Monday, November 5, 2018

ആചാരങ്ങൾ ഉണ്ടാവുന്നത്

ആചാരങ്ങൾ ഉണ്ടാവുന്നത്.
അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം.
കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിലായി ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു.
ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ ബാക്കി താഴെ നിൽക്കുന്ന എല്ലാ കുരങ്ങുകളുടെയും ദേഹത്തേക്ക് പരീക്ഷണത്തിന്റെ ഭാഗം ആയി തണുത്ത വെള്ളം ഒഴിക്കുന്ന ഒരു പൈപ്പ് തുറക്കപ്പെട്ടു. തണുത്തു വിറച്ച കുരങ്ങന്മാർ എല്ലാവരും കൂടി, മുകളിലേക്ക് കയറിയ കുരങ്ങനെ വാലിൽ പിടിച്ചു താഴെ ഇട്ടു.
കുറച്ച് കഴിഞ്ഞു തണുപ്പൊക്കെ മാറിയപ്പോൾ വേറൊരു കുരങ്ങൻ പഴം എടുക്കാൻ ഏണിയിൽ കയറാൻ തുടങ്ങി, അതെ സംഭവം ആവർത്തിച്ചു, താഴെ നിന്ന കുരങ്ങന്മാരുടെ ദേഹത്ത് തണുത്ത വെള്ളം വീണു, താഴെ നിന്ന കുരങ്ങന്മാർ എല്ലാവരും കൂടി മുകളിൽ കയറിയവനെ താഴെ വലിച്ചിട്ടു പഞ്ഞിക്കിട്ടു..
ഇങ്ങിനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുരങ്ങന്മാർക്ക് ഒരു കാര്യം മനസിലായി. ഒരു കുരങ്ങ് ഇനിയുടെ മുകളിൽ കയറിയാൽ ബാക്കി എല്ലാവരുടെയും ദേഹത്ത് തണുത്ത വെള്ളവും വീഴും. അത് കൊണ്ട് ഇനിയുടെ മുകളിൽ ഏത് കുരങ്ങൻ കേറാൻ നോക്കിയാലും ബാക്കി ഉള്ള കുരങ്ങുകൾ അവനെ വലിച്ച് താഴെ ഇട്ടു ആക്രമിക്കാൻ തുടങ്ങി.
ഇങ്ങിനെ കണ്ടീഷൻ ആയ കുരങ്ങുകളുടെ ഇടയിൽ നിന്ന് ഗവേഷകർ ഒരു കുരങ്ങിനെ എടുത്തു മാറ്റി പുതിയൊരു കുരങ്ങിനെ കൂട്ടിലേക്ക് കയറ്റി. കയറിയ ഉടനെ ഈ പുതിയ കുരങ്ങ് പഴം എടുക്കാൻ വേണ്ടി കയറാൻ തുടങ്ങി. സാധാരണ പോലെ, ബാക്കി എല്ലാ കുരങ്ങുകളും കൂടി ചേർന്ന് ഈ കുരങ്ങിനെ വലിച്ചു താഴെ ഇടുകയും ആക്രമിക്കുകയും ചെയ്തു. എന്തിനാണ് തന്നെ ബാക്കി കുരങ്ങുകൾ ആക്രമിച്ചത് എന്ന് പുതിയ കുരങ്ങിന് മനസിലായില്ല, പക്ഷെ പിന്നീടുള്ള പല ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ, പുതിയ കുരങ്ങിന് ഒരു കാര്യം മനസിലായി, ഏണിയിൽ കയറിയാൽ എന്തോ പ്രശ്നമുണ്ട് ബാക്കി കുരങ്ങുകളുടെ ഇടി കിട്ടും. ദേഹത്ത് തണുത്ത വെള്ളം വീണിട്ടാണ് ഇതെന്ന് പുതിയ കുരങ്ങിന് ഒരിക്കലും മനസിലായതും ഇല്ല.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഗവേഷകർ, പഴയ കൂട്ടത്തിലെ രണ്ടാമത് ഒരു കുരങ്ങിനെ മാറ്റി പുതിയ കുരങ്ങനെ കൂട്ടിൽ കേറ്റി.
ആ കുരങ്ങും കേറിയ പാടെ ഏണിയിൽ കയറി പഴം എടുക്കാൻ പോയി. തൊട്ടു മുൻപ് പുതുതായി വന്ന കുരങ്ങു ഉൾപ്പെടെ ബാക്കിയുള്ള എല്ലാ കുരങ്ങുകളും വന്നു ഈ കുരങ്ങിനെ വലിച്ചിട്ടു ചവിട്ടി. തൊട്ടു മുൻപ് വന്ന കുരങ്ങിനെ ഇതൊരു ആചാരം ആണെന്ന് അറിയാം എങ്കിലും എന്തിനാണ് താൻ ഇത് ചെയ്യുന്നത് എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.
ഇങ്ങിനെ ആദ്യം ഉണ്ടായിരുന്ന എല്ലാ കുരങ്ങുകളെയും ഓരോന്നായി മാറ്റി ഗവേഷകർ അഞ്ച് പുതിയ കുരങ്ങുകളെ കൂട്ടിൽ കയറ്റി, ഏണിയിൽ കയറാൻ പാടില്ല എന്ന വിശ്വാസം ഉള്ള അഞ്ച് പുതിയ കുരങ്ങുകളുടെ കൂട്ടാത്തെ ഉണ്ടാക്കി എടുത്തു. എന്നിട്ട് തണുത്ത വെള്ളം ഒഴിക്കുന്ന പൈപ്പ് ഓഫ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് ഒരിക്കൽ പോലും ഒരു കുരങ്ങും ഏണിയിൽ പഴം എടുക്കാൻ കയറിയില്ല, കയറാൻ തുടങ്ങുന്ന കുരങ്ങുകളെ മറ്റുള്ള കുരങ്ങുകൾ ആക്രമിക്കുകയും ചെയ്തു.
ഈ പരീക്ഷണം പലരും പല സന്ദർഭങ്ങളിൽ പറഞ്ഞിട്ടുണ്ടെകിലും യഥാർത്ഥത്തിൽ ആര് എവിടെ ആണ് ഇത് ചെയ്തത് എന്നതിന് വ്യക്തത ഇല്ല, ഒരു പക്ഷെ ഇതൊരു കഥ മാത്രം ആയിരിക്കാം. പക്ഷെ ഒരു സമൂഹത്തിൽ ദുരാചാരങ്ങൾ എങ്ങിനെ ഉണ്ടാവുന്നു എന്നും, പിന്നീട് വരുന്ന തലമുറ അത് എങ്ങിനെ കൊണ്ട് നടക്കുന്നു എന്നും തെളിയിക്കാൻ പലരും ഈ പരീക്ഷണത്തെ കുറിച്ച് പറയാറുണ്ട്.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു പക്ഷെ മനുഷ്യത്തെ പഴയ സമൂഹത്തിലെ ചില കാര്യങ്ങൾ കൊണ്ട് തുടങ്ങി വച്ചത് ആയിരിക്കാം.
എന്റെ ചെറുപ്പത്തിൽ ക്രിസ്ത്യൻ / ഹിന്ദു കുടുംബങ്ങളിൽ മരണം നടന്നാൽ കണ്ണാക്ക് എന്നൊരു ആചാരം ഉണ്ടായിരുന്നു. മരിച്ച ആളുടെ ഭാര്യയും മറ്റും മരണം അറിഞ്ഞു വരുന്ന ആളുകളെ നോക്കി എണ്ണി പെറുക്കി നിലവിളിക്കുന്ന ഒരു ആചാരം ആണിത്. ഈ മ യൗ എന്ന സിനിമയിൽ ഇത് കാണിക്കുന്നുണ്ട്. മരണം മൂലം ഉള്ള ദുഃഖം കരഞ്ഞു തീർക്കാൻ ആയി ഒരു പക്ഷെ ആരെങ്കിലും തുടങ്ങിയ ഒരു ആചാരം ആവാം ഇത്.
പക്ഷെ ഒരു സമൂഹം എന്ന നിലയിൽ പല ദുരാചാരങ്ങളും ഉണ്ടായിട്ടും ഉണ്ട്, സതി, സംബന്ധം, ജാതി തുടങ്ങിയവ. പുതിയ അറിവുകളും ബോധ്യങ്ങളും വന്നു കഴിയുമ്പോൾ മാറ്റേണ്ട ആചാരങ്ങൾ ആണവ. അല്ലെങ്കിൽ നമ്മളും മേൽപ്പറഞ്ഞ പരീക്ഷണത്തില് കുരങ്ങന്മാരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവില്ല.
ആചാരങ്ങൾ മാറ്റാൻ പറയുമ്പോൾ അതിനെ എതിർക്കുന്നതും മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മാത്രം ആണ്. കാരണം നമ്മുടെ തലച്ചോർ ഇപ്പോഴുള്ള സ്ഥിതി തുടർന്ന് കൊണ്ട് പോവുന്നതിൽ സന്തോഷം കണ്ടെത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രം ആണ്. പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആയി തലച്ചോർ സ്വീകരിക്കുന്ന ഒരു മെക്കാനിസം ആണിത്. അതിന് പല കാരണങ്ങൾ ഉണ്ട്, മാറ്റത്തെ തലച്ചോർ എതിർക്കാൻ ഉള്ള ചില കാരണങ്ങൾ താഴെ പറയുന്നു.
എ) നിയന്ത്രണം നഷ്ട്ടപെടുക. : പുതിയ ഒരാൾ അടുക്കളയിൽ കയറിയാൽ അടുക്കളയിൽ അതുവരെ സ്ഥിരം ജോലി ചെയ്തിരുന്ന ആളുകൾക്ക് ഈ പറഞ്ഞത് മനസിലാവും. ചില അമ്മായിഅമ്മ മരുമകൾ വഴക്കിന്റെ അടിസ്ഥാനം ഇതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ബി) അനിശ്ചിതത്വം : പുതിയ ജോലിക്ക് പുതിയ ഓഫീസിൽ പോയാൽ കുറച്ച നാളത്തേക്ക് എന്ത് എവിടെ എങ്ങിനെ എന്നൊരു അനിശിതത്വം ഉണ്ടാവും, അതാണ് ചിലർക്കെങ്കിലും പുതിയ സ്ഥലത്തേക്കോ, ജോലിയിലോ പോകാൻ താല്പര്യം കുറയാൻ കാരണം.
സി) എല്ലാം വ്യത്യസ്തം ആയി കാണും
ഡി) തങ്ങളേക്കാൾ കേമന്മാർ പുതിയ സ്ഥലത്തു ഉണ്ടാവുമോ എന്ന ഭയം.
ഇ) അപകടം / പരാജയം ഉണ്ടാവാൻ ഉള്ള സാധ്യത.
മതങ്ങളുടെ ആചാരങ്ങൾ മാത്രം അല്ല, ഓഫീസിലെ ചില മാറ്റങ്ങളും ആളുകൾ എതിർക്കാറുണ്ട് എന്ന് സൂക്ഷമം ആയി നിരീക്ഷിച്ചാൽ കാണാം. ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിക്കുന്ന ആളുകൾ പിന്നീട് ആ മാറ്റം ഉൾകൊള്ളും. ഉദാഹരണത്തിന് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക് ന്യൂസ്ഫീഡ് ആദ്യമായി അവതരിപ്പിച്ചപ്പോൾ അതിനെതിരെ കുറെ ഏറെ പേർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ന് ന്യൂസ്ഫീഡ് ഇല്ലാത്ത ഫേസ്ബുക് ഓർക്കാനേ വയ്യ.
അപ്പോൾ ആചാരങ്ങൾ തുടരാനുള്ള ത്വര മനുഷ്യ സഹജം ആണ്, അത് പറഞ്ഞു മനസിലാക്കി എടുക്കാൻ സമയം പിടിക്കും. പക്ഷെ ഒരിക്കൽ കൂടി പറയുന്നു :
പുതിയ അറിവുകളും ബോധ്യങ്ങളും വന്നു കഴിയുമ്പോൾ മാറ്റേണ്ട ആചാരങ്ങൾ മാറ്റിത്തന്നെ ആകണം, അല്ലെങ്കിൽ നമ്മളും കുരങ്ങന്മാരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവില്ല.

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...