Tuesday, August 8, 2017

മൂന്നാമത്തെ അധ്യായം

2017 May 2 ·
മൂന്നാമത്തെ അധ്യായം.

"ബാപ്പ പഠിച്ച സമയത്തു ഇത് പോലെയുള്ള ഗ്രോവിങ് അപ്പ് പ്രോഗ്രാം ഒക്കെ ഉണ്ടായിരുന്നോ?" മകന്റെ ചോദ്യം ആണ്.

അവന്റെ സ്കൂളിൽ ഇന്നായിരുന്നു ഗ്രോവിങ് അപ്പ് പ്രോഗ്രാം. കുട്ടികൾ കൗമാര പ്രായത്തിലേക്കു കടക്കുന്പോൾ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന സ്കൂളിലെ പ്രോഗ്രാമിനെ ആണ് ഗ്രോവിങ് അപ്പ് പ്രോഗ്രാം എന്ന് പറയുന്നത്. ഞാൻ താമസിക്കുന്ന ടൗണിൽ നാല്, ആറു, എട്ട് എന്നീ ക്ലാസ്സുകളിൽ വർഷം തീരാറാവുന്ന സമയത്തു ഒരു ദിവസം ആണ് ഇത് നടക്കുന്നത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രോഗ്രാമുകൾ ആണ്. പക്ഷെ ഇന്ത്യക്കാർ തിങ്ങിപാർക്കുന്ന ഞങ്ങളുടെ ടൗണിൽ ഇത് കുട്ടികൾക്ക് കാണിച്ചു കൊടുത്താൽ അവർ വഴിതെറ്റി പോകും എന്ന ഒരു അഭിപ്രായം മാതാപിതാക്കളുടെ അടുത്ത് നിന്ന് ഉയർന്നതിനാൽ സ്കൂൾ പ്രിൻസിപ്പൽ ഞങ്ങളെ എല്ലാവരെയും ആ പ്രോഗ്രാം കാണുവാൻ ആയി വിളിച്ചു. മാതാപിതാക്കൾക്ക് കണ്ടിട്ടു അവരവരുടെ കുട്ടികൾ ഇതിൽ പങ്കെടുക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കാം.

ഒരു വീഡിയോ ആണ് ഈ പോഗ്രാമിന്റെ പ്രധാന ഭാഗം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം വീഡിയോ. ഞാൻ വിചാരിച്ചതിനേക്കാൾ കാര്യങ്ങൾ വ്യക്തമായി വിശദമാക്കുന്ന പ്രോഗ്രാം ആയിരുന്നു. കുട്ടികൾ മുതിർന്നവർ ആകുന്പോൾ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു, അത് എങ്ങിനെ കൈകാര്യം ചെയ്യാം എന്നെല്ലാം സുന്ദരമായി വിശദീകരിച്ചു.
ഉദാഹരണത്തിന്, കൗമാരക്കാലത്തു ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില ശരീര ശ്രവങ്ങൾ ബാക്റ്റീരിയയും ആയി കൂടിച്ചേർന്നു ദുർഗന്ധം ഉണ്ടാക്കുന്നത് കൊണ്ട് എല്ലാ ദിവസവും കുളിക്കുന്നതിന്റെ പ്രാധ്യാന്യം. കക്ഷത്തിലും ഗുഹ്യ ഭാഗത്തും ഉള്ള രോമ വളർച്ച. ആൺ കുട്ടികൾക്ക് ഷേവ് ചെയ്യുന്നത് എങ്ങിനെ, പെൺകുട്ടികൾക്ക് ആർത്തവം എന്ത് കൊണ്ട് ഉണ്ടാവുന്നു, പാഡ് വയ്ക്കുന്നത് എങ്ങിനെ എന്നെല്ലാം. ഇത് കണ്ടു കഴിഞ്ഞാൽ ആദ്യമായി ആർത്തവം ഉണ്ടാകുന്ന ദിവസം ഒരു പെൺകുട്ടിയും അമ്മയുടെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ഓടേണ്ടി വരില്ല. ഈ ക്ലാസ് കഴിഞ്ഞു ഒരു കിറ്റ് കുട്ടികൾക്ക് കൊടുക്കും. പെൺകുട്ടികൾക്ക് ഒരു കുറച്ചു പാഡുകൾ, ആൺ കുട്ടികൾക്ക് ഷേവിങ്ങ് കിറ്റ്.

പക്ഷെ ഇതിനെല്ലാം ഉപരി എന്നെ അത്ഭുതപ്പെടുത്തിയത്, കൗമാരക്കാരിൽ ഉണ്ടാകാവുന്ന ചില സംശയങ്ങൾ എത്ര ലളിതമായാണ് ഇവർ വിശദീകരിച്ചത് എന്ന് കണ്ടപ്പോഴാണ്. കൗമാരക്കാരിൽ ശബ്‍ദം മാറുന്നത് എന്ത് കൊണ്ട് എന്ന് മുതൽ , ലിംഗോദ്ധാരണവും, സ്വപ്നഖലനവും, സ്വയംഭോഗവും എന്ത് കൊണ്ട് സംഭവിക്കുന്നു, എന്ത് കൊണ്ട് ഇതിനെ പറ്റി അധികം ടെൻഷൻ അടിക്കരുത് എന്നെല്ലാം. കുട്ടികൾക്ക് ചോദ്യം ചോദിക്കാൻ അവസരം ഉണ്ട്. നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ചമ്മൽ ആണെങ്കിൽ തന്നെ ചോദ്യങ്ങൾ എഴുതി ഇടാൻ ഒരു ബോക്സും ഉണ്ട്.

കാണാൻ ഇരുന്ന എല്ലാ ഇന്ത്യൻ മാതാപിതാക്കളുടെ മുഖത്തും ഒരു ജാള്യത ഉണ്ടായിരുന്നു. ഇതെല്ലം എന്തോ വേറെ ജന്തുക്കൾക്ക് നടക്കുന്ന കാര്യമാണ് എന്ന മുഖഭാവത്തോടെ. ചിലരെല്ലാം എന്റെ കുട്ടി ഇതെല്ലം പഠിക്കാൻ പ്രായം ആയിട്ടില്ല എന്ന് പറഞ്ഞു. പത്തു വയസിൽ ആർത്തവം വരുന്ന പെൺകുട്ടികൾ ഉള്ള കാലം ആണ്. എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾ എപ്പോഴും ചെറുതായിരിക്കും എന്ന് വിചാരിക്കുന്നവർ ആണ്.

എനിക്ക് എന്റെ പത്താം ക്ലാസ്സിലെ ജീവശാസ്ത്രം ക്ലാസ് ആണ് ഓർമ വന്നത്. മൂന്നാമത്തെ അധ്യായം ആയിരുന്നു പ്രത്യുൽപ്പാദനം. കൗമാരത്തിലേക്ക് കടന്ന ഞങ്ങളുടെ വലിയ കൗതുകം ആയിരുന്നു ആ അധ്യായം. ടെക്സ്റ്റ് ബുക്ക് കയ്യിൽ കിട്ടിയ മുതൽ അതിലെ ചിത്രങ്ങൾ നോക്കി ഇരിപ്പാണ്, പ്രത്യത്പാദന അവയവങ്ങളുടെ ചിത്രം കണ്ടിട്ട് വലിയ പിടി ഒന്നും കിട്ടുന്നില്ല. പ്രേമു ടീച്ചർ ആയിരുന്നു ജീവശാസ്ത്രം എടുത്തിരുന്നത് എന്നാണ് ഓർമ. രണ്ടാം അധ്യായം കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു
"മൂന്നാമത്തെ അധ്യായം ഞാൻ വർഷ അവസാനം എടുക്കാം. നമുക്ക് നാലാമത്തെ അധ്യായം ഇപ്പോൾ പഠിക്കാം."
അങ്ങിനെ ടീച്ചർ നൈസ് ആയിട്ട് ഒഴിവാക്കിയ ആ അധ്യായം ഒരിക്കലും എടുക്കുക ഉണ്ടായില്ല. ബാക്ടീരിയ പ്രത്യുൽപ്പാദിപ്പിക്കുന്നതു എങ്ങിനെ എന്ന് പഠിച്ച ഞങ്ങൾ , ഞങ്ങളുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്ന് ഒരിക്കലും പഠിക്കുക ഉണ്ടായില്ല.
ഞങ്ങളുടെ ലൈംഗിക അറിവുകൾ പക്ഷെ ഞങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ കൈമാറി വന്ന കൊച്ചു പുസ്തകങ്ങളിലെ ഇക്കിളി ചിത്രങ്ങളിലൂടെയും കഥകളിലൂടെയും ആയിരുന്നു. അഭിലാഷ അഭിനയിച്ച ആദ്യപാപം എന്ന "A പടം" റിലീസ് ആയതും ആയിടക്കാണ്. എഴുപത്തി അഞ്ചു ലക്ഷം രൂപ മുടക്കിയ ആ ചിത്രം രണ്ടു കോടി നേടിയത് എങ്ങിനെ ആണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഇന്ന് ഒരു പക്ഷെ കുട്ടികൾ കാണുന്നത് ഇന്റർനെറ്റിലെ നീലച്ചിത്രങ്ങൾ ആവാം. പക്ഷെ അന്ന് ഇങ്ങിനെ കൈമാറിക്കിട്ടിയ "അറിവുകൾ" മനസിൽ കുത്തി വച്ച മണ്ടത്തരങ്ങൾ കുറെ നാൾ കഴിഞ്ഞാണ് മനസിലായത്. സ്വയം ഭോഗം എന്ന പാപം ചെയ്ത കുറ്റബോധത്തിൽ ഉറങ്ങാൻ കഴിയാതിരുന്ന കുറെ കൂട്ടുകാർ എനിക്കുണ്ടായിരുന്നു.
അധ്യാപകരുടെ അടുത്ത് നിന്നും, മാതാപിതാക്കളുമായുള്ള സംഭാഷണത്തിലും പഠിക്കുന്ന പോലെ അല്ല, കൊച്ചു പുസ്തകങ്ങളിൽ കൂടിയും, നീല ചിത്രങ്ങളിൽ കൂടിയും ഉള്ള പഠനം. വളരെ അയഥാർത്ഥമായ കാര്യങ്ങൾ മനസ്സിൽ പഠിപ്പിക്കാനും തങ്ങളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അജ്ഞാത പരത്താനും മാത്രമേ അത് ഉപകരിക്കൂ.
മുതിർന്നു കഴിഞ്ഞു അടുത്ത സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായി കഴിഞ്ഞാണ് ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യം ഇതിലും കഷ്ടം ആണെന്ന് മനസ്സിൽ ആവുന്നത്. ആദ്യമായി ആർത്തവം ഉണ്ടായ ദിവസം താൻ മരിക്കാൻ പോവുകയാണെന്ന് വിചാരിച്ചു, ഓഫീസിൽ പോയ അമ്മ തിരിച്ചു വരുന്ന വരെ കരഞ്ഞു കൊണ്ട് കാത്തിരുന്ന ഒരു കൂട്ടുകാരി , ആൺകുട്ടികളോട് സംസാരിച്ചാൽ കാതു പഴുത്തു പോകും എന്ന് അമ്മ പറഞ്ഞു പേടിപ്പിച്ച ഒരാൾ, വലിയ മാറിടം ഉണ്ടായാൽ നീ മോശക്കാരിയാണെന്നു മറ്റുള്ളവർ വിചാരിക്കും എന്ന കൂട്ടുകാരുടെ വാക്ക് കേട്ട് സ്വന്തം ശരീരത്തെ തന്നെ വെറുത്ത വേറൊരാൾ.... നമ്മുടെ സമൂഹം കൗമാരക്കാരിൽ ലൈംഗികതയെ കുറിച്ച് കുത്തിവയ്ക്കുന്ന മണ്ടത്തരങ്ങൾ വളരെ വലുതാണ്. ലൈംഗികത സ്വാഭാവികമായ ഒരു കാര്യം ആണെന്നും പ്രത്യുൽപ്പാദനം അതിന്റെ ഒരു ഭാഗം ആണെന്നും നമ്മുടെ കുട്ടികൾക്ക് ആരാണ് പറഞ്ഞു കൊടുക്കുന്നത്?
നിങ്ങളുടെ വീട്ടിൽ കൗമാരക്കാരായ ആൺകുട്ടിയോ പെൺകുട്ടിയെ ഉണ്ടെങ്കിൽ ദയവായി താഴെ കാണുന്ന വീഡിയോ കാണിക്കുക. ഞങ്ങളുട വീട്ടിൽ ഞാന് ഭാര്യയും കുട്ടികളുടെ കൂടെ ഒപ്പം ഇരുന്നു കണ്ട വീഡിയോ ആണ്. ഞങ്ങൾക്കും കുറച്ചു ചമ്മൽ ഉണ്ടായിരുന്നു, പക്ഷെ ഇതിനു ശേഷം കുട്ടികളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഇത് വളരെ സ്വാഭാവികം ആയ കാര്യം ആയി തോന്നി.
ആൺകുട്ടികൾക്ക് : https://www.youtube.com/watch?v=FKJPtx1QuCc
പെൺകുട്ടികൾക്ക് : https://www.youtube.com/watch?v=kzjbyEiuruM
ബാക്ടീരിയ ഇരപിടിക്കുന്നത് എങ്ങിനെ എന്നതിനേക്കാൾ പ്രധാനം ആണ് കൗമാരക്കാർക്ക് അവരുടെ ശരീരത്തിൽ നടക്കുന്നത് മനസിലാക്കാൻ ഉള്ള അവകാശം. ഞാൻ പഠിച്ചപ്പോൾ ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്, ഇന്ന് സ്കൂളുകളിൽ എങ്ങിനെ ആണ് എന്നെനിക്കറിയില്ല. നിങ്ങളുടെ അനുഭവങ്ങളും പങ്കു വയിക്കുമല്ലോ....

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...