Tuesday, August 8, 2017

നടൻ ശ്രീനിവാസന് ഒരു തുറന്ന കത്ത്

https://www.facebook.com/Hussain.Kizhakkedathu/posts/10208914722777329

2017 June 5


കന്പപൊടി കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവ് തിന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ, ആഴ്ചയിൽ ഒരിക്കൽ, ഞങ്ങൾ കുട്ടികൾ പൂറോസ് എന്ന് ചുരുക്കി വിളിച്ചിരുന്ന സേക്രഡ് ഹാർട്ട് പുവർ ഹൌസിൽ നിന്നും എല്ലാവർക്കും കന്പപൊടി ഉപ്പുമാവ് കിട്ടുമായിരുന്നു. നല്ല മുളകും കടുകും വറുത്തിട്ട ഇത് ഇന്ത്യയിലെ പട്ടിണി മാറ്റാൻ അമേരിക്കയുടെ സംഭാവന ആയിരുന്നു. വെള്ളി നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കിനു മുകളിൽ നീല നിറത്തിൽ എഴുതിയ USA എന്ന അക്ഷരങ്ങൾ എനിക്കിന്നും ഓർമയുണ്ട്. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷയും ഉച്ചക്കഞ്ഞിയും എല്ലാം വരുന്നതിന് മുൻപായിരുന്നു അത്. വികസനത്തിലേക്ക് ഇന്ത്യ കുതിക്കാൻ തുടങ്ങുന്നതിനും നരസിംഹ റാവു ഗൺമെൻറ് ഇന്ത്യൻ വിപണി ലോകത്തിന് മുന്നിൽ തുറന്നു കൊടുക്കുന്നതിനും മുൻപ്.
അമേരിക്കയിൽ വന്നു കഴിഞ്ഞാണ് കന്പം എന്ന് നമ്മൾ വിളിക്കുന്ന ചോളത്തിന്റെ കൂടുതൽ ഉപയോഗം കണ്ടു കണ്ണ് തള്ളിയത്. ഇവിടെ പെട്രോൾ അടിച്ചാൽ അതിൽ ചോളത്തിൽ നിന്നുണ്ടാക്കിയ പത്തു ശതമാനം എത്തനോൾ ഉണ്ടാവും. ലിപ്സ്റ്റിക്ക് മുതൽ ടൂത്ത് പേസ്റ്റ് വരെ, രാവിലെ കഴിക്കുന്ന സിരിയൽ (cereal) മുതൽ ഉച്ചക്ക് കഴിക്കുന്ന ഹാംബർഗർ വരെ, കൊക്ക കോള മുതൽ മിട്ടായി വരെ കോണോ അതിന്റെ ഉപ ഉൽപ്പന്നമായ ഹൈ ഫ്രക്ടോസ് കോൺ സിറപ്പോ ഇല്ലാത്ത വസ്തുക്കൾ കണ്ടു പിടിക്കാൻ തന്നെ ബുദ്ധിമുട്ടായ അവസ്ഥ. അമേരിക്കയിലെ കോൺ വ്യവസായം കോടിക്കണക്കിനു രൂപ ഗവണ്മെന്റ് സബ്‌സിഡി കൊടുക്കുന്നതും, വലിയ രാഷ്‌ടീയ പിടിപാടുള്ള കർഷകർ ചെയ്യുന്നതുമായ ഒരു വ്യവസായം ആണ്. അമേരിക്ക ആളുകൾക്ക് ആവശ്യം ഉള്ളതിന്റെ പതിന്മടങ്ങു കോൺ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടാണ് ഇത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും, അത് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ഉപ ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നതും. പക്ഷെ വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. ഭക്ഷണം കഴിക്കാൻ കിട്ടാതെ കോടികണക്കിന് മനുഷ്യർ മരിച്ചു വീണ ഒരു സാഹചര്യത്തിൽ നിന്നാണ് ഇങ്ങിനെ ആവശ്യത്തിലും കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം വളർന്നത്.

നിയന്ത്രണമില്ലാത്ത ജനസംഖ്യ വർധനവും അതിനോട് ഒപ്പം വളരാത്ത ഭക്ഷ്യ ലഭ്യതയും മനുഷ്യൻ വേട്ടയാടൽ നിർത്തി കൃഷി ചെയ്യാൻ തുടങ്ങിയത് മുതൽ മനുഷ്യനെ കുഴപ്പിച്ച പ്രശ്നമാണ്. ആദ്യമായി ഒരു സിദ്ധാന്തം ഇക്കാര്യത്തിൽ കൊണ്ട് വന്നത് തോമസ് മാൽത്തൂസ് ആണ്. 1798 ൽ അദ്ദേഹം തൻറെ ജനസംഖ്യയെ കുറിച്ചുള്ള ലേഖനത്തിൽ ഒരു പ്രധാനപ്പെട്ട നിരീക്ഷണം നടത്തി. ഭക്ഷണ ഉല്പ്പാദനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് കൊണ്ട് 1,2,3,4 എന്ന് അരിത്മെറ്റിക് പ്രോഗ്രെഷനിൽ വർധിക്കുന്പോൾ, ജനസംഖ്യ 1,2,4,8 എന്നിങ്ങനെ ജോമെട്രിക് പ്രോഗ്രെഷനിൽ വർധിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അത് കൊണ്ട് കുറച്ചു നാല് കഴിയുന്പോൾ ആളുകൾക്ക് ആവശ്യമായ ഭക്ഷണം കിട്ടാതെ വരുമെന്നും അങ്ങിനെ ഒരു വലിയ പട്ടിണി മരണം ഉണ്ടാവും എന്നും അദ്ദേഹം പ്രവചിച്ചു. അത് കൊണ്ട് വലിയ രോഗമോ, പ്രകൃതി ദുരന്തമോ വന്നാൽ കൂടുതൽ ആളുകളെ രക്ഷപെടുത്തുന്നതിൽ അർത്ഥമില്ല എന്നു മുതൽ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് പകരം അവരെ മരിക്കാൻ അനുവദിക്കണം എന്ന് വരെയുള്ള മാനുഷികം അല്ലാത്ത ചില അഭിപ്രായങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. ഉള്ള ഭൂമി മുഴുവൻ കൃഷി ചെയ്തു കഴിഞ്ഞാൽ മനുഷ്യൻ എന്ത് ചെയ്യും? അന്പത് മീറ്റർ ട്രാക്കിൽ നൂറു മീറ്റർ ഓടാൻ പറ്റുമോ?

മാൽത്തൂസിന്റെ ഈ പ്രവചനം 1845 ൽ അയർലാൻഡിൽ ശരിയായി വന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഉരുളക്കിഴങ്ങു കഴിച്ചു കൊണ്ടിരുന്ന ഒരു ജനത ആയിരുന്നു അവർ. പ്രധാനപ്പെട്ട എല്ലാ കൃഷി ഇടങ്ങളിലും ഉരുളക്കിഴങ്ങു ആണ് കൃഷി ചെയ്തു കൊണ്ടിരുന്നത്. 1845 ൽ ഉരുളക്കിഴങ്ങ് ചെടിക്കു വന്ന ഒരു രോഗം മൂലം അയർലണ്ടിലെ ഉരുളക്കിഴങ്ങു കൃഷി മുഴുവൻ നശിച്ചു. അന്ന് എൺപതു ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന അവിടെ 1852 ൽ ഈ രോഗം അവസാനിക്കുന്പോൾ ജനസംഖ്യ പകുതി ആയി , നാൽപ്പതു ലക്ഷം ആയി കുറഞ്ഞു. പത്തു ലക്ഷം ആളുകൾ മരിച്ചു പോയി, ഇരുപതു ലക്ഷത്തിലേറെ പേർ അമേരിക്കയിലേക്കും ക്യാനഡയിലേക്കും കുടിയേറി. ഇപ്പോൾ അമേരിക്കയിലെ പത്തു ശതമാനത്തിൽ ഏറെ ആളുകൾ അയർലണ്ടിൽ നിന്നും വന്നവരുടെ പുതു തലമുറയാണ്. അന്ന് ബ്രിട്ടന്റെ കീഴിൽ ആയിരുന്ന അയർലണ്ടിനെ ബ്രിട്ടനിൽ നിന്നും അധികം സഹായം ലഭിച്ചിരുന്നില്ല. ഇന്നും അയർലണ്ടിലെ ജനസംഖ്യ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ പകുതി മാത്രമാണ്.

1943 ൽ ഇന്ത്യയിൽ സമാന സംഭവം ഉണ്ടായി. കുപ്രസിദ്ധമായ ബംഗാൾ ഭക്ഷ്യ ക്ഷാമം. രണ്ടാം ലോക മഹായുദ്ധത്തിന്റെ തിരക്കിൽ ബ്രിട്ടൻ ശ്രദ്ധിക്കാതെ പോയ ഈ സംഭവത്തിൽ ഇരുപതു ലക്ഷം ആളുകൾ ആണ് പട്ടിണി കിടന്ന് മരിച്ചത്. യുദ്ധം, വെള്ളപൊക്കം, കൃഷി രീതികളുടെ അപാകത തുടങ്ങി പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഇങ്ങിനെ എല്ലാം ഉള്ള ഒരു സ്ഥിതിയിൽ നിന്നാണ് ആവശ്യത്തിലും അധികം ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിലേക്ക് ആധുനിക ശാസ്ത്രം മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. മാൽത്തൂസ് കാണാതെ പോയ രണ്ടു കാര്യങ്ങൾ ആണ് ഇവിടെ പ്രവർത്തിച്ചത്. ഒന്നാമത് ഹരിത വിപ്ലവം എന്ന് നമ്മൾ ഇന്ന് വിളിക്കുന്ന രാജ്യാന്തര കൂട്ടായ്മ ആയിരുന്നു. നൂറു കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചവൻ എന്നാണ് ഇതിന്റെ ഉപജ്ഞാതാവായ നോർമൻ ബൊർലോഗിനെ വിളിക്കുന്നത്. ഇന്ത്യയിൽ ഇതിന്റെ തലതൊട്ടപ്പൻ തമിഴ്‌നാട്ടിലെ കുംഭകോണത് ജനിച്ച എം എസ് സ്വാമിനാഥൻ ആയിരുന്നു. 1961 ൽ അന്നത്തെ ഭക്ഷ്യ മന്ത്രി ആയിരുന്ന സി സുബ്രമണ്യൻ നോർമൽ ബൊർലോഗിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഫോർഡ് ഫൗണ്ടേഷനും ഇന്ത്യൻ ഗവൺമെന്റും കൂടി സംയുക്തമായി നടത്തിയ ആദ്യ പരീക്ഷണത്തിൽ IR8 എന്ന നെല്ലിനത്തിനെ പഞ്ചാബിൽ പരീക്ഷിക്കാൻ തീരുമാനിച്ചതാണ് ഇതിന്റെ ആദ്യ പടി. അത്ഭുത അരി എന്ന് വിളിപ്പേര് വീണ IR8 ഇന്ത്യയിൽ അത്ഭുതം പ്രവർത്തിച്ചു. 1960 ൽ ഹെക്ടറിന് രണ്ടു ടൺ അരി ഉൽപാദിപ്പിച്ച നമ്മൾ 1990 ആയപ്പോഴേക്കും ഹെക്ടറിന് ശരാശരി ആറ് ടൺ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. മൂന്നിരട്ടി.

IR8 പോലെ അധികം വിള തരുന്നതും രോഗ പ്രധിരോധ ശേഷി ഉള്ളതുമായ സങ്കര ഇനം ചെടികളുടെ ഉപയോഗം ഹരിത വിപ്ലവത്തിലെ ഒരു ഭാഗം മാത്രമെ ആകുന്നുന്നുള്ളു. കള നശിപ്പിക്കുന്ന മരുന്നുകൾ, കീടങ്ങളെ കൊല്ലുന്ന രാസ വസ്തുക്കൾ, ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങളുടെ ഉപയോഗം തുടങ്ങി ഒരു പിടി കാര്യങ്ങൾ ഒരുമിച്ചു ചെയ്താണ് ഇന്ത്യയിലും മറ്റു രാഷ്ട്രങ്ങളിലും ശാസ്ത്രം ഭക്ഷ്യ ഉൽപ്പാദനം കൂട്ടി വലിയ പല പട്ടിണി മരണങ്ങളും ഒഴിവാക്കിയത്. കാസർഗോട്ടെ എൻഡോസൾഫാനും, അമേരിക്കയിലെ റൌണ്ട് അപ്പും പോലെ പോലെ പ്രയോഗിക്കുന്നതിലെ അറിവില്ലായ്മ കൊണ്ട് കുറെ രോഗങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്ന്നത് വിസ്മരിക്കാൻ കഴിയില്ലെങ്കിലും ഹരിത വിപ്ലവം ജീവൻ രക്ഷിച്ചവരുടെ എണ്ണം വളരെ അധികം ആണ്. അന്പത് മീറ്റർ ട്രാക്കിൽ ഇരുനൂറു മീറ്റർ ഓടാനും പറ്റും എന്ന് ശാസ്ത്രം തെളിയിച്ചു.

മാൽത്തൂസ് കാണാതെ പോയ രണ്ടാമത്തെ കാര്യം ജനസംഖ്യ ഇപ്പോഴും വർധിക്കില്ല എന്നുള്ളതാണ്. പാവപെട്ട ഒരു ജനത പുരോഗതി കൈവരിക്കുന്പോൾ ജനസംഖ്യ ക്രമേണ കുറഞ്ഞു വരും. പാവപ്പെട്ടവർ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിന് കാരണം അവരുടെ ദാരിദ്യം ആണ് എന്ന് പലപ്പോഴും ആളുകൾ കാണാതെ പോകുന്നു. ദരിദ്രർക്ക് കൂടുതൽ കുട്ടികൾ കൂടുതൽ പണിയെടുക്കാനുള്ള ശരീരങ്ങൾ ആണ്. തമിഴ് നാട്ടിൽ പണ്ട് സഞ്ചരിക്കുന്പോൾ ചായക്കടകളിൽ ജോലി ചെയ്യുന്ന കുട്ടികൾ കണ്ടിട്ടുള്ളത് ഇതിനു ഉദാഹരണം ആണ്. ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ശിശു മരണ നിരക്ക് കൂടുതലും , ആളുകളുടെ ശരാശരി ആയുർദൈർഘ്യം കുറവും ആയിരിക്കും.

എന്നാൽ പുരോഗതി പ്രാപിക്കുന്നതോടെ ജനസംഖ്യ വർധന കുറഞ്ഞു വരികയും ആയുർ ദൈർഘ്യം കൂടുകയും ചെയ്യുന്നു. ഇങ്ങിനെ ജനസംഖ്യ വർധന നിരക്ക് കുറഞ്ഞു വന്നു ഉള്ള ആളുകളേക്കാൾ കുറവ് കുഞ്ഞുങ്ങൾ ഉണ്ടാവുന്ന ഒരു സ്ഥിതി വരും ((Below-replacement Fertility)). യൂറോപ്യൻ രാജ്യങ്ങളിൽ ചിലതെല്ലാം ഈ സ്ഥിതിയിൽ ആണ്. കേരളം അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇങ്ങിനെ ആകും എന്ന് ഒരു വാർത്ത വായിച്ചതായി ഓർക്കുന്നു.
ഇങ്ങിനെ ഒരു സ്ഥിതി വന്ന സ്ഥലങ്ങളിൽ ആണ് ആളുകൾ ജൈവ വളങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചും രാസ വളങ്ങൾ ഉപേക്ഷിക്കുന്നതിനെ പറ്റിയെല്ലാം ഉള്ള ചർച്ച ചെയ്യുന്നത്. കേരളം ഇപ്പോൾ ഈ സ്ഥിതിയിൽ ആണുള്ളത്. രാസ വളങ്ങൾ ഉപയോഗിക്കാതെ ഇപ്പോൾ ഉള്ള ജനത്തിനേ മൊത്തം തീറ്റി പോറ്റുവാൻ മാത്രം ഭക്ഷ്യ വസ്തുക്കൾ ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അതാണ് നമ്മുക്ക് ഏറ്റവും അഭികാമ്യം. ഇപ്പോഴുള്ള ജൈവ കൃഷി രീതികളിൽ അത് പറ്റുമോ എന്ന് എനിക്കറിയില്ല. മാത്രം അല്ല ജൈവ കൃഷിയിൽ കൂടുതൽ കൃഷി ഇടങ്ങൾ വേണ്ടി വരും എന്നും അത് കൂടുതൽ പ്രകൃതി നാശത്തിലേക്കു നയിക്കും എന്നെല്ലാം ഞാൻ വായിച്ചിരുന്നു. ആ വിഷയം കൂടുതൽ അറിവുള്ളവർക്ക് വിടുന്നു. പക്ഷെ അതിന്റെ പേരിൽ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച, ഇപ്പോഴും രക്ഷിച്ചു കൊണ്ടിരിക്കുന്ന രാസ വളങ്ങളെയും കീട നാശിനികളെയും നമുക്ക് ഭള്ളു പറയാതിരിക്കാം.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട തമാശ ചക്ക കഴിച്ചാൽ എയ്ഡ്സ് വരില്ല എന്നെല്ലാം പറയുന്നതാണ്. ചക്കയും മാങ്ങയും നല്ല ഭക്ഷ്യ വസ്തുക്കൾ തന്നെയാണ്, പക്ഷെ ചക്ക കഴിച്ചാൽ എയ്‌ഡ്സ്‌ വരില്ല എന്നെല്ലാം പറയുന്നതിന് മുൻപ് അതിനെ കുറിച്ചുള്ള ശാസ്ത്രീയ പരീക്ഷണങ്ങളുടെ തെളിവുകളും കൂടെ പുറത്തു വിടണം. അറിയാൻ എല്ലാവര്ക്കും അവകാശം ഉണ്ടല്ലോ.

എന്ന് സ്നേഹപൂർവ്വം ഒരു ആരാധകൻ.

1 comment:

  1. ചരിത്യാരഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചുള്ള
    അസംബന്ധങ്ങൾ നിറഞ്ഞ ലേഖനം

    ReplyDelete

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...