിന് ഉത്തരം കിട്ടുന്നവർ കമന്റ് ചെയ്യുക. വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ്.. നിങ്ങള്ക്ക് സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ ദയവായി അവർക്കു https://www.khanacademy.org ൽ ഒരു അക്കൗണ്ട് തുറന്നു കൊടുക്കുക. സൗജന്യം ആണ്. സൂര്യന് താഴെ ഉള്ള ഏതു വിഷയത്തെ കുറിച്ചും വളരെ ലളിതമായി ക്ലാസ് ഉണ്ട്. പകുതി ഇന്ത്യനും, പകുതി ബംഗ്ളദേശിയും ആയ സൽമാൻ ഖാൻ ആണ് ഇത് തുടങ്ങിയത്. ഗൂഗിൾ തുടങ്ങി കുറെ കമ്പനികൾ ഇത് സപ്പോർട്ട് ചെയുന്നുണ്ട്. ഇതിലെ കുറെ ക്ലാസുകൾ മലയാളത്തിൽ ആക്കണം എന്നുണ്ട്, സഹായിക്കാൻ താല്പര്യവും സമയവും ഉള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക.

*(ഗോലി കളി : വട്ടു കളി എന്ന് ഞങ്ങളുടെ നാട്ടിൽ പറയും)

നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ

https://www.facebook.com/Hussain.Kizhakkedathu/posts/10208301445165772

2017 March 13 

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?"
എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്.
"അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്"
"നിന്റെ പേരെന്താണ്?"
"നിതിൻ"
"ഹിന്ദു?
"അതെ"
"തമിഴനാണോ?"
"അതെ"
"മുഴുവൻ പേരെന്താണ്?"
"നിതിൻ നസീർ"
"നസീർ തമിഴ് പേരല്ലല്ലോ"
"എന്റെ ബാപ്പ മലയാളിയാണ്"
"അപ്പൊ നീ മലയാളിയല്ലേ?"
"അതെ"
"മുസ്ലിമും?"
"അതെ"
"പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?"
"ഞാൻ അതുമാണ്. എന്റെ അമ്മ തമിഴ് ഹിന്ദുവും ബാപ്പ മലയാളായി മുസ്ലിമും ആണ്"
"അതെങ്ങിനെ ശരിയാവും, നീ ശരിക്കും എന്താണ്? "
"ഞാൻ ഒരു തമിഴ് മലയാളി ഹിന്ദു മുസ്ലിം ഇന്ത്യൻ അമേരിക്കൻ ആണ്.."
"അതെങ്ങിനെ, എല്ലാം കൂടി ആവും, നിനക്ക് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണ്ടേ? നിങ്ങൾ അന്പലത്തിൽ പോകുമോ, അതോ മോസ്കിൽ പോകുമോ? റംസാൻ ആഘോഷിക്കുമോ അതോ പൊങ്കൽ ആഘോഷിക്കുമോ?
"ഞങ്ങൾ അന്പലത്തിലും പള്ളിയിലും പോകും, റംസാനും, പൊങ്കലും ഓണവും താങ്ക്സ് ഗിവിങ്ങും എല്ലാം ആഘോഷിക്കും..."
മുത്തശ്ശി അത്ര ബോധ്യം വരാതെ ചോദ്യങ്ങൾ നിർത്തി എന്നാണ് അവൻ വീട്ടിൽ വന്നു പറഞ്ഞത്.

നമ്മുടെ എല്ലാം ഒരു പ്രശ്നം അതാണ്. ആരെ കണ്ടാലും ചില കള്ളികളിൽ കൊണ്ട് വന്നു നിർത്തിയില്ലെങ്കിൽ ഭയങ്കര വിമ്മിഷ്ടം ആണ്. നാരായണ ഗുരു പറഞ്ഞ പോലെ ആണും പെണ്ണും ജാതി ആയാൽ മാത്രം പോരാ നമുക്കു, ഇന്ത്യൻ, അമേരിക്കൻ, ഹിന്ദു, മുസ്ലിം, മദ്രാസി, നോർത്ത് ഇന്ത്യൻ, വെളുമ്പൻ, കറുന്പൻ എന്നിങ്ങനെ എണ്ണമറ്റ കളങ്ങളിൽ നിർത്തി കഴിഞ്ഞാലേ നമുക്ക് കൂട്ട് കൂടാൻ പറ്റുമോ എന്ന് നിശ്ചയിക്കാൻ പറ്റൂ.

ഈ കളങ്ങളിൽ നിന്ന് പുറത്തു കടക്കുന്നത് രസമുള്ള കാര്യമാണ്. ന്യൂ ജേർസിയിലെ അന്പലങ്ങളിലും, ട്രന്പ് പങ്കെടുത്ത റാലിയിലും എന്റെ പേര് പറഞ്ഞു പരിചയപ്പെടുന്പോൾ മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ കാണുന്നത് ഇതേ അന്പരപ്പ്‌ തന്നെ ആണ്.

ദക്ഷിണ ആഫ്രിക്കയിലെ ഒരു കൊമേഡിയൻ ആയ ട്രെവർ നോവയുടെ കഥ രസകരം ആണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി നാളിൽ ആണ് ട്രെവർ ജനിച്ചത്. ട്രെവറുടെ 'അമ്മ ദക്ഷിണ ആഫ്രിക്കക്കാരിയായ ഒരു കറുത്ത വർഗക്കാരിയും, അച്ഛൻ ഒരു സ്വിസ്സ് വംശജൻ ആയ വെള്ളക്കാരനും ആയിരുന്നു. ഒരു പ്രശ്നം വർണ വിവേചനം നിലനിന്നിരുന്ന ദക്ഷിണ ആഫ്രിക്കയിൽ വെള്ളക്കാരും കറുത്ത വർഗക്കാരും തമ്മിൽ ഉള്ള വിവാഹം നിയമ വിരുദ്ധം ആയിരുന്നു. "I was born a crime" എന്നാണ് ട്രെവർ ഇതിനെ കുറിച്ച് പറയുന്നത്. അച്ഛനും അമ്മയും ഒരുമിച്ചു പുറത്തു പോവുന്ന വേളകളിൽ എതിരെ പോലീസുകാർ വന്നാൽ അച്ഛനും അമ്മയും തന്റെ കൈ വിട്ടു ഈ കുട്ടി ഞങ്ങളുടേതല്ല എന്ന മട്ടിൽ നടക്കും എന്ന് നമ്മുടെ ഹൃദയം തകർക്കുന്ന വിധത്തിൽ ട്രെവർ വിവരിക്കുന്നുണ്ട്. ട്രെവർ ജനിച്ചു പിറ്റേ വർഷം ഇങ്ങിനെ ഉള്ള ബന്ധങ്ങൾ നിയമവിധേയമാക്കപ്പെട്ടു. പത്തു വര്ഷങ്ങള്ക്കു ശേഷം വർണ വിവേചനം അവസാനിക്കുകയും, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ കറുത്ത വർഗക്കാരുടെ ഗവണ്മെന്റ് അധികാരത്തിൽ വരികയും ചെയ്തു. വെള്ളക്കാരെ കൂടി ഉൾപ്പെടുത്തി ഒരു വിധ വിവേചനവും ഇല്ലാത്ത ഒരു രാജ്യം ആണ് മണ്ടേല വിഭാവനം ചെയ്തു നടപ്പിലാക്കിയത്. ഇൻവിക്ടസ് എന്ന മനോഹരമായ ചിത്രം കണ്ടവർക്ക് ഇത് അറിയാമായിരിക്കും. (https://www.youtube.com/watch?v=mlZTzsC8e4g)
ഇന്ത്യയിൽ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുന്പോൾ ആണ് നമ്മൾ എത്ര സമർത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാന്പത്തിക നില എല്ലാം നോക്കിയാണ് പലരും പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തിൽ നിന്നും പുറത്തു കടക്കുന്പോൾ ഉണ്ടാവുന്ന, ചില അനുഭവങ്ങൾ, മനസിന്റെ വിശാലതകൾ അങ്ങിനെ ഉള്ളവർക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളിൽ ഒതുങ്ങി കഴിക്കുന്നതിനേക്കാൾ എത്രയോ രസമാണ് പല കളങ്ങളിൽ നിറഞ്ഞു കളിക്കുന്നത്.
ട്രെവർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ :

https://www.youtube.com/watch?v=YqciCFLxfEE

മണലിൽ വരച്ച വരകൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208323677041555

2017 March 16

അമേരിക്കൻ പ്രസിഡന്റ് ട്രന്പിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവർ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവർക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതിൽ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന് മനസിലാക്കാം.

ഇതിലെ ഏറ്റവും വലിയ തമാശ ഇറാഖിനെ ഒഴിവാക്കുകയും സിറിയ, ഇറാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ നിരോധനത്തിൽ നിലനിർത്തിയതും ആണ്. കാരണം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അറബ് ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത രണ്ടു പേർ വെറും മണലിൽ വരച്ച ചില അതിർത്തികൾ ആണ് ഇന്നും ഈ രാജ്യങ്ങൾക്കുള്ളത് എന്ന് പലർക്കും അറിയില്ല. സൈക്സ്-പൈക്കോട്ട് എഗ്രിമെന്റ് എന്നാണ് ഇതിന്റെ പേര്. (https://en.wikipedia.org/wiki/Sykes–Picot_Agreement). നൂറു വര്ഷങ്ങള്ക്കു മുൻപ് 1916 ൽ ആയിരുന്നു അത്.

ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിയും ഓട്ടോമൻ സാമ്രാജ്യവും തോൽക്കും എന്ന് ഉറപ്പായപ്പോൾ ഓട്ടോമൻ സാമ്രാജ്യം, യുദ്ധത്തിലെ വിജയികളായ ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ, അവർ നേരിട്ട് ഭരിക്കുന്നതും, അവർക്കു സ്വാധീനം ഉള്ളതും ആയ രാജ്യങ്ങൾ ആയി പങ്കിട്ടെടുത്ത കരാർ ആണിത്. വളരെ രഹസ്യം ആയി നടന്ന ഈ വിഭജനം നടത്തിയ മാർക്ക് സൈക്‌സിനും ഫ്രാൻകോയിസ് പൈക്കോട്ടിനും പക്ഷെ അറബ് രാജ്യങ്ങളെ കുറിച്ചോ പ്രധാനമായും തുർക്കികൾ നേതൃത്വം കൊടുത്ത ഓട്ടോമാൻ സാമ്രാജ്യത്വത്തിനെതിരെ അറബികൾ നടത്തി വരുന്ന സമരത്തെ കുറിച്ചോ ഒരു അറിവും ഉണ്ടായിരുന്നില്ല. ലോറെൻസ് ഓഫ് അറേബ്യ എന്നറിയപ്പെട്ട കേണൽ ടി.ഇ.ലോറെൻസ് യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച അറബ് രാജ്യങ്ങൾക്കു കൊടുത്ത വാക്കിന് കടക വിരുദ്ധം ആയിരുന്നു ഈ വിഭജനം.
നമൂക്കെല്ലാം നേർ വരകൾ വരയ്ക്കാൻ ആണ് എളുപ്പം. സൈക്‌സും പൈകോട്ടും ചെയ്തതും അത് തന്നെ ആണ്. ഓട്ടോമൻ സാമ്രാജ്യത്തിനു നെടുകെയും കുറുകെയും നേർ വരകൾ വരച്ചു ജോർദാൻ, തെക്കൻ ഇറാഖ് തുടങ്ങിയവ ബ്രിട്ടനും, തെക്കൻ തുർക്കി, വടക്കൻ ഇറാഖ് , സിറിയ, ലെബനൻ തുടങ്ങിയവ ഫ്രാൻസും, ഇസ്താൻബുൾ അർമേനിയ തുടങ്ങിയവ റഷ്യയും പങ്കു വച്ചു. പക്ഷെ ഈ നേർരേഖകൾ വിഭജിച്ചത് കുർദുകകളെ ആണ്. ഈ നേർ രേഖകളുടെ അപ്പുറവും ഇപ്പുറവും ആയി കുർദുകൾ വിഭജിക്കപ്പെട്ടു. നൂറു വര്ഷങ്ങള്ക്കു ശേഷവും മണലിൽ വരച്ച ആ വരകൾ ആ പ്രദേശത്തിന്റെ അസ്ഥിരതയ്ക്കു കാരണം ആയി നിൽക്കുന്നു.

ട്രമ്പ് മതിൽ കെട്ടിത്തിരിക്കാൻ പോകുന്ന മെക്സികോയുമായുള്ള അതിർത്തിയും ഇങ്ങിനെ ഉള്ള ഒന്നാണ്. 1846 മുതൽ വെറും രണ്ടു വര്ഷം നീണ്ടു നിന്ന മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിന് ശേഷം അമേരിക്ക മെക്സിക്കോയിൽ നിന്ന് പിടിച്ചെടുത്തതാണ് അമേരിക്കയിലെ വലിയ സംസ്ഥാനങ്ങൾ ആയ ന്യൂ മെക്സിക്കോ, ഉട്ടാ, നെവാഡ, അരിസോണ, കാലിഫോർണിയ, ടെക്സാസ് എന്നിവ ഉൾപ്പെട്ട പ്രദേശം. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അതിർത്തി വളരെ നാൾ വെറും മണലിൽ വരച്ച വര മാത്രം ആയിരുന്നു. ഇതിനെ കുറിച്ച് ഈ പേരിൽ ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട് (https://www.amazon.com/Line-Sand-History-Weste…/…/0691156131).
ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി വിഭജവും ഇതിൽ നിന്ന് വളരെ വ്യത്യസ്തം ഒന്നുമല്ല. ഇന്ത്യ പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്കാൻ തീരുമാനം ആയ ശേഷം ഇതിന്റെ ചുമതല ഏൽപ്പിച്ചത് ഇത് വരെ ഇന്ത്യയിൽ വന്നിട്ടില്ലാത്ത, ഇന്ത്യയെ കുറിച്ചോ നമ്മുടെ സംസ്കാരത്തെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത സിറിൽ റാഡ്ക്ലിഫ് എന്ന "മഹാൻ" ആണ്. ആഗസ്ത് പതിനഞ്ചിനു സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ട രണ്ടു രാജ്യങ്ങളുടെ അതിർത്തി വരക്കേണ്ട ആൾ എത്തിച്ചേർന്നത് ജൂലൈ എട്ടാം തീയതി മാത്രം ആണെന്ന് പറയുന്പോൾ മനസിലാകുമല്ലോ ഇദ്ദേഹത്തിന്റെ താല്പര്യം. ഇന്ത്യയിലെ ജീവിതം ഇഷ്ടപെടാത്ത ഇദ്ദേഹം എത്രയും പെട്ടെന്ന് കാര്യം തീർത്തു മടങ്ങാൻ തിടുക്കം കൂട്ടി എന്നാണ് പറയപ്പെടുന്നത്. പഞ്ചാബും, ബംഗാളും ഹിന്ദു, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പകുത്തു മാറ്റുന്നത് എളുപ്പം ആയിരുന്നില്ല, കാരണം, ഇങ്ങിനെ ഉള്ള പ്രദേശങ്ങൾ പല ഇടങ്ങളിൽ ആയി ചിതറി കിടക്കുക ആയിരുന്നു. റാഡ്ക്ലിഫ് വരച്ച്‌ കിട്ടിയ മാപ് നോക്കി തീർപ്പു കൽപ്പിക്കാൻ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രതിനിധികൾക്ക് വെറും രണ്ടു മണിക്കൂർ ആണ് കിട്ടിയത് എന്നത് കഥ. റാഡ്ക്ലിഫ് ലൈൻ എന്നാണ് ഇത് അറിയപ്പെടുന്നത് (https://en.wikipedia.org/wiki/Radcliffe_Line). ഓഗസ്റ്റ് പതിനഞ്ചിച്ചു തന്നെ റാഡ്ക്ലിഫ് ഇന്ത്യ വിടുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി ആളുകൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പലായനം ചെയ്യേണ്ടി വന്നത് മൂലം രണ്ടു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെ ആളുകൾ മരിച്ചു എന്നാണ് കണക്ക്. താരതമ്യ പെടുത്താനാണെങ്കിൽ ഹിരോഷിമയിൽ അറ്റോമിക് ബോംബ് മൂലം മരിച്ചത്തിന്റെ ഇരട്ടി ആണ് രണ്ടു ലക്ഷം.

റാഡ്ക്ലിഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം കാശ്മീർ വിഭജിക്കാതെ വിട്ടതാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ നിരന്തര ശത്രുതയ്ക്ക് കാരണമായി തീർന്നു ഈ ഭൂപ്രദേശം.

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇങ്ങിനെ ഒരു പ്രദേശം. തിരുവിതാം കൂറിന്റെ രാജകൊട്ടാരം ആയ പത്മനാഭപുരം കൊട്ടാരം ഇപ്പ്പോ തമിഴ് നാട്ടിൽ ആണ്. മാർഷൽ നേശമണി ആണ് നഗർകോവിൽ ഉൾപ്പെടെ കന്യാകുമാരി ജില്ലാ തമിഴ്‌നാട്ടിൽ ആക്കാൻ വേണ്ടി സമരം ചെയ്തത്. നാഗർകോവിൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്പോഴെല്ലാം ഈ ജില്ലകളുടെ ചില പ്രദേശങ്ങൾ എങ്കിലും കേരളത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, മൂന്നാറിൽ സഞ്ചരിക്കുന്പോൾ തിരിച്ചും.

ഓർക്കുക നമ്മുടെ ദേശീയതയും നമ്മൾ ആരെ ഇഷ്ടപെടുന്നു, ആരെ വെറുക്കുന്നു എന്നുള്ളതെല്ലാം നമ്മെ അറിയാത്ത, നമ്മുടെ സംസ്കാരം അറിയാത്ത ചിലർ തീരുമാനിച്ചത് ആയിരിക്കാം. എല്ലാ മനുഷ്യരെയും അതിർത്തി വ്യത്യാസം ഇല്ലാതെ ഒരേപോലെ സ്നേഹിക്കാം എന്ന് ഒരു തീരുമാനം എടുത്താൽ ഇങ്ങിനെ മറ്റുള്ളവർ നമ്മുടെ ഉള്ളിൽ കുത്തിവയ്ക്കാൻ ശ്രമിക്കുന്ന വെറുപ്പുകളിൽ നിന്ന് രക്ഷപെടാം. വസുധൈവ കുടുംബകം.

ഇന്ത്യ പാകിസ്ഥാൻ അതിർത്തി തിരിച്ചതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് : http://www.unc.edu/…/chester_partiti…/chester_partition.html

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...