Tuesday, August 8, 2017

കാമുകിയുടെ കണ്ണുകൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208247646500839

2017 March 8 ·


"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?"

ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു അപൂർവവും, അച്ഛനമ്മമാരുടെ മുന്പിലല്ലാതെ മിണ്ടിയാൽ കുറ്റവും ആയിരുന്നു. ഞങ്ങൾ വൈകുന്നേരം പള്ളുരുത്തി വെളി മൈതാനത്തിന് ഇരുന്നു പെൺകുട്ടികളെ കുറിച്ച് വീരവാദങ്ങൾ മുഴക്കുമെങ്കിലും നേരെ ചൊവ്വേ പെണ്ണുങ്ങളോട് സംസാരിച്ചിട്ടുള്ളവർ ചുരുക്കം ആയിരുന്നു.അങ്ങിനെ ഉള്ള ഞാൻ സ്വീഡനിൽ ഒരു വെള്ളക്കാരി പെണ്ണിന്റെ ഈ ചോദ്യത്തിന് മുന്നിൽ പകച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

കല്യാണത്തിന് മുൻപ് ഏതു പെണ്ണിനെ കണ്ടാലും ഒന്ന് ലൈൻ അടിച്ചു കളയാം എന്ന ചിന്തയും ആയി നടന്ന ഞാൻ ഡേറ്റിംഗ്.കോം എന്ന സൈറ്റ് വഴി ആണ് കരോലിനെ പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തായും പിന്നീട് കാമുകിയും ആക്കി ഒരു വെള്ളക്കാരി പെൺകുട്ടിയുമായി കിടക്ക പങ്കിടുന്നത് വരെ മലർപ്പൊടിക്കാരന്റെ സ്വപ്‌നങ്ങൾ കരോളിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നത് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ്.

ഞങ്ങൾ രണ്ടു പേർക്കും ഇംഗ്ലീഷ് സംസാരിക്കാൻ വലിയ പിടി ഇല്ലായിരുന്നു എന്നത് മാത്രം ആയിരുന്നു ഞങ്ങൾ തമ്മിലുള്ള ഒരേ ഒരേ പൊതുവായ കാര്യം. സ്റ്റോക്ക് ഹോം ട്രയിൻ സ്റ്റേഷനിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടു മുട്ടിയത്. നഗരത്തിനു പുറത്തു ഒരു മണിക്കൂർ ദൂരെ ആയിരുന്നു അവളുടെ വീട്. സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന ഇന്ത്യക്കാരൻ ഞാൻ ആയതു കൊണ്ട് അവൾക്കു ആളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ എന്റെ കാര്യം അങ്ങിനെ അല്ലല്ലോ. ട്രെയിൻ ഇറങ്ങി വന്ന വലിയ മാറിടം ഉള്ള,അത് കുറച്ചു പുറത്തു കാണിക്കുന്ന തരത്തിൽ ഉടുപ്പിട്ട ഒരു പെൺകുട്ടിയുടെ വായിൽ നോക്കി ഇരുന്ന എന്നെ ചിരിച്ചു കൊണ്ട് അവൾ തന്നെ വന്നു "ഞാൻ കരോലിന" എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി.
ഹസ്തദാനത്തിനു കയ്യും നീട്ടി ചെന്ന എന്നെ രണ്ടു കവിളിലും ചുംബിച്ചു കൊണ്ട് ആണ് അവൾ പരിചയപ്പെട്ടത്. കുളിരു കോരി എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു വെള്ളക്കാരി ഉമ്മ വയ്ക്കുക; ജീവിതം സഫലമായി. നിറഞ്ഞ മാറിടങ്ങൾ നെഞ്ചിൽ അമർത്തി ഒരു കെട്ടിപ്പിടുത്തം. മദാമ്മമാർ ഇത്ര പെട്ടെന്ന് ഇതൊക്കെ ചെയ്യാൻ തുടങ്ങിയാൽ ദൈവമേ....

പിന്നീടുള്ള മൂന്നു മാസം കൊണ്ട് എന്റെ ജീവിതം വഴി തിരിച്ചു വിട്ട അവളെ ആദ്യം കണ്ടത് അങ്ങിനെ ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തെയും ഭക്ഷണത്തെയും ഇഷ്ടപെട്ട അവളെ ഞാൻ സ്റ്റോക്ക് ഹോമിൽ ഉള്ള ഇന്ത്യൻ റെസ്റ്റാറ്റാന്റിൽ കൊണ്ട് പോയി. എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങൾ കണ്ടു. അവളുടെ ആദ്യത്തെ കാമുകനെ പറ്റി അവൾ വാ തോരാതെ സംസാരിച്ചു. ഹാരി എന്ന ഒരു അമേരിക്കൻ യുവാവ്. ചെറുപ്പത്തിൽ കാലുകൾ തളർന്നു പോകുന്ന രോഗം വന്ന ഹാരിയെ വീൽ ചെയറിൽ കരോളിൻ കൊണ്ട് നടക്കുന്ന ചിത്രങ്ങൾ കാണിച്ചു തന്നു. രണ്ടു വര്ഷം മുൻപ് രോഗത്തിനു കീഴ്പെട്ടു ഹാരി മരിച്ച വിവരം പറഞ്ഞപ്പ്പോൾ അവളുടെ നീല കണ്ണുകൾ നനഞ്ഞു. നന്നായി വരക്കുമായിരുന്ന അവളുടെ ചിത്രങ്ങൾ എനിക്ക് കാണിച്ചു തന്നു, അതെല്ലാം ഒരു വെബ്‌സൈറ്റിൽ ഞങ്ങൾ പബ്ലിഷ് ചെയ്യാൻ ഞാൻ സഹായിച്ചു.

ജൂൺ രണ്ടാം വാരം സ്റ്റോക്ക് ഹോമിൽ നടക്കുന്ന വാട്ടർ ഫെസ്റ്റിവലിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഏതോ റോക്ക് ബാൻഡിന്റെ പാട്ടു കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക്, കുറച്ചു പ്രായം ആയ ദന്പതിമാർ നടന്നു വന്നു. അവരെ കണ്ടപ്പോഴേക്കും അവൾ എഴുന്നേറ്റു, കൂടെ ഞാനും. അവരോടു കുറച്ചു സംസാരിച്ചതിന് ശേഷം അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി.
"ഇത് എന്റെ ബയോളജിക്കൽ അച്ഛൻ ആണ്, അത് രണ്ടാനമ്മയും....."

നാട്ടിൽ നിന്നും ആദ്യമായി പുറത്തു ഒരു രാജ്യത്തു വന്ന എനിക്ക് ഇങ്ങിനെ ഉള്ള പരിചയപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പിന്നീട് അവൾ ജനിച്ചതിനു ശേഷം പിരിയാൻ തീരുമാനിച്ച അവളുടെ മാതാപിതാക്കളെ കുറിച്ചും അമ്മയുടെ പുതിയ ഭർത്താവ് അവളെ സ്വന്തം മകളെ പോലെ നോക്കുന്നതിനെ കുറിചെല്ലാം അവൾ പറഞ്ഞു.
അങ്ങിനെ ഒരു ദിവസം എന്റെ ഹോട്ടൽ മുറിയിൽ വാട്ടർ ഫെസ്റ്റിവലിന്റെ ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ ആണ് അവൾ ആ ചോദ്യം എന്നോട് ചോദിച്ചത്.

"നീ എന്ത് കൊണ്ടാണ് ഇപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്? നീ എന്റെ കണ്ണുകളിൽ നോക്കൂ, അവിടെ അല്ലേ എന്നെ കാണുന്നത്? നിനക്ക് വേണമെങ്കിൽ ഞാൻ എന്റെ മാറ് തുറന്നു കാണിച്ചു തരാം, ഇതിൽ കാണാൻ അത്ര മാത്രം ഒന്നുമില്ല" എന്ന് പറഞ്ഞു അവൾ ഉടുപ്പിന്റെ സിപ് തുറക്കാൻ തുടങ്ങി..

ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി. അപ്പോഴേക്കും കെട്ടിപിടുത്തവും, കവിളിലെ ഉമ്മ വയ്‌ക്കലെല്ലാം സ്വീഡനിലെ പൊതു രീതികൾ ആണെന്നും ലൈംഗികതയും ആയി ഒരു ബന്ധവും ഇല്ലെന്നും എനിക്ക് മനസ്സിൽ ആയിരുന്നു.

അവളുടെ വീട്ടിലേക്കു എന്നെ ക്ഷണിച്ച അന്നു തന്നെ ആണ് എന്റെ പ്രൊജക്റ്റ് അവസാനിച്ചു എനിക്ക് തിരിച്ചു നാട്ടിലേക്കു പോകാൻ ടിക്കറ്റ് ശരി ആയതു. എയർപോർട്ടിൽ യാത്ര അയക്കാൻ വന്ന അവൾ എന്നോട് പറഞ്ഞ:

"ഒരിക്കൽ നിനക്ക് ഒരു ഇന്ത്യൻ കാമുകി ഉണ്ടാവും. അന്ന് അവളുടെ കണ്ണുകളിൽ നോക്കുക. പെൺകുട്ടികളുടെ ആത്മാവിലേക്കുള്ള വാതിൽ അവരുടെ കണ്ണുകളാണ്"

തിരിച്ചു നാട്ടിൽ വന്നത് ഒരു പുതിയ ഞാൻ ആണ്. പെൺ ശരീരത്തിന് അകത്തുള്ള ആത്മാവിലേക്ക് നോക്കാനുള്ള വിദ്യ ഇത്ര ലളിതമാണെന്ന് പറഞ്ഞു തന്ന കരോലിനു നന്ദി പറഞ്ഞ് കൊണ്ട്. ഇതെല്ലം നമ്മുടെ എല്ലാ ആൺകുട്ടികൾക്കും ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കിൽ.....
എല്ലാവർക്കും ലോക സ്ത്രീ ദിന ആശംസകൾ.

ഗോലി കളി

https://www.facebook.com/Hussain.Kizhakkedathu/posts/10208293230040399

2017 March 12
"ബാപ്പ കണക്കു എന്ത് വരെ പഠിച്ചിട്ടുണ്ട്?..."
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഹാരിസ് ഏതോ കണക്കു ഹോംവർക് ചെയ്യുമ്പോൾ ചോദിച്ചു.
"ഞാൻ ഡിഗ്രി സെക്കന്റ് പാർട്ട് കണക്കായിരുന്നു, കാൽക്കുലസ് ഒക്കെ പഠിച്ചിട്ടുണ്ട് ...."
"എന്നാൽ ഒരു കണക്കു ചെയ്യാൻ എന്നെ സഹായിക്കാമോ? "
"തീർച്ചയായും.."
"മൂന്നു പേര് ഒരു കളി കളിക്കുകയാണ്. മൂന്നു പേരുടെ കയ്യിലും കളിയ്ക്കാൻ ഉപയോഗിക്കുന്ന ഗോലികൾ ഉണ്ട്* . കളിയുടെ നിയമം അനുസരിച്ചു ഒരു റൌണ്ട് ഒരാൾ ജയിക്കുന്പോൾ അയാളുടെ കയ്യിൽ ആ റൌണ്ട് തുടങ്ങുന്പോൾ എത്ര ഗോലികൾ ഉണ്ടായിരുന്നോ അത്രയും ഗോലികൾ മറ്റു രണ്ടു പേരും ജയിച്ചവന് കൊടുക്കണം. ഉദാഹരണത്തിന്, എന്റെ കയ്യിൽ റൌണ്ട് തുടങ്ങുന്പോൾ പത്തു ഗോലിയും , ബാപ്പയുടെ കയ്യിൽ ഇരുപതും, നിതിന്റെ കയ്യിൽ മുപ്പതും ഉണ്ടായിരുന്നു എന്ന് വയ്ക്കുക, ഞാൻ ആ റൌണ്ട് ജയിച്ചാൽ ബാപ്പയും നിതിനും പത്തു ഗോലികൾ വച്ച് എനിക്ക് തരണം.."
"ശരി മനസിലായി"..
"ചോദ്യം ഇതാണ്, രണ്ടാമത്തെ റൌണ്ട് കഴിഞ്ഞപ്പോൾ മൂന്നു പേരുടെയും കയ്യിൽ നാലും, അഞ്ചും, ആറും ഗോലികൾ വീതം ആണ് ഉണ്ടായിരുന്നത് എങ്കിൽ കളി തുടങ്ങിയപ്പോൾ ഓരോരുത്തരുടെ കയ്യിലും എത്ര ഗോലികൾ ഉണ്ടായിരുന്നു?"

പണി കിട്ടി മോനെ... കാല്കുലസും, അൾജിബ്രയും മറ്റും ഒരു സമവാക്യങ്ങൾ കാണാതെ പഠിച്ചു അതിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി ചെയ്യാനല്ലാതെ അതെല്ലാം എന്തിനു വേണ്ടി എന്ന് പഠിച്ചിട്ടില്ലാത്ത ഞാൻ ചെറുതായി വിയർത്തു. തലച്ചോറിൽ കുറെ നാളായി തുരുന്പിച്ചു കിടന്ന ചില ചക്രങ്ങൾ എല്ലാം തിരിയുന്ന ശബ്ദം കേട്ട് തുടങ്ങി, പക്ഷെ എത്ര ആലോചിച്ചിട്ടും, ഉത്തരം മാത്രം കിട്ടിയില്ല.

നമുക്ക് രണ്ടു തരത്തിൽ പഠിക്കാം, ഒന്ന് കാണാതെ പഠിക്കുന്നത്, ഞാനൊക്കെ സ്കൂളിൽ പഠിക്കുന്പോൾ ഉള്ള പ്രധാന പഠന രീതി ഇതായിരുന്നു. നല്ല ഓര്മ ഉള്ളവർ കൂടുതൽ മാർക്ക് എടുക്കും. മറ്റൊന്ന് അടിസ്ഥാന തത്വങ്ങൾ മനസിലാക്കി പഠിച്ചു, കുറച്ചു കുഴപ്പം പിടിച്ച ചോദ്യങ്ങൾ ബുദ്ധി ഉപയോഗിച്ചു ചെയ്യുന്നതാണ്. ഉദാഹരണത്തിന് 16x16 കാണാതെ പറയുന്നതും, ചില ഫോർമുലകൾ കാണാതെ പേടിച്ചു അതിലെ എക്സ് മാറ്റി ഒരു നന്പർ വച്ച് ഉത്തരണം കണ്ടു പിടിക്കുന്നതും മറ്റും ഓര്മ ഉപയോഗിക്കുന്നതും, മുകളിൽ ഹാരിസ് ചോദിച്ച പോലെ ഉള്ള ചോദ്യങ്ങൾ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ടതും ആണ്.

ഡി വൈ ബൈ ഡി എക്സ് ഓഫ് എക്സ് സ്‌ക്വയർ ഈക്വൽ ടു ടു എക്സ് (dy/dx(x2) = 2x) എന്നെല്ലാം കാണാതെ പഠിച്ചതല്ലാതെ ഇത് എന്താണ് സംഭവം എന്ന് കുറെ വർഷങ്ങൾക്കു ശേഷം https://www.khanacademy.org കണ്ടു മാത്രം മനസിലാക്കിയ ഞാൻ ഹാരിസിന്റെ സ്കൂൾ ടീച്ചറെ കണ്ടപ്പോൾ ഒരിക്കൽ പറഞ്ഞു.

"അമേരിക്കയിൽ കുട്ടികൾ ഇപ്പോഴും വളരെ കുറച്ചു കണക്കു മാത്രം ആണ് പഠിക്കുന്നത്. ഞാനൊക്കെ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലസാഗു തുടങ്ങി ഫാക്ടറിങ് ഒക്കെ ചെയ്തു എന്നാണ് എന്റെ ഒരു ഓർമ "

"പലപ്പോഴും ഇവിടെ പ്രശ്നം ഇന്ത്യൻ മാതാപിതാക്കൾ ആണ്. എല്ലാവരും കുട്ടികളെ ട്യൂഷൻ എല്ലാം വിട്ടു, കുട്ടികൾ മുഴുവൻ കാണാപ്പാഠം പഠിച്ചു വരുന്നുണ്ട്, പക്ഷെ ഇതെല്ലാം എന്താണ് എന്തിനാണ് എന്ന് അവർക്കു ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നത് കഷ്ടമാണ്. ഉദാഹരണത്തിന് ഒന്നും ഒന്നും രണ്ടു എന്ന് കാണാതെ പഠിച്ചു വരുന്ന ഒരു കുട്ടിയോട് ഒന്ന് എന്ന് പറഞ്ഞാൽ (what is oneness of one) എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ എന്ത് ബുദ്ധിമുട്ടാണ് എന്ന് നിങ്ങള്ക്ക് അറിയാമോ." ടീച്ചർ പറഞ്ഞത് എനിക്ക് എനിക്ക് മുഴുവൻ മനസിലായില്ല
"ഒന്ന് എന്നാൽ എല്ലാവർക്കും അറിയാവുന്നതല്ലേ, അത് പറഞ്ഞു കൊടുക്കണോ?
"തീർച്ചയായും, ഉദാഹരണത്തിന്, ഒന്നും ഒന്നും എത്ര ആണ് എന്ന് നിങ്ങൾ പറയൂ"
ചോദ്യം കേട്ട് ഞാൻ പകച്ചു, എന്നെ ഇവർ ആക്കുകയാണോ? എന്റെ മുഖം കണ്ടു ടീച്ചർ തന്നെ തുടർന്നു ..

"രണ്ടു എന്നാണ് നിങ്ങൾ പറയാൻ പോകുന്നത് എന്നെനിക്കറിയാം, പക്ഷെ അത് ഇപ്പോഴും അങ്ങിനെ ആകണം എന്നില്ല. സാധനങ്ങളെ എണ്ണാൻ കഴിയുന്ന discrete mathematics ൽ മാത്രം ആണ് അത് അങ്ങിനെ. ഒരു ആപ്പിൾ എന്ന് പറയാം, പക്ഷെ ഒരു ഗ്ലാസ് വെള്ളം എന്നല്ലാതെ ഒരു വെള്ളം എന്ന് ഒരിക്കലും പറയില്ല, ഒരു പുഴയും മറ്റൊരു പുഴയും ചേർന്നാൽ രണ്ടു പുഴ ആകില്ല കുറച്ചു വലിയ ഒരു പുഴ ആണ് ആകുന്നതു"

ഒന്നും ഒന്നും ഇമ്മിണി ബാല്യ ഒന്ന് എന്ന് പറയാൻ ബാല്യകാലസഖിയിലെ മജീദിന്റെ പെങ്ങളോ മറ്റോ ആണോ ആണോ ഈ അദ്ധ്യാപിക. പക്ഷേ അവർ പറഞ്ഞത് സത്യം ആണ്. കുറ്റം ഞാൻ പഠിച്ച രീതിയുടേതാണ്. വർഷങ്ങൾക്കു ശേഷം khan academy ഉപയോഗിച്ച് കാൽക്കുലസ് രണ്ടാമത് പഠിച്ചപ്പോൾ മാത്രം ആണ് ശരിക്കും കാൽക്കുലസ് എന്താണ് എന്തിനാണ് എന്ന് എനിക്ക് മനസിലായത്.

എന്റെ ഹിന്ദി ക്ലാസും തഥൈവ ആയിരുന്നു. ഒരിക്കൽ പോലും അധ്യാപകൻ ഹിന്ദിയിൽ സംസാരിച്ചിട്ടില്ല. കുറെ വാക്കുകളുടെ അർഥം കാണാതെ പഠിച്ചു എന്നല്ലാതെ. ക്യാ,കോൻ , കഹാം എന്നെല്ലാം ഉള്ള വാക്കുകൾ ചോദ്യങ്ങളിൽ നിന്ന് മാറ്റി കുറെ വാക്കുകൾ അവിടെല്ലാം ഫിറ്റ് ചെയ്തു ആയിരുന്നു ഞാൻ ഹിന്ദി ചോദ്യങ്ങൾക്കു ഉത്തരം എഴുതിയിരുന്നത്. നൂറിൽ മുപ്പതു മാർക്ക് വാങ്ങി ഗ്രൂപ്പ് പാസ്സ്‌മാർക് കിട്ടി പാസ്സാവുക ആയിരുന്നു.ഇപ്പോഴും ചിലർ എന്നോട് പത്തു മിനിറ്റ് ഹിന്ദിയിൽ സംസാരിച്ചു കഴിഞ്ഞാണ് എനിക്ക് ഹിന്ദി അറിയില്ല എന്ന് ഇവർക്ക് മനസിലാവുന്നത് തന്നെ. ഇവിടെ സ്പാനിഷ് പഠിപ്പിക്കുന്നത് സ്പാനിഷിൽ നാടകം കളിപ്പിച്ചും, വീട്ടിലെ ആളുകളെ സ്പാനിഷ് ഇന്റർവ്യൂ എടുത്തും മറ്റുമാണ്.

ഇപ്പോൾ ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം മാറി എന്ന് കരുതുന്നു. കേരളത്തിൽ ദരിദ്രരായ പിള്ളേർ എങ്ങിനെ എങ്കിലും പഠിച്ചോളും എന്ന് ശ്രീനിവാസൻ കളിയാക്കിയ DPEP ആണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സിലബസ്,പക്ഷെ അത് എന്തോ കാരണം കൊണ്ട് അധിക നാൾ നിലനിന്നില്ല.

മുകളിൽ കൊടുത്ത ചോദ്യത്തിന് ഉത്തരം കിട്ടുന്നവർ കമന്റ് ചെയ്യുക. വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ്.. നിങ്ങള്ക്ക് സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ ദയവായി അവർക്കു https://www.khanacademy.org ൽ ഒരു അക്കൗണ്ട് തുറന്നു കൊടുക്കുക. സൗജന്യം ആണ്. സൂര്യന് താഴെ ഉള്ള ഏതു വിഷയത്തെ കുറിച്ചും വളരെ ലളിതമായി ക്ലാസ് ഉണ്ട്. പകുതി ഇന്ത്യനും, പകുതി ബംഗ്ളദേശിയും ആയ സൽമാൻ ഖാൻ ആണ് ഇത് തുടങ്ങിയത്. ഗൂഗിൾ തുടങ്ങി കുറെ കമ്പനികൾ ഇത് സപ്പോർട്ട് ചെയുന്നുണ്ട്. ഇതിലെ കുറെ ക്ലാസുകൾ മലയാളത്തിൽ ആക്കണം എന്നുണ്ട്, സഹായിക്കാൻ താല്പര്യവും സമയവും ഉള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക.

*(ഗോലി കളി : വട്ടു കളി എന്ന് ഞങ്ങളുടെ നാട്ടിൽ പറയും)

നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ

https://www.facebook.com/Hussain.Kizhakkedathu/posts/10208301445165772

2017 March 13 

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?"
എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്.
"അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്"
"നിന്റെ പേരെന്താണ്?"
"നിതിൻ"
"ഹിന്ദു?
"അതെ"
"തമിഴനാണോ?"
"അതെ"
"മുഴുവൻ പേരെന്താണ്?"
"നിതിൻ നസീർ"
"നസീർ തമിഴ് പേരല്ലല്ലോ"
"എന്റെ ബാപ്പ മലയാളിയാണ്"
"അപ്പൊ നീ മലയാളിയല്ലേ?"
"അതെ"
"മുസ്ലിമും?"
"അതെ"
"പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?"
"ഞാൻ അതുമാണ്. എന്റെ അമ്മ തമിഴ് ഹിന്ദുവും ബാപ്പ മലയാളായി മുസ്ലിമും ആണ്"
"അതെങ്ങിനെ ശരിയാവും, നീ ശരിക്കും എന്താണ്? "
"ഞാൻ ഒരു തമിഴ് മലയാളി ഹിന്ദു മുസ്ലിം ഇന്ത്യൻ അമേരിക്കൻ ആണ്.."
"അതെങ്ങിനെ, എല്ലാം കൂടി ആവും, നിനക്ക് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണ്ടേ? നിങ്ങൾ അന്പലത്തിൽ പോകുമോ, അതോ മോസ്കിൽ പോകുമോ? റംസാൻ ആഘോഷിക്കുമോ അതോ പൊങ്കൽ ആഘോഷിക്കുമോ?
"ഞങ്ങൾ അന്പലത്തിലും പള്ളിയിലും പോകും, റംസാനും, പൊങ്കലും ഓണവും താങ്ക്സ് ഗിവിങ്ങും എല്ലാം ആഘോഷിക്കും..."
മുത്തശ്ശി അത്ര ബോധ്യം വരാതെ ചോദ്യങ്ങൾ നിർത്തി എന്നാണ് അവൻ വീട്ടിൽ വന്നു പറഞ്ഞത്.

നമ്മുടെ എല്ലാം ഒരു പ്രശ്നം അതാണ്. ആരെ കണ്ടാലും ചില കള്ളികളിൽ കൊണ്ട് വന്നു നിർത്തിയില്ലെങ്കിൽ ഭയങ്കര വിമ്മിഷ്ടം ആണ്. നാരായണ ഗുരു പറഞ്ഞ പോലെ ആണും പെണ്ണും ജാതി ആയാൽ മാത്രം പോരാ നമുക്കു, ഇന്ത്യൻ, അമേരിക്കൻ, ഹിന്ദു, മുസ്ലിം, മദ്രാസി, നോർത്ത് ഇന്ത്യൻ, വെളുമ്പൻ, കറുന്പൻ എന്നിങ്ങനെ എണ്ണമറ്റ കളങ്ങളിൽ നിർത്തി കഴിഞ്ഞാലേ നമുക്ക് കൂട്ട് കൂടാൻ പറ്റുമോ എന്ന് നിശ്ചയിക്കാൻ പറ്റൂ.

ഈ കളങ്ങളിൽ നിന്ന് പുറത്തു കടക്കുന്നത് രസമുള്ള കാര്യമാണ്. ന്യൂ ജേർസിയിലെ അന്പലങ്ങളിലും, ട്രന്പ് പങ്കെടുത്ത റാലിയിലും എന്റെ പേര് പറഞ്ഞു പരിചയപ്പെടുന്പോൾ മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ കാണുന്നത് ഇതേ അന്പരപ്പ്‌ തന്നെ ആണ്.

ദക്ഷിണ ആഫ്രിക്കയിലെ ഒരു കൊമേഡിയൻ ആയ ട്രെവർ നോവയുടെ കഥ രസകരം ആണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി നാളിൽ ആണ് ട്രെവർ ജനിച്ചത്. ട്രെവറുടെ 'അമ്മ ദക്ഷിണ ആഫ്രിക്കക്കാരിയായ ഒരു കറുത്ത വർഗക്കാരിയും, അച്ഛൻ ഒരു സ്വിസ്സ് വംശജൻ ആയ വെള്ളക്കാരനും ആയിരുന്നു. ഒരു പ്രശ്നം വർണ വിവേചനം നിലനിന്നിരുന്ന ദക്ഷിണ ആഫ്രിക്കയിൽ വെള്ളക്കാരും കറുത്ത വർഗക്കാരും തമ്മിൽ ഉള്ള വിവാഹം നിയമ വിരുദ്ധം ആയിരുന്നു. "I was born a crime" എന്നാണ് ട്രെവർ ഇതിനെ കുറിച്ച് പറയുന്നത്. അച്ഛനും അമ്മയും ഒരുമിച്ചു പുറത്തു പോവുന്ന വേളകളിൽ എതിരെ പോലീസുകാർ വന്നാൽ അച്ഛനും അമ്മയും തന്റെ കൈ വിട്ടു ഈ കുട്ടി ഞങ്ങളുടേതല്ല എന്ന മട്ടിൽ നടക്കും എന്ന് നമ്മുടെ ഹൃദയം തകർക്കുന്ന വിധത്തിൽ ട്രെവർ വിവരിക്കുന്നുണ്ട്. ട്രെവർ ജനിച്ചു പിറ്റേ വർഷം ഇങ്ങിനെ ഉള്ള ബന്ധങ്ങൾ നിയമവിധേയമാക്കപ്പെട്ടു. പത്തു വര്ഷങ്ങള്ക്കു ശേഷം വർണ വിവേചനം അവസാനിക്കുകയും, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ കറുത്ത വർഗക്കാരുടെ ഗവണ്മെന്റ് അധികാരത്തിൽ വരികയും ചെയ്തു. വെള്ളക്കാരെ കൂടി ഉൾപ്പെടുത്തി ഒരു വിധ വിവേചനവും ഇല്ലാത്ത ഒരു രാജ്യം ആണ് മണ്ടേല വിഭാവനം ചെയ്തു നടപ്പിലാക്കിയത്. ഇൻവിക്ടസ് എന്ന മനോഹരമായ ചിത്രം കണ്ടവർക്ക് ഇത് അറിയാമായിരിക്കും. (https://www.youtube.com/watch?v=mlZTzsC8e4g)
ഇന്ത്യയിൽ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുന്പോൾ ആണ് നമ്മൾ എത്ര സമർത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാന്പത്തിക നില എല്ലാം നോക്കിയാണ് പലരും പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തിൽ നിന്നും പുറത്തു കടക്കുന്പോൾ ഉണ്ടാവുന്ന, ചില അനുഭവങ്ങൾ, മനസിന്റെ വിശാലതകൾ അങ്ങിനെ ഉള്ളവർക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളിൽ ഒതുങ്ങി കഴിക്കുന്നതിനേക്കാൾ എത്രയോ രസമാണ് പല കളങ്ങളിൽ നിറഞ്ഞു കളിക്കുന്നത്.
ട്രെവർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ :

https://www.youtube.com/watch?v=YqciCFLxfEE

മണലിൽ വരച്ച വരകൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208323677041555

2017 March 16

അമേരിക്കൻ പ്രസിഡന്റ് ട്രന്പിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവർ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവർക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതിൽ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന് മനസിലാക്കാം.

ഇതിലെ ഏറ്റവും വലിയ തമാശ ഇറാഖിനെ ഒഴിവാക്കുകയും സിറിയ, ഇറാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ നിരോധനത്തിൽ നിലനിർത്തിയതും ആണ്. കാരണം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അറബ് ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത രണ്ടു പേർ വെറും മണലിൽ വരച്ച ചില അതിർത്തികൾ ആണ് ഇന്നും ഈ രാജ്യങ്ങൾക്കുള്ളത് എന്ന് പലർക്കും അറിയില്ല. സൈക്സ്-പൈക്കോട്ട് എഗ്രിമെന്റ് എന്നാണ് ഇതിന്റെ പേര്. (https://en.wikipedia.org/wiki/Sykes–Picot_Agreement). നൂറു വര്ഷങ്ങള്ക്കു മുൻപ് 1916 ൽ ആയിരുന്നു അത്.

ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിയും ഓട്ടോമൻ സാമ്രാജ്യവും തോൽക്കും എന്ന് ഉറപ്പായപ്പോൾ ഓട്ടോമൻ സാമ്രാജ്യം, യുദ്ധത്തിലെ വിജയികളായ ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ, അവർ നേരിട്ട് ഭരിക്കുന്നതും, അവർക്കു സ്വാധീനം ഉള്ളതും ആയ രാജ്യങ്ങൾ ആയി പങ്കിട്ടെടുത്ത കരാർ ആണിത്. വളരെ രഹസ്യം ആയി നടന്ന ഈ വിഭജനം നടത്തിയ മാർക്ക് സൈക്‌സിനും ഫ്രാൻകോയിസ് പൈക്കോട്ടിനും പക്ഷെ അറബ് രാജ്യങ്ങളെ കുറിച്ചോ പ്രധാനമായും തുർക്കികൾ നേതൃത്വം കൊടുത്ത ഓട്ടോമാൻ സാമ്രാജ്യത്വത്തിനെതിരെ അറബികൾ നടത്തി വരുന്ന സമരത്തെ കുറിച്ചോ ഒരു അറിവും ഉണ്ടായിരുന്നില്ല. ലോറെൻസ് ഓഫ് അറേബ്യ എന്നറിയപ്പെട്ട കേണൽ ടി.ഇ.ലോറെൻസ് യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച അറബ് രാജ്യങ്ങൾക്കു കൊടുത്ത വാക്കിന് കടക വിരുദ്ധം ആയിരുന്നു ഈ വിഭജനം.
നമൂക്കെല്ലാം നേർ വരകൾ വരയ്ക്കാൻ ആണ് എളുപ്പം. സൈക്‌സും പൈകോട്ടും ചെയ്തതും അത് തന്നെ ആണ്. ഓട്ടോമൻ സാമ്രാജ്യത്തിനു നെടുകെയും കുറുകെയും നേർ വരകൾ വരച്ചു ജോർദാൻ, തെക്കൻ ഇറാഖ് തുടങ്ങിയവ ബ്രിട്ടനും, തെക്കൻ തുർക്കി, വടക്കൻ ഇറാഖ് , സിറിയ, ലെബനൻ തുടങ്ങിയവ ഫ്രാൻസും, ഇസ്താൻബുൾ അർമേനിയ തുടങ്ങിയവ റഷ്യയും പങ്കു വച്ചു. പക്ഷെ ഈ നേർരേഖകൾ വിഭജിച്ചത് കുർദുകകളെ ആണ്. ഈ നേർ രേഖകളുടെ അപ്പുറവും ഇപ്പുറവും ആയി കുർദുകൾ വിഭജിക്കപ്പെട്ടു. നൂറു വര്ഷങ്ങള്ക്കു ശേഷവും മണലിൽ വരച്ച ആ വരകൾ ആ പ്രദേശത്തിന്റെ അസ്ഥിരതയ്ക്കു കാരണം ആയി നിൽക്കുന്നു.

ട്രമ്പ് മതിൽ കെട്ടിത്തിരിക്കാൻ പോകുന്ന മെക്സികോയുമായുള്ള അതിർത്തിയും ഇങ്ങിനെ ഉള്ള ഒന്നാണ്. 1846 മുതൽ വെറും രണ്ടു വര്ഷം നീണ്ടു നിന്ന മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിന് ശേഷം അമേരിക്ക മെക്സിക്കോയിൽ നിന്ന് പിടിച്ചെടുത്തതാണ് അമേരിക്കയിലെ വലിയ സംസ്ഥാനങ്ങൾ ആയ ന്യൂ മെക്സിക്കോ, ഉട്ടാ, നെവാഡ, അരിസോണ, കാലിഫോർണിയ, ടെക്സാസ് എന്നിവ ഉൾപ്പെട്ട പ്രദേശം. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അതിർത്തി വളരെ നാൾ വെറും മണലിൽ വരച്ച വര മാത്രം ആയിരുന്നു. ഇതിനെ കുറിച്ച് ഈ പേരിൽ ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട് (https://www.amazon.com/Line-Sand-History-Weste…/…/0691156131).
ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി വിഭജവും ഇതിൽ നിന്ന് വളരെ വ്യത്യസ്തം ഒന്നുമല്ല. ഇന്ത്യ പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്കാൻ തീരുമാനം ആയ ശേഷം ഇതിന്റെ ചുമതല ഏൽപ്പിച്ചത് ഇത് വരെ ഇന്ത്യയിൽ വന്നിട്ടില്ലാത്ത, ഇന്ത്യയെ കുറിച്ചോ നമ്മുടെ സംസ്കാരത്തെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത സിറിൽ റാഡ്ക്ലിഫ് എന്ന "മഹാൻ" ആണ്. ആഗസ്ത് പതിനഞ്ചിനു സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ട രണ്ടു രാജ്യങ്ങളുടെ അതിർത്തി വരക്കേണ്ട ആൾ എത്തിച്ചേർന്നത് ജൂലൈ എട്ടാം തീയതി മാത്രം ആണെന്ന് പറയുന്പോൾ മനസിലാകുമല്ലോ ഇദ്ദേഹത്തിന്റെ താല്പര്യം. ഇന്ത്യയിലെ ജീവിതം ഇഷ്ടപെടാത്ത ഇദ്ദേഹം എത്രയും പെട്ടെന്ന് കാര്യം തീർത്തു മടങ്ങാൻ തിടുക്കം കൂട്ടി എന്നാണ് പറയപ്പെടുന്നത്. പഞ്ചാബും, ബംഗാളും ഹിന്ദു, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പകുത്തു മാറ്റുന്നത് എളുപ്പം ആയിരുന്നില്ല, കാരണം, ഇങ്ങിനെ ഉള്ള പ്രദേശങ്ങൾ പല ഇടങ്ങളിൽ ആയി ചിതറി കിടക്കുക ആയിരുന്നു. റാഡ്ക്ലിഫ് വരച്ച്‌ കിട്ടിയ മാപ് നോക്കി തീർപ്പു കൽപ്പിക്കാൻ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രതിനിധികൾക്ക് വെറും രണ്ടു മണിക്കൂർ ആണ് കിട്ടിയത് എന്നത് കഥ. റാഡ്ക്ലിഫ് ലൈൻ എന്നാണ് ഇത് അറിയപ്പെടുന്നത് (https://en.wikipedia.org/wiki/Radcliffe_Line). ഓഗസ്റ്റ് പതിനഞ്ചിച്ചു തന്നെ റാഡ്ക്ലിഫ് ഇന്ത്യ വിടുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി ആളുകൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പലായനം ചെയ്യേണ്ടി വന്നത് മൂലം രണ്ടു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെ ആളുകൾ മരിച്ചു എന്നാണ് കണക്ക്. താരതമ്യ പെടുത്താനാണെങ്കിൽ ഹിരോഷിമയിൽ അറ്റോമിക് ബോംബ് മൂലം മരിച്ചത്തിന്റെ ഇരട്ടി ആണ് രണ്ടു ലക്ഷം.

റാഡ്ക്ലിഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം കാശ്മീർ വിഭജിക്കാതെ വിട്ടതാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ നിരന്തര ശത്രുതയ്ക്ക് കാരണമായി തീർന്നു ഈ ഭൂപ്രദേശം.

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇങ്ങിനെ ഒരു പ്രദേശം. തിരുവിതാം കൂറിന്റെ രാജകൊട്ടാരം ആയ പത്മനാഭപുരം കൊട്ടാരം ഇപ്പ്പോ തമിഴ് നാട്ടിൽ ആണ്. മാർഷൽ നേശമണി ആണ് നഗർകോവിൽ ഉൾപ്പെടെ കന്യാകുമാരി ജില്ലാ തമിഴ്‌നാട്ടിൽ ആക്കാൻ വേണ്ടി സമരം ചെയ്തത്. നാഗർകോവിൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്പോഴെല്ലാം ഈ ജില്ലകളുടെ ചില പ്രദേശങ്ങൾ എങ്കിലും കേരളത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, മൂന്നാറിൽ സഞ്ചരിക്കുന്പോൾ തിരിച്ചും.

ഓർക്കുക നമ്മുടെ ദേശീയതയും നമ്മൾ ആരെ ഇഷ്ടപെടുന്നു, ആരെ വെറുക്കുന്നു എന്നുള്ളതെല്ലാം നമ്മെ അറിയാത്ത, നമ്മുടെ സംസ്കാരം അറിയാത്ത ചിലർ തീരുമാനിച്ചത് ആയിരിക്കാം. എല്ലാ മനുഷ്യരെയും അതിർത്തി വ്യത്യാസം ഇല്ലാതെ ഒരേപോലെ സ്നേഹിക്കാം എന്ന് ഒരു തീരുമാനം എടുത്താൽ ഇങ്ങിനെ മറ്റുള്ളവർ നമ്മുടെ ഉള്ളിൽ കുത്തിവയ്ക്കാൻ ശ്രമിക്കുന്ന വെറുപ്പുകളിൽ നിന്ന് രക്ഷപെടാം. വസുധൈവ കുടുംബകം.

ഇന്ത്യ പാകിസ്ഥാൻ അതിർത്തി തിരിച്ചതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് : http://www.unc.edu/…/chester_partiti…/chester_partition.html

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208352821930159

2017 March 20

"ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?" നിതിൻ ചോദിച്ചു.

ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അന്പലത്തിൽ ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാ മലയാളികളും വീടുകളിൽ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അന്പലത്തിൽ ഒത്തു കൂടി കഴിക്കും.ഉച്ച കഴിഞ്ഞു മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അന്പലത്തിൽ കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിൻ ഇത് ചോദിച്ചത്. പ്രദക്ഷിണം വയ്‌ക്കുന്പോൾ ഇടതു വശത്തു മതിലിൽ ഭഗവത് ഗീതയിലെ സൂക്തങ്ങൾ എഴുതിയിരിക്കുന്നു.
"ഇതെല്ലാം ഹിന്ദു വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയിൽ നിന്നുള്ള സൂക്തങ്ങൾ ആണ്" ഞാൻ ഒരു ഒഴുക്കൻ മറുപടി പറഞ്ഞു ഒതുക്കാൻ നോക്കി. അമേരിക്കയിൽ ജനിച്ചു വളർന്ന ഇതുവരെ ഒരു മതത്തിന്റെ കെട്ടുപാടുകളിലും പെടാത്ത കുട്ടിയാണ്. കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവില്ല എന്ന് കരുതി. പക്ഷെ തെറ്റി.

"അത് സഹോദരങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്ന കഥ പറയുന്ന പുസ്തകത്തിൽ നിന്നുള്ളതല്ലേ?"
"അതെ , മഹാഭാരതം എന്ന പുരാണത്തിലെ ഒരു അധ്യായം ആണ് ഭഗവദ് ഗീത. പക്ഷെ സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം മാത്രമുള്ള ഒരു കഥയായി ഇതിനെ കാണുന്നത് തെറ്റാണു. ചില ഇന്ത്യൻ ഹിന്ദു തത്വ ശാസ്ത്രങ്ങൾ സാധാരണക്കാർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടി കഥയായി എഴുതിയതാണ്. കൂടുതൽ മനസ്സിലാകണമെങ്കിൽ ചില ഇന്ത്യൻ തത്വശാസ്ത്ര ചരിത്രം അറിയണം. നിനക്ക് ചിലപ്പോ ബോറടിക്കും"
"കുഴപ്പം ഇല്ല, ഞാൻ കേൾക്കാം. ബാപ്പ പറഞ്ഞോളൂ, ഇവിടെ എന്തായാലും വേറെ ഒന്നും ചെയ്യാനില്ല"
അയ്യായിരം വർഷത്തെ ഇന്ത്യൻ തത്വശാസ്ത്ര ചരിത്രം ഹിന്ദു മതത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു കൊടുക്കുക ദുഷ്കരമായ കാര്യം ആണ്. എന്നാലും ഒരു കൈ നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.
"ആദ്യമായി അറിയേണ്ടത് വേദങ്ങളെ കുറിച്ചാണ്. ഇന്ത്യയിൽ ഉണ്ടായിരുന്ന ജനത അവരുടെ അനുഭവങ്ങളെ ക്രോഡീകരിച്ചു തുടങ്ങിയത് വേദങ്ങളിലൂടെ ആണ്. ഇന്ത്യയിൽ നമുക്ക് അറിവുള്ളതിൽ ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥങ്ങൾ ആണവ"
"പക്ഷെ അയ്യായിരം വർഷങ്ങൾക്കു മുൻപ് എഴുത്തു ഉണ്ടായിരുന്നോ?"
"ഇല്ല. അത് കൊണ്ടാണ് അതിനെ ശ്രുതി എന്ന് വിളിച്ചത്. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. പുരാതന ഇന്ത്യൻ തത്വശാസ്ത്രങ്ങൾ എല്ലാം ശ്രുതി ആയി തുടങ്ങുകയും പിന്നീട് വൈദിക സംസ്‌കൃതത്തിൽ രേഖപ്പെടുത്തുകയും ചെയ്യപ്പെട്ടതാണ്"
"വേദങ്ങളിൽ എന്താണ് ഉണ്ടായിരുന്നത്?"

"പ്രധാനമായും പ്രകൃതിയും ആയി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ ദൈവങ്ങൾ ആയി ആരാധിക്കുന്ന ചില ശ്ലോകങ്ങളും മറ്റും ആണ് തുടക്കത്തിൽ വേദങ്ങളിൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന് ആദ്യ വേദം എന്ന് കരുതപ്പെടുന്ന, ഇന്ന് പാകിസ്ഥാനിൽ ഉള്ള മുൾട്ടാനിൽ വച്ച് എഴുതപ്പെട്ട ഋഗ് വേദത്തിൽ മഴയുടെയും ഇടിമിന്നലിന്റെയും ദൈവമായ ഇന്ദ്രനെ അവതരിപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇന്ദ്രൻ ദേവനെ പ്രീതി പെടുത്തിയത് മഴയെ നിയന്ത്രിക്കാം എന്ന് ഒരു പക്ഷെ അന്നത്തെ ആളുകൾ കരുതിയിരിക്കണം. പുരാതന റോമക്കാർക്കു ആയിരകണക്കിന് ദൈവങ്ങൾ ഉണ്ടായിരുന്നു. അത് പോലെ തന്നെ ഹിന്ദുക്കൾക്ക് പ്രകൃതിയും ആയി ബന്ധപ്പെട്ട എല്ലാം ദൈവങ്ങൾ ആയിരുന്നു. വായു,സൂര്യൻ, സമുദ്രം എല്ലാം ദൈവങ്ങൾ ആയിരുന്നു. നമ്മൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ കൊടുങ്കാറ്റിന്റെ ദേവനായ സെത്തിനെ പറ്റി കേട്ടത് ഓർക്കുന്നുണ്ടോ?"

"ഓർക്കുന്നുണ്ട്, പക്ഷെ ഇന്ത്യൻ സംസ്കാരം ഈജിപ്തിന്റെ അത്ര പഴയതാണോ?

"അതെ, സിന്ധു നദീതട സംസ്കാരവും, ഈജിപ്തും മെസോപ്പൊട്ടാമിയയും ക്രിസ്തുവിനു ഏതാണ്ട് മൂവായിരം വർഷം മുൻപ് നില നിലന്നിരുന്നതാണ്. പക്ഷെ ഒരു പ്രധാന വ്യത്യസം ഈജിപ്തുകാർ അവരുടെ ചരിത്രം ഹൈറോഗ്ലിഫിക്സ് എന്ന ഭാഷ ഉപയോഗിച്ച് എഴുതി വയ്ക്കാൻ ആന്നേ തുടങ്ങിയിരുന്നു. അതിനും 1200 വര്ഷങ്ങള്ക്കു ശേഷം 1800 ബി സിയിൽ മാത്രം ആണ് നമ്മൾ വേദിക്‌ സംസ്‌കൃതത്തിൽ എഴുതാൻ തുടങ്ങിയത്. വേദിക് സംസ്കൃതം മറ്റു ഭാഷകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇന്നും അവസ്ത തുടങ്ങിയ സോരാഷ്ട്രിയൻ ഭാഷകൾ നോക്കിയാൽ സംകൃതവും ആയി സാമ്യം കാണാം. അവസ്തയും സംസ്കൃതവും ഒരേ റൂട്ടിൽ നിന്ന് വന്നതാണ് എന്ന് കരുതുന്നു. ഇന്നുള്ള ഇറാൻ ആണ് ഈ ഭാഷകളുടെയും സോരാഷ്ട്രിയൻ മതത്തിന്റെയും ഉത്ഭവ പ്രദേശം ആയി പറയുന്നത്. സോരാഷ്ട്രിയക്കാർക്കും ഒരു ഗീത ഉണ്ട്. അതിലെ പല സൂക്തങ്ങളും കേൾക്കുന്പോൾ സംസൃതം പോലെ നമുക്ക് തോന്നും."

“ശരി, പക്ഷെ വേദങ്ങൾ എങ്ങിനെ ആണ് ഈ മതിലുകളിൽ എഴുതിയിരിക്കുന്ന ഗീത വാക്യങ്ങളും ആയി ബന്ധപെട്ടു കിടക്കുന്നതു?"

"ഞാൻ ആദ്യം പറഞ്ഞ പോലെ കുറച്ചു ക്ഷമിച്ചാൽ എളുപ്പം മനസിലാക്കാം. എല്ലാ മതങ്ങൾക്കും രണ്ടു ഭാഗങ്ങൾ ഉണ്ട്. തത്വശാസ്ത്രവും, ആചാരങ്ങളും. ഉദാഹരണത്തിന് ഇവിടെ കുറെ ആളുകൾ എല്ലാ വിഗ്രഹങ്ങൾക്കു ചുറ്റും വലം വയ്ക്കുകയും ചിലർ വിഗ്രഹങ്ങൾക്ക് മുന്പിൽ കുന്പിടുകയും മറ്റും ചെയ്യുന്നതാണ് ആചാരം. ഈ മതിലുകളിൽ എഴുതി വച്ചിരിക്കുന്നതാണ് മതത്തിന്റെ തത്വശാസ്ത്രപരമായ ഭാഗം. പക്ഷെ ഈ ആചാരങ്ങൾ ചെയ്യുന്ന ഭൂരിഭാഗം പേർക്കും എന്തിനു വേണ്ടിയാണു അവർ ഇത് ചെയ്യുന്നത് എന്നറിയില്ല. മാത്രം അല്ല അവരൊന്നും ഈ മതിലിൽ എഴുതി വച്ചിരിക്കുന്നത് വായിക്കുകയും ഇല്ല, ഇതെല്ലം നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കിൽ കൂടി. അവർക്കു ആചാരങ്ങളിൽ മാത്രം ആണ് ശ്രദ്ധ "

"എനിക്ക് മുഴുവൻ മനസിലായില്ല. എങ്ങിനെ ആണ് ഇതെല്ലം പരസ്പരം ബന്ധപെട്ടു കിടക്കുന്നതു."

"വേദങ്ങൾ എഴുതി കുറെ നാളുകൾക്കു ശേഷം സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആര്യണ്യകങ്ങൾ, ഉപനിഷത്തുക്കൾ എന്നിങ്ങനെ വേദങ്ങളെ മുൻനിർത്തിയുള്ള കുറെ സാഹിത്യം വന്നു. ഇതിൽ ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, സ്മ്രിതികൾ എന്നിവ ആചാരപരമായ കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചപ്പോൾ, ഉപനിഷത്തുകൾ, വേദങ്ങളിൽ പറഞ്ഞതും പുതിയതുമായ തത്വശാസ്ത്രങ്ങളെ കൂടുതൽ വിശദമായി അവതരിപ്പിച്ചു. വേദങ്ങളുടെ തുടർച്ചയായ വരുന്നു എന്ന അർഥത്തിൽ വേദാന്തം എന്നാണ് ഉപനിഷത്തുക്കൾ അറിയപ്പെടുന്നത്. നൂറ്റി എട്ടു ഉപനിഷത്തുക്കൾ ആണ് ഇവയിൽ പ്രധാനം.

"തത്വശാസ്ത്രപരമായ എന്ത് ചോദ്യങ്ങൾ ആണ് ഇവയിലുള്ളത്?"

"ആധുനിക ശാസ്ത്രം പ്രധാനമായും ഗ്രീക്ക് തത്വശാസ്ത്രത്തിൽ നിന്ന് വികസിച്ചു വന്നതാണ്. മുൻപുണ്ടായിരുന്ന മനുഷ്യരുടെ മനസ്സിൽ തോന്നിയ ചോദ്യങ്ങളിൽ നിന്നാണ് ഇവയുടെ തുടക്കം. മൂന്നു തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ഉപനിഷത്തുക്കൾ മുൻപോട്ടു വയ്ക്കുന്നത്. ഏതൊക്കെ തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ആദിമ മനുഷ്യൻ ചോദിച്ചു തുടങ്ങിയത് എന്ന് നിനക്ക് ഊഹിക്കാമോ?

"മിക്കവാറും പ്രകൃതിയിൽ നടക്കുന്ന കാര്യമാണ് എങ്ങിനെ നടക്കുന്നു എന്നെല്ലാം ആയിരിക്കും... അന്നുള്ളവർക്കു അത് വലിയ അത്ഭുതം ആയിരുന്നല്ലോ?"

"അതെ, പക്ഷെ കാലം ചെല്ലുന്തോറും അവർ കൂടുതൽ ഗഹനമായ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഉപനിഷത്തുക്കൾ ചർച്ച ചെയ്യുന്ന മൂന്നു കാര്യങ്ങൾ ബ്രഹ്മൻ - എല്ലാം ഉൾകൊള്ളുന്ന ഒരു യാഥാർഥ്യം (the ultimate metaphysical reality), ആത്മൻ - ആത്മാവ് , പ്രകൃതി എന്നിവയാണ്. "

"കൊള്ളാം, മനുഷ്യന്റെ ജിജ്ഞാസ അന്നും ഉണ്ടായിരുന്നു അല്ലെ ..."

"അതെ, ഇന്നത്തെ ശാസ്ത്രജ്ഞർ ചിന്തിക്കുന്ന തരത്തിൽ ആണ് ഉപനിഷത് രചിച്ച മുനിമാർ ചിന്തിച്ചത്. അവർ വളരെ അധികം ചോദ്യങ്ങൾ ചോദിക്കുകയും അതിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഇന്നുള്ള ആധുനിക ശാസ്ത്രത്തിന്റെ തുടക്കക്കാരായ ഗ്രീക്കിലെ തത്വചിന്തകൻ ക്രിസ്തുവിനു മുന്പ് 800 ൽ വരുന്നതിനു വളരെ വർഷങ്ങൾക്കു മുൻപാണ് ഇതെന്ന് ഓർക്കണം. ഗ്രീക് തത്വ ചിന്തകർ ഒരു വസ്തു എന്ത് കൊണ്ട് നിർമിച്ചിരിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വസ്തു വളരെ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു കൊണ്ടേ ഇരുന്നാൽ എന്ത് സംഭവിക്കും. ആ ചോദ്യം ആണ് തന്മാത്രയിലേക്കും ആറ്റത്തിന്റെ കണ്ടു പിടുത്തത്തിലേക്കും നയിച്ചത്. ഇന്ത്യയിലെ മുനിമാർ മനുഷ്യന്റെ മനസ് ആത്മാവ് തുടങ്ങിയവ ഏതു കൊണ്ട് നിർമിച്ചിരിക്കുന്നു, ജീവൻ എന്നാൽ എന്താണ്, മരണശേഷം ജീവന് എന്ത് സംഭവിക്കുന്നു എന്നെല്ലാം ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ നോക്കി. നിങ്ങളുടെ ശരീരം മരിച്ചാൽ മനസ് / ആത്മാവ് എന്നിവ കൂടി മരിക്കുമോ? "

"അത് കടുപ്പമായ ചോദ്യം അല്ലെ, എന്നിട്ടു എന്ത് ഉത്തരം ആണ് അവർ കണ്ടു പിടിച്ചത്?"

"ഈ വിഷയം കൈകാര്യം ചെയ്യുന്നത് കതോപനിഷത്തിലാണ്. പലപ്പോഴും ഉപനിഷത്തുക്കൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഒരു കഥയുടെ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. കഥ ഉപനിഷത് നചികേതസും യമരാജാവും തമ്മിലുള്ള ഒരു വധ പ്രതിവാദത്തിന്റെ രൂപത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത് മരണത്തിന്റെ രാജാവായ യമനാണല്ലോ മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് പറയാൻ ഏറ്റവും യോഗ്യൻ. "

"എന്നിട്ടു നചികേതസിനു എന്ത് ഉത്തരമാണ് ലഭിച്ചത്?"

"ആ ഉത്തരം ആണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. ചുരുക്കി പറഞ്ഞാൽ ശരീരം മരിക്കുന്നു, പക്ഷെ ആത്മാവ് മരിക്കുന്നില്ല എന്ന ഉത്തരമാണ് യമരാജൻ നൽകുന്നത്. ഒരാൾ ഒരു വസ്ത്രം മാറുന്നത് പോലെ ആത്മാവ് ശരീരങ്ങൾ മാറുന്നു എന്ന് ഈ ഉപനിഷത് പറയുന്നു.
"എല്ലാ ഹിന്ദുക്കളും ഇങ്ങിനെ ഉള്ള തത്വശാസ്ത്രങ്ങൾ പഠിക്കണോ ?"

"വേണമെന്നും വേണ്ട എന്നും പറയാം. സാധാരക്കാർക്ക് ഉപനിഷത്തിൽ പറയുന്ന തത്വശാസ്ത്രങ്ങൾ മനസിലാക്കുവാൻ ആണ് ഋഷിമാർ പുരാണങ്ങളും ഇതിഹാസങ്ങളും എഴുതിയത്."

"കത ഉപനിഷത് എങ്ങിനെ ആണ് ഒരു കഥയായി അവതരിപ്പിക്കുക?"

"തൻ്റെ ഗുരുക്കന്മാരെയും സഹോദരങ്ങളെയും കൊല്ലാൻ കഴിയാതെ ഒരു രഥത്തിൽ ആയുധം കീഴെ വച്ചിരിക്കുന്ന അർജുനന്റെയും അർജുനനെ ഉപദേശിക്കുന്ന കൃഷ്ണൻറെയും ചിത്രം നീ കണ്ടട്ടിട്ടില്ലേ?"

"അത് വളരെ പ്രശസ്തമായ പെയിന്റിംഗ് അല്ലെ? അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിൽ കൃഷ്ണൻ ഇരുന്നു അർജുനന് ഉപദേശം കൊടുക്കുന്ന ചിത്രം"

"അതെ, ഇനി കതോപനിഷത്തിലെ ചില വരികൾ നോക്കൂ:"

'ആത്മാവാണ് രഥത്തിൽ യാത്ര ചെയ്യുന്നത്,
ശരീരമാണ് രഥം
ബുദ്ധി ആണ് രഥത്തിന്റെ സാരഥി
മനസാണ് കടിഞ്ഞാൺ
പഞ്ചേന്ദ്രിയങ്ങൾ ആണ് കുതിരകൾ '
- കതോപനിഷത് 1.3.3-1.3.4

ഈ ചിത്രത്തിൽ കാണുന്ന ഓരോന്നിനെ കുറിച്ചും ഉള്ള വിവരണം ആണിത്. അവിടെ അർജുനനും, കൃഷ്ണനും എല്ലാം ആളുകൾ അല്ല, മറിച്ചു ആത്മാവും, ശരീരവും, പഞ്ചേന്ദ്രിയങ്ങളും മറ്റും ആണ്. ചുരുക്കി പറഞ്ഞാൽ മഹാഭാരത യുദ്ധം പുറത്തു നടക്കുന്ന ഒന്നല്ല മറിച്ചു നമ്മുടെ എല്ലാം ഉള്ളിൽ നടക്കുന്ന കാര്യം ആണ്. മഹാഭാരതം എന്ന ഇതിഹാസവും ഗീത എന്ന അധ്യായവും കതോപനിഷത്തിലെ ചില കാര്യങ്ങൾ സാധാരണക്കാർക്ക് എളുപ്പം മനസിലാക്കാൻ വേണ്ടി എഴുതപ്പെട്ടതാണ്. അർജുനൻ തൻ്റെ സഹോദരങ്ങളെ കൊല്ലാൻ കഴിയില്ല എന്ന് പറയുമ്പോൾ കൃഷ്ണൻ പറയുന്നത് ഇതേ തത്വശാസ്ത്രം ആണ്. ആത്മാവ് മരിക്കുന്നില്ല, നീ കൊല്ലുന്നതു അവരുടെ ശരീരത്തെ മാത്രം ആണ്. അത് കൊണ്ട് ദുഃഖിക്കേണ്ട കാര്യമില്ല."
"എന്ന് വച്ചാൽ മഹാഭാരത യുദ്ധം ഒരിക്കലും നടന്നതല്ല എന്നാണോ? രാമായണത്തിലും മഹാഭാരതത്തിലും പറഞ്ഞിരിക്കുന്ന പല സ്ഥലങ്ങളും ഇന്ത്യയിൽ ഉള്ള സ്ഥലങ്ങൾ അല്ലെ?"
"പുരാണങ്ങളും ഇതിഹാസങ്ങളും ഒരു കാലഘട്ടത്തിലെ ഒരാൾ എഴുതിയതല്ല മറിച്ചു പല തലമുറകൾ ആയി കൈമറിഞ്ഞു വരികയും കൂട്ടിച്ചേർക്കലുകൾ നടന്നതും ആണ്. ഇത് ചെയ്തവർ അവർക്കു പരിചയമുള്ള സ്ഥലങ്ങളും കഥാപാത്രങ്ങളും ഇതിൽ ഉപയോഗിച്ചു. അത് കൊണ്ട് തന്നെ ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ചില കഥ പാത്രങ്ങളും ശരിക്കും ഉണ്ടായിരുന്നവർ ആണ്. ഉദാഹരണത്തിന് തമിഴ് നാട്ടിൽ ഉണ്ടായിരുന്ന പാണ്ഡ്യാ രാജാക്കന്മാർ കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തു എന്ന് മഹാഭാരതം പറയുന്നു. പാണ്ഢ്യ രാജാക്കന്മാർ തമിഴ് നാട്ടിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്നവർ ആണ്. അതുകൊണ്ടു തന്നെ യാഥാർഥ്യത്തെ ഉള്ളത് ഏതാണ് കഥ ഏതാണ് എന്ന് ഇതിഹാസങ്ങളിൽ നിന്ന് കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്."
"കതോപനിഷത് പോലെ എത്ര ഉപനിഷത്തുക്കൾ ഉണ്ട്"
"108 ആണ് പ്രധാനമയുള്ളതു. പലതും പല വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. ഉദാഹരണത്തിന് മാണ്ഡുക്യ ഉപനിഷത്തിൽ മനസിനെ കുറിച്ചാണ്. നമ്മൾ ഉണർന്നിരിക്കുമ്പോൾ, ഉറങ്ങുമ്പോൾ, സ്വപ്നം കാണുമ്പൊൾ എല്ലാം നമ്മുടെ മനസിനു എന്ത് സംഭവിക്കുന്നു? എന്താണ് യഥാർത്ഥം , ഒരു സ്വപ്‌നം കണ്ടു നിങ്ങൾ പേടിക്കുമ്പോൾ സ്വപ്നമാണെങ്കിൽ കൂടി നാം പേടിക്കുന്നത് എന്ത് കൊണ്ടാണ്. "
"പക്ഷേ ആത്മാവ് മരിക്കുന്നില്ല എന്നെല്ലാം പറയുന്നത് ഊഹം അല്ലെ, ഇതിൽ എവിടെ ആണ് ശാസ്ത്രം?"
"വളരെ നല്ല പോയിന്റ്. മറ്റു പല നാടുകളിൽ സംഭവിച്ച പോലെ ഇന്ത്യയിലും ഒരു മതം ആയി മാറിയതിൽ പിന്നെ ഇങ്ങിനെ ഉള്ള സ്വതന്ത്ര ചിന്തകൾ വെറും ആചാരങ്ങൾ ആയി മാറുകയും മതത്തിന്റെ വേലികെട്ടിനുള്ളിൽ വളർച്ച മുരടിച്ചു കിടക്കുകയും ചെയ്തു. ആധുനിക ശാസ്ത്രം ഹൈപോതെസിസ്, തിയറി, ലാ എന്നിങ്ങനെ സയന്റിഫിക് തിയറി ഡെവലപ്പ് ചെയ്ത കാര്യം നിനക്കറിയാമല്ലോ. ഉപനിഷത്തുക്കൾ പ്രധാനമായും ഹൈപോതെസിസ് എന്ന സ്റ്റെപ്പിൽ നിന്ന് പോയി. പലരും ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുകയും ആചാരങ്ങൾ എന്തിനു വേണ്ടി ചെയ്യുന്നു എന്നറിയാതെ പിന്തുടരുകയും ചെയ്തു. ഉദാഹരണത്തിന് ഇപ്പോഴുള്ളവർ വിഗ്രഹത്തിനു ചുറ്റും വലത്തോട്ട് വലം വയ്ക്കണോ, ഇടത്തോട്ട് വലം വയ്ക്കണോ എന്നെല്ലാം ആണ് കൂടുതൽ ചർച്ച ചെയ്യന്നത്. എന്ന് വച്ച് ഇന്ത്യക്കാർ ആധുനിക ശാസ്ത്രത്തിനു ഒരു സംഭാവനയും ചെയ്തില്ല എന്നതിന് അർത്ഥമില്ല. ജ്യോതിശാസ്ത്രം ( കപട ശാസ്ത്രം ആയ ജ്യോതിഷം അല്ല), കാൽകുലസ്, പൂജ്യം, അറബിക് അക്കങ്ങൾ എന്ന് തെറ്റായി വിളിക്കപ്പെടുന്ന ഇന്ത്യൻ അക്കങ്ങൾ എല്ലാം ഇന്ത്യക്കാരുടെ സംഭാവന ആണ്, പക്ഷെ ഇതെല്ലം ഉപനിഷദ് കാലഘട്ടത്തിനു ശേഷം ആണ്. എനിക്കുറപ്പാണ് ഉപനിഷദ് കാലഘട്ടത്തിലെ ഋഷിമാർ ഇന്നുണ്ടായിരുന്നെങ്കിൽ ഏതെങ്കിലും ലബോറട്ടറിയിൽ ഇപ്പോൾ പല ആധുനിക വിഷയങ്ങളെ പറ്റിയും ഗവേഷണം നടത്തുകയായിരുന്നിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശാസ്ത്രജ്ഞർ ആണ് പുതിയ ഋഷിമാർ, ശാസ്ത്രം ആണ് പുതിയ വേദവും ഉപനിഷത്തും..."
"ഇതെല്ലാം ബാപ്പ എങ്ങിനെ പഠിച്ചു ബാപ്പ മുസ്ലിമല്ലേ?"
"ചരിത്രത്തിനു മതമില്ലല്ലോ. ഡിങ്ക ശരണം!"
തിരിച്ചു വീട്ടിൽ പോകുവാൻ സമയം ആയി. ഇന്ത്യൻ തത്വശാസ്ത്രം ഒരു കടലായി കിടക്കുകയാണ്, സാംഖ്യം,ന്യായം,യോഗം,ദ്വൈതം, അദ്വൈതം, നാസ്തിക ചാർവാക ദർശനം... ഇതിനെ കുറിച്ചെല്ലാം വേറെ ഒരിക്കലാവാം.
Ref 1 : സോരാഷ്ട്രിയൻ ഗീത : https://www.youtube.com/watch?v=HQ_VmdywrZY
Ref 2 : “Know that the Atman is the rider in the chariot,
and the body is the chariot,
Know that the Buddhi (intelligence, ability to reason) is the charioteer,
and Manas (mind) is the reins.
The senses are called the horses,
the objects of the senses are their paths,
Formed out of the union of the Atman, the senses and the mind,
him they call the "enjoyer".
— Katha Upanishad, 1.3.3-1.3.4”
Ref 3 : http://www.malayalamebooks.org/…/108-upanishads-malayalam-…/
(Malayalam translation of one of my earlier posting in Engish)

ഹബീബ

https://www.facebook.com/Hussain.Kizhakkedathu/posts/10208428824590178

2017 March 30
ഇന്ത്യയിൽ കറുത്ത വർഗക്കാർക്കു നേരെ അക്രമം നടക്കുന്നു എന്ന് കേൾക്കുന്പോൾ എന്റെ മനസ്സിൽ ഓർമ വരുന്നത് ഹബീബയാണ്.

ഹബീബ വെളുത്തു സുന്ദരിയായിരുന്നു. ഈ പറഞ്ഞ വാചകത്തിൽ ഒരു കുഴപ്പമുണ്ട്, അത് എനിക്ക് മനസിലാക്കി തന്നതും അവളായിരുന്നു.

ലണ്ടനിൽ ഒരു പ്രോജെക്ടിനായി ഒരു വർഷത്തോളം താമസിച്ചപ്പോൾ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ. ഞാൻ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിസ്റ്. ആദ്യമായി ലണ്ടനിൽ എത്തിയ എനിക്ക് അവിടുള്ള സബ്‌വേ ആയ "ട്യൂബിൽ" യാത്ര ചെയ്യാനും, താമസിക്കാൻ ഒരു വീട് കണ്ടു പിടിക്കാനും അവൾ സഹായിച്ചു. വാരാന്ധ്യങ്ങളിൽ പോകേണ്ട ക്ലബ്ബുകൾ ഏതൊക്കെയാണെന്നും പിക്കാഡ്ഡലി സർക്കസ് എന്ന ലണ്ടനിലെ ടൈം സ്‌ക്വയറിൽ ഏതൊക്കെ പറ്റിക്കലുകൾ ആണ് ഒറ്റയ്ക്ക് പോകുന്ന ആണുങ്ങളെ കാത്തിരിക്കുന്നത് എന്നെല്ലാം അവൾ പറഞ്ഞു തന്നു. പലപ്പോഴും എന്നെ സഹായിക്കാൻ എന്റെ കൂടെ വരികയും ചെയ്തു.
ട്യൂണിഷ്യയിൽ ജനിച്ചു, ഫ്രഞ്ച് പൗരത്വം എടുത്ത ഹബീബ എപ്പോഴും ഈ രണ്ടു രാജ്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അവളും ഒരു കൂട്ടുകാരിയും കൂടി ഒരു അപാർട്മെന്റ് ഷെയർ ചെയ്തു താമസിക്കുകയായിരുന്നു. കൂടുതൽ അടുത്ത സുഹൃത്തുക്കൾ ആയ ഒരു ദിവസം അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചു.

ഹബീബയും ഒരാളും കൂടി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഒരു ബിക്കിനി ഇട്ടു നിൽക്കുന്ന ഹബീബ വെളുത്തു അതി സുന്ദരി ആയിരുന്നു. അടുത്ത് നിൽക്കുന്നത് നേരെ വിപരീതമായി കറിച്ചട്ടിയുടെ അടിഭാഗം പോലെ കറുത്ത ഒരാൾ. നല്ല ഉയരവും മസിലും എല്ലാം ഉള്ള, നല്ല വെളുത്ത പല്ലുകൾ കാട്ടി സുന്ദരമായി ചിരിച്ചു കൊണ്ട് ഹബീബയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രം.

"ഇതെന്റെ ബോയ് ഫ്രണ്ട് ആണ് കെവിൻ." അവൾ പറഞ്ഞു.

"ഈ കറുന്പനോ?" ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

"നീ ഇത്ര വംശീയ വാദി ആണോടാ?" ഹബീബ ചൂടായി.

നാട്ടിൽ നിന്ന് അധികം നാൾ പുറത്തു നിന്നിട്ടില്ലാത്ത എനിക്ക് എന്റെ ചോദ്യം ഒരു വംശീയവാദം ആയെന്ന് അന്ന് മനസിലായില്ല. നമ്മുടെ നാട്ടിൽ വെളുത്ത പെൺകുട്ടികൾക്ക് കറുത്ത കാമുകന്മാരെ അധികം കണ്ടിട്ടില്ല. വെളുത്ത ആണുങ്ങൾ കറുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കുന്നത് കണ്ടിട്ടേ ഇല്ല. ഇത്ര മാത്രം കറുത്ത നായകന്മാരുള്ള തമിഴ് സിനിമയിൽ മരുന്നിനു ഒരു രാധികയെ മാത്രം ആണ് കുറച്ചെങ്കിലും കറുത്ത നായികയായി കണ്ടിട്ടുള്ളത്, ബാക്കി എല്ലാവരും തൊലി വെളുത്ത മലയാളികളോ ഉത്തരേന്ത്യാക്കാരോ ആണ്.

"ഇവൻ കെനിയയിൽ നിന്ന് പാരിസിൽ കുടിയേറിയതാണ്. ഇപ്പോൾ പാരിസിൽ പോലീസുകാരൻ ആണ്. നീ ഇവന്റെ തൊലി നിറം മാത്രം കാണുന്നതെന്താണ്. ഇവനെ ഞാൻ ഒരിക്കൽ പരിചയപ്പെടുത്തി തരാം"

അന്ന് താമസസ്ഥലത്ത് തിരിച്ചെത്തി ഞാൻ കുറെ ആലോചിച്ചു. ശരിക്കും അവൾ പറയുന്നത് കാര്യമാണ്, പക്ഷെ വെളുത്ത ഒരു പെൺകുട്ടി ഇത്ര കറുത്ത ആളുടെ കാമുകി ആയി നിൽക്കുന്നത് അന്നത്തെ എന്റെ ഇന്ത്യൻ മനസിന് മുഴുവൻ ആയി ഉൾകൊള്ളാൻ ആയില്ല എന്നുള്ളതാണ് സത്യം.

കുറെ നാൾ കഴിഞ്ഞു ലണ്ടനിലെ ഒരു കാപ്പിക്കടയിൽ വച്ചാണ് ഹബീബ അവനെ നേരിട്ട് പരിചയപ്പെടുത്തുന്നത്. ഫോട്ടോയിൽ കണ്ട പോലെ തന്നെ സുന്ദരമായ ചിരിയും ആയി ചെറുപ്പക്കാരൻ. കൈ മുറുക്കെ പിടിച്ചു ഒരു ഹാൻഡ് ഷേക്ക്. പുള്ളി ഫ്രഞ്ച് ആണ് പ്രധാനം ആയി സംസാരിക്കുന്നതു. മുറി ഇംഗ്ലീഷിൽ ആണ് ഞങ്ങൾ സംസാരിച്ചത്. ഹബീബ അവന്റെ കൈ പിടിച്ചു കൊണ്ട് അടുത്തിരുന്നു.

"ഞാൻ ഇന്ത്യയിൽ നിന്നാണ്" ഞാൻ പറഞ്ഞു തുടങ്ങി.

"എനിക്കറിയാം, ഹബീബ പറഞ്ഞിരുന്നു, ഞങ്ങളുടെ നാട്ടിൽ കെനിയയിലും കുറെ ഇന്ത്യക്കാരുണ്ട്. വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ റെയിൽവേ പണിക്കു കൊണ്ട് വന്നവരുടെ പിൻതലമുറക്കാർ. ഇപ്പോൾ കെനിയയിലെ പണക്കാരായ ബിസിനെസ്സ്കാരെല്ലാം ഗുജറാത്തികൾ ആണ്. നിങ്ങൾ ഗുജറാത്തി ആണോ?"

"ഇല്ല ഞാൻ കേരളം എന്ന തെക്കൻ സംസ്ഥാനത്തു നിന്നാണ്. "

"എനിക്കറിയാം, കമ്മ്യൂണിസ്റ്റ് പാർട്ടിയും തിരഞ്ഞെടുപ്പും ആയി ബന്ധപെട്ടു ഞാൻ കേട്ടിട്ടുണ്ട്. ഞാൻ പൊളിറ്റിക്കൽ സയൻസ് മാസ്റ്റേഴ്സ് ചെയ്തതാണ്. "

അങ്ങിനെ തുടങ്ങിയ ആ സംസാരം മണിക്കൂറുകളോളം നീണ്ടു. രാഷ്ട്രീയം, ലോക സിനിമ, സോഷ്യൽ സൈക്കോളജി തുടങ്ങി ഖലീൽ ജിബ്രാൻ വരെ നീണ്ട അന്ന് രാത്രിയോടെ ഞാൻ കെവിന്റെ ഒരു ആരാധകൻ ആയി എന്നതാണ് സത്യം. അത്ര ആഴവും പരപ്പും ഉള്ള അറിവ്. അവന്റെ നിറം എന്റെ മനസിലേക്ക് വന്നതേ ഇല്ല. ഹബീബയുടെ സെലെക്ഷൻ വളരെ നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ദക്ഷിണ ആഫ്രിക്കയിൽ താമസിക്കുന്ന പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ പറ്റിയും, ഫിജിയിൽ ഇന്ത്യക്കാരൻ പ്രധാനമന്ത്രി ആയതിനെ കുറിച്ചും മറ്റും വളരെ വിശദമായി കെവിൻ സംസാരിച്ചു.

പോകുന്നതിനു മുൻപ് കെവിൻ പറഞ്ഞു.

"നീ മുസ്ലിമല്ലേ, ഹബീബയും മുസ്ലിം ആണ്. അവളുടെ ടുണീഷ്യയിൽ ഉള്ള ബാപ്പയും ഉമ്മയും ഈ ബന്ധത്തിന് എതിരാണ്. അവർക്കു എന്റെ നിറവും വംശവും ആണ് പ്രശ്നം. നീ അവരോടു സംസാരിച്ചു എങ്ങിനെ എങ്കിലും സമ്മതിപ്പിക്കാൻ നോക്കാമോ?"

ശരി എന്ന് പറഞ്ഞു ഇറങ്ങിയ ഞാൻ ജോലിത്തിരക്കിൽ അക്കാര്യം മറന്നു. കുറച്ചു മാസങ്ങൾക്കു ശേഷം ലണ്ടനിലെ ജോലി കഴിഞ്ഞു ന്യൂ യോർക്കിലേക്കു തിരിച്ചു പോവുകയും ചെയ്തു.
ഒരു വർഷത്തിന് ശേഷം ആണ് ഞാൻ വേറെ ഒരു പ്രോജക്ടിന് വേണ്ടി ലണ്ടനിൽ വീണ്ടും എത്തുന്നത്. വന്ന ഉടനെ ഹബീബയെ വിളിച്ചു. താമസ സ്ഥലം ശരിയാക്കാം എന്ന് അവൾ പറഞ്ഞു. അപ്പോഴേക്കും നഗരത്തിനു പുറത്തേക്കു അവൾ താമസം മാറിയിരുന്നു. ഒരു ദിവസം വൈകുന്നേരം ആണ് അവളുടെ വീട്ടിൽ ഞാൻ പോകുന്നത്.

കോളിംഗ് ബെൽ അടിച്ചു കാത്തു നിന്ന എന്റെ മുൻപിലേക്ക് ഒരു തവിട്ടു നിറമുള്ള പെൺകുട്ടി ഇറങ്ങി വന്നു. അത് ഹബീബ തന്നെ ആണെന്ന് കണ്ടു പിടിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി. നല്ല വെളുത്തിരുന്ന ഇവൾക്കിതു എന്ത് പറ്റി എന്നാണ് ഞാൻ അത്ഭുതപ്പെട്ടു. വല്ല ത്വക് രോഗവും പിടിച്ചോ എന്നായിരുന്നു എന്റെ മനസിൽ ആദ്യം വന്ന സംശയം.

"നീ പേടിക്കണ്ട, ഞാൻ എന്റെ തൊലിയുടെ നിറം മാറ്റി, പെർമനെന്റ് ടാനിങ് ചെയ്തു." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ വിരലിൽ ഒരു എൻഗേജ്മെന്റ് മോതിരം ഞാൻ കണ്ടു.
പുറകെ കെവിൻ വന്നു.

"അവളോട്‌ ഞാൻ പറഞ്ഞതാണ് വേണ്ടെന്നു. പിന്നെ അവൾക്കു ഇഷ്ട്ടം കറുത്ത നിറമുള്ള തൊലിയോടാണ്. ഓരോരുത്തരുടെ സ്വകാര്യ കാര്യം ആണല്ലോ. ഞങ്ങൾ അടുത്ത മാർച്ചിൽ കല്യാണം കഴിക്കുകയാണ്. നീ വരണം."

ഞാൻ രണ്ടു പേരെയും കെട്ടിപിടിച്ചു. വെളുപ്പും കറുപ്പും വെറും നിറങ്ങൾ ആണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ കൂട്ടുകാർ.

തിരിച്ചു പോകുന്ന ട്രെയിനിൽ ഫെയർ ആൻഡ് ലവ്‌ലിയുടെ ഒരു പരസ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു ചിരി പടർന്നു. കറുത്തവരെ വെളുപ്പിക്കണോ ? കറുപ്പും വെളുപ്പും വെറും നിറങ്ങൾ മാത്രമല്ലെ?

ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും

https://www.facebook.com/Hussain.Kizhakkedathu/posts/10208576349318204

2017 April 18


ആയിരം കോടി രൂഫാ മുടക്കി എടുക്കുന്ന സിനിമയെ കുറിച്ച് കുറച്ചു അത്ഭുതം കലർന്ന കുറിപ്പുകൾ കണ്ടു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വരെ 200 കോടി മാത്രം ചിലവാക്കിയ സ്ഥിതിക്ക് ഈ ആയിരം കോടിയുടെ കണക്കെന്താണെന്നു സംശയിക്കുന്നവർക്കു വിദേശ രാജ്യങ്ങളിൽ പലയിടത്തും ഈച്ചയാട്ടി ഇരിക്കുന്ന ചില ഇന്ത്യൻ ഹോട്ടലുകളുടെ കഥ പറയാം.
ഞാൻ ജോലി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ ഉള്ള അന്താരാഷ്ട്ര ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിലൊന്ന് നിയമപരമായി സന്പാദിച്ച പണം ആണ് നിക്ഷേപിക്കുന്ന എന്ന് ഉറപ്പു വരുത്തുകയാണ്. അതിനായ് തരുന്ന ചോദ്യാവലിയിൽ ഏറ്റവും സംശയം തോന്നേണ്ട ചില കസ്റ്റമേഴ്സ് താഴെ പറയുന്നവരാണ്.

എ) ഡയമണ്ട്, ഗോൾഡ് തുടങ്ങി വിലപിടിപ്പുള്ള ലോഹങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനെസ്സ്കാർ

ബി) രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും അധികാരത്തിൽ ഇരിക്കുന്നവരും അവരുടെ ബന്ധുക്കളും

സി) വിദേശത്തു നിന്ന് കാറുകൾ തുടങ്ങിയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ

ഡി) ഹോട്ടൽ റെസ്റ്റോറന്റ് തുടങ്ങിയ ബിസിനസ് ചെയ്യുന്നവർ.

മുകളിൽ പറഞ്ഞ എല്ലാവർക്കും ഉള്ള ഒരു പൊതു കാര്യം എന്താണെന്നു വച്ചാൽ കൃത്യമായി നിർവചിക്കാൻ പറ്റാത്ത വരുമാന സ്രോതസുകൾ ആണ് ഇവർക്കുള്ളത് എന്നതാണ്. ഉദാഹരണത്തിന് ഒരു രത്നത്തിന്റെ വില, ഒരു ഹോട്ടലിൽ ഒരു വർഷത്തെ വരുമാനം എന്നിവ കൃത്യമായി കണക്കെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്, കാരണം അവരിൽ പലരും പണം കറൻസി ആയാണ് കൈകാര്യം ചെയ്യുന്നത്. കാഷ് ആയി കൊടുത്താൽ പൈസ കുറച്ചു തരുന്ന റെസ്റ്റോറൻസ്റ്റും ജൂവല്ലറികളും സർവ സാധാരണം ആണ്. പക്ഷെ ഈച്ച ആട്ടി ഇരിക്കുന്ന ചില ഹോട്ടലുകളും ജൂവല്ലറികളും, പൊളിഞ്ഞു പോയ സിനിമകളും വളരെ കൂടിയ വരുമാനം ആണ് കാണിക്കുന്നത്. അത് എന്ത് കൊണ്ടാണ് എന്നറിയണം എങ്കിൽ കള്ള പണം വെളുപ്പിക്കലിന്റെ ചില വഴികൾ അറിഞ്ഞിരിക്കണം.

Placement , layering , integration എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ആണ് കള്ളപ്പണം വെളുപ്പിക്കാൻ ചെയ്യുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. നിങ്ങൾക്കു കൈക്കൂലിയായി ഒരു കോടി രൂപ കിട്ടി എന്ന് വിചാരിക്കുക. ഇത് വെളുപ്പിക്കാൻ നേരിട്ടോ ഒരു ഏജൻസി വഴിയോ ആദ്യം ചെയ്യുന്നത് ഈ പൈസ വിദേശത്തേക്ക് കടത്തുകയാണ്. സ്വദേശത്തോ വിദേശത്തോ ഒരു ഹോട്ടലിലോ, ജൂവല്ലറിയിലോ മറ്റു സ്ഥാപനങ്ങളിലോ നിക്ഷേപിക്കുന്ന പോലെയോ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുന്ന പോലെയോ ആണ് ഇത് ചെയ്യുന്നത്. ചിലർ കാഷ് carriers വഴി നേരിട്ടും കടത്തും. Smurfs എന്നാണ് ഇവരെ പറയുക. ഇതാണ് placement. ഒരിടത്തു പണം നൽകി വേറെയിടത്തു പണം വാങ്ങുന്ന ഹവാല ആണ് കറൻസി മാറ്റാനുള്ള മറ്റൊരു വഴി.

അടുത്തതായി ഇങ്ങിനെ ഇൻവെസ്റ്റ് ചെയ്ത ബിസിനസ്സിന്റെ ലാഭം പെരുപ്പിച്ചു കാണിക്കുകയാണ്. ഉദാഹരണത്തിന് നൂറു ഡോളറിനു വിറ്റ രത്നക്കല്ലിനു അഞ്ഞൂറ് ഡോളർ എന്ന് കാണിച്ചാൽ നാന്നൂറ് ഡോളർ വെളുത്തു കിട്ടി. ആരും കേറാതെ ഇരിക്കുന്ന ചായക്കടയിൽ രണ്ടായിരം ഡോളർ ദിവസ വരുമാനം കാണിച്ചാലും സ്ഥിതി അത് തന്നെ. ലയേറിങ് എന്ന ഈ സ്റ്റേജ് പറയുന്ന ഇത്ര സിംപിൾ അല്ല, പല ട്രാന്സാക്ഷൻസിലൂടെ ആണ് ചെയ്യുന്നത്. പക്ഷെ ചുരുക്കത്തിൽ യഥാർത്ഥ വെളുപ്പിക്കൽ നടക്കുന്നത് ഇവിടെ ആണ്.

മൂന്നാമത്തെ പടി ഇന്റഗ്രേഷൻ ആണ്. ഇങ്ങിനെ അധികം ആയി കിട്ടുന്ന ലാഭം വെളുത്ത പണം ആയി ഉടമസ്ഥന് തിരിച്ചു കിട്ടിയ ശേഷം അയാൾ മറ്റു യഥാർത്ഥ ബിസിനെസ്സിലോ ബാങ്കിലോ നിക്ഷേപിക്കുന്നതിന് ആണ് ഇന്റഗ്രേഷൻ എന്ന് പറയുന്നത്. ഇങ്ങിനെ ചെയ്ത കള്ള പണം കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ് കാണിക്കുവാൻ ഉടമസ്ഥന് കഴിയും എന്നത് തന്നെ.

ഇതിന്റെ മറ്റൊരു രൂപം സിനിമ പിടിക്കുന്നതാണ്. എത്ര പൈസ മുടക്കി എന്നോ എത്ര പൈസ തിരിച്ചു കിട്ടി എന്നോ നിർമാതാവ് പറയുന്നതല്ലാതെ വേറെ ഒരു കണക്കും സ്വതന്ത്രമായി ഓഡിറ് ചെയ്യപ്പെടുന്നില്ല. കറുത്ത പണം വെളുപ്പിക്കാൻ ഇതിലും നല്ല മാർഗം കാണുന്നില്ല. മലയാളത്തിൽ മാത്രം 2016ൽ 119 ചിത്രങ്ങൾ റിലീസ് ആയിട്ടുണ്ട് ഇതിൽ എത്ര പടം മുടക്കു മുതൽ തിരിച്ചു പിടിച്ചു എന്നറിഞ്ഞാൽ ഇതിന്റെ വ്യാപ്തി മനസിലാകും. ഇതിന്റെ അർഥം എല്ലാ സിനിമാക്കാരും പണം വെളുപ്പിക്കുന്നു എന്നല്ല, പക്ഷെ ഇത് ചെയ്യാനും ഇത് ഉപയോഗിക്കാം എന്ന് മാത്രം.
അടുത്ത തവണ ആയിരം കോടിയുടെ സിനിമയോ, ആരും കേറാതെ വര്ഷങ്ങളോള് നടന്നു പോകുന്ന ബിസിനസ്സോ, ക്യാഷ് കൊടുത്താൽ ഡിസ്‌കൗണ്ട് കിട്ടുന്ന ജൂവല്ലറികളോ കാണുന്പോൾ ഓർക്കുക if it is too good to be true it probably isn't.

ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?

https://www.facebook.com/Hussain.Kizhakkedathu/posts/10208628637945387

2017 April 25

വെളുപ്പിനെ നാലു മണിക്ക് ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എഴുന്നേറ്റത്.
പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോൺ കോളുകൾ. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാൻ വയ്യ. സമയം വ്യത്യസം അറിയാതെ വിളിക്കുന്നവർ അപൂർവം. പരിചയമില്ലാത്ത ഒരു ഇന്ത്യൻ നന്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്.

"നസീർ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?" ഇംഗ്ലീഷിൽ ഒരു ചോദ്യം.

"പറയൂ..."

"സർ, ഞങ്ങളുടെ ആശുപത്രിയിൽ ആക്‌സിഡന്റിൽ പെട്ട ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയതാണു താങ്കളുടെ നന്പർ. അയാൾ ഇപ്പോൾ ക്രിട്ടിക്കൽ ആയി ഐ സി യുവിൽ ആണ്. അയാളുടെ കൂടെ ഉണ്ടായിരുന്ന നാലു പേർ അപകടത്തിൽ കൊല്ലപ്പെട്ടു. പ്രണബ് എന്നാണ് അയാളുടെ പേര്. പൂനയിൽ നിന്നും കർണാടകയിലേക്ക് പോകുന്ന ഹൈവേയിൽ സത്താറ എന്ന സ്ഥലത്തു നിന്നാണ് ഞങ്ങൾ വിളിക്കുന്നത്. മരിച്ചവരിൽ രണ്ടു പേർ അയാളുടെ അച്ഛനും അമ്മയും ആണ്."
എന്റെ കണ്ണിൽ ഇരുട്ട് കയറി, ഫോൺ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാൻ പതറി. തലേന്ന് രാത്രി കൂടി ഞാൻ പ്രണബിന്റെ അച്ഛനോട് സംസാരിച്ചതാണ്.
രണ്ടു വർഷം മുൻപാണ് പ്രണബ് എന്റെ പ്രോജെക്ടിൽ ജോലിക്കു വരുന്നത്. ചുറുചുറുക്കുള്ള ഒരു ബംഗാളി ചെറുപ്പക്കാരൻ. ബോംബെയിൽ ജനിച്ചു വളർന്ന പ്രണബിന്റെ അച്ഛൻ ഐഎസ്ആർഓ യിൽ ഡയറക്ടർ ആയിരുന്നു. മാതാപിതാക്കളുടെ ഒരേ ഒരു മകൻ. സുന്ദരിയായ ഭാര്യ, രണ്ടു ആൺകുട്ടികൾ , അമേരിക്കയിൽ വന്നിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയി. യാത്ര, പുതിയ ഫോണുകൾ, സോഫ്റ്റ്‌വെയർ, മതം തുടങ്ങി ഞങ്ങൾ സംസാരിക്കാത്ത കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ചാണ് ന്യൂ യോർക്കിൽ സാക്കിർ ഹുസ്സൈന്റെ തബല വായന കേൾക്കാൻ പോയത്. ഈജിപ്തിലും ഇറ്റലിയിലും ഞങ്ങൾ പോയ അടുത്ത വർഷം തന്നെ അവരും പോയി.

ഈ ഫോൺ കോൾ വരുന്നതിനു രണ്ടു മാസം മുൻപ് ഒരുദിവസം. രാവിലെ ഞാൻ ഓഫീസിൽ എത്തിയപ്പോൾ പ്രണബ് എന്നെ ഒരു മീറ്റിങ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി. വാതിലടച്ച്‌ എന്നെ കെട്ടിപിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി.

"നസീർ എന്റെ ഭാര്യ ഡിവോഴ്സ് നോട്ടീസ് കൊടുത്തു... എനിക്കിനി ആരുമില്ല. ഞാൻ എന്റെ വീട്ടിൽ കയറുന്നതിനെതിരെ ഒരു കോടതി വിലക്കും അവൾ സന്പാദിച്ചിട്ടുണ്. എനിക്ക് എന്റെ മക്കളെ കാണാൻ കഴിയില്ല. അവൾ എന്തിനിതു ചെയ്തു എന്ന് എനിക്കറിയില്ല..."

എനിക്ക് അതൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു. വളരെ സ്നേഹത്തോടെ അല്ലാതെ രണ്ടുപേരെയും കണ്ടിട്ടില്ല. പ്രണബിനെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന് എനിക്കറിയില്ലായിരുന്നു. കരച്ചിൽ അടങ്ങിയപ്പോൾ, അവനെ സമാധാനിപ്പിച്ചു. എന്റെ മറ്റു മുൻപ് ഡിവോഴ്സ് ചെയ്ത് കൂട്ടുകാരെ ബന്ധപെട്ടു ചില അറ്റോർണികളുടെ നന്പർ ഞാൻ അവനു വാങ്ങി നൽകി.
ഒരാഴ്ച കഴിഞ്ഞു എന്നോട് കോടതി വരെ വരാമോ എന്ന് പ്രണബ് ചോദിച്ചു. അവിടെ വന്നു ഓഫീസിൽ വളരെ നല്ല സ്വഭാവം ഉള്ള ഒരാളാണ് എന്ന് ജഡ്ജിനോട് പറയണം അത്രയേ ഉള്ളു. വരാം എന്ന് ഞാൻ സമ്മതിച്ചു. ഇവന്റെ ഭാര്യ എന്തിനാണ് ഈ ഡിവോഴ്സ് നോട്ടീസ് കൊടുത്ത് എന്ന് അറിയണം എന്നും എനിക്കാഗ്രഹം ഉണ്ടായിരുന്നു.

എനിക്ക് പക്ഷെ കോടതിയിൽ വാ തുറക്കേണ്ടി വന്നില്ല. കാരണം പ്രണബിന്റെ ഭാര്യയുടെ അറ്റോർണി വിസ്താരം തുടങ്ങിയപ്പോൾ തന്നെ കുറെ ഫോട്ടോകളും വിഡിയോകളും കാണിച്ചു. ഞാൻ ഇത് വരെ കണ്ട പ്രണബ് ആയിരുന്നില്ല അതിൽ. ദേഷ്യം വന്നു സാധങ്ങൾ വലിച്ചെറിയുന്ന, ഭാര്യയെ തല്ലുന്ന, ചിലപ്പോൾ ജനൽ ചില്ലുകൾ വരെ പൊട്ടിക്കുന്ന ഒരാൾ. അന്നുവരെ കണ്ട ശാന്ത സ്വാഭാവിയായ പ്രണബ് തന്നെയാണോ അതെന്നു അത്ഭുതം തോന്നിപോയി. പ്രണബ് തല താഴ്ത്തി ഇരുന്നു. ഭാര്യ രഹസ്യമായി കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് അവൻ അറിഞ്ഞിരുന്നില്ല.

അടുത്ത കോർട്ട് വിസിറ് വരെ ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് ചെല്ലരുത് എന്ന് പറഞ്ഞു ജഡ്ജ് അന്നത്തെ വിചാരണ അവസാനിപ്പിച്ചു. അന്ന് കണ്ട വീഡിയോകളിൽ നിന്നും പ്രണബിന് മാനസികമായ എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നി. അന്നു രാത്രി ഞാൻ അവന്റെ ഭാര്യയെ വിളിച്ചു.

"നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുകയാണ് എന്ന് കരുതരുത്, പക്ഷെ പ്രണബിന് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല എന്ന് എനിക്ക് മനസ്സിൽ ആയി, ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ പാടില്ലായിരുന്നു?"

"ഞാൻ എത്ര പറഞ്ഞതാണ് നസീർ. പക്ഷെ കേൾക്കണ്ട, മാനസിക ഡോക്ടറെ കാണാൻ തനിക്കു ഭ്രാന്തൊന്നും ഇല്ല എന്നാണ് പറയുന്നത്. ഇപ്പോഴും സൈക്കോളജിസ്റ്റുകളെ കാണുന്ന എല്ലാവരും മുഴു ഭ്രാന്തന്മാരാണ് എന്ന പഴയ ചില വിശ്വാസങ്ങൾ വച്ച് നടക്കുകയാണ്. പിന്നെ ഞാൻ നിർബന്ധിച്ചു ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഒരു സെഷൻ കഴിഞ്ഞപ്പോൾ അയാൾ ശരിയല്ല എന്ന് പറഞ്ഞു നിർത്തി. ഡോക്ടറെ കാണാൻ പറഞ്ഞാണ് കുറച്ചു നാൾ കുഴപ്പം ഇല്ലാത്ത പോലെ അഭിനയിക്കും, കുറച്ചു ദിവസം കഴിഞ്ഞു പിന്നെയും തുടങ്ങും. എന്റെ കുട്ടികൾ ഇത് കണ്ടു വളരാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ടാണ് ഞാൻ ഡിവോഴ്സ് അപേക്ഷിച്ചത്. "
ചികിത്സ ലഭ്യമായ ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ സാധിക്കാത്ത anger disorder ആണ് പ്രണബിന് ഉണ്ടായിരുന്നത്. ഉറക്കമില്ലായ്മാ, ഡിപ്രെഷൻ തുടങ്ങി ചികിൽസിച്ചു മാറ്റാവുന്ന പലതും അതിന്റെ സൈഡ് എഫ്ഫെക്ട്സ് ആയി ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ എത്ര പറഞ്ഞിട്ടും "ഭ്രാന്തന്മാരുടെ" ഡോക്ടറെ കാണാൻ പ്രണബ് സമ്മതിച്ചില്ല. അവൻ സ്ഥിരം ആയി പോകുന്ന ഹരേ കൃഷ്ണ അന്പലത്തിലെ ഗുരുവിനെ വരെ ഇതിനു വേണ്ടി കാണിച്ചു നോക്കി, പക്ഷെ പ്രൊഫഷണൽ സൈക്കോളജിസ്റ്റുകൾ കൈകാര്യം ചെയ്യണ്ട വിഷയം ആണെന്ന് പറഞ്ഞു ഗുരു ഒഴിഞ്ഞു. ഒരിക്കൽ എന്റെ വീട്ടിൽ വച്ച് അവനു ദേഷ്യം വന്നപ്പോൾ ഞാൻ അവന്റെ രണ്ടാമത്തെ മുഖം നേരിട്ട് കണ്ടു. എന്റെ ഗ്ലാസ് ഡൈനിങ്ങ് ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അവൻ ഒച്ച വച്ചു.
"അവളൊരു വേശ്യയാണ്, എന്റെ ജീവിതം നശിപ്പിച്ച അവളെ ഞാൻ കൊല്ലും..." കുറെ നേരം കഴിഞ്ഞു ദേഷ്യം ഇറങ്ങിയപ്പോൾ എന്നോട് മാപ്പു ചോദിച്ചു കുറെ കരഞ്ഞു.

അന്ന് രാത്രി ഞാൻ അവന്റെ അച്ഛനെ വിളിച്ചു സംസാരിച്ചു. അവനെ നാട്ടിലേക്കയച്ചാൽ, എങ്ങിനെ എങ്കിലും ഒരു ഡോക്ടറെ കാണിക്കാം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങിനെ ആണ് പ്രണബ് നാട്ടിലേക്കു പോകുന്നത്. ഡോക്ടറെ കാണാൻ പക്ഷെ താൻ പറഞ്ഞിട്ടും പ്രണബ് സമ്മതിച്ചില്ല എന്ന് അവസാനം ഫോൺ ചെയ്തപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു. കർണാടകയിൽ ഉള്ള ഏതോ ഒരു ക്ഷേത്രത്തിൽ പോയാൽ എല്ലാ പ്രശ്നവും തീരും എന്ന് അയൽപക്കത്തുള്ള ആരോ പറഞ്ഞത് അനുസരിച്ചു അങ്ങോട്ടുള്ള കാർ യാത്രയിൽ ആണ് അപകടം ഉണ്ടായതു. അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ മരിച്ചത് ആ അയൽപക്കത്തുള്ള വൃദ്ധ ദന്പതികൾ ആണ്.

അപകടത്തിന്റെ പിറ്റേ ദിവസം അവനെ പുണെയിലെ ഒരു വലിയ ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ അവിടുത്തെ ഡോക്ടറെ വിളിച്ചു ഞാൻ സംസാരിച്ചു. ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം വിശദം ആയി പറഞ്ഞു.

"ബോധം വന്നപ്പോൾ കാണിക്കുന്ന സ്വഭാവം വച്ച് പ്രണബിന് മാനസികമായ തകരാർ ഉണ്ടെന്നു ഞങ്ങൾക്ക് തോന്നിയിരുന്നു, അപകടത്തിൽ പെടുന്നവർക്ക് ഷോക്കിൽ നിന്ന് ഇങ്ങിനെ ഉണ്ടാവുന്നത് പോലെ ആണെന്നാണ് ഞങ്ങൾ കരുതിയത്. ഇവിടെ നല്ല മാനസിക രോഗ വിഭാഗം ഉണ്ട്. ഞങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്തോളാം. കണ്ടിടത്തോളം ഉറക്കം കിട്ടുവാനും ഡിപ്രെഷൻ മാറ്റുവാനും കുറച്ചു മരുന്നും പിന്നെ സൈക്കോളജിക്കൽ കൗൺസിലിങ്ങും കൊണ്ട് കുറച്ചു സമയം കൊണ്ട് ഉറപ്പായും മാറ്റാവുന്ന രോഗം മാത്രമാണ് പ്രണബിന് ഉള്ളത്. ഇത് ഒട്ടും അസാധാരണമായ കേസ് അല്ല "

ഓരോ ദിവസവും ഞാൻ പുരോഗതി അറിയാൻ വിളിച്ചു കൊണ്ടിരുന്നു. ഡോക്ടർ പറഞ്ഞ പോലെ കുറച്ചു മരുന്നും മറ്റു ചികിത്സ കൊണ്ട് വളരെ പെട്ടെന്ന് പ്രണബ് സുഖപ്പെട്ടു. ആ സമയത്തു തന്നെ അവന്റെ ഭാര്യയും കുട്ടികളും അവനെ കാണാൻ ആയി നാട്ടിലേക്കു പോവുകയും ചെയ്തു. പ്രണബ് ചികിത്സയിലൂടെ സുഖപ്പെട്ടു എന്നറിഞ്ഞ ഭാര്യ ഡിവോഴ്സ് കേസ് പിൻവലിച്ചു. ഇപ്പോൾ ഇവിടെ എല്ലാവരും സുഖമായി കഴിയുന്നു. ഒരു മാരത്തോൺ ഓടി ആണ് ഈ വര്ഷം അവൻ അവന്റെ തിരിച്ചു വരവിന്റെ വാർഷികം ആഘോഷിച്ചത്.

പക്ഷെ രണ്ടാഴ്ച ഡോക്ടറെ കണ്ടു മാറേണ്ട ഒരസുഖം ഇങ്ങിനെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിച്ചത് ഒരു സമൂഹം എന്ന നിലയിൽ നമുക്ക് മാനസിക രോഗങ്ങളോടുള്ള സമീപനം ആണ്. ശരീരത്തിന് ഒരു പനി വരുന്ന പോലെ മനസിന് വരുന്ന പല അസുഖങ്ങളും ഉണ്ട്. വലിയ കുഴപ്പക്കാരൻ അല്ലാത്ത OCD (ചില കാര്യങ്ങൾ ചില രീതിയിൽ അടുക്കും ചിട്ടയോടും കൃത്യതയോടും കൂടി ചെയ്യാൻ കടും പിടുത്തം പിടിക്കുന്ന സ്വഭാവം) മുതൽ ആരോടും പറയാതെ ആളുകൾ കൊണ്ട് നടക്കുന്ന ഡിപ്രെഷൻ വരെ. അഞ്ചു പേരിൽ ഒരാൾക്ക് ഡിപ്രെഷൻ ഉണ്ട് എന്നാണ് കണക്കു. നിങ്ങളുടെ ചുറ്റും നോക്കിയാൽ ഡിപ്രെഷൻ ഉള്ള ഒരാളെ എങ്കിലും കണ്ടു പിടിക്കാം, പക്ഷെ അവർ അത് പുറത്തു പറയില്ല. ഡോക്ട്ടറെ കാണിക്കുകയും ഇല്ല, കാരണം സമൂഹത്തിൽ അത് വലിയ നാണക്കേടാണ്.

നമ്മെ മാത്രമല്ല നമ്മുടെ കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന നിലയിലേക്ക് ഇതെല്ലാം വളർന്നാലും, ആളുകൾ എന്ത് പറയും എന്ന് വിചാരിച്ചു മാനസിക ഡോക്ടറെ കാണാതെ നടക്കുന്ന ആയിരങ്ങൾ ഉണ്ട്. കാരണം മാനസിക ആശുപത്രിയിൽ പോയവർ എല്ലാം നമുക്ക് ഭ്രാന്തന്മാർ ആണ്. ഇത് മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പനി പിടിച്ചു ചികിത്സ നേടി ശരിയായ ഒരാളെ നാം അകറ്റി നിർത്താത്ത പോലെ, മാനസിക രോഗത്തിന് ചികിത്സ നേടി ശരിയായ ഒരാളെ അകറ്റി നിർത്തുന്നതിനു ഒരു ന്യായീകരണവും ഇല്ല. മാത്രം അല്ല നമ്മളാരും നൂറു ശതമാനം മാനസിക ആരോഗ്യം ഉള്ളവരും അല്ല, OCD, അഡിക്ഷൻ തുടങ്ങി ചില്ലറ പ്രശ്നങ്ങൾ പലർക്കും ഉണ്ട്.

ഒന്നോർത്താൽ ഊളന്പാറ പറയുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല. ആവശ്യം വരുന്പോൾ നമ്മളെല്ലാം പോകേണ്ട ഇടം തന്നെയാണ്. നാണിക്കേണ്ടതില്ല.
ഇൻഫോ ക്ലിനിക്ക് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ഡോക്ടർ ഷാഹുൽ അമീൻ ഡിപ്രെഷനെ കുറിച്ച് എഴുതിയ ഒരു കുറിപ്പ് ഇവിടെ : https://www.facebook.com/infoclinicindia/posts/1238910582893450:0
അതെ ഗ്രൂപ്പിൽ തന്നെ ഡോക്ടർ നെൽസൺ ജോസഫ് മാനസിക ആരോഗ്യത്തെ കുറിച്ച് എഴുതിയ കുറിപ്പ് : https://www.facebook.com/infoclinicindia/posts/1058446164273227:0
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഡോ. ഷിംന അസീസ് ഈ വിഷയത്തില്‍ എഴുതിയ കുറിപ്പ്:
http://www.asianetnews.tv/…/dr-shimna-azeez-column-on-menta…

ഫ്രാൻ‌സിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?

https://www.facebook.com/Hussain.Kizhakkedathu/posts/10208706649535628

ഫ്രാൻ‌സിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?

ഒന്നുമില്ല എന്നാണെങ്കിൽ തുടർന്ന് വായിക്കുക.

നാളെ, മെയ് ഏഴാം തീയതി, ആണ് ഫ്രാൻസിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നിന്ന് ഒരു സ്ഥാനാർത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേൽ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാർഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാർത്ഥികൾ.

കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു. വർഷങ്ങളായി തീവ്ര വലതു പക്ഷ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു പാർട്ടി നേതാവിന്റെ മകൾ. കുടിയേറ്റം ഫ്രഞ്ച് ജീവിതരീതിക്ക്‌ എതിരായതു കൊണ്ട് പൂർണമായും നിരോധിക്കും എന്നും യൂറോപ്യൻ യൂണിയനിൽ നിന്ന് ഫ്രാൻസ് പിന്മാറും എന്നും മറ്റുമാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. മുസ്‌ലിം വിരുദ്ധത തുറന്നു പ്രകടിപ്പിക്കുന്ന ഒരാൾ. ഫ്രഞ്ച് ദേശീയത നിലനിർത്താനായി ഫ്രഞ്ച്കാർ കൂടുതൽ കുട്ടികളെ പ്രസവിക്കണം എന്ന് ആഹ്വാനം. ഇതെലാം കേട്ടിട്ടു ട്രന്പ്, മോഡി തുടങ്ങിയവരുടെ നിലപാടുകളോട് സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് ഒട്ടും യാദൃശ്ചികം അല്ല. കാരണം പിന്നീട് വിശദീകരിക്കാം.

ഇതിനെല്ലാം വിരുദ്ധമാണ് മക്രോണിന്റെ നിലപാട്, കുടിയേറ്റക്കാരെ സുരക്ഷാ പരിശോധനകൾക്കു ശേഷം സ്വീകരിക്കണം എന്നും, ഫ്രാൻസ് യൂറോപ്യൻ യൂണിയനിൽ തുടരണം എന്നും ആണ് നിലപാട്. പഴയ ധനകാര്യ മന്ത്രിയാണ്. ആളുകളെ ഒരുമിപ്പിക്കുന്ന, മധ്യ നിലപാടുകൾ സ്വീകരിക്കുന്ന സ്ഥാനാർത്ഥികൾ ഇക്കാലത്തു നേരിടുന്ന പല പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് കാലത്തു അഭിമുഖീകരിക്കുന്നെണ്ടെങ്കിലും, പ്രവചനങ്ങളിൽ മുന്നിൽ ഇദ്ദേഹം ആണ്. പക്ഷെ അമേരിക്കയിൽ തിരഞ്ഞെടുപ്പിന് മുൻപ് ഹിലരി ആയിരുന്നു മുൻപിൽ എന്നോർക്കുക.
ആഴത്തിൽ അപഗ്രഥിച്ചു നോക്കിയാൽ ഫ്രഞ്ച് തിരഞ്ഞെടുപ്പും കഴിഞ്ഞ വർഷങ്ങളിൽ മറ്റു രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളും തമ്മിൽ ചില സാദ്ര്യശ്യങ്ങൾ കാണാം. ഇന്ത്യയും അമേരിക്കയും അതിൽ ഉൾപ്പെടും. തീവ്ര വലതു പക്ഷ ഫാസിസ്റ്റുകൾ നൂറു കണക്കിന് വർഷങ്ങളായി സ്വീകരിച്ചു പോരുന്ന ചില അടിസ്ഥാന തത്വങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയാണ് പല രാജ്യങ്ങളിലും വെറുപ്പിന്റെ രാഷ്ട്രീയം വിജയം നേടുന്നത്. ഫ്രാൻസിലും കാര്യങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമല്ല. പക്ഷെ അത് മനസിലാക്കുന്നതിന് ജർമനിയിൽ ഹിറ്റ്ലർ ഉൾപ്പെടയുള്ള ഫാസിസ്റ്റുകൾ അധികാരത്തിൽ എത്താൻ സ്വീകരിച്ച നടപടികൾ അറിയുന്നത് നന്നായിരിക്കും.

ഒന്നാമതായി ഫാസിസ്റ്റുകൾ ചെയ്യന്നത് ഒരു ജനതയെ നമ്മളും അവരും എന്ന് രണ്ടായി വിഭജിക്കുകയാണ്. ഉദാഹരണത്തിന് ജർമനിയിൽ, ജർമനിയിൽ ആര്യൻ വംശജരായ ജർമ്മൻ വെള്ളക്കാരും, ജൂതന്മാരും, അമേരിക്കയിൽ വെളുത്തവരും കറുത്തവരും, ഫ്രാൻ‌സിൽ ഫ്രഞ്ചുകാരും, കുടിയേറ്റക്കാരും , ശ്രീലങ്കയിൽ തമിഴന്മാരും ബുദ്ധന്മാരും, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും എന്നിങ്ങനെ. സാധാരണയായി ഒരു കാലഘട്ടത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളെ മുൻനിർത്തിയാണ് ഇവർ ഈ ആശങ്ങളെ പ്രാവർത്തികമാക്കാൻ തുടങ്ങുന്നത്. ജർമനിയുടെ കാര്യത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെർസായി കരാർ മൂലം ഏർപ്പെട്ട സാന്പത്തിക ബുദ്ധിമുട്ടുകൾ ആവാം, ഇന്ത്യയിൽ രാമ ജന്മഭൂമി പ്രശ്‌നം ആവാം, ഫ്രാൻസിന്റെ കാര്യത്തിൽ പാരിസിൽ നടന്ന ഭീകര ആക്രമണങ്ങൾ ആവാം. പക്ഷെ ഈ പ്രശ്നങ്ങൾ ഒരു നിമിത്തം മാത്രം ആണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വിഭജിക്കുക എന്നതാണ് ഒന്നാമത്തെ ലക്‌ഷ്യം.

ഇന്ത്യയിലെ ഈ വിഭജനം ആഴത്തിൽ നടന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത് രാമ ജന്മ ഭൂമി പ്രശ്നം. അന്നുവരെ ഒരുമയോടെ കഴിഞ്ഞ ഒരു സമൂഹത്തെ , ഇങ്ങു കേരളത്തിൽ വരെ വിഭജിക്കാൻ വളരെ എളുപ്പത്തിൽ കഴിഞ്ഞ ഒരു സംഭവം. ഇന്ത്യ നേരിടുന്ന പട്ടിണി, സാക്ഷരത കുറവ്, ശുചിത്യ പ്രശ്നങ്ങൾ, കൂടിയ ശിശു മരണ നിരക്ക്, അഴിമതി എന്നിങ്ങനെ നാം നേരിടേണ്ട ഒരു പ്രശ്നങ്ങളും ഉയർത്താതെ ഒരു ജനതയുടെ സോഫ്റ്റ് കോർണർ ആയ മതം ഉപയോഗിച്ച് വളരെ പെട്ടെന്ന് ഒരു വിഭജനം ഇവർ സാധ്യം ആക്കിയെടുത്തു. രാഷ്ട്രീയപാർട്ടികൾ ഏറ്റെടുക്കുന്നത് വരെ ഒരു പ്രാദേശിക പ്രശ്നം മാത്രം ആയിരുന്നു ബാബ്‌റി മസ്ജിദ് തർക്കം.
രണ്ടാമത്തെ പടി ഇങ്ങിനെ വിഭജിക്കപ്പെട്ട ന്യൂനപക്ഷം ഭൂരിപക്ഷത്തിൽ നിന്ന് വ്യത്യസ്‍തമാണെന്നും ന്യൂനപക്ഷം ഭൂരിപക്ഷത്തിനു ഒരു ഭീഷണി ആണെന്നും വരുത്തി തീർക്കുകയാണ്. പലപ്പോഴും കല്ലുവച്ച നുണകൾ വിശ്വസനീയമായി അവതരിപ്പിച്ചാണ് ഇത് സാധിക്കുന്നത്. ഉദാഹരണത്തിന് കുടിയേറ്റം മൂലം അനേക ലക്ഷം ആളുകൾക്ക് ജോലി നഷ്ടപെടുന്നുണ്ട് എന്ന് അമേരിക്കയിൽ ട്രമ്പ് നടത്തിയ പ്രസ്താവന. യാഥാർഥ്യം അമേരിക്കയിൽ ട്രമ്പ് ഉൾപ്പെടെ എല്ലാവരും കുടിയേറ്റക്കാരാണ് എന്നുള്ളതാണ്. ട്രമ്പ് ടവറിന്റെ നിർമാണത്തിൽ തന്നെ കുടിയേറ്റക്കാർ ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ വളരെ മനുഷ്യ അധ്വാനം വേണ്ടി വരുന്ന പല കൃഷി സംബന്ധമായ ജോലികളും നിർമാണം ജോലികളിലും കുടിയേറ്റക്കാരില്ലാതെ നടക്കില്ല എന്ന് ഇവർക്കെല്ലാം അറിയാം. മാത്രമല്ല സിലിക്കൺ വാലിയിൽ ഉള്ള ഭൂരിഭാഗം കന്പനികളും കുടിയേറ്റക്കാർ തുടങ്ങിയതോ നടത്തുന്നതോ ആണ്.

അമേരിക്കയിൽ ട്രമ്പ് അധികാരത്തിൽ വരുന്നതിനു ഉപയോഗിച്ച മറ്റൊരു കാര്യം, മുസ്ലിം ഭീകരവാദം ആണ്. അമേരിക്കയിൽ ഭീകരാക്രമണങ്ങളെക്കാൾ വളരെ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് നിയന്ത്രണം ഇല്ലാതെ തോക്കു വാങ്ങിക്കാൻ കഴിയുന്നത് കൊണ്ടുള്ള ആക്രമണങ്ങൾ മൂലം ആണ് എന്നുള്ളതാണ് യാഥാർഥ്യം. പക്ഷെ ഇതിൽ ഉൾപ്പെടുന്നവരിൽ ഭൂരിപക്ഷവറും വെള്ളക്കാരായതു കൊണ്ട് വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഉപയോഗിക്കാൻ പറ്റില്ല. ഇങ്ങിനെ തോക്കു വിൽക്കുന്ന ആളുകളുടെ അസോസിയേഷൻ ആയ NRA ട്രമ്പിനാണ് പിന്തുണ വാഗ്ദാനം ചെയ്തതും. അമേരിക്കയിൽ കിടക്കയിൽ നിന്ന് താഴെ വീണു മരിക്കുന്നവരേക്കാൾ കുറവാണു ഭീകരവാദത്തിന് ഇരയായി മരിക്കുന്നവർ എന്നാണ് കണക്ക്.

ഇന്ത്യയിൽ മുസ്ലിം ഭീകര വാദം ഒരു വലിയ പ്രശ്നം ആണെന്ന് വരുത്തി തീർക്കുക ആയിരുന്നു വലതു പക്ഷ ഫാസിസ്റ്റുകളുടെ അടുത്ത പടി. ബീഫ് പ്രശ്നത്തിൽ കൊല്ലപ്പെടുന്നവർ അത് അർഹിക്കുന്നവരാണ് എന്ന ഒരു മനസ്ഥിതി കൊണ്ടുവരാൻ ഇത് വഴി കഴിഞ്ഞു. ഇന്ത്യയിൽ പെൺകുട്ടിയായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ കോടിക്കണക്കിനു കുഞ്ഞുങ്ങൾ അഞ്ചു വയസ്‌ എത്തുന്നതിനു മുൻപ് കൊല്ലപ്പെടുന്ന കണക്കുകൾ കണ്ടാൽ ഇതിലെ ഇരട്ടത്താപ്പ് മനസിലാകും. ബഹു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളും ഭീകരതയെ എതിർക്കുന്നവരാണ് എന്നുള്ള കണക്കുകൾ വിദഗ്ധമായി മറച്ചു വയ്ക്കപ്പെട്ടു .മുസ്ലിങ്ങളുടെ ജന സംഖ്യ വർധന പ്രശ്നം ഉയർത്തിക്കൊണ്ടു വരുന്നവർ, സാന്പത്തികമായി പിന്നോക്കം നോക്കുന്ന എല്ലാ ജനവിഭാഗങ്ങളിലും ജനസംഖ്യ വർധന കൂടുതൽ ആണ് എന്നുള്ള കണക്കുകൾ സൗകര്യപൂർവം മറച്ചു വച്ചു.
ഫാസിസ്റ്റുകളുടെ മൂന്നാമത്തെ പടി അതി തീവ്ര ദേശീയബോധം ഉണർത്തുകയാണ്. ഒരു കൂട്ടർ ലോകത്തിലെ മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഉയർന്നവർ ആണെന്ന് കാണിക്കുകയാണ് ഈ തീവ്ര ദേശീയബോധത്തിന്റെ അടിസ്ഥാനം. ഉദാഹരണത്തിന് ആര്യൻ വംശജർ ബൗദ്ധികമായും ശാരീരികമായും മറ്റുള്ളവരെക്കാൾ ഉയർന്നവർ ആണെന്ന് ഹിറ്റ്ലറിന് ജർമൻ ജനത്തെ വിശ്വസിപ്പിക്കാൻ സാധിച്ചു. വിമാനം മുതൽ തല മാറ്റി വയ്ക്കുന്ന പ്ലാസ്റ്റിക് സർജറി വരെ ലോകത്തു ഇന്നുള്ള ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളും ആദ്യം നടന്നത് ഇന്ത്യയിൽ ആണെന്ന വാദങ്ങൾ ഈ വിഭാഗത്തിൽ പെടുത്താം. ചിത്രങ്ങളുടെ പുനർ വായനകളും, പുനർ നിർമിതികളും ഇക്കാലഘട്ടങ്ങളിൽ നടക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ പെട്ടെന്ന് രാജ്യസ്നേഹത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും, വല്ലഭായ് പട്ടേലിനെ പോലെ ഉള്ള ചിലരെ തങ്ങളുടെ ആരാധ്യ പുരുഷന്മാരായി അവതരിപ്പിക്കുകയും ചെയ്യും.

കർശനമായ അതിർത്തികളും തങ്ങളുടെ സംസ്കാര സംരക്ഷണങ്ങളും ഫാസിസ്റ്റു രീതിയാണ്. പട്ടാളത്തെ അമിത പ്രാധ്യാന്യം നൽകി അവതരിപ്പിക്കുക. അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുന്പോൾ പരാതി പറയാൻ നിങ്ങള്ക്ക് എന്ത് അവകാശം എന്ന ഒരു വാദം തങ്ങളുടെ പിഴവുകൾ ചോദ്യത്തെ ചെയ്യപ്പെടുന്പോഴെല്ലാം ഫാസിസ്റ്റുകൾ ഉയർത്തുന്നത് ആദ്യ സംഭവം അല്ല എന്ന് ചുരുക്കം. ട്രമ്പ് മെക്സിക്കൻ അതിർത്തിയിൽ വേലി കെട്ടുന്നതും പട്ടാള ബജറ്റ് ഉയർത്തുന്നതും എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്.

ഫാസിസ്റ്റു നേതാക്കളുടെ ഒരു പ്രശ്നം അവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളോട് വലിയ മമത പുലർത്തുന്നില്ല എന്നതാണ്. ഇന്ത്യൻ പ്രധാനമത്രി അധികമായി പാർലമെന്റിൽ വരാത്തതും, ട്രമ്പ് സാധാരണയിൽ കൂടുതൽ ആയി എക്സിക്യൂട്ടീവ് ഓർഡർ ഇറക്കുന്നതും, ഹിത്ലെർ പാർലമെന്റിനെ നോക്ക് കുത്തിയാക്കി കാര്യങ്ങൾ നടപ്പാക്കിയതിനും കാരണം ജനാതിപത്യത്തിൽ പല കാരണങ്ങളും ചോദ്യം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ചോദ്യത്തെ ചെയ്യപ്പെടുന്നത് ഒട്ടുമേ ഇഷ്ടപെടാത്ത കൂട്ടരാണ് ഫാസ്റ്റിസ്റ്റുകൾ.
നുണകൾ ഫാസിസ്റ്റുകളുടെ മറ്റൊരു രീതിയാണ്. ജർമനിയിൽ, ഹിറ്റലറിന് നുണ പ്രചരിപ്പിക്കാൻ ഒരു ഡിപ്പാർട്മെന്റ് തന്നെ ഉണ്ടായിരുന്നു. ഇതിന്റെ തലവൻ ആയിരുന്ന ജോർജ് ഗീബല്സിന്റെ പേരിൽ ഗീബൽസിയൻ നുണ എന്ന ഒരു പ്രയോഗം തന്നെ പിന്നീട് നിലവിൽ വന്നു. ഗുജറാത്തിലെ വികസനത്തെ ഫോട്ടോഷോപ്പുകൾ ഇവിടെ ഓർക്കുക. വിദ്യാഭ്യാസവും ചിന്താശേഷിയും ഉള്ളവർ വരെ വീണുപോയ ഒരു തന്ത്രം.

ഫാസിസ്റ്റുകളുടെ നാലാമത്തെ പടി ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതാണ്. ജർമനിയിൽ നാസി ക്യാമ്പുകൾ ആണ് നമുക്ക് മുൻപിലുള്ള ഉദാഹരണം. ഗുജറാത്തിൽ നടന്ന കൂട്ടക്കൊലകൾ ഇത്തരത്തിൽ ഉള്ള ഉന്മൂലനത്തിന്റെ ഒരു പരീക്ഷണം മാത്രം ആണ്.അമേരിക്കയിലും ഫ്രാൻസിലും ശക്തമായ പ്രതിപക്ഷം ഉള്ളത് കൊണ്ട് ഒരു പക്ഷെ കാര്യങ്ങൾ ഇവിടം വരെ എത്താനുള്ള സാധ്യത കുറവാണ്, പക്ഷെ ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചു എന്നുള്ളത് പാർട്ടി നേതാവാകാനുള്ള കഴിവായി കണക്കുന്ന ഇന്ത്യൻ പ്രതി പക്ഷത്തിന്റെ പരാജയം ഒരു പക്ഷെ ഇന്ത്യയിൽ അടുത്ത പടിയായി ഒരു ഏകാധിപതിയെ സമ്മാനിച്ച് കൂടായ്‌കയില്ല.
ഈ പറഞ്ഞ ആധുനിക ഫാസിസ്റ്റു നേതാക്കളുടെ ഇടയിലേക്കാണ് ഫ്രാൻസിലെ ലു പെൻ കടന്നു വരുന്നത്. ലോകത്താകമാനം ഉള്ള വലതു പക്ഷ ചായവിൽ നിന്നും ലോകം ഒരു തിരിച്ചു പോക്ക് നടത്തുമോ അതോ ഈ വലതു പക്ഷ തീവ്ര ഫാസിസ്റ്റു ചായ്‌വ് ഫ്രഞ്ച് ജനത തുടരാൻ അനുവദിക്കുമോ എന്ന് നാളെ അറിയാം.

പറഞ്ഞു വരുന്പോൾ നിങ്ങളുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഫ്രഞ്ച് തിരഞ്ഞെടുപ്പും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല, രംഗപടവും അഭിനേതാക്കളും മാത്രമേ മാറുന്നുള്ളൂ, തിരക്കഥ ഒന്ന് തന്നെ ആണ്.

എന്റെ ഉപ്പൂപ്പാക്ക് ഏഴു ഭാര്യമാരുണ്ടായിരുന്നു....

https://www.facebook.com/Hussain.Kizhakkedathu/posts/10208713355343269

2017 May 7 ·

വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ മാതാപിതാക്കളെ ബീച്ച് കാണിക്കാനായി ഫോർട്ട് കൊച്ചിയിൽ പോയതാണ്. ഒരു ചെറിയ പെട്ടിക്കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു. ഞാൻ കൊച്ചിക്കാരൻ അല്ലെന്നു വിചാരിച്ചിട്ടാവും നാരങ്ങ വെള്ളത്തിന് കടക്കാരൻ കുറച്ച പൈസ കൂട്ടി ചോദിച്ചു.

"ഇക്ക, ഞാൻ ഇവിടെ ഒക്കെ തന്നെ ഉള്ളതാണ്, ഈ പൈസ ഇത്തിരി കൂടുതൽ ആണല്ലോ.."
കടക്കാരന് എന്റെ മീശയില്ലാത്ത, അമേരിക്കയിൽ നിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിൽ വന്ന എന്റെ കോലം കണ്ടിട്ട് അത്ര വിശ്വാസം വന്നില്ല.

"നീ ഇവിടെ ഉള്ളതാണെന്നൊന്നും പറഞ്ഞതു എന്നെ പറ്റിക്കാൻ നോക്കണ്ട, നിങ്ങളെ കണ്ടാൽ അറിയാലോ പുറത്തുള്ളത് ആണെന്ന്. ഇവിടെ ഇത്രേം പൈസയാവും.."

"ഇക്ക ഞാൻ ഇവിടെ അടുത്തുള്ളതാണ്, സംശയം ഉണ്ടെങ്കിൽ മേപ്പറന്പ് യൂസുക്ക എന്ന് മട്ടാഞ്ചേരിയിൽ ആരോടെങ്കിലും ചോദിച്ചു നോക്ക്.."

കടക്കാരൻ കുറച്ചു അത്ഭുതത്തോടെ എന്നെ നോക്കി എന്നിട്ടു ചോദിച്ചു..
"മേപ്പറന്പ് യൂസുക്കാന്റെ ആരാണ്?"
"എന്റെ ഉപ്പയാണ്, ബാപ്പാന്റെ ബാപ്പ.."
"നിന്റെ ബാപ്പാന്റെ പേരെന്താണ്?"
"ഹുസൈൻ, ഇപ്പൊ പള്ളുരുത്തിയിൽ ഉള്ള .."
"നിന്റെ പേര് നസീർ എന്നാണോ? ഒരു തമിഴത്തിയെ കല്യാണം കഴിച്ച..."
"അതെ, അത് നിങ്ങള്ക്ക് എങ്ങിനെ അറിയാം?" ഇപ്പൊ തള്ളിയത് എന്റെ കണ്ണാണ് .
"എടാ ഞാൻ നിന്റെ ബന്ധുവാണ്, യൂസുക്ക എന്റെയും ഉപ്പയാണ്.."
അതെ ഏഴു ഭാര്യമാരുള്ള ഒരാളുടെ പേരക്കുട്ടിയായാൽ ഉള്ള കുഴപ്പം ഇതാണ്, ആരൊക്കെയാണ് എവിടെയൊക്കെയാണ് ബന്ധുക്കൾ എന്ന് ഒരു പിടിയും കിട്ടില്ല.
എന്റെ ബാപ്പയുടെ ബാപ്പയായ മേപ്പറന്പിൽ യൂസഫ്, സോപ്പ് കന്പനിയും അരി കച്ചവടവും ഒക്കെയായി കേരളം മുഴുവൻ സഞ്ചരിക്കുകയും, കേരളത്തിലെ പല ജില്ലകളിൽ നിന്ന് കല്യാണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി , എറണാകുളം എന്നീ ജില്ലകളിലെ ഭാര്യമാരെ മാത്രമേ എനിക്ക് നേരിട്ടറിയുകയുള്ളു, അവരുടെ മക്കളെയും. ചില ഭാര്യമാർ ഒരു വീട്ടിൽ തന്നെ താമസിച്ചു. കുട്ടികൾ ഇല്ലാതിരുന്ന ഒരു ഭാര്യ, മരിച്ചു പോയ മറ്റൊരു ഭാര്യയുടെ കുട്ടിയെ സ്വന്തം കുട്ടിയെ പോലെ വളർത്തി വലുതാക്കി. ഏറ്റവും അവസാനത്തെ ഭാര്യക്കു ഉപ്പയുടെ ഏറ്റവും മൂത്ത മകളെക്കാൾ പ്രായം കുറവായിരുന്നു. ആ ഭാര്യമാർ കടന്നു പോയ മനസികാവസ്ഥകൾ എനിക്ക് മനസിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. ഒരു പക്ഷെ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ അവരെ അത് മറികടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവാം.

ഉപ്പ മരിക്കുന്പോൾ മരപ്പണിയുടെ ഉപകരണങ്ങൾ ഉള്ള ഒരു വെറും പെട്ടി മാത്രമാണ് ബാക്കിയായത്. കുറെ കണക്കുകൾ അടങ്ങിയ ഒരു ഡയറിയും, മട്ടാഞ്ചേരിയിൽ കപ്പലടുക്കുന്പോൾ പലപ്പോഴായി ശേഖരിച്ച കുറെ സിഗരറ്റു ലൈറ്റർസിന്റെ ശേഖരവും മാത്രം.
ഞാൻ ഗോമതിയെ കല്യാണം കഴിക്കുന്പോൾ അവളുടെ അച്ഛന്റെ ഏറ്റവും വല്യ പേടി മുസ്ലിങ്ങൾ ഒന്നിൽ കൂടുതൽ കല്യാണം കഴിക്കും എന്നുള്ളതായിരുന്നു. മാറിയ സാമൂഹിക സാഹചര്യങ്ങളിൽ ഒരു കല്യാണം കഴിച്ചു കഴിഞ്ഞു തലക്കകത്തു ആൾതാമസം ഉള്ള ആരെങ്കിലും വേറെ കെട്ടുമോ എന്ന് ഞാൻ ചോദിച്ചു. മതം ചിലർ സ്വന്തം കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം, അല്ലെങ്കിൽ പ്രവാചകൻ ചെയ്തത് പോലെ ആദ്യ ഭാര്യ മരിക്കുന്നതു വരെ ആരും വേറെ കല്യാണം കഴിക്കരുത്. ആ ഒരു കാര്യത്തിൽ മാത്രം ചിലർക്ക് പ്രവാചകനെ വേണ്ട :)

എന്റെ ബാപ്പയും മൂന്നു കല്യാണം കഴിച്ചതാണ്. ബഹുഭാര്യത്വം, ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കുട്ടികളെയാണ്. സാമൂഹികവും, മാനസികവും, സാന്പത്തികവും ആയി അവർ കടന്നു പോകുന്ന വേദന വളരെ വലുതാണ്. ചങ്കിൽ ചോര പൊടിയുന്ന അനുഭവങ്ങൾ ആയതു കൊണ്ട് വേറൊരു ദിവസം പറയാം...

അതുവരെ, തലാഖ് ചൊല്ലുന്നവർ ഒന്നോർക്കുക, മുഹമ്മദ് നബി തന്റെ ആദ്യ ഭാര്യ മരിക്കുന്നതു വരെ വേറെ ആരെയും കല്യാണം കഴിച്ചിരുന്നില്ല, മാത്രമല്ല, പ്രവാചകന്റെ കാലവും സാമൂഹിക സ്ഥിതിയും അല്ല ഇപ്പോൾ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

ഘർ വാപ്പച്ചി

https://www.facebook.com/Hussain.Kizhakkedathu/posts/10208722750738148

2017 May 9

വേറൊരു മതത്തിൽ പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മനസിലായത്. രജിസ്റ്റർ ഓഫീസിൽ പോയി മാല ചാർത്തി ഉടനടി കല്യാണം നടത്തുന്നതെല്ലാം സിനിമയിൽ മാത്രമേ ഉള്ളെന്നും , യഥാർത്ഥത്തിൽ രജിസ്റ്റർ ഓഫീസിൽ ഒരു മാസം നോട്ടീസ് ഇട്ടു, അതിന്റെ ഒരു കോപ്പി പെണ്ണിന്റെ വീടിനടുത്തുള്ള രജിസ്റ്റർ ഓഫീസിൽ ഒരു മാസം തൂക്കി, ആർക്കും പരാതി ഇല്ലെങ്കിൽ മാത്രം രജിസ്റ്റർ കല്യാണം നടക്കും എന്നെല്ലാം എനിക്കറിയില്ലായിരുന്നു. എനിക്ക് പെട്ടെന്നു തിരിച്ചു അമേരിക്കയ്ക്ക് വരേണ്ടുള്ളതു കൊണ്ട് എന്റെ വക്കീൽ സുഹൃത്തുക്കളിൽ ഒരാളാണ് മറ്റൊരു ഉപായം പറഞ്ഞു തന്നത്. മതം മാറുക, എന്നിട്ടു അന്പലത്തിലോ പള്ളിയിലോ പോയി കല്യാണം കഴിച്ചു ആ സർട്ടിഫിക്കറ്റ് കൊടുത്താൽ രജിസ്റ്റർ ഓഫീസിൽ നിന്ന് അന്ന് തന്നെ വിവാഹ സർട്ടിഫിക്കറ്റ് കിട്ടും. എനിക്കും ആ ഐഡിയ നന്നായി തോന്നി.

എസ് എൻ ഡി പി ക്കാരെ ആണ് മതവും ജാതിയും ഇല്ലാത്ത കല്യാണത്തിന് ആദ്യം സമീപിച്ചത്, പക്ഷെ യൂണിറ്റ് സെക്രട്ടറി സംഭാവനയായി ഒരു ഭീമമായ തുക ചോദിച്ചപ്പോൾ അത് ഉപേക്ഷിച്ചു. ഞാൻ ഇങ്ങിനെ കല്യാണം നടത്താൻ വേണ്ടി നടക്കുന്ന കാര്യം എങ്ങിനെയോ മണത്തറിഞ്ഞ, എന്റെ വക്കീലിന്റെ സുഹൃത്തായ, ഒരു ശിവസേനക്കാരൻ ആണ് ആര്യസമാജം എന്ന വേറെ ഒരു വഴി പറഞ്ഞു തന്നത്. അദ്ദേഹം ഒരു മുസ്ലിം പെൺകുട്ടിയെ ഇങ്ങിനെ മതം മാറ്റിയാണ് കല്യാണം കഴിച്ചത്.

അങ്ങിനെയാണ് ആര്യസമാജക്കാരെ സമീപിക്കുന്നത്. ഹിന്ദു മതത്തിലേക്ക് മാറുന്പോൾ ഏതു ജാതിയിൽ പെടും എന്ന ചോദ്യം ആണ് ആ പരിപാടി പൊളിച്ചത്. പിന്നീട് കൂടുതൽ അറിഞ്ഞപ്പോൾ ആണ് ആര്യസമാജം ജാതിയില്ലാത്ത ഹിന്ദുക്കൾ ആണെന്നും അവർ വിഗ്രഹാരാധനയെ എതിർക്കുന്നവരും ആണെന്നും മനസ്സിൽ ആയതു. വിഗ്രഹത്തെ ആരാധിക്കാത്ത, ജാതിയില്ലാത്ത ഹിന്ദു മതത്തെ കുറിച്ച് സംശയം തോന്നിയത് കൊണ്ട് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു. കല്യാണത്തിന് വേണ്ടി മാത്രം ആണ് ഇപ്പോൾ ആളുകൾ ആര്യസമാജത്തെ സമീപിക്കുന്നത് എന്ന് അന്ന് കണ്ട സെക്രട്ടറി പറഞ്ഞു. എന്റെ ഘർ വാപ്പച്ചി അങ്ങിനെ എങ്ങും എത്താതെ പോയി.

അവസാനം രെജിസ്ട്രാർക്കു കുറച്ചു കൈക്കൂലി ഒക്കെ കൊടുത്തു എന്റെ ബാപ്പ തന്നെയാണ് എന്റെ കല്യാണം രജിസ്റ്റർ ആയി നടത്താൻ ഉള്ള കാര്യങ്ങൾ എല്ലാം ശരിയാക്കിയത്. കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞായിരുന്നു ഘർ ഉമ്മച്ചിക്കാരുടെ രംഗ പ്രവേശം. ഒരു ദിവസം വീടിനു അടുത്തുള്ളത് എന്ന് പറയപ്പെടുന്ന കുറച്ചു ജമാഅത്തെ ഇസ്ലാമിക്കാർ വീട്ടിൽ വന്നു. എന്റെ ഭാര്യയെ മുസ്ലിം ആക്കുകക ആയിരുന്നു അവരുടെ വരവിന്റെ ഉദ്ദേശം. വേറെ മതത്തിൽ നിന്നും കല്യാണം കഴിച്ച പെൺകുട്ടികൾ ആണിന്റെ മതത്തിലേക്ക് മാറുന്നത് നാട്ടു നടപ്പാണെന്നും, ഇസ്ലാമിൽ ഇങ്ങിനെ ഉള്ള മതം മാറ്റങ്ങൾ നിർബന്ധമാണെന്നും മറ്റുമായിരുന്നു അവരുടെ വാദം. എന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന വാദത്തിൽ ഞാൻ ഉറച്ചു നിന്നപ്പോൾ അവർ പോയി. ആരെങ്കിലും ഗോമതിയെ നിർബന്ധിച്ചോ ബ്രെയിൻ വാഷ് ചെയ്തോ മതം മാറ്റാൻ ശ്രമിച്ചാൽ , ഞാൻ ഹിന്ദു മതത്തിലേക്ക് മാറും എന്നൊരു ഭീഷണി മുഴക്കിയിരുന്നത് കൊണ്ടും, ഞാൻ കെട്ടുന്നത് ഒരു പെണ്ണായാൽ മാത്രം മതി എന്ന ഒരു വലിയ സ്വാതന്ത്ര്യം എന്റെ മാതാ പിതാക്കൾ എനിക്ക് നൽകിയിരുന്നത് കൊണ്ടും വലിയ പ്രശ്നങ്ങൾ അതിനു ശേഷം ഉണ്ടായില്ല.

എന്റെ ഇത്ത അംഗൻവാടിയിൽ ടീച്ചറാണ്. അവർക്കു ഹെൽത്ത് ഇൻസ്പെക്ഷന്റെ ഭാഗം ആയി പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും ചില ദരിദ്ര കുടുംബങ്ങളിൽ സൗജന്യമായി കൊടുക്കുന്ന മരുന്നുകൾ അവർ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ട ഒരു ജോലി ഉണ്ട്. ഒരു ഹർത്താൽ ദിവസം ഇങ്ങിനെ ഒരു വീട്ടിൽ ചെന്നപ്പോൾ ആ വീട്ടിലെ വൃദ്ധയായ അമ്മ മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നില്ല. സൗജന്യമായി കിട്ടുന്ന മരുന്ന് പോലും കഴിക്കാത്തതിനെ കുറിച്ച് ഇത്ത അവരെ വഴക്കു പറഞ്ഞപ്പോൾ അവർ പറഞ്ഞു

"ടീച്ചറെ ഈ മരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം കഴിക്കാനല്ലേ ടീച്ചർ പറഞ്ഞത്, ഞാൻ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആയി..."

കയ്യിൽ ഉണ്ടായിരുന്ന പൈസ കൊടുത്തു അവർക്കു ഭക്ഷണം വാങ്ങി കൊടുത്തു എന്ന് ഇത്ത പറഞ്ഞു. നമ്മുടെ നാട്ടിൽ ഇപ്പോഴും ഭക്ഷണം എല്ലാ ദിവസവും കിട്ടാത്ത ആളുകൾ ഉണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. അത് രണ്ടു ദിവസം ആയി ആരും അറിഞ്ഞില്ല എന്നത് അതിലും വലിയ അത്ഭുതവും.

ചുരുക്കം പറഞ്ഞാൽ നിങ്ങൾ വിശന്നു കിടന്നാൽ അധികം ആരും തിരിഞ്ഞു നോക്കാൻ ഉണ്ടായി എന്ന് വരില്ല, പക്ഷെ നിങ്ങൾ വേറെ ഒരു മതത്തിൽ നിന്നോ ജാതിയിൽ നിന്നോ കല്യാണം കഴിച്ചു നോക്കൂ, ഘർ വാപ്പച്ചിക്കാരും ഉമ്മച്ചിക്കാരും നിങ്ങളെ തിരക്കി വരും.അതല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മതമാണല്ലോ, പട്ടിണിയൊക്കെ ആർക്കു വേണം.

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു

https://www.facebook.com/Hussain.Kizhakkedathu/posts/10208772741187878

2017 May 16

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു. യോസെമിറ്റി താഴ്‌വര എന്നായിരുന്നു അതിന്റെ പേര്. രണ്ടായിരവും മൂവ്വായിരവും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞു നിന്ന മാരിപോസ ഗ്രോവ് ആയിരുന്നു ആ താഴ്‌വരയുടെ അടിവാരം. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് കൂറ്റൻ മഞ്ഞു മലകൾ നിരങ്ങി നീങ്ങി ഉണ്ടായ ഒരു താഴ്‌വരയും, എണ്ണായിരം അടി ഉയരത്തിൽ ആരോ പകുതി മുറിച്ചു വച്ചതു പോലെ നിൽക്കുന്ന ഹാഫ് ഡോമും എന്ന പാറക്കൂറ്റനും ആയിരുന്നു അതിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്ന് ഒരു നവ വധുവിന്റെ മുഖാവരണം പോലെ തോന്നിക്കുന്ന ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു.

കാലിഫോർണിയയിൽ സ്വർണം കണ്ടു പിടിച്ചതോടെ ആണ് യോസെമിറ്റിയുടെ കഷ്ടകാലം തുടങ്ങിയത്. അങ്ങോട്ടുള്ള റെയിൽവേ ലൈനുകൾ അനേകം ആയിരം ആളുകളെ ഈ പ്രദേശത്തേക്ക് ആകർഷിച്ചു. ജനങ്ങൾ കൂട്ടമായി ഇവിടെ താമസിക്കുവാനും, കൃഷി ചെയ്യുവാനും കന്നു കാലികളെ വളർത്തുവാനും തുടങ്ങി. ഇരുന്നൂറ്റി എഴുപത്തി അഞ്ചു അടി ഉയരവും നൂറടി ചുറ്റളവും ഉള്ള ഭീമൻ സീക്കോയ മരങ്ങൾ മരക്കച്ചവടക്കാരെ ഇങ്ങോട്ടു ആകർഷിച്ചു. ഭൂമിയിലെ വിഭവങ്ങൾ എല്ലാം മനുഷ്യന് ആസ്വദിക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിച്ച യൂറോപ്യൻ വെള്ളക്കാർ ഇവിടെ ഉണ്ടായിരുന്ന എല്ലാ മറ്റു അമേരിക്കൻ ജനവിഭാഗങ്ങളെയും കൊന്നൊടുക്കുവാനും ആയിരക്കണക്കിന് മരങ്ങൾ മുറിച്ചു മാറ്റുവാനും തുടങ്ങി.ആയിരത്തി എണ്ണൂറ്റി അന്പതോടെ കാലിഫോർണിയയിലെ ഭീമൻ സീക്കോയ വൃക്ഷങ്ങളിൽ തൊണ്ണൂറു ശതമാനവും മുറിച്ചു മാറ്റപ്പെട്ടിരുന്നു. കന്നുകാലികൾ പുല്ലു തിന്നത് മൂലമുള്ള മണ്ണൊലിപ്പ് യോസെമിറ്റിയിൽ മണ്ണിടിച്ചിലും മറ്റു നാശ നഷ്ടങ്ങളും ഉണ്ടാക്കാൻ തുടങ്ങി. ആളുകൾ കെട്ടിടങ്ങൾ വച്ച് താമസിക്കാൻ തുടങ്ങിയത് മൂലം യോസെമിറ്റി ഒരു പട്ടണമായി മാറി. ഗ്രിസ്‌ലി കരടികളെ കൂട്ടമായി ആളുകൾ കൊന്നൊടുക്കി. മാത്രമല്ല ഒരു ഡാം പണിതു യോസെമിറ്റിയുടെ തൊട്ടുള്ള ഹച്ച് ഹച്ചി താഴ്വര വെള്ളത്തിനടിയിൽ ആക്കാനുള്ള ഒരു പദ്ധതിയും അണിയറയിൽ രൂപപ്പെട്ടു.

ഇങ്ങിനെ ഈ ദൈവത്തിന്റെ താഴ്‌വര അവസാനത്തെ ശ്വാസവും വലിക്കുന്പോഴാണ് രണ്ടു പേർ തമ്മിൽ ഒരു കൂടി കാഴ്ച നടക്കുന്നത്, ലോകത്തിലെ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച. യോസെമിറ്റി താഴ്‌വരയുടെ സംരക്ഷണത്തിനായി അക്ഷീണം പോരാടിയ, പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള ലോകത്തിലെ ഒരുപക്ഷെ ആദ്യത്തെ തന്നെയുള്ള ഒരു ഗ്രൂപ്പ് ആയ സിയറ ക്ലബ് തുടങ്ങിയ, ഋഷിതുല്യനായ ജോൺ മുയിറും , അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയ തിയഡോർ റൂസ്‌വെൽറ്റും തമ്മിൽ ആയിരുന്നു ആ കൂടിക്കാഴ്ച.
അത് വെറുമൊരു ഓഫീസിലുള്ള കൂടിക്കാഴ്ച ആയിരുന്നില്ല. രണ്ടു കാരണങ്ങൾ കൊണ്ട് പ്രകൃതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയ രണ്ടു പേർ യോസെമിറ്റിയുടെ നെടുകെയും കുറുകെയും ക്യാന്പ് ചെയ്തു പല ദിവസങ്ങളിൽ ആയി നടത്തിയ ഒരു പ്രകൃതിയെ അറിയൽ യാത്ര ആയിരുന്നു അത്. അവരുടെ സ്വകാര്യ അനുഭവങ്ങൾ അറിഞ്ഞാലേ ഈ കൂടിക്കാഴ്ചയുടെ പ്രത്യകത മനസ്സിലാവൂ.

1866 ൽ ആണ് ജോൺ മുയിറിന്റെ പ്രകൃതി സ്നേഹം ഒരു തപസ്യ ആയി തുടങ്ങുന്നത്. അതുവരെ കണ്ട മരങ്ങളുടെയും പൂവുകളുടെയും പടം വരച്ചും, പാറകളെ കുറിച്ചും അവ എങ്ങിനെ രൂപപ്പെട്ടു എന്നെല്ലാം പഠിക്കുകയും എഴുതുകയും ചെയ്തു വന്ന ജോണിന് ജോലി സ്ഥലത്തു വച്ചുള്ള ഒരു അപകടത്തിൽ പെട്ട് താൽക്കാലികമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്നത്തെ ചികിത്സ രീതി വച്ച് കണ്ണ് കെട്ടിവച്ച നിലയിൽ ഒരു ഇരുട്ട് മുറിയിൽ ആറാഴ്ച അദ്ദേഹത്തിന് കഴിയേണ്ടി വന്നു. ആറാഴ്ചയ്ക്കു ശേഷം കാഴ്ച സ്ഥിരമായി നഷ്ടപ്പെട്ടില്ല എന്ന സന്തോഷത്തിൽ പുറത്തിറങ്ങിയ ജോൺ പ്രകൃതിയെ പുതിയൊരു കണ്ണ് കൊണ്ട് കാണാൻ തുടങ്ങി. പ്രകൃതിയെ ഈശ്വരൻ ആയി സങ്കൽപ്പിക്കുന്നു പുരാതന ഭാരതീയ സങ്കല്പത്തോട് അടുത്ത് നിൽക്കുന്ന ഒരു കാഴ്ചപ്പാട് ആണ് ജോണിനുണ്ടായിരുന്നത്. യോസെമിറ്റിയിൽ സ്ഥിരതാമസം ആക്കിയ ജോൺ, അനേകം മാഗസിനുകളിൽ യോസെമിറ്റിയെ പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും \ എഴുതാൻ തുടങ്ങി.

1884 ഫെബ്രുവരി പന്ത്രണ്ടിന് ആണ് റൂസ്‌വെൽറ്റിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടന്നത്. അന്നേ ദിവസം അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മരിച്ചു. അമ്മ ടൈഫോയ്ഡ് പിടിച്ചും, ഭാര്യ പ്രസവത്തോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലവും. ഈ സ്വകാര്യ ദുഃഖം അദ്ദേഹം നികത്തിയത് കൂടുതൽ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നാണ്. ആഫ്രിക്കയും അലാസ്കയും ഉൾപ്പെടെ റൂസ്‌വെൽഡ് സഞ്ചരിക്കാത്ത സ്ഥലങ്ങൾ കുറവായിരുന്നു.

യോസെമെറ്റിയിലെ ഇവരുടെ ട്രെക്കിങ്ങ് ഇന്നത്തെ പോലെ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത കാലത്തായിരുന്നു. അവർ നക്ഷത്രങ്ങൾക്കു കീഴെ ക്യാമ്പ് ചെയ്തു. യോസെമിറ്റിയിലെ രാത്രി ആകാശ ഗംഗ ഹാഫ് ഡോമിൽ തട്ടി മുറിഞ്ഞു പോവുന്നത് മറക്കാനാവാത്ത കാഴ്ചയാണ് എന്ന് ഈയുള്ളവന് നേരിട്ട് അനുഭവം ഉള്ളതാണ്. പ്രസിഡന്റ് റൂസ്‌വെൽറ്റ് അതിൽ വീണു പോയതിൽ ഒരു അത്ഭുതവും ഇല്ല. ഭീമാകാരമായ സീക്കോയ മരങ്ങളുടെ താഴെ വച്ചും, ഹാഫ് ഡോമും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും ഗ്ലേഷിയർ പോയിന്റും എല്ലാം ഒറ്റ നോട്ടത്തിൽ കാണാവുന്ന ടണൽ വ്യൂവിൽ വച്ചും ജോൺ മുയിർ റൂസ്‌വെൽറ്റിനോട് ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി.

തിരിച്ചു വാഷിങ്ടണിൽ എത്തിയ ഉടൻ റൂസ്‌വെൽറ്റ് യോസെമെറ്റി താഴ്‌വര നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചു. പട്ടാളത്തെ ഇറക്കിയാണ് അവിടെയുള്ള കയ്യേറ്റക്കാരെ ഒഴിപ്പിച്ചത്. ബഫ്ഫല്ലോ സോൾജിയേഴ്സ് എന്ന പ്രശസ്തമായ ബോബ് മെർലിയുടെ പാട്ടിൽ പ്രതിപാദിക്കപ്പെട്ട പട്ടാളക്കാരാണ് ആണ് ആദ്യകാലത്തു ഈ താഴ്‌വര സംരക്ഷിച്ചത്.

അമേരിക്കയിലെ മൂന്നാർ ആയ യോസെമിറ്റി ഇപ്പോഴും ഉണ്ട്. നാഷണൽ പാർക്ക് സർവീസ് വർഷം തോറും അനേകം സന്ദർശകരെ വരവേൽക്കുകയും, പ്രകൃതിയുടെ ഈ അത്ഭുതത്തെ ആളുകൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. അനേകം പേർ ഹാഫ് ഡോമിനു മുകളിലേക്ക് ഹൈക്ക് ചെയ്യുന്നു. മാരിപോസ ഗ്രൊവിൽ ആരും മരം വെട്ടുന്നില്ല, മറിച്ച് പുതിയ അനേകം മരങ്ങൾ വളർന്നു വരുന്നു.

നമ്മുടെ പശ്ചിമ ഘട്ടത്തെയും യോസെമെറ്റിയും ആയി താരതമ്യം ചെയ്യന്നത് തെറ്റാണെന്നെനിക്കറിയാം. ഉഷ്ണമേഖലാ പ്രദേശം ആയതു കൊണ്ട് പശ്ചിമ ഘട്ടത്തിൽ യോസെമെറ്റിയുടേതിനേക്കാൾ നൂറിരട്ടി സ്പീഷീസുകളിൽ പെട്ട വൃക്ഷ ലതാദികളും, ജീവികളും ആണുള്ളത്. ഇത് സംരക്ഷിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല മനുഷ്യ വംശത്തിന്റെ തന്നെ ആവശ്യം ആണ്.

എന്റെ ആഗ്രഹം ഇതാണ്. ഒരിക്കൽ നമ്മുടെ മുഖ്യമന്ത്രിയയും മറ്റു രാഷ്ട്രീയക്കാരെയും, മത പുരോഹിതരെയും പശ്ചിമ ഘട്ടത്തിൽ ഒരു ക്യാന്പിങ്ങിനു കൊണ്ട് പോകണം. മൂന്നാറിലെ മീശപ്പുലി മലയിൽ ടെന്റ് അടിച്ചു ഒരു രാത്രി കൂടണം. വാഗമണിൽ പാരാ ഗ്ലൈഡിങ്, അഗസ്ത്യ മലയിൽ ഒരു ഹൈക്കിങ്, മീൻ മുട്ടി വെള്ളച്ചാട്ടത്തിൽ ഒരു കുളി. വയനാട്ടിലെ കാഴ്ചകൾ, പെരിയാർ കടുവ സങ്കേതത്തിൽ കുറച്ചു ഫോട്ടോ സെഷൻ.

മനുഷ്യർ കുരിശു നാട്ടിയും, അന്പലവും പള്ളിയും പണിതു വച്ചിരിക്കുന്നതിനേക്കാളും എത്രയോ വലിയ ദേവാലയം ആണ് പശ്ചിമ ഘട്ടം എന്ന് അവർക്കെല്ലാം കാണിച്ചു കൊടുക്കണം. ആരുടെയെങ്കിലും മനസ് മാറിയാലോ?

മുത്തലാഖിന്റെ രാഷ്ട്രീയം.

https://www.facebook.com/Hussain.Kizhakkedathu/posts/10208806939762821

2017 May 21



എന്റെ ബാപ്പ മൂന്നു കല്യാണം കഴിച്ചതാണ്. ഞാൻ ഏഴിൽ പഠിക്കുന്പോഴോ മറ്റോ ആയിരുന്നു അത്. കുറെ നാൾ വീട്ടിൽ നടന്നു വന്നിരുന്ന കുടുംബ വഴക്കിന്റെ ബാക്കി പത്രം ആയിരുന്നു ബാപ്പയുടെ മറ്റു വിവാഹങ്ങൾ. വേറെ കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ആയിരുന്നു ബാപ്പ വീട്ടിൽ വന്നിരുന്നത്. ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിൽ ആയിരുന്നു.
ഞാൻ, ഉമ്മ, എനിക്ക് രണ്ടു വയസിനു മൂത്ത ഇത്തയും, ഏഴു വയസിനു ഇളയ അനിയനും ആയിരുന്നു അന്ന് വീട്ടിൽ. രാത്രി കുറെ നേരം മംഗളവും മനോരമയും തുടങ്ങിയ വാരികകൾ വായിച്ചു ഉമ്മ ഉറങ്ങാതെ ഇരിക്കും. തലയിണയുടെ അടുത്തോ അടിയിലോ ഒരു വെട്ടുകത്തി ഉണ്ടാവും. പകൽ മാന്യന്മാരെ കുറിച്ച് അന്നെനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല.
വീട്ടിൽ ചില ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള കടയിൽ ബാപ്പ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. പെരുന്നാൾ വരുന്പോൾ ഉടുപ്പ് എടുത്തു തരുകയും ചെയ്തു , അത് കൊണ്ട് പൂർണമായും ഒരു ഉപേക്ഷിച്ചു പോകൽ ആയിരുന്നില്ല അത്.

പക്ഷെ ഒരു സ്ത്രീ എന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ഉമ്മയ്ക്ക് അറിയാമായിരുന്നു. വീട്ടിൽ കോഴി ആട് മുതലായവയെ വളർത്തിയും അച്ചാറുണ്ടാക്കി വിറ്റും കുറച്ചു വരുമാനം സ്വന്തമായി ഉമ്മ ഉണ്ടാക്കി. അത് പോരാതെ വന്നപ്പോൾ, വെളുപ്പിനെ നാലു മണിക്ക് ഞാനുമായി ബസ് കയറി എറണാകുളം ചന്തയിൽ പോയി സെക്കന്റ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങി, അലക്കി തേച്ചു ചില തയ്യൽ പണികളെല്ലാം ചെയ്തു അടുത്തുള്ള വീടുകളിൽ വിറ്റു കുറച്ചു പൈസ ഉണ്ടാക്കി. രാവിലെ ഒൻപതു മണിക്ക് എന്റെ സ്കൂൾ തുറക്കുന്നതിനു മുൻപ് എറണാകുളത്തു നിന്ന് തിരിച്ചു വരുന്ന സ്ത്രീയെയും മകനെയും നോക്കി അപവാദം പറയാൻ ആരെങ്കിലും നോക്കിയാൽ കണ്ണ് പൊട്ടുന്ന ചീത്ത പറയാൻ ഉമ്മയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

ഒരു ദിവസം പള്ളികമ്മിറ്റിയിൽ ഞങ്ങൾ പരാതി പറയാൻ പോയിരുന്നു. വേറൊരു മഹല്ലിൽ നിന്ന് രണ്ടാമത് കെട്ടിയ ഒരാളെ ചിലവിനു കൊടുക്കാൻ നിർബന്ധിക്കാനോ മറ്റോ അവർക്കു അധികാരം ഇല്ലെന്നും, വേറെ വിവാഹം ഇസ്ലാമിൽ നിഷിദ്ധമല്ലെന്നും മറ്റും അവർ പറഞ്ഞു. ഒരൊറ്റ സ്ത്രീ പോലും ഇല്ലാത്ത പള്ളികമ്മിറ്റികൾ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഭൂലോക തമാശയാണ്.

അങ്ങിനെ പോകെ ഒരു ദിവസം രാത്രി ഒരു മണിയോടടുത്ത് വീടിന്റെ കോലായിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. അന്ന് ബാപ്പ വരുന്ന ദിവസം ആയിരുന്നില്ല. കയ്യിൽ വെട്ടുകത്തി എടുത്തു ഉമ്മ എഴുന്നേറ്റു. വാതിൽ തുറന്നു നോക്കിയപ്പോൾ അത് അന്ന് അവിചാരിതമായി വീട്ടിൽ വന്ന ബാപ്പ ആയിരുന്നു. ഭാഗ്യത്തിന് ആളെ മനസിലായത് കൊണ്ട് അനിഷ്ടസംഭവം ഒന്നുമുണ്ടായില്ല.
വർഷങ്ങൾക്ക് ശേഷം ഒരു ഭാര്യ മരിക്കുകയും, മറ്റൊരു ഭാര്യ വേറെ ഒരു ബന്ധത്തിന്റെ പുറത്തു പോവുകയും ചെയ്തപ്പോൾ, ബാപ്പ തിരിച്ചു വന്നു. അപ്പോഴേക്കും ഞാൻ പ്രീ ഡിഗ്രി ഒന്നാം വർഷം ആയിരുന്നു.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇപ്പോഴുള്ള മുത്തലാഖ് വാർത്തകൾ വായിക്കുന്പോൾ മനസിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനം എന്റെ ഉമ്മയുടേത് ഉൾപ്പെടെയുള്ള ലക്ഷകണക്കിന് പേരുടെ കാര്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നുള്ളതാണ്. കാരണം ഇവർ വിവാഹമോചിതർ, വിധവകൾ എന്നീ സെൻസസ് കണക്കിൽ ഒന്നും പെടുന്നില്ല. ഇവർ എല്ലാവരും ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ ആണ്. സെൻസസ് അനുസരിച്ചു ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങളിലും പെട്ട 23 ലക്ഷം ഉപേക്ഷിക്കപ്പെട്ട ഭാര്യമാർ ഉണ്ടെന്നാണ് കണക്ക്. ഇത് മുതാലാഖ് ചെയ്യപ്പെട്ട മുസ്ലിം സ്ത്രീകളുടെ അനേകം ഇരട്ടി ആണ്.

എന്റെ ഉമ്മയുടെ അതെ അനുഭവത്തിലൂടെ കടന്നു പോയ മറ്റൊരു സ്ത്രീയെ ഇവിടെ ഓർക്കേണ്ടതാണ്. അത് ഗുജറാത്തിലെ യശോദ ബെൻ ആണ്, നരേന്ദ്ര മോദിയുടെ ഭാര്യ. ഭർത്താവു ഉപേക്ഷിച്ചു പോയ അവർ എത്ര മാത്രം സാന്പത്തികവും, സാമൂഹികവും ആയ പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവണം? എത്ര പ്രാവശ്യം അവർ വെട്ടുകത്തി എടുത്തിട്ടുണ്ടാവണം? അവസാനം പാസ്പോർട്ട് കിട്ടാൻ RTI അപേക്ഷ വരെ കൊടുക്കേണ്ടി വന്നു ആ പാവത്തിന്.

ഒരാൾ ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് ആണ് ഇസ്ലാമിലെ മുതാലാഖ് എന്ന് ചിലർ വിചാരിക്കുന്നുണ്ട്. അത് ഇസ്ലാമികം അല്ല, മറിച്ച് മൂന്ന് മാസത്തെ (മൂന്ന് ആർത്തവ വേളകൾ ആണ്, കലണ്ടർ മാസമേ ആവണം എന്നില്ല) ഇടവേളകൾ വച്ച് തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നതിന് ആണ് യഥാർത്ഥത്തിൽ ഇസ്ലാമിലെ മുതാലാഖ്. ഇത്രയും നാൾ ഇടവേള കൊടുത്തു മൊഴി ചൊല്ലുന്പോൾ ആണ് "മൂന്ന് മൊഴി ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയിരിക്കുന്നു" എന്ന് മഹല്ലിൽ നിന്ന് എഴുതി കൊടുക്കുന്നത്. ഒരുപക്ഷെ ആ കാലഘട്ടത്തിൽ അനുയോജ്യമായ കാര്യം ആയിരിക്കാം അത്, പക്ഷെ കാലം മാറുന്നതിനനുസരിച്ചു മതങ്ങളും അതിന്റെ രീതികളും മാറുന്നില്ലലോ.

ഇസ്ലാമിലെ യഥാർത്ഥ പ്രശ്നം മൊഴി ചൊല്ലൽ അല്ല, മറിച്ച് ജീവനാംശം കൊടുക്കാത്തതു ആണ്. പ്രശസ്തമായ ഷബാനു കേസിൽ സുപ്രീം കോടതി വരെ പോയി അവർ നേടിയെടുത്ത ജീവനാംശസ്‌ വിധി പാർലിമെന്റ് ഭൂരിപക്ഷം ഉപയോഗിച്ച് ഇല്ലാതാക്കിയ രാജീവ് ഗാന്ധി ഗവന്മേന്റും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡും മറ്റും ആണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളോട് ഏറ്റവും വലിയ തെറ്റ് ചെയ്തത്. മുത്തലാഖ് നിർത്തലാക്കാൻ വേണ്ടി സമയം ചിലവഴിക്ക്ന്നതിനു പകരം വിവാഹ മോചനം നേടിയ സ്ത്രീകൾക്കും കുട്ടികൾക്കും മാന്യമായി ജീവിക്കാനുള്ള ജീവനാംശം ഉറപ്പു വരുത്തുന്ന നിയമം കൊണ്ട് വരികയാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. അത് ചില മതക്കാർക്ക് ചില നിയമം എന്നത് മാറ്റി ഒരു പൊതു നിയമം കൊണ്ട് വരുന്നതാണ് ഏറ്റവും അഭികാമ്യം.

രണ്ടു പേർക്ക് യോജിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ അവർ സമാധാനപൂർവം വേർപിരിയുന്നതാണ് നല്ലതു എന്ന അഭിപ്രായക്കാരാണ് ആണ് ഞാൻ. കുട്ടികൾ ഉണ്ടെങ്കിൽ യോജിച്ചു പോകാനുള്ള എല്ലാ വഴികളും നോക്കിയതിനു ശേഷം മാത്രം എടുക്കേണ്ട തീരുമാനം, പക്ഷെ കുട്ടികൾക്ക് വേണ്ടി മാത്രം സ്ഥിരം വഴക്കിട്ടു കൊണ്ട് ഒരു വീട്ടിൽ താമസിക്കുന്നത് ഒരു പക്ഷെ കുട്ടികൾക്ക് കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയെ ചെയ്യൂ.

എന്ത് കൊണ്ടാണ് സ്ത്രീകൾ വിവാഹമോചനത്തിന്റെയും ഇരയായി തീരുന്നതു എന്ന് നോക്കിയാൽ കാണാവുന്ന കാര്യം ഇന്ത്യൻ സമൂഹം പരന്പരാഗതമായി സ്ത്രീ വിരുദ്ധമാണ് എന്നുള്ളതാണ്. പലപ്പോഴും ഇങ്ങിനെ ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ , ജോലി ഇല്ലാത്ത , അധികം വിദ്യാഭ്യാസമില്ലാത്ത, ഭർത്താവിനും കുട്ടികൾക്ക് പാചകം ചെയ്തും വീട് നോക്കിയും കഴിഞ്ഞിരുന്നവരാണ്. ഒരു സുപ്രഭാതത്തിൽ ഭർത്താവു ഇട്ടിട്ടു പോവുന്പോൾ അവർ എന്ത് ചെയ്യാനാണ്. ഇവിടെയാണ് നമുക്ക് മുതലാഖിന്റെ രാഷ്ട്രീയം കാണാൻ കഴിയുക, കാരണം ഇന്ത്യയിൽ അത്യാവശ്യം ആയി ശരിയാക്കേണ്ട കാര്യങ്ങൾ വേറെ പലതുമാണ്.
സ്ത്രീകളുടെ സാക്ഷരത : ഇന്ത്യയിൽ ആണുങ്ങളുടെ സാക്ഷരതാ 82 ശതമാനം ആണെങ്കിൽ പെണ്ണുങ്ങളുടേതു 65 ശതമാനം മാത്രം ആണ്. എന്ന് വച്ചാൽ ഇരുപതു കോടി സ്ത്രീകളെ നമ്മുക്കു എഴുതാനും വായിക്കാനും പഠിപ്പിക്കാനുണ്ട്.

കൊല്ലപ്പെടുന്ന പെൺകുട്ടികൾ : ഇന്ത്യയിൽ 1000 ആണുങ്ങൾക്കു 940 പെണ്ണുങ്ങൾ മാത്രമാണുള്ളത്. സ്ത്രീകൾ ആണുങ്ങളേക്കാൾ കൂടുതൽ നാൾ ജീവിച്ചിരിക്കുന്നത് കൊണ്ട് സ്ത്രീകളുടെ എണ്ണം ആയിരത്തിനും മുകളിൽ വരേണ്ടതാണ്. ചെറിയ കണക്കു കൂട്ടിയാൽ ഇന്ത്യയിൽ 44 കോടി പെൺകുട്ടികൾ ഗർഭവസ്ഥയിലോ, അഞ്ചു വയസു തികയുന്നതിനു മുൻപോ കൊല്ലപ്പെടുന്നു എന്ന് കാണാൻ കഴിയും. ഇവരെ നമുക്ക് രക്ഷിക്കേണ്ടേ?

സ്ത്രീകളുടെ ജോലി : ഗ്രാമപ്രദേശങ്ങളിൽ നൂറിൽ ഇരുപത്തിനാലു സ്ത്രീകളും പേരും, നഗരങ്ങളിൽ നൂറിൽ പതിനഞ്ചു സ്ത്രീകളും ആണ് ജോലി ചെയ്യുന്നത്. ഇതും വർഷം തോറും കുറഞ്ഞു വരികയാണ്. വിവാഹ മോചന കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ് സ്ത്രീക്ക് സാന്പത്തിക സ്വാതന്ത്ര്യം ഉണ്ടാവുക എന്നത്. എന്ന് വച്ചാൽ ഏതാണ്ട് അന്പത് കോടി സ്ത്രീകൾക്ക് ജോലി നൽകേണ്ടതുണ്ട്. സാന്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് വിവാഹം മോചനം ഒരു ജീവിത പ്രശ്നം ആയി മാറില്ല.

ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ കിടക്കുന്പോൾ മുതാലാഖ് ചെയ്യപ്പെടുന്ന 0.3 ശതമാനം മുസ്ലിം സ്ത്രീകളുടെ പ്രശ്നം ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന പേരിൽ അവതരിപ്പിക്കുന്നത് വെറും രാഷ്ട്രീയം മാത്രമാണ്. സ്ത്രീകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോകുന്നത് തെണ്ടിത്തരമാണ്, അത് പ്രധാനമന്തി ചെയ്താലും എന്റെ ബാപ്പ ചെയ്താലും...

നിങ്ങളുടെ മൂക്കിന്റെ നീളമെത്രയാണ്

https://www.facebook.com/Hussain.Kizhakkedathu/posts/10208821833375152

2017 May 23


എയിഡ്സ് ബാധിച്ച സ്വവർഗക്കാർക്കാരെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഗേ മെൻസ് ഹെൽത്ത് ക്രൈസിസ് (www.gmhc.org) എന്ന സംഘടനയുടെ ന്യൂ യോർക്ക് ഓഫീസിൽ കഴിഞ്ഞ തവണ വളണ്ടിയർ ആയി പോയപ്പോഴാണ് ഞാൻ ജെയിംസിനെ ആദ്യമായി കാണുന്നത്. എന്റെ കൂടെ ഞങ്ങളുടെ ഓഫീസിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളായിരുന്നു ജെയിംസ്. മെലിഞ്ഞിട്ടാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം, തീക്ഷ്ണമായ കണ്ണുകൾ. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ആഫ്രിക്കൻ വംശജൻ.

സ്വവർഗാനുരാഗികൾക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങിനെ ന്യൂ യോർക്കിൽ രോഗം പിടിപെട്ടവരിൽ വീടില്ലാത്ത, ഭക്ഷണത്തിനു വകയില്ലാത്തവർ ഉച്ചയ്ക്ക് gmhc ഓഫീസിൽ വന്നാൽ ഭക്ഷണം ലഭിക്കും. അവിടെ ഉച്ചയ്ക്ക് ഭക്ഷണം വിളന്പി കൊടുക്കൽ ആയിരുന്നു ഞങ്ങളുടെ ജോലി. അതിനു മുൻപ് ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു, എന്തൊക്കെ ചെയ്യണം എന്ന് വിശദീകരിക്കാൻ. മീറ്റിങ് നടന്നു കൊണ്ടിരിക്കുന്പോഴേ ഞാൻ ശ്രദ്ധിച്ചു, ജെയിംസ് കാലുകൾ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. മീറ്റിംഗ് തുടങ്ങി പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ ഒന്നും പറയാതെ വാതിൽ തുറന്നു ഇറങ്ങി പോവുകയും ചെയ്തു. എന്ത് കൊണ്ടോ എനിക്ക് ജെയിംസിനെ ഇഷ്ടപ്പെട്ടില്ല, അധികം ആരോടും സംസാരിക്കാതെ നടക്കുന്നത് മനസിലാക്കാം, പക്ഷെ ഇങ്ങിനെ meeting etiquette പാലിക്കാതെ ഇറങ്ങി പോവുക എല്ലാം മോശമാണ്.

എന്റെ ഓഫീസിലെ അഡ്മിൻ ആയ നീത എന്റെയും ജെയിംസിന്റെയും അടുത്ത സുഹൃത്താണ്, അവരോടാണ് ഞാൻ ജെയിംസിനെ പറ്റി പരാതി പറഞ്ഞത്.

"നസീർ റുവാണ്ടയെ പറ്റി കേട്ടിട്ടുണ്ടോ? " നീത ചോദിച്ചു.

ഞാൻ നിഷേധാർത്തത്തിൽ തലയാട്ടി.

"ജെയിംസ് റുവാണ്ടയിൽ നിന്നാണ്. 1994 ൽ അവിടെ ടുട്സി വംശജർക്ക് നേരെ വലിയ ഒരു വംശീയ കലാപം നടന്നു. തന്റെ തൊട്ടു മുൻപിലിട്ടു അവന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും കലാപകാരികൾ വെട്ടിക്കൊല്ലുന്നതു കണ്ടതിനു ശേഷം അവനു ഒന്നിലും അധികം നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ADHD എന്ന അസുഖം പിടിച്ചതാണ്. അതുകൊണ്ടാണ് അവൻ ഒരിടത്തും അധികം നേരം ഇരിക്കാത്തതു. ഇവാൻ ചില്ലറക്കാരൻ അല്ല, റുവാണ്ടയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി സ്വപ്രയത്നം കൊണ്ട് പഠിച്ചു ഇപ്പോൾ നല്ലൊരു ട്രേഡർ ആയി നമ്മുടെ കന്പനിയിൽ പേരെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ആണ്." നീത പറഞ്ഞു.
ഒന്നും അറിയാതെ ഒരാളെ കുറിച്ച് മോശമായി ചിന്തിച്ചതിനു എനിക്ക് ലജ്ജ തോന്നി. റുവാണ്ട കലാപത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അതിന്റെ കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. പക്ഷെ പിന്നീട് ജെയിംസിനോട് സംസാരിക്കാൻ ഇടവന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ വേദനാജനകം ആയിരുന്നു.

1800 കളിൽ ആണ് പാശ്ചാത്യ രാജ്യങ്ങൾ ആഫ്രിക്ക കയ്യടക്കുന്നത് . 1884 ൽ അമേരിക്കയും, ബെൽജിയവും, ജർമനിയും സ്പെയിനും ഉൾപ്പെടെ പതിനാലു രാജ്യങ്ങൾ ഒരു കോൺഫറൻസ് നടത്തി ആഫ്രിക്കൻ വൻകരയെ അന്പത് രാജ്യങ്ങൾ ആയി വിഭജിച്ചു പകുത്തെടുത്തു. ഭാഷ, സംസ്കാരം, ഭൂപ്രദേശം എന്നിങ്ങനെ ഒരു കാര്യവും നോക്കാതെ തോന്നിയ പോലെ ആണ് അന്ന് അവർ ആഫ്രിക്കയെ വിഭജിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഫ്രാൻസും ബ്രിട്ടനും ഓട്ടോമൻ സാമ്രാജ്യത്തെ വിഭജിച്ച പോലെ.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബെൽജിയത്തിനു റുവാണ്ടയുടെ നിയന്ത്രണം ലഭിച്ചത്‌ മുതൽ ആണ് അവരുടെ ഗതികേട് തുടങ്ങുന്നത്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ച ബെൽജിയം അന്ന് വരെ ഒരുമിച്ചു കഴിഞ്ഞിരുന്ന റുവാണ്ടക്കാരെ മൂക്കിന്റെ നീളവും, കണ്ണിന്റെ നിറവും അടിസ്ഥാനമാക്കി ഹുട്ടു എന്നും ടുട്സി എന്നും രണ്ടു ഗ്രൂപ്പ് ആയി തിരിച്ചു. ഇതിൽ ടുട്സി വംശജരാണ് ഭൂരിപക്ഷമായ ഹുട്ടു വംശജരെക്കാൾ ഉത്തമർ ആയവർ എന്നും അവർ വിധിച്ചു. ഗവൺമെന്റിലെ പ്രധാന ജോലികളും, വിദ്യാഭ്യാസവും ടുട്സി വംശജർക്ക് മാത്രമായി നിജപ്പെടുത്തി.

അന്നുവരെ ഒരുമിച്ചു ജീവിച്ചിരുന്ന ഒരു ജനതയെ പരസ്പരം വെറുക്കുന്ന രണ്ടു വിഭാഗങ്ങൾ ആയി തിരിച്ചപ്പോൾ ഭരണം എളുപ്പമായി എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ടുട്സി വംശജർ സ്വാതന്ത്ര്യം ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ബെൽജിയം ഹുട്ടു വംശജരെ അനുകൂലിച്ചു. 1959 സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ ഈ രണ്ടു വിഭാഗങ്ങളും പരസ്പരം പോരാടാൻ തുടങ്ങി. അന്ന് വരെ 85% വരുന്ന തങ്ങളെ അടിച്ചമർത്തി വച്ച ടുട്സി വംശജർക്കെതിരെ അധികാരത്തിൽ വന്ന ഹുട്ടു വംശജർ കലാപത്തിന് കോപ്പു കൂട്ടാൻ തുടങ്ങി. 1994 ഏപ്രിൽ ഏഴിന് ഹുട്ടു വംശജൻ ആയ പ്രെസിഡന്റിന്റെ വിമാനം ആരോ വെടി വച്ചിട്ടതിൽ നിന്നാണ് വർഷങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തിയ കലാപത്തിന് ഒരു കാരണം കിട്ടിയത്. അത് ചെയ്തത് ഹുട്ടു വിഭാഗത്തിൽ പെട്ടവർ ആണെന് ഒരു കിംവദന്തി ആരോ പറഞ്ഞു പരത്തി. കലാപം തുടങ്ങി നൂറു ദിവസങ്ങൾക്കുള്ളിൽ പത്തു ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. രണ്ടര ലക്ഷം സ്ത്രീകൾ ബലാൽസംഗത്തിനിരയായി.

വെട്ടുകത്തി ഉപയോഗിച്ച് അതി നീചമായി നടത്തിയ കൂട്ട കൊലപാതകങ്ങൾ, കൂട്ട ബലാത്സംഗം, നുണകൾ പ്രചരിപ്പിച്ചു ഒരു വിഭാഗത്തെ പ്രധിരോധത്തിൽ ആക്കൽ, സാധാരണക്കാർ ഉൾപ്പെട്ട, വെറുപ്പ് പ്രചരിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ സേവക സംഘങ്ങൾ രൂപീകരിക്കൽ തുടങ്ങി ഒരു കലാപത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ചെയ്യുന്ന കാര്യങ്ങൾ ആണ് റുവാണ്ടയിലും നടന്നത്.

വർഷങ്ങൾക്ക് ശേഷം നടത്തിയ അന്വേഷണത്തിൽ ആണ് ഹുട്ടു വിഭാഗക്കാരുമായി സമാധാന കരാർ ഉണ്ടാക്കുന്നതിനെ എതിർത്ത ടുട്സി തീവ്രവാദികൾ തന്നെയാണ് ഈ വിമാന അപകടം ആസൂത്രണം ചെയ്തത് എന്ന് തെളിഞ്ഞത്. സത്യം ചെരുപ്പിന്റെ വള്ളി കെട്ടുന്ന സമയം കൊണ്ട് നുണ ഭൂമിയുടെ പകുതി ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്, ബ്രിട്ടീഷ്, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മുൻപ് ഭരിച്ചിരുന്ന എല്ലാ രാജ്യങ്ങളിലും എളുപ്പം ശരിയാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അവർ ഇട്ടിട്ടു പോയിട്ടുണ്ട്. കശ്മീർ, പലസ്തീൻ, സിറിയ, ശ്രീലങ്ക തുടങ്ങി അനേകം ഉദാഹരണങ്ങൾ. അത് ആ രാജ്യക്കാർക്കു മനസിലാകാതെ പോകുന്നത് എന്ത് കൊണ്ട് എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്.

അടുത്ത തവണ ഇന്ത്യൻ - പാകിസ്താനി, തെക്കേ - വടക്കേ ഇന്ത്യക്കാർ, ആൺ-പെൺ, ഹിന്ദു-മുസ്ലിം തുടങ്ങി ആയിരം അറകളിൽ ആളുകളെ ഇട്ടു അവരെ മറ്റൊരാളായി കാണുന്നതിന് മുൻപ് ഓർക്കുക, നമ്മുടെ എല്ലാം മൂക്കിന്റെ നീളം ഒന്ന് തന്നെയാണ്. കലാപങ്ങളിൽ കൊല്ലപ്പെടുന്നവരും ബലാത്സംഗം ചെയ്യപെടുന്നവരും എല്ലാം നമ്മൾ തന്നെയാണ്.

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...