Monday, August 7, 2017

വരാന്ത

 
2017 July 17

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസം ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു.
"ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുന്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം."
അതിനു ഞാൻ ഇങ്ങിനെ മറുപടി എഴുതി
"പ്രിയ കാതറിൻ , എല്ലാ വിധ ആശംസകളും നേരുന്നു, ഞങ്ങൾ തീർച്ചയായും പോർട്ടുഗൽ കാണാൻ വരും, വരാന്തയിൽ താമസിക്കുകയും ചെയ്യും. കാരണം എന്റെ ഭാഷയായ മലയാളം നിങ്ങളുടെ ഭാഷയിൽ നിന്ന് കടം കൊണ്ട ഒരു വാക്കാണ് വരാന്ത. മൈലുകൾക്കപ്പുറം രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽ ഒരേ വാക്ക് കൊണ്ട് ഒരേ കാര്യം അർത്ഥമാക്കുന്ന ഇടത്തിൽ താമസിക്കുക എന്നത് എന്റെ ഭാഷയുടെ ചരിത്രത്തിന്റെ നേർക്കാഴ്ച കൂടി ആവും ഞങ്ങൾക്ക്."
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും മറു ഭാഷകളിൽ നിന്ന് വളരെ അധികം കടം കൊണ്ട ഒരു ഭാഷയാണ് നമ്മുടെ മലയാളം. പ്രോട്ടോ ദ്രാവിഡീയനിൽ നിന്ന് ഉത്ഭവിച്ചു പ്രോട്ടോ തമിഴ് മലയാളം എന്ന ശാഖയിൽ നിന്ന് മലയാളവും തമിഴും ആയി വേർതിരിഞ്ഞതിന് ശേഷം സംസ്‌കൃതത്തിൽ നിന്നും കുറെ വാക്കുകൾ കടമെടുത്തത് കൊണ്ട് തമിഴ് സംസ്‌കൃത വാക്കുകൾ ധാരാളം നമ്മുടെ ഭാഷയിൽ ഉണ്ട്. ഭാഷ എന്ന വാക്ക് തന്നെ സംസ്‌കൃത മൂലം ആണ്. ആത്മാവും മനുഷ്യനും ജനനവും പുസ്തകവും സഞ്ചാരവും എല്ലാം സംസ്‌കൃത വാക്കുകൾ ആണ്. ഒരേ ശാഖയിൽ നിന്നുത്ഭവിച്ച് അനേകം വാക്കുകൾ പൊതുവായി ഉള്ളത് കൊണ്ട് തമിഴിൽ നിന്നുള്ള വാക്കുകൾ പ്രത്യകം പറയുന്നില്ല.
കപ്പയും റബ്ബറും പുറത്തു നിന്ന് രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളികൾനമ്മുടെ നാട്ടിൽ വന്ന വിദേശ ഭാഷകളിൽ നിന്നുള്ള വാക്കുകളാൽ മലയാളത്തെ സന്പന്നമാക്കി. കുറെ ഏറെ വാക്കുകൾ ആദ്യമായി നമ്മുടെ നാട്ടിൽ വന്ന പോർട്ടുഗീസ് ഭാഷയിൽ നിന്നായിരുന്നു. അലമാരയും അൾത്താരയും ചായയും മുതൽ ജനാലയും കളസവും വരെ, കസേരയും കശുവണ്ടിയും കടലാസും മുതൽ ഞാൻ പഠിച്ച സൈന്റ്റ് ആന്റണീസ് സ്കൂൾ സ്ഥിതി ചെയ്തിരുന്ന കൊവേന്ത ജംഗ്ഷനിലെ കൊവേന്ത വരെ, മേശയും പേനയും മുതൽ സെമിത്തേരി വരെ, വരാന്ത മുതൽ വിനാഗിരി വരെ.
കക്കൂസ് മുതൽ തപാല് വരെയുള്ള വാക്കുകൾ പിന്നീട് വന്ന ഡച്ച് കാരുടെ അടുത്ത് നിന്ന് നാം സ്വീകരിച്ചു. മദാമ്മയും മാഷും പിന്നീട് വന്ന ഇംഗ്ലീഷുകാരുടെ കയ്യിൽ നിന്ന്.
അതിനും ആയിരം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന മിഡിൽ ഈസ്റ്റ് ബന്ധവും കുറെ വാക്കുകൾ നമുക്ക് തന്നു. അമ്മയും അപ്പനും മുതൽ കുർബാനയും കത്തനാരും വരെ. ബാക്കിയും ഹർജിയും മുതൽ വക്കീലും ദല്ലാളും അറബിയിൽ നിന്ന് വന്നു. പറഞ്ഞു വരുന്പോൾ ഒരു വലിയ ലിസ്റ്റ്.
ഇങ്ങിനെ ഉള്ള ഈ ഭാഷയാണ് എന്നെ ആസ്വാദനത്തിന്റെയും സങ്കല്പങ്ങളുടെയും അത്ഭുത ലോകത്തേക്ക് കൊണ്ട് പോയത്. നാലാം ഫോറം വരെ മാത്രം പഠിച്ച എന്റെ ബാപ്പ കൊവേന്തയിലെ നിർമല ലൈബ്രറിയിലെ അൻപത്തി നാലാം അംഗം ആയിരുന്നു. ആലീസിന്റെ അത്ഭുത ലോകം എന്റെ മുന്നിൽ തുറന്നത് നിർമല ലൈബ്രറി ആയിരുന്നു.
ബഷീറിന്റെ കഥകളിൽ ആയിരുന്നു തുടക്കം. തനിക്ക് വ്യാകരണം അറിയില്ല എന്ന് പറഞ്ഞു കൊണ്ട് സ്വന്തം ഭാഷയെ ലോകോത്തരം ആക്കിയ ഒരാൾ. ബാല്യകാല സഖിയിലെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്നത്, അമേരിക്കയിൽ എന്റെ മകന്റെ ക്ലാസ് ടീച്ചറിനോട് സംസാരിക്കുന്നതു വരെ, വെറും ഒരു തമാശ ആണെന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. അതികഠിനമായ സത്യങ്ങളെ ഇത്ര സരളമായി പറഞ്ഞ ഒരു കഥാകൃത്തിനെയും ഞാൻ പിന്നീട് വായിച്ചിട്ടില്ല. പ്രേമലേഖനത്തിലെ സാറാമ്മയെ പോലെ ഫെമിനിസ്റ്റ് ആയ ഒരു കഥാപ്രത്രം അന്നത്തെ കാലഘട്ടത്തിൽ വളരെ മുന്നേ നടന്ന ഒന്നായിരുന്നു. എഴുത്തും ജീവിതവും വേർതിരിക്കാത്ത, വെളിവും ഭ്രാന്തും വേർതിരിക്കാത്ത ഒരു ജീവിതം കൂടി ആയിരുന്നു അദ്ദേഹത്തിന്റേത്. അനൽ ഹഖ് എന്ന് അദ്ദേഹം പറയുന്പോൾ തത്വചിന്തകളും ഭാഷയും മതവും എല്ലാം അതിൽ ഒരുമിച്ചു ചേർന്നു.
ബഷീറിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ "ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും" ആയ സമയത്താണ് എം മുകുന്ദൻ ഹരിദ്വാറിൽ മണി മുഴക്കുന്നത്. ഡൽഹിയും, മയ്യഴി പുഴയുടെ തീരങ്ങളും മറ്റും ആർത്തിയോടെ വായിച്ചു തീർത്തു. മയ്യഴി പുഴ വായിക്കുന്പോൾ ദാസൻ ഞാനായി മാറുന്ന അത്ഭുതം ആയിരുന്നു സംഭവിച്ചത്.
ബാലചന്ദ്രന്റെ കവിതകളും മനസിനെ പിടിച്ചു കുലുക്കിയത് ഈ മലയാളത്തിൽ തന്നെയാണ്.
"ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എനിക്കാനന്ദമോമലേ..
എന്നെന്നുമെൻ പാന പത്രം നിറയ്ക്കട്ടെ നിന്നസാനിധ്യം പകരുന്ന വേദന" എന്നുള്ള വരികൾ കോളേജിലെ ഡെസ്കിൽ കോറിയിട്ടിരുന്നത് "അന്തമാം സംവത്സരങ്ങൾക്കക്കരെ അന്ധമെഴാത്തതാം ഓർമകൾക്കക്കരെ" ഒരു പക്ഷെ ഇപ്പോഴും അവിടെ കാണും. ചില ക്യാമ്പുകളിൽ വച്ച് കേട്ട ഡി വിനയചന്ദ്രൻ സാറിന്റെ കവിതാ പാരായണ സദസ്സുകൾ വേറിട്ട ഒരു അനുഭവം ആയിരുന്നു എനിക്ക്.
"നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നൂ .. " എന്ന പൂവച്ചൽ ഖാദറിന്റെ വരികൾ ഒരു പോസ്റ്റ് കാർഡിൽ ആദ്യത്തെ പ്രണയ ലേഖനമായി കിട്ടിയപ്പോൾ ആണ് മലയാളത്തിന്റെ സിനിമ ഗാനശാഖയുടെ അർത്ഥ ഭംഗി മനസിലായത്. നീല ജലാശയത്തിൽ "ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി"... എത്രയെത്ര ഗാനങ്ങൾ..."ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടെ" എന്ന് തോന്നിപ്പിക്കുന്ന വരികൾ. വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും മറ്റും പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴാണ് നമ്മുടെ ഇപ്പോഴുള്ള ഗാന രചയിതാക്കളെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത് :)
എൻ എൻ പിള്ളയുടെ "ഞാൻ" എന്ന ആത്മ കഥ വായിച്ചിട്ടുണ്ടോ? രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രം കൂടിയാണത്, ജപ്പാൻ ബർമയിലും മലേഷ്യയിലും കാണിച്ചു കൂട്ടിയ തെമ്മാടിത്തരങ്ങളുടെയും സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ INA നടത്തിയ പ്രവർത്തനങ്ങളുടെയും മാത്രം അല്ല, സാധാരണക്കാരായ പച്ചമനുഷ്യരുടെ കഥകൾ കൂടിയാണത്. പലതും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ.
ചെറുകഥയുടെ വസന്ത കാലവും മലയാളത്തിലുണ്ടായി. ടി പദ്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ കൂടെ ഞാൻ തന്നെയല്ലേ അന്ന് സിനിമ കാണാൻ ഇരുന്നത്? ഗൗരിയും കടലും അദ്ദേഹത്തിന്റെ ക്ലാസിക്കുകൾ തന്നെ ആയിരുന്നു. എൻ മോഹനൻ ആയിരുന്നു കാത്തിരുന്ന് വായിച്ച മറ്റൊരു കഥാകൃത്ത്.
എം ടി യെ കുറെ കഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഷെർലക് എന്ന ചെറുകഥ ഇപ്പൊൾ അമേരിക്കയിൽ ഇരുന്നു വായിക്കുന്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എത്ര ആഴത്തിൽ ഉള്ളതാണെന്ന് മനസ്സിലാവുന്നു. രണ്ടാമൂഴം വായിച്ചപ്പോൾ കുട്ടിക്കൃഷ്ണ മാരാരുടെ ഭാരത പര്യടനം ഓർത്തു. എത്ര അനായാസം ആണിവർ പുരാണങ്ങളെ എടുത്തു മറ്റൊരു വശം കാണിച്ചു തരുന്നത്.
ഇന്റർനെറ്റും ഇന്നത്തെ പോലെ യാത്ര സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് മലയാളിയെ ലോക സഞ്ചാരത്തിന് കൊണ്ട് പോയ എസ കെ പൊറ്റെക്കാട്ട് ഒരു വിസ്മയം തന്നെയാണ്. അദ്ദേഹം പോയ വഴികളിലൂടെ ഈ കാലത്ത് പോലും ഇനിയാർക്കും സഞ്ചരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അതിന്റെ കൂടെ ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയ ഒരു വിജ്ഞാന ഭണ്ഡാരം ആണ് അദ്ദേഹത്തിന്റെ കൃതികൾ.
KPAC യുടെ നാടകങ്ങൾ, സാംബശിവന്റെ കഥാപ്രസംഗം, ഓട്ടൻ തുള്ളൽ, കഥകളി, അന്പലപറന്പിൽ കപ്പലണ്ടി വിറ്റിരുന്ന എന്റെ ഏറ്റവും വലിയ പേടിയായ ചാക്യാർ കൂത്ത് ( കപ്പലണ്ടിക്കാരെ ആണ് അവർ സാധാരണ ലങ്കയിലേക്ക് പോകുന്ന ഹനുമാൻ ആക്കുന്നത് ) മലയാളം കൈ വെക്കാത്ത കലാ ശാഖകൾ ഉണ്ടോ?
സേതുമാധവനും പദമരാജനും മുതൽ ദിലീഷിൽ എത്തി നിൽക്കുന്ന മലയാള സിനിമ. ലോകത്തിന് മുൻപിൽ അഭിമാനത്തോടെ പറയാവുന്ന സിനിമകൾ. മജീദ് മജീദി മുതൽ കോഹെൻ ബ്രദർസിന്റെ വരെ സിനിമകൾ കാണുന്ന പ്രേക്ഷകരും.
പ്രണയം അസ്ഥിയിൽ പിടിച്ചു നിന്ന ഒരു സമയത്താണ് പെരുന്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ വായിച്ചത് എല്ലാ രാജ്യത്തും പ്രേമിക്കുന്നവർ കടന്നു പോകുന്നത് ഒരേ മാനസികാവസ്ഥയിൽ ആണെന്ന് മനസിലാക്കിയതന്നാണ് ...
ടിഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും ബെന്യാമിന്റെ ആട് ജീവിതവും മഞ്ഞ വെയിൽ മരണങ്ങളും മറ്റും മലയാളം ദേശത്തിന് പുറത്തേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കുന്നു. ഫേസ്ബുക്കിൽ ആണ് ഏറ്റവും വലിയ വിപ്ലവം നടക്കുന്നത്. എന്തെല്ലാം ആശയങ്ങൾ ഏതെല്ലാം കഥകൾ. എത്രയെത്ര എഴുത്തുകാർ... മലയാളം ഭാഗ്യം ചെയ്ത ഭാഷയാണ്...
സ്കൂളിൽ പഠിക്കുന്പോൾ ഉപമയും ഉൽപ്രേക്ഷയും മഞ്ജരിയും കാകളിയും എല്ലാം കാണാതെ പഠിക്കേണ്ടത് മൂലം മലയാളം വെറുത്ത് പോയ ഒരാളാണ് ഞാൻ. നിർമല ലൈബ്രറിയിൽ പോയില്ലായിരുന്നെങ്കിൽ എന്റെ ഭാഷാ സ്നേഹത്തിന്റെ കഥ വേറെ ഒന്നാവുമായിരുന്നു. ഇക്കാലത്തെ സ്കൂൾ മലയാളം സിലബസ് എനിക്കറിയില്ല, പക്ഷെ സ്കൂൾ മലയാളം സിലബസിൽ നിന്ന് ഉപമയും ഉൽപ്രേക്ഷയും മഞ്ജരിയും മറ്റും എടുത്തു മാറ്റി നല്ല നല്ല കഥകളും കവിതകളും കുട്ടികളെ പഠിപ്പിച്ചാൽ മലയാളത്തെ സ്നേഹിക്കുന്ന, പരിപോഷിപ്പിക്കുന്ന ഒരു തലമുറ ഇനിയും വളർന്നു വരും.
"മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ" എന്നെല്ലാം അവർക്ക് വേണമെങ്കിൽ മലയാളം ഐച്ഛിക വിഷയം ആയി എടുക്കുക ആണെങ്കിൽ പിന്നീട് പഠിക്കാമല്ലോ.
അമ്മ മലയാളത്തിന് എന്റെ കൂപ്പുകൈ.
Note :
മലയാളം വാക്ക് - Original Portuguese form
ആയ - aia
അലമാര - armário
അള്ത്താര - altar
അണ്ണാറ, അണ്ണാറച്ചക്ക - ananás
അസേന്തി - assistente
ബോർമ, ബോർമ്മ - forno
കപ്പിത്താന് - capitão
ചായ - chá
ചാവി - chave
ചാക്ക്‌ - saco
ഇസ്തിരി - estirar
ഇസ്കൂള് - escola
ജനാല - janela
കളസം - calção
കപ്പേള - capela
കാപ്പിരി - cafre
കറൂപ്പ് - garoupa
കസേര - cadeira
കശുവണ്ടി - caju
കടലാസ്‌ - cartaz
കദ്രീഞ്ഞ - cadeirinha
കോപ്പ - copo
കൊവേന്ത - convento
കുമ്പാരി - compadre
കുരിശ്‌ - cruz
കുശിനി - cozinha
കുനീല് - funil
ലേലം - leilão
മരയ്ക്കാര്‍ - marinheiro
മേശ - mesa
മേസ്തിരി - mestre
നോന - dona
ഓസ്തി - hóstia
പാനോസ് - panos
പാര - barra
പാതിരി - padre
പാത്രം - prato
പദ്രിഞ്ഞപ്പൻ - padrinho
പദ്രിഞ്ഞമ്മ - madrinha
പപ്പാഞ്ഞി - Papai Noel
പേന - pena
പേര - pera
പിക്കാസ് - picão
പീലാസ് - afilhado
റാന്തല് - lanterna
റാത്തല് - arrátel
റേന്ത - renda
സാത്താന് - satan
സവാള, സവോള - cebola
സെമിത്തേരി - cemitério
തമ്പാക്ക് - tabaco
താൾ - talão
തിര - tiro
തീരുവ - tarifa
തൊപ്പി - topo
തൂവാല - toalha
നങ്കൂരം - âncora
ലേസ്, കൈലേസ് - lenço
വാത്ത - pato
വാര - vara
വരാന്ത - varanda
വീപ്പ - pipa
വീഞ്ഞ് - vinho
വികാരി - vigário
വിനാഗിരി - vinagre
നോട്ട് 2 : നിങ്ങൾക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട കഥയോ കവിതയോ നോവലോ എഴുത്തുകാരോ ഉണ്ടെങ്കിൽ കമന്റ് ചെയ്യാമോ?
നോട്ട് 3 : ശാസ്ത്രം സാങ്കേതിക വിദ്യ എന്നിവയിൽ മലയാളം ഇനിയും ഏറെ മുന്നേറാനുണ്ട്. എൻ വി കൃഷ്ണവാര്യരും മറ്റും ഈ കാര്യത്തിൽ ഏറെ പ്രയത്നം എടുത്തത്തിട്ടുണ്ട്, പക്ഷെ പുതിയതായി അധികം വാക്കുകൾ കൂട്ടി ചേർക്കപെടുന്നില്ല.
നോട്ട് 4 : https://en.wikipedia.org/wiki/List_of_loanwords_in_Malayalam
Note 5 : വരാന്തയുടെ വെബ്സൈറ്റ് : http://varandas.com/homepage/

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...