Tuesday, August 8, 2017

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു

https://www.facebook.com/Hussain.Kizhakkedathu/posts/10208772741187878

2017 May 16

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു. യോസെമിറ്റി താഴ്‌വര എന്നായിരുന്നു അതിന്റെ പേര്. രണ്ടായിരവും മൂവ്വായിരവും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞു നിന്ന മാരിപോസ ഗ്രോവ് ആയിരുന്നു ആ താഴ്‌വരയുടെ അടിവാരം. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് കൂറ്റൻ മഞ്ഞു മലകൾ നിരങ്ങി നീങ്ങി ഉണ്ടായ ഒരു താഴ്‌വരയും, എണ്ണായിരം അടി ഉയരത്തിൽ ആരോ പകുതി മുറിച്ചു വച്ചതു പോലെ നിൽക്കുന്ന ഹാഫ് ഡോമും എന്ന പാറക്കൂറ്റനും ആയിരുന്നു അതിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്ന് ഒരു നവ വധുവിന്റെ മുഖാവരണം പോലെ തോന്നിക്കുന്ന ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു.

കാലിഫോർണിയയിൽ സ്വർണം കണ്ടു പിടിച്ചതോടെ ആണ് യോസെമിറ്റിയുടെ കഷ്ടകാലം തുടങ്ങിയത്. അങ്ങോട്ടുള്ള റെയിൽവേ ലൈനുകൾ അനേകം ആയിരം ആളുകളെ ഈ പ്രദേശത്തേക്ക് ആകർഷിച്ചു. ജനങ്ങൾ കൂട്ടമായി ഇവിടെ താമസിക്കുവാനും, കൃഷി ചെയ്യുവാനും കന്നു കാലികളെ വളർത്തുവാനും തുടങ്ങി. ഇരുന്നൂറ്റി എഴുപത്തി അഞ്ചു അടി ഉയരവും നൂറടി ചുറ്റളവും ഉള്ള ഭീമൻ സീക്കോയ മരങ്ങൾ മരക്കച്ചവടക്കാരെ ഇങ്ങോട്ടു ആകർഷിച്ചു. ഭൂമിയിലെ വിഭവങ്ങൾ എല്ലാം മനുഷ്യന് ആസ്വദിക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിച്ച യൂറോപ്യൻ വെള്ളക്കാർ ഇവിടെ ഉണ്ടായിരുന്ന എല്ലാ മറ്റു അമേരിക്കൻ ജനവിഭാഗങ്ങളെയും കൊന്നൊടുക്കുവാനും ആയിരക്കണക്കിന് മരങ്ങൾ മുറിച്ചു മാറ്റുവാനും തുടങ്ങി.ആയിരത്തി എണ്ണൂറ്റി അന്പതോടെ കാലിഫോർണിയയിലെ ഭീമൻ സീക്കോയ വൃക്ഷങ്ങളിൽ തൊണ്ണൂറു ശതമാനവും മുറിച്ചു മാറ്റപ്പെട്ടിരുന്നു. കന്നുകാലികൾ പുല്ലു തിന്നത് മൂലമുള്ള മണ്ണൊലിപ്പ് യോസെമിറ്റിയിൽ മണ്ണിടിച്ചിലും മറ്റു നാശ നഷ്ടങ്ങളും ഉണ്ടാക്കാൻ തുടങ്ങി. ആളുകൾ കെട്ടിടങ്ങൾ വച്ച് താമസിക്കാൻ തുടങ്ങിയത് മൂലം യോസെമിറ്റി ഒരു പട്ടണമായി മാറി. ഗ്രിസ്‌ലി കരടികളെ കൂട്ടമായി ആളുകൾ കൊന്നൊടുക്കി. മാത്രമല്ല ഒരു ഡാം പണിതു യോസെമിറ്റിയുടെ തൊട്ടുള്ള ഹച്ച് ഹച്ചി താഴ്വര വെള്ളത്തിനടിയിൽ ആക്കാനുള്ള ഒരു പദ്ധതിയും അണിയറയിൽ രൂപപ്പെട്ടു.

ഇങ്ങിനെ ഈ ദൈവത്തിന്റെ താഴ്‌വര അവസാനത്തെ ശ്വാസവും വലിക്കുന്പോഴാണ് രണ്ടു പേർ തമ്മിൽ ഒരു കൂടി കാഴ്ച നടക്കുന്നത്, ലോകത്തിലെ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച. യോസെമിറ്റി താഴ്‌വരയുടെ സംരക്ഷണത്തിനായി അക്ഷീണം പോരാടിയ, പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള ലോകത്തിലെ ഒരുപക്ഷെ ആദ്യത്തെ തന്നെയുള്ള ഒരു ഗ്രൂപ്പ് ആയ സിയറ ക്ലബ് തുടങ്ങിയ, ഋഷിതുല്യനായ ജോൺ മുയിറും , അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയ തിയഡോർ റൂസ്‌വെൽറ്റും തമ്മിൽ ആയിരുന്നു ആ കൂടിക്കാഴ്ച.
അത് വെറുമൊരു ഓഫീസിലുള്ള കൂടിക്കാഴ്ച ആയിരുന്നില്ല. രണ്ടു കാരണങ്ങൾ കൊണ്ട് പ്രകൃതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയ രണ്ടു പേർ യോസെമിറ്റിയുടെ നെടുകെയും കുറുകെയും ക്യാന്പ് ചെയ്തു പല ദിവസങ്ങളിൽ ആയി നടത്തിയ ഒരു പ്രകൃതിയെ അറിയൽ യാത്ര ആയിരുന്നു അത്. അവരുടെ സ്വകാര്യ അനുഭവങ്ങൾ അറിഞ്ഞാലേ ഈ കൂടിക്കാഴ്ചയുടെ പ്രത്യകത മനസ്സിലാവൂ.

1866 ൽ ആണ് ജോൺ മുയിറിന്റെ പ്രകൃതി സ്നേഹം ഒരു തപസ്യ ആയി തുടങ്ങുന്നത്. അതുവരെ കണ്ട മരങ്ങളുടെയും പൂവുകളുടെയും പടം വരച്ചും, പാറകളെ കുറിച്ചും അവ എങ്ങിനെ രൂപപ്പെട്ടു എന്നെല്ലാം പഠിക്കുകയും എഴുതുകയും ചെയ്തു വന്ന ജോണിന് ജോലി സ്ഥലത്തു വച്ചുള്ള ഒരു അപകടത്തിൽ പെട്ട് താൽക്കാലികമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്നത്തെ ചികിത്സ രീതി വച്ച് കണ്ണ് കെട്ടിവച്ച നിലയിൽ ഒരു ഇരുട്ട് മുറിയിൽ ആറാഴ്ച അദ്ദേഹത്തിന് കഴിയേണ്ടി വന്നു. ആറാഴ്ചയ്ക്കു ശേഷം കാഴ്ച സ്ഥിരമായി നഷ്ടപ്പെട്ടില്ല എന്ന സന്തോഷത്തിൽ പുറത്തിറങ്ങിയ ജോൺ പ്രകൃതിയെ പുതിയൊരു കണ്ണ് കൊണ്ട് കാണാൻ തുടങ്ങി. പ്രകൃതിയെ ഈശ്വരൻ ആയി സങ്കൽപ്പിക്കുന്നു പുരാതന ഭാരതീയ സങ്കല്പത്തോട് അടുത്ത് നിൽക്കുന്ന ഒരു കാഴ്ചപ്പാട് ആണ് ജോണിനുണ്ടായിരുന്നത്. യോസെമിറ്റിയിൽ സ്ഥിരതാമസം ആക്കിയ ജോൺ, അനേകം മാഗസിനുകളിൽ യോസെമിറ്റിയെ പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും \ എഴുതാൻ തുടങ്ങി.

1884 ഫെബ്രുവരി പന്ത്രണ്ടിന് ആണ് റൂസ്‌വെൽറ്റിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടന്നത്. അന്നേ ദിവസം അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മരിച്ചു. അമ്മ ടൈഫോയ്ഡ് പിടിച്ചും, ഭാര്യ പ്രസവത്തോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലവും. ഈ സ്വകാര്യ ദുഃഖം അദ്ദേഹം നികത്തിയത് കൂടുതൽ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നാണ്. ആഫ്രിക്കയും അലാസ്കയും ഉൾപ്പെടെ റൂസ്‌വെൽഡ് സഞ്ചരിക്കാത്ത സ്ഥലങ്ങൾ കുറവായിരുന്നു.

യോസെമെറ്റിയിലെ ഇവരുടെ ട്രെക്കിങ്ങ് ഇന്നത്തെ പോലെ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത കാലത്തായിരുന്നു. അവർ നക്ഷത്രങ്ങൾക്കു കീഴെ ക്യാമ്പ് ചെയ്തു. യോസെമിറ്റിയിലെ രാത്രി ആകാശ ഗംഗ ഹാഫ് ഡോമിൽ തട്ടി മുറിഞ്ഞു പോവുന്നത് മറക്കാനാവാത്ത കാഴ്ചയാണ് എന്ന് ഈയുള്ളവന് നേരിട്ട് അനുഭവം ഉള്ളതാണ്. പ്രസിഡന്റ് റൂസ്‌വെൽറ്റ് അതിൽ വീണു പോയതിൽ ഒരു അത്ഭുതവും ഇല്ല. ഭീമാകാരമായ സീക്കോയ മരങ്ങളുടെ താഴെ വച്ചും, ഹാഫ് ഡോമും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും ഗ്ലേഷിയർ പോയിന്റും എല്ലാം ഒറ്റ നോട്ടത്തിൽ കാണാവുന്ന ടണൽ വ്യൂവിൽ വച്ചും ജോൺ മുയിർ റൂസ്‌വെൽറ്റിനോട് ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി.

തിരിച്ചു വാഷിങ്ടണിൽ എത്തിയ ഉടൻ റൂസ്‌വെൽറ്റ് യോസെമെറ്റി താഴ്‌വര നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചു. പട്ടാളത്തെ ഇറക്കിയാണ് അവിടെയുള്ള കയ്യേറ്റക്കാരെ ഒഴിപ്പിച്ചത്. ബഫ്ഫല്ലോ സോൾജിയേഴ്സ് എന്ന പ്രശസ്തമായ ബോബ് മെർലിയുടെ പാട്ടിൽ പ്രതിപാദിക്കപ്പെട്ട പട്ടാളക്കാരാണ് ആണ് ആദ്യകാലത്തു ഈ താഴ്‌വര സംരക്ഷിച്ചത്.

അമേരിക്കയിലെ മൂന്നാർ ആയ യോസെമിറ്റി ഇപ്പോഴും ഉണ്ട്. നാഷണൽ പാർക്ക് സർവീസ് വർഷം തോറും അനേകം സന്ദർശകരെ വരവേൽക്കുകയും, പ്രകൃതിയുടെ ഈ അത്ഭുതത്തെ ആളുകൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. അനേകം പേർ ഹാഫ് ഡോമിനു മുകളിലേക്ക് ഹൈക്ക് ചെയ്യുന്നു. മാരിപോസ ഗ്രൊവിൽ ആരും മരം വെട്ടുന്നില്ല, മറിച്ച് പുതിയ അനേകം മരങ്ങൾ വളർന്നു വരുന്നു.

നമ്മുടെ പശ്ചിമ ഘട്ടത്തെയും യോസെമെറ്റിയും ആയി താരതമ്യം ചെയ്യന്നത് തെറ്റാണെന്നെനിക്കറിയാം. ഉഷ്ണമേഖലാ പ്രദേശം ആയതു കൊണ്ട് പശ്ചിമ ഘട്ടത്തിൽ യോസെമെറ്റിയുടേതിനേക്കാൾ നൂറിരട്ടി സ്പീഷീസുകളിൽ പെട്ട വൃക്ഷ ലതാദികളും, ജീവികളും ആണുള്ളത്. ഇത് സംരക്ഷിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല മനുഷ്യ വംശത്തിന്റെ തന്നെ ആവശ്യം ആണ്.

എന്റെ ആഗ്രഹം ഇതാണ്. ഒരിക്കൽ നമ്മുടെ മുഖ്യമന്ത്രിയയും മറ്റു രാഷ്ട്രീയക്കാരെയും, മത പുരോഹിതരെയും പശ്ചിമ ഘട്ടത്തിൽ ഒരു ക്യാന്പിങ്ങിനു കൊണ്ട് പോകണം. മൂന്നാറിലെ മീശപ്പുലി മലയിൽ ടെന്റ് അടിച്ചു ഒരു രാത്രി കൂടണം. വാഗമണിൽ പാരാ ഗ്ലൈഡിങ്, അഗസ്ത്യ മലയിൽ ഒരു ഹൈക്കിങ്, മീൻ മുട്ടി വെള്ളച്ചാട്ടത്തിൽ ഒരു കുളി. വയനാട്ടിലെ കാഴ്ചകൾ, പെരിയാർ കടുവ സങ്കേതത്തിൽ കുറച്ചു ഫോട്ടോ സെഷൻ.

മനുഷ്യർ കുരിശു നാട്ടിയും, അന്പലവും പള്ളിയും പണിതു വച്ചിരിക്കുന്നതിനേക്കാളും എത്രയോ വലിയ ദേവാലയം ആണ് പശ്ചിമ ഘട്ടം എന്ന് അവർക്കെല്ലാം കാണിച്ചു കൊടുക്കണം. ആരുടെയെങ്കിലും മനസ് മാറിയാലോ?

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...