Tuesday, August 8, 2017

പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208999835825102

2017 June 15


ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ.

പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ, കുളിപ്പിക്കുന്നത് എന്നെല്ലാം ഒരു ഡമ്മി പാവ ഉപയോഗിച്ച് പറഞ്ഞു തരും.

പ്രസവ സമയത്ത് ഭർത്താവു കൂടെ ഉണ്ടാവും എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു കുട്ടി ജനിക്കുന്നത് വളരെ മനോഹരം ആയ സംഭവം ആണെന്നെല്ലാം ഉള്ള ആണുങ്ങളുടെ വിചാരം മാറ്റണം എങ്കിൽ ഒരു പ്രസവം നേരിട്ട് കാണണം. വേദന ഉച്ചസ്ഥായിയിൽ എത്തുന്പോൾ ഭാര്യയുടെ വായിൽ നിന്ന് ചീത്ത കേൾക്കാതിരുന്നാൽ ഭാഗ്യം. പ്രസവിക്കുന്ന ഓരോ സ്ത്രീയെയും പൂവിട്ടു പൂജിക്കാൻ തോന്നും പ്രസവം നേരിട്ട് കണ്ടു കഴിയുന്പോൾ. പക്ഷെ നമ്മുടെ നാട്ടിൽ പ്രസവം സ്ത്രീയുടെ മാത്രം ഏർപ്പാടാണ്. നാട്ടിൽ ഗൈനെക്കോളജിസ്റ്റിന്റെ അടുത്ത് പോലും ഭാര്യയുടെ കൂടെ പോയ എന്നെ ഒരു വിചിത്ര ജീവിയെ പോലെ ആണ് ഡോക്ടറും, മറ്റു സ്ത്രീകളും നോക്കിയത്. ഒരേ ഒരു പുരുഷൻ ഞാനായിരുന്നു, എന്നോട് പുറത്തിരിക്കാൻ പറഞ്ഞിട്ടാണ് ഡോക്ടർ ഭാര്യയെ പരിശോധിയ്ക്കാൻ തുടങ്ങിയത് തന്നെ.
കുട്ടി ജനിച്ചു കഴിയുന്പോൾ ആണ് തമാശ. നമ്മൾ ചിത്രങ്ങളിലും മറ്റും കാണുന്ന ഭംഗിയുള്ള മിടുക്കൻ കുട്ടി പുറത്തേക്കു വരും എന്ന് വിചാരിച്ചു നോക്കുന്ന നമ്മൾ കാണുന്നത്, മുഴുവൻ "വേകാത്ത", ദേഹം മുഴുവൻ ചില പാടകൾ എല്ലാം ഒട്ടിപ്പിടിച്ച, മനുഷ്യകുഞ്ഞ് തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുന്ന ഒരു ജീവിയാണ്. അതിനെ തുടച്ചു മിനുക്കി എടുത്തു നമ്മുടെ മനസ്സിൽ ഉള്ള ഒരു രൂപം ആക്കി മാറ്റാൻ ഒന്ന് രണ്ടു ദിവസം പിടിക്കും.

ആദ്യത്തെ ദിവസങ്ങളിലെ മുലപ്പാൽ (Colostrum) കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യം ആണ്. നമ്മുടെ നാട്ടിൽ ചിലർ വിവരക്കേട് കൊണ്ട് ഇത് പിഴിഞ്ഞ് കളയാൻ പറയും എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ വീട്ടിൽ തന്നെ പ്രസവം കഴിഞ്ഞാൽ വെള്ളം അധികം കുടിക്കരുത് എന്നൊക്കെ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യം ആണ്.
സ്ത്രീകൾ ശാരീരികമായി ഏറ്റവും തളർന്നിരിക്കുന്ന സമയം ആണ് പ്രസവം കഴിഞ്ഞുള്ള ദിവസങ്ങൾ. എന്റെ കാര്യത്തിൽ കുട്ടിയെ പിടിക്കാൻ ഭാര്യയ്ക്ക്ക് പേടി ആയതു കൊണ്ട്, ഞാൻ ആണ് മുഴുവൻ സമയവും നോക്കിയത്. മുൻപ് പങ്കെടുത്ത ക്ലാസുകൾ ഉപകാരം ആയി. അടുക്കളയിൽ ഒരു ബേബി ബാത്ത് ടബ്ബിൽ വച്ച് സ്പോഞ്ജ് വെള്ളത്തിൽ മുക്കി ദേഹം മുഴുവൻ തുടച്ചാണ്‌ ആദ്യ ദിവസങ്ങളിലെ കുളിപ്പിക്കൽ നടത്തിയിരുന്നത്, കുറച്ചു ദിവസം കഴിഞ്ഞ് പൊക്കിൾ കൊടി ഉണങ്ങി കഴിഞ്ഞാണ് വെള്ളം ഒഴിച്ച് കുളിപ്പിക്കാൻ തുടങ്ങിയത്. നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒരു പ്രവണത, കുട്ടിയെ നോക്കാൻ ഒരു ആയയെ വയ്ക്കുന്നതാണ്, മിക്കപ്പോഴും ഇവർക്ക് ശിശു പരിപാലനത്തിൽ ഒരു വിവരവും ഉണ്ടായിരിക്കില്ല. ചില കുട്ടികളെ എല്ലാം ദേഹം മുഴുവൻ ഉഴിയുന്നതും, ഭക്ഷണ കാര്യത്തിൽ ഉൾപ്പെടെ കേട്ടുകേൾവി വച്ച് തികച്ചും അശാസ്ത്രീയമായ കാര്യങ്ങൾ ഇങ്ങിനെ ഉള്ളവർ ചെയ്യുന്നതും എല്ലാം കണ്ടിട്ടുണ്ട്. കുട്ടിയെ നോക്കാൻ ഏറ്റവും നല്ലതു കുട്ടിയുടെ അച്ഛനും അമ്മയും തന്നെയാണ്. അതിന്റെ ഒരു പ്രധാന കാരണം കുട്ടിയും മാതാ പിതാക്കളും ആയി ഉണ്ടാവുന്ന മാനസിക അടുപ്പം ആണ്. ഇന്നും വളർന്നു വലുതായെങ്കിലും നിതിനെ കാണുന്പോഴെല്ലാം എന്റെ മനസ്സിൽ ആദ്യമായി എന്റെ കൈയിൽ കിട്ടിയ ചെറിയ കുട്ടിയെ ആണ് ഓർമ വരുന്നത്.

കുട്ടിയെ നോക്കുന്നത് പോലെ തന്നെ പ്രധാനം ആണ് അമ്മയെ നോക്കുന്നതും. അത് വരെ ചായ പോലും തിളപ്പിച്ചിട്ടില്ലാത്ത ഞാൻ സാന്പാർ ഉണ്ടാക്കാൻ വരെ പഠിച്ചത് ഈ സമയത്താണ്. മാനസികമായ സപ്പോർട്ട് ഏറ്റവും വേണ്ടതും ഈ സമയത്തു തന്നെ. ഇവിടെ പ്രസവം ഒരു സാധാരണ സംഭവം ആയി കണക്കാക്കുന്നത് കൊണ്ട്, നാട്ടിലെ പോലെ മാസങ്ങളോളം പ്രസവ ശുശ്രൂഷ ഇല്ല. സാധാരണ പ്രസവങ്ങൾക്കു രണ്ടു ദിവസം കൊണ്ട് ഡിസ്ചാർജ് ചെയ്യും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ ചെയ്യാൻ കഴിയുന്ന ജോലികൾ ചെയ്തു തുടങ്ങാം. കൊഴുപ്പും മറ്റും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ആണ് പ്രധാനം.

ഗർഭിണി ആകുന്നതു പെണ്ണ് മാത്രം ആയിരിക്കരുത്, മനസ്സിൽ ആണും ഗർഭം ധരിക്കുകയും പ്രസവിക്കുകയും വേണം.എന്റെ മകനെ ഇങ്ങിനെ നോക്കിയ ആ ദിവസങ്ങൾ ആയിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ എന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ മനസിലാകുന്നു. നമ്മുടെ നാട്ടിൽ ആണുങ്ങൾക്കാണ് ഗർഭ കാല നിർദ്ദേശങ്ങൾ കൂടുതൽ വേണ്ടത്.

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...