Tuesday, August 8, 2017

മറ്റൊരു സ്ട്രിപ്പ് ക്ലബ് കഥ കൂടി

https://www.facebook.com/Hussain.Kizhakkedathu/posts/10209175666340755 


2017 July 7



മുൻപൊരിക്കൽ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ വച്ച് കാത്തിയെ കണ്ട കഥ പാവപ്പെട്ടവരുടെ വേശ്യ എന്ന പേരിൽ ഞാൻ എഴുതിയിരുന്നു. മറ്റൊരു ദിവസം എന്റെ ജോലിസ്ഥലത്തിനടുത്തുള്ള ഒരു ക്ലബ്ബിൽ വച്ചാണ് വേറൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്.

അധികം തിരക്കില്ലാത്ത ഒരു വൈകുന്നേരം ആയിരുന്നു അത്. വളരെ കുറച്ചു ആളുകൾ മാത്രം ആണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. ഫ്ലോറിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാന്പാർ പോലെ രണ്ടു പെൺകുട്ടികൾ അലസമായി ഡാൻസ് ചെയ്തു കൊണ്ടിരിന്നു. ഒരു ബിയർ ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ഒരു മെക്സിക്കൻ ലുക്ക് ഉള്ള പെൺകുട്ടി അടുത്ത് വന്നിരുന്നു.
"ഹലോ, നിങ്ങൾക്ക് ലാപ് ഡാൻസ് വേണോ?” ചോദ്യം കേട്ടപ്പോൾ തന്നെ ഇവിടെ ജനിച്ചു വളർന്നവളോ ഇംഗ്ലീഷ് മാതൃഭാഷ ആയവളോ അല്ല എന്ന് മനസിലായി. എനിക്ക് അത്തരക്കാരോട് സംസാരിക്കാൻ കുറച്ചു എളുപ്പം ആണ്, കാരണം എന്റെ "മംഗ്ലീഷ്" കൊണ്ടുള്ള അപകർഷതാബോധം ഇത്തരക്കാരോട് വേണ്ട.
"ഇപ്പോൾ വേണ്ട.. ഒരു ബിയർ കഴിഞ്ഞിട്ടാവാം. നിങ്ങൾ അതിസുന്ദരിയാണ്, എവിടെയാണ് സ്വദേശം?" ഞാൻ പരിചയപ്പെടാൻ ചോദിച്ചു. അധികം തിരക്കില്ലാത്ത കൊണ്ട് എന്റെ അടുത്തിരുന്നു അവളും ഒരു ബിയർ ഓർഡർ ചെയ്തു.
"ഞാൻ പെറുവിൽ നിന്നാണ്" സുന്ദരി മൊഴിഞ്ഞു
"എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഒരു രാജ്യമാണ് പെറു. മച്ചു പിച്ചു സന്ദർശിക്കണം എന്ന് വളരെ നാളായി വിചാരിക്കുന്നു. നിങ്ങൾ മച്ചു പിച്ചുവിന് അടുത്ത് നിന്നാണോ?" ശരിക്കും കുറെ നാൾ ആയി പ്ലാൻ ചെയ്തിട്ട് നടക്കാത്ത ഒരു യാത്രയാണ് മച്ചു പിച്ചുവിലേക്ക്.
"ഇല്ല, ഞാൻ ആമസോൺ നദിയുടെ ഉത്ഭവ സ്ഥാനത്തിനടുത്തു നിന്നാണ്, ബ്രസീലിൽ കടക്കുന്നത് മുൻപ് ആമസോൺ നദി തുടങ്ങുന്ന ഒരു ശാഖ എന്റെ ഗ്രാമത്തിൽ നിന്നാണ് തുടങ്ങുന്നത്."
ആമസോൺ നദിയുടെ ഒരു ശാഖാ പെറുവിൽ തുടങ്ങുന്നു എന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു.
"നിങ്ങൾ പെറുവിലെ ആദിമ നിവാസികളിൽ പെട്ടവർ വല്ലതും ആണോ? നിന്നെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല.." ഞാൻ പറഞ്ഞു
"എന്റെ അച്ഛൻ ഇറ്റലിക്കാരൻ ആണ്, അമ്മ പെറുവിലെ ആദിമ നിവാസിയും. അച്ഛൻ പെറുവിൽ ബിസിനസ് ചെയ്യാൻ വന്നു അമ്മയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ഇപ്പോൾ അച്ഛൻ ഇറ്റലിയിലും അമ്മ പെറുവിലും ആണ്. ഞാൻ ഇടയ്ക്കിടെ ഇറ്റലിയിൽ മിലാനിൽ അച്ഛന്റെ വീട്ടിൽ പോകാറുണ്ട്. "
കുറച്ചു നാൾ മുൻപ് മാത്രം ഇറ്റലിയിൽ പോയി വന്ന എന്റെ മനസ്സിൽ മിലാൻ കത്രീഡലിന്റെ ചിത്രം തെളിഞ്ഞു വന്നു. അവിടെ നിന്ന് പെറുവിൽ പോയി അവിടത്തെ ഒരു പെൺകുട്ടിയുമായി പ്രേമത്തിൽ വീണ ഒരാളെ ഞാൻ എന്റെ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.
"നീ എവിടെ നിന്നാണ് ? ഇന്ത്യയിൽ നിന്നാണോ? " അവൾ ചോദിച്ചു
"അതെ, എങ്ങിനെ മനസിലായി?"
"കുറെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർമാർ ഇപ്പോൾ ക്ലബ്ബിൽ വരാറുണ്ട്.. പിന്നെ വളരെ തലമുറ മുൻപുള്ള എന്റെ മുതു മുതു മുത്തശ്ശി ഇന്ത്യക്കാരി ആണ്, എന്റെ കുടുംബത്തിൽ എല്ലാവര്ക്കും ഒരു ഇന്ത്യൻ പേരും ഉണ്ട്. എന്റെ ഇന്ത്യൻ പേര് മായ എന്നാണ്."
അത് ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു വാചകം ആയിരുന്നു. ഇന്ത്യയിൽ നിന്ന് പെറുവിലേക്ക്ക് കുടിയേറ്റം നടന്നതായൊന്നും എനിക്കറിയില്ല.
"അതെങ്ങിനെ? മുതു മുത്തശ്ശി എന്നൊക്കെ പറയുന്പോൾ വളരെ പണ്ടായിരിക്കില്ലേ? അന്ന് എങ്ങിനെ ഇന്ത്യയിൽ നിന്ന് ഒരാൾ പെറുവിൽ എത്തി?" എനിക്ക് എന്റെ ആകാംക്ഷ അടക്കാൻ ആയില്ല.
"എന്റെ മുതു മുത്തച്ഛൻ പോർട്ടുഗീസ്കാരൻ ആയിരുന്നു. അന്ന് ഇന്ത്യയെ പോലെ പെറുവും പോർട്ടുഗലിന്റെ കോളനി ആയിരുന്നു. മുതു മുത്തച്ഛൻ പോർട്ടുഗീസ് പട്ടാളത്തിൽ ചേർന്ന് ഇന്ത്യയിൽ പോസ്റ്റിങ്ങ് ആയപ്പോൾ ഇന്ത്യയിൽ വച്ച് എന്റെ മുതു മുത്തശ്ശിയും ആയി പ്രേമത്തിൽ ആയി കല്യാണം കഴിച്ചതാണ്. പിന്നീട് അദ്ദേഹം പെറുവിലേക്ക് പോസ്റ്റിങ്ങ് കിട്ടിയപ്പോൾ മുത്തശ്ശിയും ആയി ഇവിടെ സ്ഥിരതാമസം ആക്കി. അങ്ങിനെ ആണ് ഞങ്ങളുടെ ഇന്ത്യൻ കണക്ഷൻ."
പോർട്ട്ഗീസുകാരൻ വാസ്കോഡഗാമ ലിസ്ബണിൽ നിന്ന് ആഫ്രിക്കയിലെ മുനന്പ് ചുറ്റി ഒരു ഇന്ത്യൻ വ്യാപാരിയുടെ സഹായത്താൽ മൺസൂൺ കാറ്റുകളെ പറ്റി മനസിലാക്കി പായ്ക്കപ്പലുകളും ആയി 1498 മെയ് ഇരുപതിന്‌ കാപ്പാട് കടപ്പുറത്ത് ഇറങ്ങുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. പക്ഷെ ഈ പണി പറ്റിച്ചത് അങ്ങേരാവാൻ സാധ്യത ഇല്ല, കാരണം ഗാമയുടെ കാലത്തു പോർട്ടുഗീസുകാർ ബ്രസീലീലിയോ പെറുവിന്റെ എത്തിയിട്ടില്ല. മറിച്ച് ഗാമയ്ക്കു ശേഷം വന്ന പെഡ്രോ കബ്രാൾ ആണ് ഇന്ത്യയിലേക്ക് വരുന്ന വഴി ബ്രസീലിൽ ആദ്യമായി ഇറങ്ങുന്നത്. 1500 ൽ കബ്രാലും 1502 ൽ രണ്ടാമത് ഇന്ത്യയിലേക്ക് വന്ന ഗാമയും കോഴിക്കോട്ടെ അറബ് മുസ്ലിം വ്യാപാരികളും ആയി കച്ചവട മേൽക്കോയ്മയ്ക്കു വേണ്ടി യുദ്ധം ചെയ്യുകയുണ്ടായി. 1505 ആകുമ്പോഴേക്കും ഫ്രാൻസിസ്കോ അൽമേഡ പോർട്ടുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ വരികയും കോഴിക്കോടും കൊല്ലത്തും എല്ലാം കോട്ടകൾ കെട്ടുവാനും തുടങ്ങി.
ഇന്ത്യയുടെ ഒരു വലിയ സംസ്ഥാനത്തിന്റെ വലിപ്പം പോലും ഇല്ലാത്ത ഒരു രാജ്യത്തു നിന്ന് പത്തോ പതിനഞ്ചോ കപ്പലുകളിൽ വന്ന ഇവർ എങ്ങിനെ ആണ് കോടിക്കണക്കിന് ഇന്ത്യക്കാരെ ഭരിക്കാൻ തുടങ്ങിയത് എന്നത് എന്റെ എന്നത്തേയും അത്ഭുതം ആണ്. ഇപ്പോൾ ആലോചിക്കുമ്പോൾ കോളനിവൽക്കരണം ലോകത്ത് മുഴുവൻ ഇവർ ചെയ്ത പരിപാടി ആണ്. കൂടുതൽ വായിച്ചറിയേണ്ട വിഷയം.
പക്ഷെ അതിനേക്കാളൊക്കെ ഉപരി വേറൊരു ചിന്ത ആണ് എന്റെ മനസിലൂടെ കടന്നു പോയത്. പോർട്ടുഗീസുകാരും കേരളവും തമ്മിലുള്ള ഈ ബന്ധം കൊണ്ട് എന്റെ അടുത്തിരിക്കുന്ന ഈ പെൺകൊടിയുടെ മുതു മുത്തശ്ശി ഒരു മലയാളി ആയിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.... എന്റെ ഉമ്മയുടെ കുടുംബം വടക്കൻ കേരളത്തിൽ നിന്നാണ്.. അപ്പോൾ...
"അതേയ് പറഞ്ഞു വരുന്പോൾ നമ്മൾ ആങ്ങളയും പെങ്ങളും ആവാൻ ഒരു സാധ്യത കാണുന്നുണ്ട്..." ഞാൻ പറഞ്ഞു...
"അതെങ്ങിനെ?" അവളുടെ മുഖത്തൊരു അത്ഭുതം വിടർന്നു.
അവൾക്ക് എന്റെ മനസിലൂടെ കടന്നു പോയ കഥകൾ എല്ലാം പറഞ്ഞു കൊടുക്കാൻ നാവെടുത്തപ്പോഴേക്കും ഫ്ലോറിൽ അടുത്ത ഡാൻസ് ചെയ്യാൻ അവളെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നു...
ലോകം എത്ര ചെറുതാണ്....
പാവപ്പെട്ടവരുടെ വേശ്യ ഇവിടെ വായിക്കാം : https://www.facebook.com/Hussain.Kizhakkedathu/posts/10208858782498857

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...