Tuesday, August 8, 2017

മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.

https://www.facebook.com/Hussain.Kizhakkedathu/posts/10209115748522847

2017 June 30 ·
അരുവിക്കര എംൽഎ കെ എസ് ശബരീനാഥനും സബ് കളക്ടർ ദിവ്യ എസ അയ്യരും വിവാഹിതരായ ഇന്നത്തെ ദിവസം ഒരു പഴയ എഴുത്ത് റീപോസ്റ്റുന്നു. നവ ദന്പതികൾക്ക് മുന്നേ നടന്ന രണ്ടു പേരുടെ എല്ലാവിധ ആശംസകളും. #Repost

മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.

വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച്‌ മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല.
യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു കോവിൽപ്പട്ടി എന്ന ഗ്രാമത്തിൽ പഠിച്ച ഒരു ശുദ്ധ വെജിറ്റേറിയൻ തമിഴ് അയ്യർ പെണ്ണും ആയിരുന്നു. ഇത്രയും വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന തങ്ങൾ കല്യാണം കഴിക്കേണ്ട എന്ന് തീരുമാനിച്ചു അന്ന് അവർ പിരിഞ്ഞു. പക്ഷെ പിരിഞ്ഞിരിക്കുന്പോൾ പ്രണയം ആയിരം ഇരട്ടിയായി വർധിക്കുന്നു, എന്ന് അവർക്കറിയില്ലായിരുന്നു. അങ്ങിനെ ആ വർഷം തന്നെ അവർ രജിസ്റ്റർ വിവാഹം ചെയ്തു കുടുംബ ജീവിതം ആരംഭിച്ചു.
പതിനേഴു വർഷങ്ങൾക്കു ശേഷം, എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇവർക്കിടയിൽ പലപ്പോഴായി വന്ന ഒരു വിഷയം ആയിരുന്നു, പ്രണയ കാലവും വിവാഹ ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസം. പലപ്പോഴായി ചർച്ച ചെയ്തു ക്രോഡീകരിച്ച ചില കാര്യങ്ങൾ എല്ലാവര്ക്കും വേണ്ടി താഴെ കൊടുക്കുന്നു, ഇപ്പോൾ പ്രേമിക്കുന്നവർക്കു ഒരു പക്ഷെ സഹായം ആയേക്കാം എന്ന പ്രതീക്ഷയോടെ.
1. മതം ജാതി ഭാഷ വ്യത്യാസങ്ങൾ : പ്രണയ വിവാഹത്തിന്റെ സന്തോഷങ്ങൾ.
വിവാഹത്തിന് മുൻപ് ഞങ്ങളെ ഏറ്റവും കൂടുതൽ പേടിപ്പിച്ച മത ജാതി ഭാഷ വ്യത്യാസങ്ങൾ വിവാഹ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നതാണ് ഒന്നാം പാഠം. മാത്രമല്ല ഈ വ്യത്യാസങ്ങൾ കൊണ്ടുവരുന്ന സന്തോഷം വളരെ വലുതാണ്. ഒന്നാമത് നമുക്ക് ആഘോഷിക്കാൻ ഇരട്ടി ഉത്സവങ്ങൾ കിട്ടുന്നു, ഭാഷയുടെ ചെറിയ നുറുങ്ങു തമാശകളും, വ്യത്യസ്ത ആചാരങ്ങളും ജീവിതത്തെ വേറൊരു കാഴ്ചപ്പാടിൽ കാണാൻ നമ്മെ പ്രാപ്തരാക്കുന്നു.
ഒരു ചെറിയ ഉദാഹരണം, ഞാൻ താമസിക്കുന്ന പള്ളുരുത്തിയിൽ, നമ്മൾ എവിടെയെങ്കിലും പോകാൻ ഇറങ്ങിയാൽ,നീ എവിടെ പോകുന്നു എന്ന് എതിരെ വരുന്ന പരിചയക്കാരെല്ലാം ചോദിക്കുന്ന ഒരു പരിപാടി ഉണ്ട്, എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ അതൊരു അപശകുനം ആയിട്ടാണ് കണക്കാക്കുന്നത്. ചിലർ ഇത്തരം ചോദ്യം കേട്ടാൽ യാത്ര അവസാനിപ്പിച്ച്‌ തിരിച്ചു വീട്ടിൽ പോവും. നമ്മൾ എവിടെ എങ്കിലും പോയാൽ ഇവർക്കെന്താണ് എന്ന് ഇപ്പോഴും അവൾ ചോദിക്കാറുണ്ട് :)
2 . പ്രണയം എന്ന പുഴ
ഒരേ പുഴയിൽ രണ്ടു പ്രാവശ്യം ഇറങ്ങാൻ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. കാരണം പുഴ മാറിക്കൊണ്ടേയിരിക്കും. പ്രണയവും അത് പോലെ തന്നെയാണ്. നമ്മുടെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടേയിരിക്കും. ഒരുമിച്ചു ഒരു കുടക്കീഴിൽ ഇരുന്നു ചറ പറ വർത്തമാനം പറയുന്ന പ്രണയം ആ കാലത്തേ ശരി ആണെങ്കിൽ, അടുക്കളയിൽ ഒരുമിച്ചു ദോശയും വെള്ളയപ്പവും ചുടുന്ന പ്രണയം വിവാഹ ശേഷമുള്ള ശരി ആണ്.
നമ്മളും മാറും. സയൻസും കമ്പ്യൂട്ടർ സയൻസും ഇഷ്ടപെട്ട, പെട്ടെന്ന് ദേഷ്യം വരുന്ന , താന്തോന്നിയും വായാടിയും ആയി നടന്ന ഞാൻ തത്വ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവും സൈക്കോളജിയും ഇഷ്ടപെടുന്ന പലപ്പോഴും ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്ന ഒരാൾ ആയി മാറി. പ്രേമിക്കുന്ന സമയത്തു രാഷ്ട്രീയവും വായനയും ഒന്നും ഇല്ലാതിരുന്ന ഗോമതി സാപിയൻസ് എന്ന ബുക്ക് വായിക്കാൻ തുടങ്ങി എന്ന് പറയുന്പോൾ നിങ്ങൾക്ക് മാറ്റം ഊഹിക്കാം അല്ലോ.
പതിനേഴു വർഷം കഴിഞ്ഞു നോക്കുന്പോൾ പുതിയ രണ്ടു പേർ തമ്മിലുള്ള പ്രണയം ആണ് ഇപ്പോൾ നടക്കുന്നത്. മാറ്റം പതുക്കെയായതു കൊണ്ട് നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നെ ഉള്ളു, എല്ലാ ദിവസവും നിങ്ങൾ പ്രണയിക്കുന്നത് പുതിയ ഒരാളെ ആണ്.
3. പ്രണയമാകുന്ന കാർ.
പണ്ട് കാണുന്പോൾ പ്രണയത്തെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരുന്ന കാമുകീ കാമുകൻ മാരിൽ നിന്നും ഭാര്യയും ഭർത്താവും ആയി മാറുന്പോൾ, കുട്ടികളുടെ സ്കൂൾ കാര്യങ്ങൾ മുതൽ കറന്റ് ബിൽ അടക്കേണ്ട കാര്യങ്ങൾ സംസാരിക്കുന്ന രണ്ടു പേരായി മാറും. വിവാഹ ശേഷം കുറെ പേരുടെ പ്രേമം കരിഞ്ഞു പോകുന്നതിവിടെയാണ്.
വിവാഹം ഒരു പുതിയ കാർ വാങ്ങിക്കുന്ന പോലെയാണ് എന്നെനിക്കു ചിലപ്പോൾ തോന്നാറുണ്ട്, ആദ്യത്തെ അയ്യായിരം കിലോമീറ്റർ ഒരു പക്ഷെ ഒരു കുഴപ്പം ഇല്ലാതെ പോയേക്കാം, പക്ഷെ അത് കഴിഞ്ഞു ഓയിൽ മാറ്റുകയോ പുതിയ പെയിന്റ് അടിക്കുകയോ ചെയ്തില്ലെങ്കിൽ ഈ കാർ അധികം താമസിയാതെ നിന്ന് പോകും. പറഞ്ഞു വരുന്നത് നമ്മുടെ ഭാഗത്തു നിന്ന് ബോധപൂർവമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രണയം അധിക നാൾ നിലനിൽക്കില്ല. ഒരു പൂവ്, ഒരു ഉമ്മ, ഒരു കെട്ടി പിടുത്തം.. പ്രണയം ഒട്ടും വിലപിടിപ്പുള്ളതല്ല. പക്ഷെ പലരും മറന്നു പോകുന്ന കാര്യങ്ങൾ ആണിത്.
ഞങ്ങളുടെ കാര്യത്തിലും ഇത് പോലെ ഉള്ള പ്രണയ വരൾച്ചകൾ സംഭവിച്ചിട്ടുണ്ട്, അത് മറി കടക്കാൻ ഞങ്ങൾ കണ്ടു പിടിച്ച വഴി ദിവസം ഒരു അര മണിക്കൂർ ഞങ്ങൾക്ക് മാത്രമായി മാറ്റി വയ്ക്കുകയാണ്. വീടിനു അടുത്തുള്ള പാർക്കിൽ ഒരു നടത്തം, അല്ലെങ്കിൽ ഉറങ്ങുന്നതിനു മുൻപ് ഒരു ചെറിയ ചർച്ച. അന്ന് നടന്ന കാര്യങ്ങൾ, പണ്ട് നടന്ന തമാശകൾ. നീ സന്തുഷ്ടയാണോ, സന്തുഷ്ടനാണോ എന്നൊരു ചോദ്യം മാസത്തിൽ ഒരിക്കൽ...
4. പ്രണയത്തിന്റെ ഭാഷ
അഞ്ചു പ്രധാന പ്രണയ ഭാഷകൾ ഉണ്ടെന്നാണ് ഗാരി ചാപ്മാൻ തന്റെ പുസ്തകത്തിൽ പറയുന്നത്.
എ) Words of affirmation : പങ്കാളിയെ പുകഴ്ത്തി സംസാരിക്കുക
ബി) Quality time : പങ്കാളിക്കു മാത്രം ആയി സെൽ ഫോൺ എല്ലാം താഴെ വച്ച് സമയം ചിലവഴിക്കുക
സി) Acts of service : അടുക്കളയിൽ പാത്രം കഴുകി കൊടുക്കുന്ന മുതൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യാൻ പങ്കാളിയെ സഹായിക്കൽ വരെ
ഡി) Gift giving : സമ്മാനം കൊടുക്കൽ, നേരത്ത പറഞ്ഞ പോലെ ഒരു പൂവോ, പുസ്തകമോ പോലെ ഒരു ചെറിയ ഗിഫ്റ്, ഓർക്കാപുറത്തു കൊടുക്കുന്നത്
ഇ) Physical touch : കൈകൾ കോർത്ത് പിടിക്കുന്നത് വിവാഹ ശേഷം നിർത്തുന്നവരാണ് പലരും. ചുംബനം കിടക്കറയിൽ മാത്രം ഒതുക്കേണ്ട, അടുക്കളയിൽ ജോലി ചെയ്യുന്പോൾ, പുറകിലൂടെ വന്നു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് സിനിമയിൽ മാത്രമായി ഒതുക്കേണ്ട സീൻ അല്ല.
പ്രശ്നം നമുക്ക് നമ്മുടെ പങ്കാളിയുടെ പ്രണയ ഭാഷ മിക്കപ്പോഴും അറിയില്ല എന്നുള്ളതാണ്. വര്ഷങ്ങളോളം അടുക്കളയിൽ പാത്രം കഴുകിയ എന്നോട് physical touch ആണ് തന്റെ പ്രണയ ഭാഷ എന്ന് ഭാര്യ പറഞ്ഞപ്പോൾ ആണ് അത് വരെ കഴുകിയ പാത്രമെല്ലാം വെറുതെയായി പോയല്ലോ ദൈവമേ എന്ന് തോന്നിയത്. ഈ ചോദ്യം എന്റെ സുഹൃത്തുക്കൾ ആയ പല ദന്പതികളോടും ചോദിച്ച് ഒരു ചെറിയ സാമ്പിൾ സൈസ് സർവ്വേ നടത്തിയതിൽ നിന്ന് എനിക്ക് മനസിലായത് പല സ്ത്രീകൾക്കും physical touch ആണ് പ്രണയ ഭാഷ എന്നാണ്, അതെനിക്കൊരു പുതിയ അറിവായിരുന്നു.
പല ഇന്ത്യൻ ആണുങ്ങളും പ്രണയം പ്രകടിപ്പിക്കാൻ അറിയാത്തവർ ആണ്, അത് കൊണ്ട് തന്നെ മിക്ക ഭാര്യമാരും ഇതും ആയി പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ ഉപദേശ പ്രകാരം ഭാര്യയ്കു പൂ വാങ്ങി കൊടുത്ത ഒരു ഭർത്താവിനോട് ഭാര്യ ചോദിച്ചതു അവനു ആള് മാറി പോയോ എന്നാണ് :)
5. പ്രണയത്തിന്റെ സാമ്പത്തിക ശാസ്ത്രം.
ഭാര്യയും ഭർത്താവും ജോലി ചെയ്തു സന്പാദിക്കുന്നതു കൊണ്ടുള്ള ഒരു കാര്യം, സ്വതന്ത്രമായി ഒരു അഭിപ്രായം പറയുന്പോൾ ഒരു സാന്പത്തിക അടിത്തറ നൽകുന്ന സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതാണ്. പരസ്പരം യോജിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ ഇട്ടിട്ടു പോവാൻ ഉള്ള ഒരു സാന്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തവർ വിവാഹം കഴിക്കരുത് എന്ന അഭിപ്രായക്കാരാണ് ആണ് ഞാൻ, അത് ഇന്നത്തെ ഇന്ത്യയിൽ എത്ര പ്രായോഗികം ആണെന്ന് എനിക്കറിയില്ല. സാന്പത്തിക സ്വാതന്ത്ര്യം ഇല്ലാതെ പെൺകുട്ടികൾ പ്രത്യേകിച്ചും ഒരു പ്രണയ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്പോൾ ഈ ബന്ധം വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്നോർക്കുന്നതു നല്ലതു. സ്ത്രീ സാന്പത്തിക സ്വാതന്ത്ര്യം പ്രണയ വിവാഹത്തിൽ മാത്രമല്ല എല്ലാ വിവാഹ ബന്ധങ്ങളിലും പ്രധാനമാണ്.
6. പ്രണയത്തിന്റെ വെൻ ഡയഗ്രം.
കല്യാണം കഴിച്ചു കഴിയുന്പോൾ പെട്ടെന്ന് നമ്മൾ തിരിച്ചറിയുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേതാണ്, അത് വരെ നമ്മൾ നമുക്ക് ഇഷ്ടപെട്ട കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത് എന്ന്. പക്ഷെ ലോകത്തിലെ മറ്റു എല്ലാ മനുഷ്യരെയും പോലെ നമ്മൾ തീർത്തും വ്യത്യസ്തരായ, വ്യത്യസ്‍ത ജീവിത സാഹചര്യങ്ങളി ജനിച്ചു വളർന്ന വളരെ അധികം വ്യത്യാസങ്ങൾ ഉള്ള രണ്ടു പേരാണ്. ഗോമതി കർണാടക സംഗീതം പഠിച്ചു അരങ്ങേറ്റം നടത്തിയ ഒരാൾ ആണെങ്കിൽ ഞാൻ ആലപ്പുഴ സ്റ്റേഷനിൽ ശാസ്ട്രീയ സംഗീതം വരുന്പോൾ തൃശൂർ സ്റ്റേഷനിലേക്ക് സിനിമ പാട്ടു കേൾക്കാൻ വേണ്ടി നോബ് തിരിച്ചിരുന്ന മനുഷ്യൻ ആണ്. പിന്നീട് ഞങ്ങളുടെ രണ്ടു പേരുടെ അഭിരുചിയും മാറിയെങ്കിലും അടിസ്ഥാനപരം ആയി വളരെ വ്യത്യാസങ്ങൾ ഉള്ളവരാണ് ഞങ്ങൾ.
സ്കൂളിൽ പഠിച്ച വെൻ ഡയഗ്രം വരക്കുകയാണെങ്കിൽ മൂന്നു വ്യത്യസ്ത ഭാഗങ്ങൾ നമുക്ക് കാണാൻ കഴിയും. ഭാര്യയ്ക്ക് ഇഷ്ടപെട്ട കാര്യങ്ങൾ, ഭർത്താവിന് ഇഷ്ടപെട്ട കാര്യങ്ങൾ, രണ്ടു പേർക്കും ഇഷ്ടപെട്ട കാര്യങ്ങൾ. ഞങ്ങളുടെ കാര്യത്തിൽ രണ്ടു പേർക്കും ഇഷ്ടപെട്ട വളരെ ഏറെ കാര്യങ്ങൾ ഉണ്ട്, യാത്ര പോകുന്നത് മുതൽ, പാചകവും, സംഗീതവും വരെ. പക്ഷെ നൃത്തം, പടം വര തുടങ്ങി അവൾക്കു മാത്രം ഇഷ്ടപെട്ട കാര്യങ്ങളും, എഴുത്ത് രാഷ്ട്രീയം തുടങ്ങി എനിക്ക് മാത്രം ഇഷ്ടപെട്ട കാര്യങ്ങളും ഉണ്ട്.
വിവാഹ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമുക്ക് രണ്ടു പേര്ക്കും ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുന്നത മാത്രം അല്ല, മറിച്ചു രണ്ടു പേർക്കും സ്വതന്ത്രമായ ഇടം കൊടുക്കൽ കൂടി ആണ്. അവരവരുടെ സ്വന്തം ഇടം നഷ്ടപ്പെടുത്തൽ അല്ല വിവാഹം. വിവാഹ ശേഷം ഒറ്റയ്ക്ക് യാത്ര പോകുന്നതും, അവരവർക്കു ഇഷ്ടപെട്ട കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതും, പ്രണയം വളർത്തുകയെ ഉള്ളു.
കാലം കടന്നു പോകുന്പോൾ നമ്മുടെ പങ്കാളികളുടെ ഇഷ്ടങ്ങൾ നമ്മുടെ ഇഷ്ടമായി മാറുന്നതും സംഭവിക്കും, ഞാൻ പാചകം ഇഷ്ടപ്പെട്ടു തുടങ്ങിയത് അങ്ങിനെ ആണ്.
വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ ബഹുമാനിക്കലാണ്, അത് നമ്മൾ സമ്മതിക്കുന്നതോ എതിർക്കുന്നതോ ആയ കാര്യങ്ങളിൽ സ്വന്തമായി ഒരു അഭിപ്രായം ഉണ്ടാവാൻ എല്ലാ സ്വാതന്ത്ര്യങ്ങളും ഉള്ള ഒരു വ്യക്തി ആണ് പങ്കാളി എന്നോർക്കുക.
7. എങ്ങിനെ വഴക്കിടണം
എന്റെ ഏറ്റവും വീക്ക് പോയിന്റ് ആയിരുന്നു ഇത്. ഇഷ്ടപെടാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ ഇരിക്കുക, വഴക്കിട്ടാൽ മിണ്ടാതിരിക്കുക തുടങ്ങിയ ബാലിശമായ കാര്യങ്ങൾ ആയിരുന്നു തുടക്കത്തിൽ എന്റെ ആയുധങ്ങൾ. പക്ഷെ ഈ കാര്യത്തിൽ ഗോമതിക്കു കൂടുതൽ ബുദ്ധി ഉണ്ടായിരുന്നു. എന്ത് വന്നാലും സംസാരിച്ചു തീർക്കണം എന്ന് പറഞ്ഞു തന്നത് അവളാണ്. അങ്ങിനെ ആണ് രണ്ടു മൂന്നു തീരുമാനങ്ങൾ എടുത്തത്. ഒന്ന്, കുട്ടികളുടെ മുൻപിൽ വഴക്കിടരുത്, രണ്ട് എന്ത് പ്രശ്നം ആണെങ്കിലും ഉറങ്ങുന്നതിനു മുൻപ് പറഞ്ഞു തീർക്കണം. ഇപ്പോഴും വഴക്കിടുന്പോൾ, ആണുങ്ങൾ പലരും ചെയ്യുന്ന, തങ്ങളുടെ ആർക്കും തുറക്കാൻ പറ്റാത്ത ഗുഹയിൽ പോയിരിക്കൽ എല്ലാം ഞാൻ ചെയ്യാറുണ്ടെങ്കിലും ഭൂരിപക്ഷ വ്യത്യാസങ്ങളും തുറന്നു പറഞ്ഞു തീർക്കാൻ പറ്റുന്നുണ്ട്. അത് കൊണ്ട് പ്രണയ വിവാഹത്തിൽ അത്യാവശ്യം ആയ ഒന്നാണ് പരസ്പരം വേദനിപ്പിക്കാതെ വഴക്കിടാൻ പഠിക്കുന്നത്.
പറഞ്ഞു വരുന്പോൾ ഒരു പുസ്തകം എഴുതുവാൻ മാത്രമുള്ള കാര്യങ്ങൾ ഉണ്ട്, ഒരു പോസ്റ്റിൽ ഒതുക്കാൻ ബുദ്ധിമുട്ടാണ്. ഇനിയുള്ള വർഷങ്ങളിൽ ഇനി എന്തൊക്കെ പഠിക്കാൻ കിടക്കുന്നു...
പക്ഷെ ഒന്ന് ഉറപ്പാണ് പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർ മരണം വരെ കൂടെ നടക്കാം എന്ന് പറഞ്ഞു തുടങ്ങുന്ന ഈ യാത്ര തന്നെയാണ് ജീവിതം ധന്യമാക്കുന്നതു. ഇതെല്ലം പ്രണയിച്ചു വിവാഹം കഴിച്ചവരുടെ മാത്രം കാര്യമല്ല, വിവാഹശേഷം പ്രണയിച്ചു തുടങ്ങിയ ഭൂരിപക്ഷത്തിന്റെ കാര്യം കൂടിയാണ്.
ദിവ്യയ്‌ക്കും ശബരിക്കും, ഈ വഴികളിൽ മുന്നേ നടന്ന രണ്ടു പേരുടെ ആശംസകൾ. വൈവിധ്യങ്ങളുടെ ആഘോഷമാവട്ടെ ജീവിതം!

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...