Tuesday, August 8, 2017

രാജാക്കന്മാരുടെ താഴ്‌വര, രാഞ്ജിമാരുടെയും..

https://www.facebook.com/Hussain.Kizhakkedathu/posts/10209165420684620


2017 July 6
രാജാക്കന്മാരുടെ താഴ്‌വര, രാഞ്ജിമാരുടെയും..


"Can you see anything?"

"Yes, wonderful things..."

1922 നവംബർ 26 ആം തീയതി, ആദ്യമായി കിംഗ് ട്യൂട്ടൻ ഖാമന്റെ കല്ലറ ആദ്യമായി കണ്ട, ഇതിനു വേണ്ടി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ചിലവാക്കിയ, ഹവാർഡ് കാർട്ടറും, അതിനു വേണ്ടി വന്ന സംരംഭങ്ങൾക്ക് പണം മുടക്കിയ കാരണർവൻ പ്രഭുവും തമ്മിൽ നടന്ന ഒരു സംഭാഷണം ആണിത്. ഹവാർഡ് 1907 ൽ തുടങ്ങിയ സപര്യയുടെ ശുഭ പര്യവസാനം.
ഈജിപ്തിൽ പോയാൽ കണ്ടിരിക്കേണ്ട കാര്യങ്ങളിൽ പിരമിഡിനെ പോലെ തന്നെ പ്രധാനം ആണ് രാജാക്കന്മാരുടെ താഴ്‌വര, ഒരു പക്ഷെ പിരമിഡിനേക്കാൾ പ്രാധാന്യം ഉള്ളത്. ചരിത്ര സ്നേഹികൾക്ക് നാം ഇന്നറിയുന്ന ആധുനിക മാനവ ചരിത്രത്തിന്റെ , മതങ്ങളുടെ തുടക്കം ഇവിടെ കാണാം.ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തത് കൊണ്ട് ലോകത്ത് അധികം ആളുകൾ അറിയാതെ പോകുന്ന ഒരു താഴ്‌വര. ഇത് ഒരു ശ്മശാനമാണ്.
രണ്ടു വലിയ മലകൾ ആണിവിടെ, അതിനു നടുവിൽ ഒരു ചെറിയ താഴ്‌വര. അധികം മരങ്ങൾ ഒന്നുമില്ലാത്ത, മരുഭൂമി. ഈ മലകൾക്കുള്ളിലാണ് അയ്യായിരത്തോളം വര്ഷങ്ങള്ക്കു മുൻപ് മുതൽ മൂവായിരത്തോളം ഈജിപ്തിലെ ഫറവോമാരെ അടക്കികൊണ്ടിരിക്കുന്നതു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. അറുപത്തി മൂന്ന് ശവ കല്ലറകൾ ആണ് ഇവിടെ ഉള്ളത് (ഇത് വരെ കണ്ടു പിടിച്ചിട്ടുള്ളത്). പക്ഷെ കൊള്ളയടിക്കപെടാതെ കിട്ടിയത് വെറും ഒരു കല്ലറ മാത്രം. ലോക പ്രശസ്തനായ ട്യൂട്ടൻ ഖാമേന്റെത്.

ശവ കല്ലറ ആണെന്നാണ് പേരെങ്കിലും, 120 മീറ്റർ വരെ ഉള്ളിലേക്ക് സാധാരണക്കാർക്ക് നടന്നു കയറാവുന്ന ഉയരത്തിൽ പല അറകൾ ആയാണ് ഇവയുടെ നിർമാണം. ഒരു ഫറവോ രാജ്യം ഭരിക്കാൻ തുടങ്ങുന്പോൾ തന്നെ ആ ഫറവോയുടെ ശരീരം അടക്കം ചെയ്യാനുള്ള കല്ലറ കൊത്തി തുടങ്ങും എന്ന് കരുതുന്നു. ഇന്ന് കാണുന്ന ആധുനിക സംവിധാങ്ങൾ ഇല്ലാതെ ഇത്രവും വലിയ കല്ലറകൾ, അതും ഒരു ഇഞ്ച് പോലും ബാക്കി വയ്ക്കാതെ ഹൈറോഗ്ലിഫിക്സ് ഭാഷയിൽ മതിലുകൾ മുഴുവനും കൊത്തിയും വരച്ചും വച്ചിരിക്കുന്നത് എങ്ങിനെ എന്നത് ഒരു അത്ഭുതം തന്നെ ആണ്. ഇത് പോലെ അറുപതിൽ ഏറെ. ഇവിടെ ഫോട്ടോ എടുക്കാൻ അനുവാദം ഇല്ല.

ലോകത്തു വേറെ ഒരിടത്തും കാണാൻ സാധിക്കാത്ത ഒരു കാഴ്ച ഇവിടെ ഉണ്ട്. ചരിത്രത്തിലെ ആളുകളെ മജ്ജയും മാംസവും ആയി നിങ്ങൾക്കു ഇവിടെ കാണാൻ സാധിക്കും, പ്രതിമകൾ അല്ല, യഥാർത്ഥ ചക്രവർത്തിമാർ, റാണിമാർ. ഈജിപ്തിൽ എല്ലാ രാജാക്കന്മാരെയും അടക്കം ചെയ്തിരുന്നത് മമ്മി ആയിട്ടാണ്. മരിച്ചു കഴിഞ്ഞു ഒരിക്കൽ തിരിച്ചു വരുമെന്ന് വിശ്വസിച്ചവർ ആണ് ഇവർ. അന്ന് തിരിച്ചു വരുന്പോൾ ഉപയോഗിക്കാൻ ആയി എല്ലാ സജ്ജീകരണങ്ങളും ഉള്ള ശവ കല്ലറകൾ ആണിവിടെ ഉള്ളത്. സ്വർണ കട്ടിലുകൾ, സ്വർണ മുഖ ആവരണങ്ങൾ, പതിനെട്ടാം വയസിൽ ഒരു തേരിൽ നിന്ന് വീണു മരിച്ചു എന്ന് കരുതുന്ന ട്യൂട്ടൻഖാമന്റെ കല്ലറയിൽ സ്വർണ രഥം, സിംഹാസനം. അടിവസ്ത്രങ്ങൾ ഉൾപ്പെടെ ധരിക്കാൻ ഉള്ള കുറെ വസ്ത്രങ്ങൾ.
മാത്രമല്ല, സഹായത്തിനു ചില ഇടങ്ങളിൽ വേലക്കാരെയും , മാസം തികയാതെ പ്രസവിച്ച രാജ വംശത്തിൽ പെട്ട കുട്ടികളുടെ ശരീരങ്ങളും മമ്മികൾ ആക്കി വച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിയ്ക്കാൻ ചില മൃഗങ്ങളെയും. കഴിക്കാനും കുടിക്കാനും വൈൻ ഉൾപ്പെടെ ഉള്ള രാജകീയ ഭക്ഷണ സാധനങ്ങളും..
ഓരോ കല്ലറയും KV## എന്ന് നന്പർ ഇട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. KV-62 ആണ് ഏറ്റവും പ്രശസ്തം. ഇവിടെ ആണ് ട്യൂട്ടൻ ഖാമന്റെ കല്ലറയും മമ്മിയും. ആദ്യമായി ആണ് ഒരു ഫറവോയുടെ മമ്മി കാണുന്നത്. കുറച്ചു ദിവസം മുൻപ് ഒരു മുതലയുടെ മമ്മി കണ്ടിരുന്നു.

ശീതീകരിച്ച ഒരു ഗ്ലാസ് കൂടിനകത്താണ് ഇപ്പോൾ മമ്മി സൂക്ഷിച്ചിരിക്കുന്നത്. വളരെ നാൾ ഭക്ഷണം കിട്ടാതെ ക്ഷീണിച്ച ഒരു മനുഷ്യനെ പോലെ ആണ് എനിക്ക് ആദ്യം ട്യൂട്ടൻ ഖാമണേ കണ്ടപ്പോൾ തോന്നിയത്. ഒരു ശവശരീരം ജീർണ്ണിക്കാതെ ഇത്ര നാൾ എങ്ങിനെ നിലനിന്നു എന്നോർക്കുന്പോൾ നമുക്ക് അത്ഭുതം തോന്നും. ഒരു രാജ്യം വാണ ചക്രവർത്തിയാണ്. സന്തുഷ്ട ബാല്യം ആയിരിക്കാൻ സാധ്യത കുറവാണു. ഈജിപ്തിലെ ശക്തമായ പുരോഹിത വർഗതത്തെ ആകെ വെറുപ്പിച്ചു കൊണ്ട് , ഒരു മതത്തിലും വിശ്വസിക്കാതെ രാജ്യം ഭരിച്ച ആമേൻ ഹോട്ടേപ് ആണ് ട്യൂട്ടൻ ഖാമന്റെ പിതാവ്. ഒരു പക്ഷെ ലോകത്തിലെ ആദ്യത്തെ "ഡിങ്കോയിസ്റ്" :). ഇദ്ദേഹം ക്ഷേത്രങ്ങളിലേക്കുള്ള ഗ്രാന്റുകൾ എല്ലാം നിരോധിച്ചത് കൊണ്ട് പുരോഹിത വർഗത്തിന് അത്ര സന്തോഷമായിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു ചെറിയ കുട്ടി ആണ് അടുത്ത ഫറവോ എന്നറിഞ്ഞപ്പോൾ പുരോഹിതന്മാർ സന്തോഷിച്ചിട്ടുണ്ടാവണം.

തന്റെ അച്ഛന്റെ കാലത്തു നിർത്തി വച്ചിരുന്ന എല്ലാ പൂജകളും ട്യൂട്ടൻ ഖാനൻ തിരിച്ചു കൊണ്ട് വന്നു. ഒരു പക്ഷ ഒരു ചെറിയ കുട്ടി ആയ ട്യൂട്ടൻ ഖാമനെ മുൻപിൽ നിർത്തി പുരോഹിത മേധാവി ആയ അയ് (https://en.wikipedia.org/wiki/Ay) ആയിരിക്കണം ഈ തീരുമാനങ്ങൾ എല്ലാം എടുത്തത്. ട്യൂട്ടൻ ഖാമൻ മരിച്ചപ്പോൾ അടുത്ത ഫറവോ ആയി വന്നത് ഈ അയ് ആയിരുന്നു. ട്യൂട്ടൻ ഖാമന്റെ വിധവയെ ( അയുടെ കൊച്ചു മകൾ ആയിരുന്നു ട്യൂട്ടൻ ഖാമന്റെ വിധവ ) വിവാഹം ചെയ്യുകയും ചെയ്തുവും. സഹോദരിയെയോ, കൊച്ചു മകളെയോ കല്യാണം കഴിക്കുന്നതു ഈജിപ്തിൽ സാധാരണം ആയിരുന്നു.

ഈജിപ്തിലെ പുരോഹിത വർഗത്തിന് മാത്രം ആയിരുന്നു മമ്മി ഉണ്ടാക്കുന്നതിന്റെ രഹസ്യങ്ങൾ അറിയാമായിരുന്നത്. മരിച്ചു കഴിഞ്ഞു എഴുപതു ദിവസത്തോളം എടുത്തു ചെയ്യുന്ന ഒരു പ്രക്രിയ ആയിരുന്നു ഇത്. മൂക്കിലൂടെ തലച്ചോറും ചില മുറിവുകൾ ഉണ്ടാക്കി ഹൃദയവും ബാക്കി ആന്തര അവയങ്ങളും നീക്കി വേറെ ഭരണികളിൽ ആക്കി വച്ചിരുന്നു. ഇങ്ങിനെ ഒരു ഭരണി കിട്ടിയതാണ്, ഹവാർഡ് കാർട്ടറെ ഇനിയും കൊള്ളയടിക്കപെടാത്ത ഒരു കല്ലറ ഇവിടെ ഉണ്ട് എന്ന നിഗമനത്തിൽ എത്തിച്ചത്. (http://www.si.edu/Encyclopedia_SI/nmnh/mummies.htm)

ഇത് വരെ ഉള്ള അറിവ് വച്ച് പണം ഉള്ള എല്ലാവരും അടുത്ത ജന്മത്തിൽ തിരിച്ചു വരാൻ ആയി തങ്ങളുടെ ശരീരം മമ്മികൾ ആക്കി വായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ആണ് ഒരു സാധാരണ പൗരന്റെ മമ്മി കണ്ടു കിട്ടിയത്. (http://www.bbc.co.uk/newsround/37974323). ട്യൂട്ടൻ ഖാമന്റെതിനു ശേഷം അടുത്ത രാജകീയ കല്ലറ കണ്ടെത്താൻ വളരെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2005-ൽ ആണ് ഉറ്റവരും പുതിയ കല്ലറ കണ്ടെത്തിയത്. KV-63 എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ വിശേഷങ്ങൾ ഇവിടെ :http://www.bbc.co.uk/newsround/37974323
ട്യൂട്ടൻ ഖാമന്റെ മമ്മി ഇവിടെ ആണെങ്കിലും ഇവിടെ നിന്ന് കിട്ടിയ കണ്ണഞ്ചിപ്പിക്കുന്ന വസ്തു വകകൾ എല്ലാം ഇപ്പോൾ കയ്‌റോയിൽ ഉള്ള ഈജിപ്ത് മ്യൂസിയത്തിൽ ആണ്. അവിടെ ട്യൂട്ടൻ ഖാമന്റെ വസ്തു വകകൾക്കു വേണ്ടി ഒരു സെക്ഷൻ തന്നെ ഉണ്ട്. ഇവിടെ നിന്ന് കിട്ടിയത് കൊണ്ട് അതിന്റെ കുറിച്ച് ഇവിടെ തന്നെ എഴുതാം.
26 അടി നീളവും 12 അടി വീതിയും ഉള്ള ഒരു കല്ലറയ്ക്കുള്ളിൽ ആണ് ഈ സാധനങ്ങൾ ഉണ്ടായിരുന്നത്. ഇത്ര പെട്ടെന്ന് മരിച്ചു പോകും എന്ന് കരുതാത്തത് കൊണ്ട് , ട്യൂട്ടൻ ഖാമന്റെ കല്ലറ ശരിയായി തീർക്കാൻ സമയം കിട്ടിയിരുന്നില്ല. അത് കൊണ്ടാണ് ശവക്കല്ലറ കൊള്ളക്കാർക്കു ഇത് കണ്ടു പിടിക്കാൻ സാധിക്കാതിരുന്നതു എന്ന് പലരും കരുതുന്നു. കൊള്ളയടിക്കപെട്ട വേറൊരു കല്ലറയുടെ പിറകിൽ ആയിട്ടാണ് ഇത് നിലനിന്നത് എന്നതും കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടു നിൽക്കാൻ ഈ കല്ലറയെ സഹായിച്ചു കാണും.
മൂവായിരം വര്ഷങ്ങളായി അടഞ്ഞു കിടന്ന ഈ മുറിയിൽ സ്വർണം പൂശിയ മൂന്ന് വലിയ ചാര് കസേരകൾ, കാലുകളിൽ സിംഹമുഖം ഉള്ള കട്ടിലുകൾ,സ്വർണം പൂശിയ ഒരു സിംഹാസനം,അരയിൽ സ്വർണ ഉടുപ്പും, കാലിൽ സ്വർണ ചെരിപ്പും ധരിച്ച രണ്ടു കാവൽക്കാരുടെ പ്രതിമകൾ, ചിത്രപ്പണികളോടെ കൂടിയ ആഭരണപെട്ടികൾ ( ഈ ആഭരണങ്ങൾ നമ്മുടെ ഏതു ആധുനിക ജൂവല്ലറികളെയും വെല്ലുന്നവയാണ്, പഴയ മാങ്ങാ മാലയും, മുല്ല മൊട്ടു മാലയും കണ്ട ഓർമ വന്നു എനിക്ക്). പക്ഷെ ഇതിനെല്ലാം മേലെ ആയിരുന്നു അടുത്ത മുറിയിൽ ഉണ്ടായിരുന്ന ശവ പേടകം.
മ്യൂസിയത്തിൽ ഇത് കാണുന്പോൾ ശരിക്കും അത്ഭുതം വരും. സ്വർണ്ണത്തകിട് പൊതിഞ്ഞ ഒരു വലിയ പെട്ടി, അഞ്ചു മീറ്റർ നീളം മൂന്നര മീറ്റർ വീതി രണ്ടു മീറ്റർ ഉയരം. അതിനകത്തു സ്വർണ നിർമ്മിതം ആയ വേറൊരു പെട്ടി , അതിനകത്തു വേറൊന്നു, അങ്ങിനെ നാല് പെട്ടികൾ.
അതിനകത്തു സ്വർണം കൊണ്ട് നിർമിച്ച ഒരു ശവ പേടകം (https://en.wikipedia.org/wiki/Sarcophagus ), ഒരു മനുഷ്യന്റെ രൂപത്തിൽ, കല്ലിൽ കൊത്തിയത്, അതിനകത്തു പല വിധത്തിലുള്ള ചിത്രപ്പണികളോടെ ഒരു സ്വർണ പേടകം, പിന്നെ അതിനകത്തു മമ്മി.
ആയിരം കിലോയിൽ കൂടുതൽ സ്വർണമാണ് അന്ന് ആ മുറിയിൽ ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു. പക്ഷെ ഇത് വെറും സ്വർണമായല്ല, സൂക്ഷ്മമായ കൊത്തു പണികളോടെ ആഭരണങ്ങളും, പ്രതിമകളും, ശവ പേടകവും, മറ്റും. ഇതിനെല്ലാം മറ്റു കൂട്ടുന്ന ശവ മുഖാവരണം. ഇത് കണ്ടു തന്നെ അറിയേണ്ടുന്ന ഒന്നാണ്. അത്രയ്ക്ക് മനോഹരമായ ഒന്ന്, പത്തര മാറ്റു തങ്കം. https://en.wikipedia.org/wiki/Tutankhamun's_mask)
ഇത്ര ചെറിയ ഈ കല്ലറയിൽ താഴെ പറയുന്ന സാധങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ബാക്കി എല്ലാത്തിലും കൂടി എന്തെല്ലാം കാണുമായിരുന്നു എന്നുള്ളത് ഞാൻ നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു.
രാജാക്കന്മാരുടെ താഴ്‌വര ട്യൂട്ടൻ ഖാമന്റെ മാത്രമല്ല, കുറെ ഏറെ കൊത്തു പണികൾ ഉള്ള മറ്റനേകം കല്ലറകൾ ഉണ്ടിവിടെ, അറുപത്തി രണ്ടെണ്ണം. ഇത് ഹവാർഡ് കാർട്ടറുടെ താഴ്‌വര കൂടിയാണ്. ആധുനിക ലോകത്തിലെ ഏറ്റവുമ പ്രധാനപ്പെട്ട ഒരു കണ്ടു പിടുത്തം ആയിരുന്നു ഇദ്ദേഹം ഇരുപതു വര്ഷത്തോളം തന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട കാലം ചിലവഴിച്ചു കണ്ടു പിടിച്ചത്. അദ്ദേഹത്തിന്റെ വീട് സംരക്ഷിച്ചു വച്ചിട്ടുണ്ട്. (https://en.wikipedia.org/wiki/Howard_Carter)
രാജാക്കന്മാരുടെ താഴ്‌വരയുടെ അടുത്ത് റാണിമാരുടെ താഴ്‌വരയും ഉണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ രാഞ്ജിമാരുടെ മമ്മികൾ ആണിവിടെ.
മമ്മികൾ കുറച്ചു പ്രതികാര ദാഹികൾ ആയിരുന്നു എന്ന് ട്യൂട്ടൻ ഖാമന്റെ കല്ലറ കണ്ടു പിടിച്ചതിനു ശേഷം നടന്ന ചില സംഭവങ്ങൾ ചൂണ്ടി കാട്ടി ചിലർ പറയാറുണ്ട്. ട്യൂട്ടൻ ഖാമന്റെ കല്ലറ കണ്ടു പിടിക്കാൻ ധന സഹായം ചെയ്ത കാർവാർനോൺ പ്രഭു കുറച്ചു മാസങ്ങള് ശേഷം ഷേവ് ചെയ്യുമ്പോൾ ഉണ്ടായ ഒരു മുറിവ് ഇൻഫെക്ഷൻ ആയി മരിച്ചു പോയത് മുതൽ, ടൈറ്റാനിക് കപ്പൽ മുങ്ങിയത് വരെ മമ്മി കോപം കൊണ്ടാണെന്നു കഥകൾ ഉണ്ട്. (http://www.snopes.com/history/titanic/mummy.asp & http://www.unmuseum.org/mummyth.htm)
അവസാന ചോദ്യം ഇതാണ്, ഈജിപ്തിലെ മമ്മികളെല്ലാം എവിടെ പോയി? ലക്ഷക്കണക്കിന് മമ്മികൾ ഉണ്ടാവേണ്ടതിനു പകരം, വെറും പത്തോളം മമ്മികൾ മാത്രം ആണ് ഇപ്പോൾ ഉള്ളത്. കുറെ മമ്മികൾ സ്വർണത്തിനും മറ്റും വേണ്ടി കല്ലറകൾ കുത്തി തുറന്ന കൊള്ളക്കാർ നശിപ്പിച്ചു കളഞ്ഞു, കാരണം അവർക്കു മമ്മി കൊണ്ട് കാര്യം ഉണ്ടായില്ല. പക്ഷെ കൂടുതൽ മമ്മികളും പോയത് യൂറോപ്പിലേക്കാണ്. ഇടക്കാലത്തു മമ്മി പൊടി കഴിച്ചാൽ കുഷ്ഠം മാറുന്നത് മുതൽ ലൈംഗിക ശേഷി വർധിക്കും എന്ന് വരെ യൂറോപ്പിലെ ആളുകൾ വിശ്വസിച്ചു. യൂറോപ്പിലേക്ക് കയറ്റി അയക്കാൻ വേണ്ടി മമ്മികളെ കണ്ടു പിടിക്കാൻ ആളുണ്ടായി, എന്നിട്ടും തികയാതെ വന്നപ്പോൾ ശ്മാശാനങ്ങളിൽ നിന്ന് ഈ അടുത്ത് സംസ്കരിച്ച മൃതശരീരങ്ങളിൽ ചപ്പും ചവറും നിറച്ചു വരെ ആളുകൾ അയച്ചിരുന്നു എന്നത് കഥ. എന്ന് വച്ചാൽ, ഭൂരിഭാഗം മമ്മികളും യൂറോപ്യരുടെ വയറ്റിൽ പോയി. (http://resobscura.blogspot.com/…/why-did-seventeenth-centur…)
രാജാക്കന്മാരുടെ താഴ്‌വര കണ്ടു തിരിച്ചു ബസിൽ കയറി ഫോണിൽ കുറച്ചു പാട്ടു കേൾക്കാം എന്ന് കരുതുന്പോൾ , ദാ വരുന്നു പഴയ ഒരു മാപ്പിള പാട്ട്
മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത്..
മിന്നി തിളങ്ങി വിളങ്ങും സീനത്തുൽ രാജാത്തി ... എരഞ്ഞോളി മൂസ പാടുകയാണ്. ഞാൻ നിൽക്കുന്ന ഈ സ്ഥലത്തെ കുറിച്ച് നമ്മുടെ കേരളത്തിൽ നിന്നൊരാൾ പാടുകയാണ്. മിസ്ർ എന്ന് ഖുറാനിൽ പറയുന്നത് ഈജിപ്തിനെ കുറിച്ചാണ്. യൂസഫ് നബിയെ കുറിച്ചാണ് (ബൈബിളിൽ ജോസഫ്) ഈ പാട്ട്. (https://www.youtube.com/watch?v=Q0IVp5XZNzk)
ബൈബിൾ നോക്കിയാൽ ഈജിപ്തിനെ കുറിച്ചുള്ള പരാമർശങ്ങൾ എണ്ണമറ്റതാണ്. ജോസഫ് മേരിയും ആയി ഹേറോദിൽ നിന്നും രക്ഷപെടാൻ പാലായനം ചെയ്യുന്നത് ഈജിപ്തിലേക്കാണ് (https://en.wikipedia.org/wiki/Flight_into_Egypt). പഴയ നിയമത്തിൽ മറ്റനേകം പരാമർശങ്ങൾ.
നോട്ട് : വിശദമായി എഴുതുവാൻ തുടങ്ങിയാൽ ഒരു പോസ്റ്റിൽ തീരുന്ന സംഭവം അല്ലിത്. ഇതുവരെ മറ്റൊരു ചരിത്ര സ്മാരകവും എന്നെ ഇത്രയ്ക്കു സ്വാധീനിച്ചിട്ടില്ല. എസ് കെ തന്റെ ഈജിപ്ത് ഡയറിയിൽ അസാധാരണ കൈയടക്കത്തോടെ പല അധ്യായങ്ങൾ ആയി ഇതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഇന്റർനെറ്റും മറ്റും ഇല്ലാതിരുന്ന ആ കാലത്തു അദ്ദേഹം എഴുതിയത്തോളം വരില്ല വേറൊന്നും. അദ്ധേഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണാമം. ഈ കുറിപ്പ് എസ് കെ യെ കൂടുതൽ വായിക്കാനുള്ള പ്രചോദനം ആയെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഫോട്ടോഗ്രാഫി നിരോധിച്ചത് കൊണ്ട് ഇവിടെ കൊടുത്തിരിക്കുന്ന മിക്ക ചിത്രങ്ങളും ഇന്റർനെറ്റിൽ നിന്ന് കിട്ടിയതാണ്. രാജാക്കന്മാരുടെ താഴ്‌വരയും ഈജിപ്ത് മ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ കർണാക്കും കാണാതെ പിരമിഡ് മാത്രമായി ഈജിപ്ത് ഒതുക്കരുത് എന്ന് പോകുന്നവരോട് അഭ്യർത്ഥിക്കുന്നു. ഇത് കണ്ടതിനു ശേഷം എവിടെ പോയാലും, അതിനടിയിൽ എന്തൊക്കെ ചരിത്രവും, വസ്തുക്കളും ആണ് നാം അറിയാതെ കിടക്കുന്നതു എന്നു എനിക്കെപ്പോഴും തോന്നും.
Note : Many of pics are downloaded from internet since they didn't allow photography inside.

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...