Tuesday, August 8, 2017

ഇത് ഒരു കഥയല്ല, മറിച്ച് നമ്മുടെ അയൽ രാജ്യത്തിൻറെ ചരിത്രമാണ്

https://www.facebook.com/Hussain.Kizhakkedathu/posts/10208846825999952

2017 May 27 · 

ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിച്ചിരുന്ന ഒരു പാട്ടുകാരിയും.

അന്നാട്ടിലെ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കാൻ ആഗ്രഹിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ മതത്തിന്റെ പേരിൽ നിഷേധിച്ച അയാൾ, ആ നാട്ടിലെ പെണ്ണുങ്ങൾ ഇനി മേൽ സാരി ധരിക്കരുത് എന്നൊരു ഉത്തരവിറക്കി.
വിപ്ലവകാരിയും തന്റെ നാട്ടിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുകയും ചെയ്ത കവി ആ ഭരണാധികാരിക്കെതിരെ കവിതകൾ എഴുതുകയും അതിന്റെ ഫലമായി ജയിലിൽ അടക്കപ്പെടുകയും ചെയ്തു. കവിയെ ഇഷ്ടപെട്ട അന്പതിനായായിരത്തോളം ആരാധകർ ഒരു സ്റ്റേഡിയത്തിൽ തടിച്ചു കൂടി. അവിടെ വച്ച് ഭരണാധികാരിയുടെ വിലക്കുകൾ അവഗണിച്ച് ഒരു കറുത്ത സാരി ഉടുത്തു കൊണ്ട് ആ പാട്ടുകാരി തന്റെ പ്രിയപ്പെട്ട കവിയുടെ ഏറ്റവും പ്രശസ്തമായ പാട്ടു പാടി.

ഞങ്ങൾ കാണും
ഞങ്ങൾ തീർച്ചയായും കാണും
ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ആ നാൾ
അനീതിയുടെ ക്രൂര പർവതങ്ങൾ
ഒരു പഞ്ഞികെട്ടു പോലെ പറന്നു പോകും
അടിച്ചമർത്തപ്പെട്ടവന്റെ കാൽകീഴിൽ
ഈ ഭൂമി ഹൃദയമിടിപ്പ്പ് കൊണ്ട് വിറക്കും
അധികാരത്തിനു മുകളിൽ ഇരിക്കുന്നവരുടെ തലയ്ക്ക്ക് മുകളിൽ
ഒരു ഇടിമിന്നൽ പതിക്കും
ഞങ്ങൾ കാണും
ദൈവത്തിന്റെ ഈ വിശുദ്ധ ഭൂമിയിൽ നിന്ന്
എല്ലാ വിഗ്രഹങ്ങളും തച്ചുടയ്ക്കപ്പെടും
ഞങ്ങൾ ഏറ്റവും ശുദ്ധിയുള്ള, അവഗണക്കപെട്ടവർ
പതുപതുപ്പുള്ള മെത്തകളിൽ ഇരിക്കും
എല്ലാ സിംഹാസനങ്ങളും കിരീടങ്ങളും തച്ചുടയ്ക്കപ്പെടും

അങ്ങിനെ പോയി ആ ഗാനത്തിന്റെ വരികൾ. ആവേശം കൊണ്ട കേൾവിക്കാർ ഉറക്കെ വിളിച്ചു പറഞ്ഞു

"ഇൻക്വിലാബ്, സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ" അധികാരികൾ വിളറി പിടിച്ചു, മൈക്കും, ലൈറ്റും ഓഫ് ചെയ്തു, പക്ഷെ കാണികൾ ആ ഗായിക പാടി തീരുന്നതു വരെ അവിടെ തന്നെ നിന്നു.
പക്ഷെ മതം എന്ന കറുപ്പ് ഉപയോഗിച്ച് ആ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കുക തന്നെ ചെയ്തു. ആ രാഷ്ട്രത്തെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ ചെറുത്ത് നിൽപ്പായി ആ ഗാനം ഇന്നും നിലനിൽക്കുന്നു. ആ ഗായിക ആ രാജ്യത്തെ എവിടെ പാടുന്നതിൽ നിന്നും വിലക്കപെട്ടു.

ഇത് ഒരു കഥയല്ല, മറിച്ച് നമ്മുടെ അയൽ രാജ്യത്തിൻറെ ചരിത്രമാണ്. ആ രാജ്യം പാകിസ്ഥാൻ ആണ്. കവി, നാല് തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ട, ഫൈസ് അഹ്മദ് ഫൈസ്. പാട്ടുകാരി ഗസൽ കേൾവിക്കാരുടെ പ്രിയപ്പെട്ട ഇഖ്‌ബാൽ ബാനോ, ഭരണാധികാരി പാകിസ്താനെ ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റിയ സിയ ഉൽ ഹഖ്, ഈ സംഭവം നടന്നത് 1985ൽ ലാഹോറിൽ വച്ച്. താഴെ കൊടുത്തിരിക്കുന്ന യൂട്യുബ് ലിങ്കിൽ നിങ്ങൾക്ക് ആ പാട്ടും ഇൻക്വിലാബ് സിന്ദാബാദ് വിളികളും കേൾക്കാം.

നിങ്ങൾ ഒരു പക്ഷെ വിശ്വസിക്കില്ല, പാക്കിസ്ഥാൻ ആരംഭ ദശയിൽ ഒരു ഇസ്ലാമിക രാഷ്ട്രം ആയിരുന്നില്ല, മറിച്ച് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല വേരോട്ടം ഉള്ള നാടായിരുന്നു അത്, അതിന്റെ ഉത്ഭവം മതത്തിനെ അടിസ്ഥാനപ്പെടുത്തി ആയിരുന്നെങ്കിൽ കൂടി. പാക്കിസ്ഥാൻ പീപ്പ്പിൾസ് പാർട്ടിയുടെ ഉത്ഭവം തിരക്കി പോയാൽ നാം എത്തിച്ചേരുന്നത് കമ്മ്യൂണിസ് പാർട്ടിയിൽ ആണ്. പാകിസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടിയും അവിടെ വളരെ ആക്റ്റീവ് ആയിരുന്നു. ഫൈസ് അഹമ്മദ് ഫൈസ് അങ്ങിനെ ഉള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ഒരു വിപ്ലവ കവി ആയിരുന്നു.

പാകിസ്ഥാനിൽ ഇസ്ലാമിക ശരിയ നിയമം അന്നുണ്ടായിരുന്നില്ല, സിയ ഉൽ ഹക്ക് അധികാരത്തിൽ വരുന്നത് വരെ. സുൾഫിക്കർ അലി ഭൂട്ടോ എന്ന പ്രധാനമന്തിയുടെ കീഴിൽ ഉണ്ടായിരുന്ന ഒരു സൈനിക ജനറൽ ആയിരുന്നു സിയ ഉൽ ഹഖ്. 1977 ജൂലൈ അഞ്ചാം തീയതി ഒരു അട്ടിമറിയിലൂടെ സിയ ഉൽ ഹഖ് അധികാരം പിടിച്ചെടുത്തു. അധികാരത്തിൽ വന്നു അധികം നാളുകൾക്ക് മുൻപ് തന്നെ പാകിസ്ഥാനിൽ ശരിയാ നിയമം പ്രഖ്യാപിച്ച് കൊണ്ട് അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി തീർത്തു.

അതിന്റെ അനന്തര ഫലം ആയിരുന്നു സാരി നിരോധനം, സാരി ഇസ്ലാമിക വസ്ത്രം അല്ല എന്നായിരുന്നു സിയ ഇതിനു പറഞ്ഞ ന്യായം. മാത്രമല്ല, പാക്കിസ്ഥാൻ ക്രിമിനൽ നിയമത്തിൽ കല്ലെറിഞ്ഞു കൊല്ലൽ, ചാട്ടവാറടി , കൈ വെട്ടൽ തുടങ്ങി അനേകം ഇസ്ലാമിക ശിക്ഷാ രീതികൾ ഉൾപ്പെടുത്തുകയും ചെയ്തു.

ഇതെല്ലാം നല്ലതിനാണ് എന്ന് ബോധ്യപ്പെടുത്താൻ ഗവണ്മെന്റ് വളരെ അധികം പണം ചിലവഴിച്ചു.

ഇതിനെതിരെ കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് പാർട്ടികൾ വലിയ സമരങ്ങൾ നടത്തി. അതിൽ ഒന്നായിരുന്നു ഞാൻ മുകളിൽ പറഞ്ഞ പ്രധിഷേധം. പക്ഷെ മതത്തിനു മുന്നിൽ ഇങ്ങിനെ ഉള്ള പ്രതിഷേധങ്ങള്ക് അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രം ആയി പാക്കിസ്ഥാൻ മാറുകയും ചെയ്തു.

നമ്മുടെ നാട്ടിലെ ഇന്നത്തെ നിരോധനങ്ങൾ കാണുന്പോൾ ഞാൻ 1977 ലെ പാകിസ്താനെ ഓർക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇത് ഒരു പ്രധാന സമയം ആണ്. നമ്മുടെ നാട് പതുക്കെ ഒരു മത രാഷ്ട്രം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

നാളെ നെഹ്രുവിന്റെ ഓർമ ദിവസം ആണ്. അദ്ദേഹത്തിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ വായിച്ചവർക്കറിയാം ഇറ്റലിയിൽ കൂടെയുള്ള യാത്രയിൽ മുസോളിനിയുടെ കർശന നിർദ്ദേശം അവഗണിച്ചു കൊണ്ട് ഒരു ഫാസിസ്റ്റു ഭരണാധികാരിയെ താൻ കാണില്ലെന്ന് വ്യക്തമാക്കിയ കഥ. ലോക ചരിത്രത്തെ കുറിച്ചും, ഇന്ത്യയെ കുറിച്ച് പ്രത്യകിച്ചും അപാര അറിവുണ്ടായിരുന്ന അദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നമ്മുടെ നാട് ഇത് വരെ ഒരു മത രാഷ്ട്രമാകാതെ പിടിച്ചു നിൽക്കാൻ സഹായിച്ചത്.

ഒരു വിപ്ലവത്തിന് സമയമായിരിക്കുന്നു. എവിടെയാണ് നമ്മുടെ കവികളും പാട്ടുകാരും? എവിടെയാണ് നമ്മുടെ പ്രതിപക്ഷം?

ചരിത്രം കണ്ടു പഠിക്കാത്ത ജനത മണ്ടന്മാരാണ്.

നോട്ട് : താഴെ കൊടുത്ത വിഡിയോയോയിൽ 7 ആം മിനിറ്റ് മുതൽ നിങ്ങൾക്ക് ഇൻക്വിലാബ് സിന്ദാബാദ് വ്യക്തമായി കേൾക്കാം.... ഇതിന്റെ കുറച്ച് വരികളുടെ പരിഭാഷ ഞാൻ പെട്ടെന്ന് ചെയ്തതാണ്, ഉർദു അറിയാവുന്ന ആരെങ്കിലും മലയാളത്തിലേക്ക് ഭംഗിയായി വിവർത്തനം ചെയ്താൽ നന്നായിരുന്നു.

https://www.youtube.com/watch?v=wycH3PTVTNE&feature=youtu.be

ഫേസ്ബുക് നമ്മോടു ചെയ്യുന്നത്

https://www.facebook.com/Hussain.Kizhakkedathu/posts/10208840345597946

2017 May 26 ·


"നസീർ, അയാളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും..."

ശ്രീനിവാസന്റെ മുഖത്തെ ദൃഢനിശ്ചയം കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. ജോലിസ്ഥലത്ത് വളരെ വർഷങ്ങളായി എന്റെ സുഹൃത്താണ് ആന്ധ്രാ സ്വദേശിയും മിതഭാഷിയും ആയ ശ്രീനി.
ശ്രീനി സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ജീവിച്ചു പോരുന്ന ഒരാൾ ആണ്. പക്ഷെ കുറച്ചു നാളായി ഫേസ്ബുക്കിലെയും വാട്സ് ആപ്പിലെയും ചില തീവ്ര മത ഗ്രൂപ്പുകൾ ശ്രീനിയെ സ്വാധീനിക്കുന്നു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ആണ് എം.എഫ് ഹുസൈൻ സരസ്വതിയുടെ ചിത്രം വരച്ചതും ആയി ഉള്ള ഒരു ചർച്ച ഉച്ച ഭക്ഷണ സമയത്തു ഉയർന്നു വന്നത്. ആവിഷ്കാര സ്വാതന്ത്ര്യം, ഹൊയ്സാല ക്ഷേത്രങ്ങളിലും ഖജുരാഹോയിലും ഉള്ള ശിൽപ്പങ്ങൾ തുടങ്ങി ചില വാദങ്ങൾ ഞാൻ ഉന്നയിച്ച സമയത്താണ് അത് വരെ മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശ്രീനി തലയുയർത്തി പറഞ്ഞത്.

"എം എഫ് ഹുസൈനെ എന്റെ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും... ഞങ്ങളുടെ ദൈവങ്ങളെ നഗ്നരായി ചിത്രീകരിക്കാൻ മുസ്ലിങ്ങൾക്ക് എന്തവകാശം?" പ്രശ്നം പന്തിയല്ല എന്ന് കണ്ട ഞാൻ അന്ന് പിന്നീട് ആ ചർച്ച മുന്നോട്ടു കൊണ്ടുപോയില്ല. പക്ഷെ മിതഭാഷി ആയ ശ്രീനിയുടെ ഭാവ മാറ്റം എന്നെ അന്പരപ്പിച്ചിരുന്നു.

കുറെ നാൾ കഴിഞ്ഞു ശ്രീനിയുടെ ഫേസ് ബുക്ക് പേജ് കണ്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. ഒരു പ്രത്യേക മതത്തെ വെറുക്കുന്ന, കിട്ടാവുന്ന എല്ലാ പോസ്റ്റുകളും ശ്രീനി ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
എനിക്ക് ഇത് പോലെ കുറച്ചു കൂട്ടുകാരുണ്ട്, നേരിട്ട് കണ്ടാൽ വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന, തമാശയെല്ലാം പറയുന്ന അവരുടെ ഫേസ്ബുക് പോസ്റ്റുകൾ കണ്ടാൽ നമ്മൾ നേരിട്ട് കാണുന്ന ആളുടെ ഫേസ്ബുക് വാൾ തന്നെയാണോ ഇതെന്ന് സംശയം തോന്നും. ഇങ്ങിനെ കൂട്ടുകാരുടെ ഉള്ള പോസ്റ്റുകൾ സഹിക്കാൻ വയ്യാതെ ഫേസ് തന്നെ ബുക്ക് ഉപേക്ഷിച്ചു പോയ അനേകം മിതവാദി സുഹൃത്തുക്കളും ഉണ്ട്.

ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് പറയുന്നതിന് മുൻപ് ഒരു ചെറിയ പരീക്ഷണം നടത്താം. താഴെ പറയുന്ന കാര്യങ്ങൾ ദയവായി മുഴുവൻ വായിക്കുക. നിങ്ങൾ വലതുപക്ഷക്കാരനോ ഇടതു പക്ഷമോ, അമിത രാജ്യ സ്നേഹിയോ, കോൺഗ്രസോ സിപിഎമ്മോ ബിജെപി യോ , ദൈവ വിശ്വാസിയോ നിരീശ്വര വാദിയോ ആകട്ടെ....

അഹിംസാമാർഗ്ഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്ന ഗാന്ധിജിയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കുന്നു, ഇതിൽ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക ആണ് നിങ്ങൾ ചെയ്യേണ്ടത്.

എ) സ്വദേശി പ്രസ്ഥാനത്തിന്റ ഉപജ്ഞാതാവായ അദ്ദേഹത്തിന്റെ കണ്ണടകൾ ഇംഗ്ലണ്ടിൽ ഉണ്ടാക്കിയവ ആണ്.

ബി) പതിമൂന്നാം വയസിൽ ആണ് അദ്ദേഹം പതിന്നാല് വയസുള്ള കസ്തൂർബയെ വിവാഹം ചെയ്തത്.

സി) 1930 ൽ ദളിതുകൾക്ക് പ്രത്യക പാർലിമെന്റ് അവകാശത്തിന് വേണ്ടി അദ്ദേഹം മരണം വരെ നിരാഹാരം തുടങ്ങി. അങ്ങിനെ ഒരു അവകാശം കിട്ടിയതിനു ശേഷമാണു അത് അവസാനിപ്പിച്ചത്.

ഡി) 19 ഉം 16 ഉം വയസുള്ള നഗ്നയായ യുവതികളുടെ കൂടെ അദ്ദേഹം ഉറങ്ങിയിട്ടുണ്ട് എന്നാൽ തൻറെ ഭാര്യയുമായി അദ്ദേഹം കുട്ടികൾ ഉണ്ടാക്കാൻ അല്ലാതെ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ല.

ഇ) അദ്ദേഹം ഹിന്ദു മതത്തിലെ ജാതി/വർണ വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചു

എഫ്) അദ്ദേഹം ഒരു യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്

ജി) അദ്ദേഹത്തിന്റെ ഒരു മകൻ ഒരു കള്ള് കുടിയനും, പിന്നീട് മുസ്ലിം മതം സ്വീകരിച്ചവനും ആണ്. ഒരിക്കൽ തന്റെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനു ശേഷം തന്റെ മരണം വരെ ആ മകനെ കാണാൻ ഗാന്ധി കൂട്ടാക്കിയില്ല.

എഛ്) കസ്തുർഭ ഗാന്ധിക്ക് രോഗം വന്നപ്പോൾ ഗാന്ധി,തന്റെ ഭാര്യ ഒരു വെജിറ്റേറിയൻ ആണെന്ന കാരണത്താൽ , പെൻസിലിൻ കൊടുക്കാൻ സമ്മതിച്ചില്ല. പക്ഷെ തനിക്കു രോഗം വന്നപ്പോൾ മെഡിസിൻ സ്വീകരിക്കാൻ കൂട്ടാക്കുകയും ചെയ്തു.
.
.
.
.
.
.
.
.
.
നിങ്ങളുടെ ഉത്തരം സി എന്നാണെങ്കിൽ നിങ്ങൾ ഭൂരിപക്ഷത്തിനൊപ്പം ആണ്. പക്ഷെ ഒരേ ഒരു കുഴപ്പം മാത്രമേ ഉള്ളു. മുകളിൽ കൊടുത്തിരിക്കുന്നതിൽ ആ ഉത്തരം മാത്രം ആണ് തെറ്റ്. 1930 ൽ അംബേദ്‌കർ ദളിതർക്കു പ്രത്യക പാർലിമെന്റ് അവകാശങ്ങൾ വേണം എന്ന് പറഞ്ഞപ്പോൾ ദളിതർ ഹിന്ദു മതത്തിൽ പെട്ടവർ ആയതു കൊണ്ട് അവർക്ക് പ്രത്യകം അവകാശം വേണ്ട എന്ന് പറഞ്ഞാണ് ഗാന്ധി നിരാഹാരം കിടന്നതു. ഗാന്ധിയും അംബേദ്‌കറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു അത്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും സത്യമാണ്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം.

ഞാനിത്രയും എഴുതിയത് ഗാന്ധിജി നല്ല ആളോ മോശം ആളോ എന്ന് നോക്കാൻ അല്ല. മറിച്ച് നമ്മുടെ മനസ്സിൽ ഉള്ള ചില കാര്യങ്ങൾ പുതിയ അറിവുകൾ വരുന്പോൾ നാം എങ്ങിനെ സ്വീകരിക്കുന്നു എന്നറിയാനാണ്.

ഒരു പരീക്ഷണം കൂടി : മുകളിൽ പോയി സി ഒഴിച്ചുള്ള കാര്യങ്ങളിൽ നിങ്ങളെ ഏറ്റവും കുറച്ചു അലോരസപ്പെടുത്തിയത് ഏതു പോയിന്റ് ആണെന്ന് നോക്കൂ.

പോയിന്റ് എ ആണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾ ഭൂരിപക്ഷത്തിനൊപ്പമാണ്. ഇതിനു കാരണം നമ്മുടെ മനസ്സിൽ പുതിയ അറിവുകൾ, പ്രത്യകിച്ച് നാം പ്രതീക്ഷിക്കാത്ത പുതിയ വിവരം ലഭിക്കുന്പോൾ നമ്മുടെ മനസ്സിൽ നടക്കുന്ന ഒരു പ്രധിരോധ പ്രവർത്തനം ആണ്. ചില വിവരങ്ങൾ പ്രതീക്ഷിക്കാത്തവ അല്ലെങ്കിലും മനസിന് എളുപ്പം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ചെറുപ്പത്തിൽ മാതാ പിതാക്കളോ സമൂഹമോ മതമോ നമ്മുടെ മനസ്സിൽ അടിച്ചു ഉറപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം ആണെങ്കിൽ നമ്മൾ അത് എളുപ്പം ഉൾക്കൊള്ളും. ഗാന്ധിയുടെ കണ്ണട ഇംഗ്ലണ്ടിൽ ഉണ്ടാക്കിയതാണ് എന്നത് നമുക്ക് എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്നത് അത് കൊണ്ടാണ്.
എന്നാൽ പക്ഷെ മറ്റു കാര്യങ്ങൾ നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ തന്നെ ഗൂഗിൾ ചെയ്തു നോക്കികാണും എന്നെനിക്കുറപ്പാണ്. കാരണം നാം ചെറുപ്പത്തിൽ പഠിച്ച് വച്ച, ഊട്ടി ഉറപ്പിക്കപ്പെട്ട ചില കാര്യങ്ങൾ നമ്മുടെ മനസ് വലിയ പ്രതിരോധത്തോടെ ആണ് സ്വീകരിക്കുന്നത്. അത് ശരിയല്ല എന്ന് എങ്ങിനെ എങ്കിലും നമ്മെ ബോധ്യപ്പെടുത്താൻ നാം ശ്രമിക്കുന്നത് അത് കൊണ്ടാണ്. ഒരു സംഘ പരിവാർ പ്രവർത്തകൻ മോദിക്കോ ആർ എസ് എസ്സിനോ എതിരെ ഉള്ള ഒരു വാർത്തയെ പറ്റി കേൾക്കുന്പോഴും, കോൺഗ്രെസ്സുകാർ നെഹ്രുവിനെയോ ഗാന്ധിയെയോ കുറിച്ച് മോശം വാർത്ത കേൾക്കുന്പോഴും, മുസ്ലിങ്ങൾ ആ മതത്തിന്റെ പേരിൽ നടക്കുന്ന ഭീകര ആക്രമണങ്ങളെ കുറിച്ചോ കേൾക്കുന്പോഴും , സി പി എമ്മുകാർ ഇപ്പോഴത്തെ ഗവൺമെന്റിന്റെ ചില മോശം പ്രവർത്തനങ്ങളെ കുറിച്ച് കേൾക്കുന്പോഴും നമ്മുടെ മനസ് തീർക്കുന്ന പ്രതിരോധം ആണ് ചില വസ്തുതകൾ തള്ളിക്കളയാനോ അവ കണ്ടില്ലെന്നു നടിക്കാനോ നമ്മെ പ്രേരിപ്പിക്കുന്നത്. ആ വാർത്ത എങ്ങിനെ പ്രതിരോധിക്കാം എന്ന് നമ്മൾ ഗൂഗിൾ ചെയ്തു നോക്കുന്നതും അത് കൊണ്ടാണ്.
ഡിസംബർ ഇരുപത്തി അഞ്ചിനാണ് യേശു ക്രിസ്തു ജനിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നു പറഞ്ഞാൽ ക്രിസ്ത്യാനികൾക്കും, മലയാളി മെമ്മോറിയൽ കാലത്തു നായന്മാർ സംവരണത്തിന് വേണ്ടി ആവേശപൂർവം സമരം ചെയ്തിരുന്നു എന്ന് പറഞ്ഞാൽ സംവരണത്തിനെതിരെ സംസാരിക്കുന്ന നായന്മാർക്കും ഇതേ വികാരം വരും. പക്ഷെ ഇതെല്ലാം സത്യമാണ്. ഇങ്ങിനെ മതങ്ങളിൽ നിന്നും, രാഷ്ട്രീയത്തിൽ നിന്നും അനേകം അനേകം ഉദാഹരണങ്ങൾ എനിക്ക് എടുത്തു കാണിക്കാൻ സാധിക്കും. ചിലതെല്ലാം പഴയ സാമൂഹിക സാഹചര്യങ്ങളിൽ ശരിയായിരുന്നു , പക്ഷെ ഇന്ന് തെറ്റാണ്. ചിലതെല്ലാം, അന്നും ഇന്നും തെറ്റാണു.

മനഃശാസ്ത്രത്തിൽ ഇതിനെ backfire effect എന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ ആണ് ഇതിനെ കുറിച്ച് ഗവേഷണം നടന്നത്. കുറെ പേരെ MRI മെഷീനിൽ കയറ്റി അവരുടെ വിശ്വാസത്തിന്റെ തികച്ചും എതിരായ ചില സത്യങ്ങൾ മോണിറ്ററിൽ കാണിച്ചാണ് ഒരു പരീക്ഷണം നടത്തിയത്. ഇങ്ങിനെ ഉള്ള സത്യങ്ങൾ കണ്ട മാത്രയിൽ അവരുടെ തലച്ചോറിലെ amygdala എന്ന ഭാഗത്തു ആണ് ഏറ്റവും വലിയ ആക്ടിവിറ്റി ഉണ്ടായതു. നമ്മെ ആരെങ്കിലും ആക്രമിക്കാൻ വരുന്പോൾ നമ്മെ അക്രമം തടയാൻ ആയി റെഡി ആക്കുന്ന അതെ ഭാഗം ആണ് amygdala. എന്ന് വച്ചാൽ ശാരീരികമായി നമ്മെ ആക്രമിക്കാൻ വരുന്നതും, ആശയപരമായി ഒരാൾ നമ്മെ എതിർക്കുന്നതും നമ്മുടെ ശരീരം ഒരു പോലെ ആണ് കാണുന്നത്.
ഇത് പരിണാമ ശാസ്ത്രവും ആയി ബന്ധപ്പെട്ടതാണ്. മനുഷ്യൻ കാട്ടിൽ ഇര തേടി നടന്ന കാലത്തു, മഞ്ഞയും കറുപ്പും നിറം ഉള്ള എന്തെങ്കിലും കണ്ടാൽ കടുവ എന്ന് ഊഹിച്ചു കൊണ്ട് ഓടിപ്പോയവരുടെ പിൻഗാമികൾ ആണ് നമ്മൾ, അത് കടുവ തന്നെയാണോ എന്ന് അടുത്ത് പോയി നോക്കിയവർ കടുവയുടെ വയറ്റിൽ എത്തിയിരിക്കും. അത് കൊണ്ട് നമ്മുടെ തലച്ചോർ പെട്ടെന്ന് ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ ആയി ഡിസൈൻ ചെയ്തതാണ്.

മതങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ദൈവം ആണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത് എന്നെല്ലാം കുട്ടികളുടെ മനസ്സിൽ കയറ്റി കൊടുത്താൽ അത് തലച്ചോർ ഒരു കോർ വിശ്വാസം ആയി സ്വീകരിക്കുകയും, കുറെ നാൾ കഴിഞ്ഞു എന്തൊക്കെ തെളിവുണ്ടെങ്കിലും ആ വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയെ കിട്ടാൻ ഇതിലും നല്ല വഴി ഇല്ല. വ്യത്യസ്ത മത വിഭാഗങ്ങൾ ഈ ആശയം വ്യത്യസ്‍ത രീതികളിൽ അവതരിപ്പിച്ചു കുറച്ചു വ്യത്യാസം ഉള്ള വിശ്വാസങ്ങൾ കുട്ടികളെ അടിച്ചേൽപ്പിക്കും എന്ന് മാത്രം. ഇത്തരക്കാർ വലുതാവുന്പോൾ അവരുടെ കുട്ടികളെയും ഇങ്ങിനെ പഠിപ്പിച്ചു ഒരു തുടർ പ്രവർത്തനം ആയി ഇതിനെ മാറ്റും. ഇങ്ങിനെ ഉള്ള അടിസ്ഥാന വിശ്വാസങ്ങളെ ആണ് തകർക്കാൻ ഏറ്റവും ബുദ്ധിമുട്ട്. ഒരു വിശ്വാസിയോട് അവന്റെ വിശ്വാസത്തിന് എതിരായി എന്തെങ്കിലും പറഞ്ഞ നോക്കൂ, അപ്പോൾ കാണാം കളി മാറുന്നത്. ഓർക്കുക, അവർ മോശമായത് കൊണ്ടല്ല അത്, പക്ഷെ അവരുടെ തലച്ചോർ അങ്ങിനെ പ്രവർത്തിക്കാൻ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഇത് മനസിലാക്കിയതിൽ പിന്നെയാണ്, എന്നെ ചീത്ത വിളിക്കുന്നവരെ പോലും ഞാൻ സഹതാപത്തോടെ കാണാൻ തുടങ്ങിയത്. ഇങ്ങിനെ ഉള്ള ചല വിശ്വാസങ്ങൾ എനിക്കും ഉണ്ടാവാം. നമുക്ക് ഇങ്ങിനെ ഉള്ള തെറ്റായ ശരികളിൽ നിന്ന് പുറത്തു വരാൻ ഒരു മാർഗമേ ഉള്ളു, അത് കുറച്ചു കഠിനമാണ്. നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ വായിച്ചു പഠിക്കുക. നമ്മെ എതിർക്കുന്നവരുടെ പോസ്റ്റുകളും വായിക്കാൻ ശ്രമിക്കുക, അവർക്കു ഒരു കാഴ്ചപ്പാട് ഉണ്ടാവും, അത് മനസ്സിൽ ആക്കുന്നത് നമ്മുടെ അറിവിനെ കൂടുതൽ തെളിച്ചമുള്ളതാക്കും.

ഫേസ്ബുക്കിന്റെ അൽഗോരിതം ഓരോരുത്തർക്കും ഇഷ്ടപെട്ട പോസ്റ്റുകൾ അവർക്കു കാണിക്കുക എന്നതാണ്. നിങ്ങൾ പോയി ഒരു തീവ്ര വിശ്വാസിയുടെ പോസ്റ്റ് ലൈക് ചെയ്താൽ അങ്ങിനെ ഉള്ള പോസ്റ്റുകൾ ആയിരിക്കും ഫേസ്ബുക് നിങ്ങള്ക് കാണിക്കുക. യഥാർത്ഥത്തിൽ ഫേസ്ബുക്കിൽ നിങ്ങൾ കാണുന്ന ഫീഡ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പോലെ ഉള്ള ലോകത്തിന്റെ ഒരു വെർഷൻ മാത്രം ആണ്. കൂപ മണ്ഡൂകം ആകാതെ നോക്കിയാൽ നന്ന്.
"മനസ് ഒരു പാരചൂട്ട് പോലെയാണ്, രണ്ടും തുറന്നാൽ മാത്രമേ പ്രവർത്തിക്കൂ...."

അഭയാർത്ഥികൾ

https://www.facebook.com/Hussain.Kizhakkedathu/posts/10208891902686841

2017 June 2 ·

ഞങ്ങൾ പാരീസ് സന്ദർശനം കഴിഞ്ഞു വന്നു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്, തിരിച്ചു വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ കറങ്ങി നടന്ന, ഷാംപ്സ് എലീസ് എന്ന തെരുവിൽ വെടിവപ്പ് നടന്നത്. ഒരു പോലീസ് ഓഫീസറും അക്രമിയും ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിന്റെ പിറ്റേ ദിവസം ഓഫീസിൽ വച്ച് ഇതിനെ കുറിച്ച് രണ്ടു സുഹൃത്തുക്കളോട് സംസാരിക്കാൻ ഇടവന്നു. ഒരു ശ്രീലങ്കൻ തമിഴനും ഒരു പഞ്ചാബിയും. രണ്ടു പേരും ഈ വാർത്ത കേട്ടപ്പോൾ എന്റെ പാരീസ് ട്രിപ്പിനെ കുറിച്ചാണ് ഓർത്താണ് എന്ന് പറഞ്ഞു.

"ഒരു കാര്യത്തിൽ ഞാൻ ട്രന്പിനെ അനുകൂലിക്കുന്നു, ട്രന്പ് സിറിയൻ അഭയാർത്ഥികളെ അമേരിക്കയിൽ കയറ്റാതിരുന്നത് വളരെ നല്ല കാര്യം ആണ്. അല്ലെങ്കിൽ ഇവിടെയും ഇവന്മാർ ഇങ്ങിനെ ചെയ്തേനെ." ഒരു സുഹൃത്ത് പറഞ്ഞു.

"ശരിയാണ്, മുസ്ലിങ്ങളെ അഭയാർത്ഥികൾ ആയി കയറ്റിയാൽ ആ രാജ്യത്തിൻറെ കാര്യം കട്ടപൊകയാണ്." അടുത്ത ആൾ സപ്പോർട്ട് ചെയ്തു.

"ഇതിൽ രണ്ടു പ്രശ്നം ഉണ്ട്. ഒന്നാമത്, അഭയാർത്ഥി പ്രശ്നം പലപ്പോഴും രാഷ്ട്രീയമാണ്, അതിനെ മതവുമായി കൂട്ടി കുഴക്കുന്നത് തെറ്റാണു. രണ്ടാമത് വേറെ ഒരു ഗതിയും പരഗതിയും ഇല്ലാതെ ജനിച്ചു വളർന്ന സ്ഥലവും, ജോലിയും എല്ലാം ഇട്ടെറിഞ്ഞു ഒരാൾ കുടുംബവും ആയി നാട് വിടണമെങ്കിൽ അത്ര മാത്രം ആപൽക്കരമായ സ്ഥിതി വിശേഷം ആയിരിക്കണം അവിടെ. ഞാൻ പാരിസിൽ വച്ച് അനേകം സിറിയൻ അഭയാർത്ഥികളെ കണ്ടു, പലരും ഭാഷ അറിയാതെ, "സിറിയൻ അഭയാർത്ഥി" എന്നെഴുതിയ ബോർഡും പിടിച്ചു ഭിക്ഷക്കാരായി നിൽക്കുന്നവരാണ്. അവരിൽ ഒരു പക്ഷെ ഡോക്ടർമാരും എൻജിനീയർമാരും ഉണ്ടാവാം. കുറെ പേരെ ഫ്രഞ്ച് ഗവണ്മെന്റ് പുനരധിവസിപ്പിക്കുന്നുണ്ട്. മറ്റൊന്ന് ഇവർ വളരെ അപകടം പിടിച്ച ഒരു യാത്രയുടെ അവസാനം ആണ് ഇവിടെ എത്തിപ്പെടുന്നത്. പലപ്പോഴും ബോട്ട് മുങ്ങിയും മറ്റും കുട്ടികളും മാതാപിതാക്കളും കൊല്ലപ്പെട്ടവരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാം. അത് കൊണ്ട് സിറിയൻ അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം" ഞാൻ പറഞ്ഞു.

"അത് മണ്ടത്തരം ആണ്. ഇതിലൂടെ അക്രമികൾ കയറി വരില്ല എന്ന് നമുക്കറിയില്ലല്ലോ?"

ശ്രീലങ്കൻ തമിഴ് സുഹൃത്ത് പറഞ്ഞു. ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ ആയി കാനഡയിൽ കുടിയേറി പാർത്തവരാണ് വന്നവരാണ് അവന്റെ അച്ഛനും അമ്മയും.

"നീ തന്നെ അത് പറയുന്നതിലെ വിരോധാഭാസം ഒന്നാലോചിച്ചു നോക്കൂ. ഇതേ ലോജിക് വച്ച് ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളെ ഇവിടെ കയറ്റിയില്ല എന്ന് വച്ചിരുന്നെങ്കിൽ നീ ഇന്ന് ഇത് പറയാൻ ഇവിടെ ഉണ്ടാവില്ലായിരുന്നു. ആരെങ്കിലും ശ്രീലങ്കയിലെ പ്രശ്നങ്ങൾ വച്ച് ഹിന്ദു മത തീവ്രവാദികൾ എന്ന് നിങ്ങളെ വിളിച്ചു ഞാൻ കേട്ടിട്ടില്ല"

"പക്ഷെ അതിനു ഞങ്ങൾ ഭീകരർ അല്ലല്ലോ, ശ്രീലങ്കയിലെ തമിഴ് വംശജർക്ക് വേണ്ടി പൊരുതുന്നവരെ എങ്ങിനെ ഐസിസും ആയി താരതമ്യപ്പെടുത്താൻ കഴിയും?"

"നിഷ്കളങ്കരായ ആളുകളെ കൊള്ളുന്ന എല്ലാവരും ഭീകരർ തന്നെ ആണ്. ലങ്കയിലെ കാട്ടാൻകുടിയിൽ ഒരു പള്ളിയിൽ നൂറ്റി നാല്പത്തി ഏഴു ഏഴു മുസ്ലിങ്ങളെ കൊന്ന കാട്ടാങ്കുടി മസ്സാക്കർ മുതൽ ഇന്ത്യയിലെ രാജീവ് ഗാന്ധി വധക്കേസ് മുതൽ അനേകം ഭീകര ആക്രമണങ്ങളിൽ എൽടിടിഇ പങ്കാളികൾ ആയ കാര്യം മറക്കരുത്. പക്ഷെ അതിന്റെ അർഥം ലങ്കയിൽ നിന്ന് വന്ന എല്ലാവരും ഭീകരർ ആണെന്നല്ല. ഇങ്ങിനെ വന്നവരിലും ചില തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടാവാം, ദീപൻ എന്ന ഫ്രഞ്ച് സിനിമ ഫ്രാൻ‌സിൽ ഇങ്ങിനെ എത്തപ്പെട്ട ശ്രീലങ്കക്കാരുടെ കഥ പറയുന്ന ഒന്നാണ്. ഫ്രാൻസിലെ ഗാർ ഡെ നോർ അറിയപ്പെടുന്നത് തന്നെ ലിറ്റിൽ ജാഫ്‌ന എന്നാണ്. കാനഡയിലെ സ്കാർബറോയിൽ ഉള്ള ശ്രീലങ്കൻ ഗ്യാങ്ങുകളെ കുറിച്ച് നിനക്കു ഞാൻ പറഞ്ഞു തരണ്ടല്ലോ."

"പക്ഷെ ഇവർ ആരും തങ്ങൾക്കു അഭയാർത്ഥികൾ ആയി അഭയം കൊടുത്ത രാജ്യത്തിന് എതിരെ പ്രവർത്തിച്ചിട്ടില്ല. ഫ്രാൻ‌സിൽ ഉള്ള വെടിവയ്പ്പിന് ശേഷം സിറിയൻ അഭയാർത്ഥികൾക്ക് അഭയം കൊടുക്കരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മാത്രം അല്ല മുസ്ലിങ്ങൾ ഒരു സ്ഥലത്തു വന്നു കഴിഞ്ഞാൽ അവിടെ പെട്ട് പെരുകും, ഉദാഹരണത്തിന് ഫ്രാൻ‌സിൽ ഇപ്പൊൾ അഞ്ചു മുതൽ പത്തു ശതമാനം വരെ മുസ്ലിങ്ങൾ ആണ്." അടുത്ത് പഞ്ചാബി സുഹൃത്തിന്റെ ഊഴമാണ്

"ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് ടോറോന്റോയിൽ നിന്ന് ബോംബേക്കു തിരിച്ച എയർ ഇന്ത്യയുടെ കനിഷ്ക എന്ന വിമാനം ഖാലിസ്ഥാൻ ഭീകരർ ബോംബ് വച്ച് തകർത്തത്. മരിച്ച 329 പേരിൽ 269 പേരും കാനേഡിയൻ പൗരന്മാർ ആയിരുന്നു. എന്നിട്ടു ആരെങ്കിലും സിഖ് മതം ഭീകര മതം എന്ന് പറഞ്ഞോ? ഇപ്പോൾ കാനഡയിലെ മന്ത്രിസഭയിൽ വരെ സിഖ് വംശജർ ഇല്ലേ?"

ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല, പക്ഷെ അറിയുന്നവർ തന്നെ നമ്മുടെ കാര്യം വരുന്പോൾ ഒരു നിലപാടും, മറ്റുള്ളവരുടെ കാര്യം വരുന്പോൾ മറ്റൊരു നിലപാടും എടുക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ലഘു തത്വശാസ്ത്രം.
സിറിയയിൽ ആസാദ് വിഷവാതകം പ്രയോഗിക്കുന്പോൾ മരിച്ചു വീഴുന്നത് സിറിയക്കാർ തന്നെയാണ്. അധികാരത്തിനു വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഒരു യുദ്ധം. പക്ഷെ മറ്റു യുദ്ധങ്ങളിൽ നിന്ന് ഇതിനു ഒരു വ്യത്യാസം ഉണ്ട്. സിറിയ സ്വന്തം ആയി അധികം ആയുധങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ല. സിറിയൻ അഭയാർത്ഥികളെ കയറ്റില്ല എന്ന് പറയുന്ന അമേരിക്ക തന്നെയാണ് സിറിയൻ റെബലുകൾക്കു ആയുധം കൊടുക്കുന്നത്, കുറച്ചു ഫ്രാൻസും ബ്രിട്ടനും കൊടുക്കുന്നുണ്ട്. സിറിയൻ ഗവേൺമെന്റിനു ആയുധങ്ങൾ കൊടുക്കുന്നത് റഷ്യയും. ഇത് ഒരർത്ഥത്തിൽ സിറിയയിൽ അമേരിക്കയും റഷ്യയും നടത്തുന്ന യുദ്ധമാണ്. രണ്ടു രാജ്യക്കാർ യുദ്ധം ചെയ്യുന്പോൾ മൂന്നാമത് ഒരു രാജ്യത്തെ സാധാരണം പൗരന്മാർ മരിച്ചു വീഴുന്ന നൂതന യുദ്ധ യാഥാർഥ്യം.

ഫ്രാൻസിലെ മുസ്‌ലിം ജനസംഖ്യയുടെ പിന്നിലും ഉണ്ട് ഒരു ചരിത്രം. ഫ്രാൻ‌സിൽ ഉള്ള മുസ്ലിങ്ങളിൽ ഭൂരിഭാഗവും അൾജീരിയയിൽ നിന്നും വന്നവരാണ്. കാരണം, നൂറ്റി മുപ്പത്തി രണ്ടു കൊല്ലം അൾജീരിയ ഫ്രാൻസിന്റെ അധീനതയിൽ ആയിരുന്നു. 1830 മുതൽ 1962 വരെ. ഇവിടെ നിന്നും ഫ്രാൻ‌സിൽ കുടിയേറിയവർ ആണ് ഭൂരിപക്ഷവും. ഫ്രാൻസിന്റെ പ്രതാപ കാലത്തു ഭൂമിയിൽ ഉള്ള കരയുടെ എട്ടു ശതമാനത്തോളം കുടിയേറി കയ്യിൽ വച്ചിരുന്ന ഫ്രാൻസ് കുടിയേറ്റത്തിനെതിരെ സംസാരിക്കുന്നതു, ഒരു വലിയ തമാശയാണ്.

ഫ്രാൻസ് പൊതുവെയും പാരീസ് പ്രത്യേകിച്ചും, ന്യൂനപക്ഷങ്ങളെ പെട്ടെന്ന് ഉൾകൊള്ളുന്ന ഒരു സമൂഹം ആണ്. അത് കൊണ്ട് തന്നെ പാരിസിൽ ജാതി മത വർണ വ്യത്യാസം ഇല്ലാതെ കൂട്ട് കൂടി നടക്കുന്ന അനേകം ആളുകളെ കാണാം. വെളുത്തവരും കറുത്തവരും, മുസ്ലിങ്ങളും ക്രിസ്ത്യാനികളും , പല രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഒരു സമൂഹം എന്ന നിലയിൽ ഒറ്റകെട്ടായി ജീവിക്കുന്ന ഒരു സമൂഹം ആണ് ഫ്രാൻസ്.

ഇതാണ് ഐസിസിനെ പോലെ ഉള്ള ഭീകര സംഘടനകളെ വിളറി പിടിപ്പിക്കുന്നത്. അവർ ആഗ്രഹിക്കുന്നതും, റിക്രൂട്ടിട്മെന്റിന് വേണ്ടി ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നതും ആയ കാര്യം യൂറോപ്പും അമേരിക്കയും മുസ്ലിങ്ങളെ വെറുക്കുന്നു എന്ന് വരുത്തി തീർക്കുകയാണ്. ഇതിനുള്ള എളുപ്പ വഴി ആണ് ചില ക്രിമിനലുകളെ സ്വാധീനിച്ചു കൊണ്ട് ഒരു വെടി വെയ്പോ ബോമ്പ് സ്ഫോടനമോ നടത്തി ആ നാട്ടുകാരെ മുസ്ലിങ്ങൾക്ക് എതിരാക്കുന്നതു. ആ കെണിയിലേക്കാണ് ചിലപ്പോഴെല്ലാം നാം തല വച്ച് കൊടുക്കുന്നത്.

അമേരിക്കയിൽ ട്രന്പ് വന്നത് കൊണ്ടും, ഫ്രാൻ‌സിൽ കുടിയേറ്റത്തിനു എതിരെ സംസാരിക്കുന്ന ലു പെൻ അവസാന ഘട്ട വോട്ടെടുപ്പിൽ കടന്നതു കൊണ്ടും കൂടുതൽ സന്തോഷിക്കുന്നത് ഐസിസ് പോലെ ഉള്ള സംഘടനകൾ തന്നെ ആണ്.

അതിർത്തികളും കാരണങ്ങളും മാറ്റി പിടിച്ചാൽ നമ്മുടെ നാട്ടിലും കാണാൻ കഴിയും ഇത് പോലെ ഉള്ളവരെ. തെക്കേ ഇന്ത്യക്കാരും വടക്കേ ഇന്ത്യക്കാരും തിരിച്ചു പോണം എന്ന് പറഞ്ഞ ശിവസേനയുടെ മുംബയിൽ ഒരു ഭീകര ആക്രമണം നടന്നപ്പോൾ വീരമൃത്യ വരിച്ച സൈനികൻ ഒരു മലയാളിയാണ്. സാന്പത്തിക കാരണങ്ങൾ കൊണ്ട് ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്നും ബംഗാളിൽ നിന്നുമെല്ലാം കേരളത്തിലേക്ക് നടക്കുന്ന കുടിയേറ്റം അതിർത്തികൾ രാജ്യാന്തരം അല്ല എന്ന കാരണം കൊണ്ടാണ് അധികം വാർത്ത ആകാത്തത്.

മട്ടാഞ്ചേരിയിൽ നിന്ന് അഞ്ചു കിലോമീറ്റര് മാത്രം അകലെ ഉള്ള പള്ളുരുത്തിയിലേക്കു മാറി താമസിച്ചപ്പോൾ ഞങ്ങളും ഒരു കുടിയേറ്റത്തിന്റെ രുചി അറിഞ്ഞതാണ്. മാറ് മറക്കാത്ത വല്യമ്മമാരെയും, തമ്പ്രാനെ എന്ന് വിളിച്ചു ഓച്ഛാനിച്ചു നിൽക്കുന്ന ആളുകളെയും കണ്ടത് വലിയ അത്ഭുതം ആയിരുന്നു.

ഒന്നോർത്താൽ നമ്മൾ എല്ലാവരും കുടിയേറ്റക്കാരും അഭയാര്ഥികളും ആണ്. കാരണം രാഷ്ട്രീയമോ സാന്പത്തികമോ ആവാം, അതിർത്തികൾ രാജ്യാന്തരമോ, അന്തർ സംസ്ഥാനമോ ആവാം. കാരണങ്ങളും അതിർത്തികളും മാറുന്നു എന്ന് മാത്രം. ആഫ്രിക്കയിൽ നിന്നാരംഭിച്ച ഒരു വലിയ കുടിയേറ്റത്തിന്റെ ബാക്കി പത്രം ആണ് ഇന്നത്തെ മനുഷ്യന്റെ മുഴുവൻ ചരിത്രവും..

മോഹൻലാലിന്റെ ചരിവ്!

https://www.facebook.com/Hussain.Kizhakkedathu/posts/10208901450805538

2017 June 3


മോഹൻലാൽ എന്ത് കൊണ്ടാണ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നത് ?

ചോദ്യം 8 വയസുകരന്റെയാണ്. കുട്ടികളുടെ ചോദ്യത്തിന്റെ പ്രശ്നം ഇതാണ്. ചെറിയ ചോദ്യം ആണെങ്കിലും ഉത്തരം പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇതിന്റെ ഉത്തരം തേടിയാൽ ചെന്നെത്തുന്നത് വളരെ ലളിതമല്ലാത്ത ഒരു ഉത്തരത്തിൽ ആണ്. മോഹൻ ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്. അപ്പോൾ കാണുന്ന നമുക്കണോ പ്രശ്നം?

നേരെ നിവർന്നു നടക്കാൻ തുടങ്ങിയത് മനുഷ്യ വർഗ്ഗത്തിന്റെ പരിണാമത്തിലെ വളരെ പ്രധാനപെട്ട ഒരു ഘട്ടം ആയിട്ടാണ് കണക്കാക്കപെടുന്നത്.കാഴ്ചയും കേൾവിയും പോലെ നേരെ നടക്കുന്നതും രണ്ടു തരം അവയവങ്ങൾ കൊണ്ടാണ്ട് നമ്മുടെ ശരീരം ചെയ്യുന്നത്. ഒന്ന് സംവേദനതിനുള്ള (sense ) അവയവങ്ങളും മറ്റൊന്ന് ഈ അവയവങ്ങളിൽ നിന്ന് വരുന്ന signals നെ process ചെയ്യാൻ ഉള്ള തലച്ചോറിലെ ഭാഗവും (cerebellum & spatial lobe).

കണ്ണുകളിലൂടെ ഉള്ള feedback വളരെ പ്രധാനപ്പെട്ടതാണ്. ഇത് വ്യക്തമാക്കാൻ ചെറിയ ഒരു പരീക്ഷണം ചെയ്തു നോക്കാം. ആദ്യം കണ്ണ് തുറന്നു പിടിച്ചു 30 സെക്കന്റ്‌ നേരം ഒറ്റക്കാലിൽ നില്ക്കുക, പിന്നീട് കണ്ണ് അടച്ചു പിടിച്ചു ചെയ്യാൻ ശ്രമിക്കുക. കണ്ണ് അടച്ചു പിടിച്ചു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കാണാം.

പഞ്ചേന്ദ്രിയങ്ങൾ അല്ലാതെ വളരെ അധികം ഇന്ദ്രിയങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് നമ്മുടെ കാതിനകത്തുള്ള vestibular സിസ്റ്റം. അർദ്ധവൃത്താകൃതിയിൽ ഉള്ള രണ്ടു ഭാഗങ്ങൾ ആണ് ഇതിൽ നമ്മുടെ ശരീരത്തിന്റെ വശങ്ങളോളുള്ള ചരിവിനെ കുറിച്ചുള്ള വിവരങ്ങൾ തലച്ചോറിനെ അറിയിക്കുന്നത് (Superior/posterior semi circular canals). മുന്നോട്ടും പിന്നോട്ടും ഉള്ള ചരിവിനെ കുറിച്ച് തലച്ചോറിനെ അറിയിക്കാൻ ഒട്ടോലിത് എന്ന ഭാഗവും നമ്മുടെ കാതിനകത്തു ഉണ്ട്.

മറ്റൊരു പരീക്ഷണം : കണ്ണടച്ച് പിടിച്ചു മൂക്കിൻ തുന്പതു തൊടാൻ ശ്രമിക്കുക. ഇനി ഒരു പേനയോ ടൂത്ത് ബ്രഷൊ കൊണ്ട് അതിൽ നോക്കാതെ മൂക്കിൻ തുന്പത്ത് തൊടാൻ നോക്കൂ.
മേല്പറഞ്ഞ അവയവങ്ങളെല്ലാം തന്നെ നമ്മുടെ പല തരത്തില ഉള്ള balance ഇനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമെങ്കിലും തലച്ചോറിൽ നമ്മുടെ ശരീരത്തിന്റെ ഒരു പ്രിതിബിംബം spatial lobe എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്. അത് കൊണ്ടാണ് കണ്ണടച്ച് മൂക്കിൻ തുന്പത്ത് തൊടാൻ പറഞ്ഞാൽ വളരെ എളുപ്പം ചെയ്യാൻ പറ്റുന്നത്. കണ്ണടച്ച് പിടിച്ചു ശരീരത്തിന്റെ ഏതു ഭാഗത്ത്‌ തൊടാനും ഈ system സഹായിക്കുന്നു. ശരീരം വളരുന്ന കാലഘട്ടത്തിലും, അപകടം പറ്റി ശരീര ഘടന മാറുന്ന സമയത്തും spatial lob ഇലെ ശരീരത്തിന്റെ image മാറാൻ കുറച്ചു സമയം എടുക്കുന്നത് കൊണ്ടാണ് fantom limb പോലെ ഇല്ലാത്ത കൈ കാൽ വേദനകൾ റിപ്പോർട്ട്‌ ചെയ്യപെടുന്നത്. ഒരു പേനയോ ടൂത്ത് ബ്രഷൊ എടുത്തു അതിൽ നോക്കാതെ കണ്ണ് പൂട്ടി മൂക്കിൻ തുന്പത്ത് തൊടാൻ ശ്രമിച്ചാൽ, വിരൽ കൊണ്ട് തോടുന്നതിനെക്കാൾ ബുദ്ധിമുട്ടാൻ കാരണം spatial lobe ഇൽ നമ്മുടെ ശരീരത്തിന്റെ ഇമേജ് മാത്രം ഉള്ളു എന്നത് കൊണ്ടാണ്.

ഈ എല്ലാ വിവരങ്ങളും process ചെയ്യുന്ന തലച്ചോറിനു പക്ഷെ ഒരു പ്രശ്നം ഉണ്ട്, നമ്മേ കാണാതെ കൈ കാലുകളുടെ movement കൊണ്ട് തലച്ചോറിൽ ഉണ്ടാക്കി വയ്ക്കുന്ന അറിവ് ഇപ്പോഴും pefect ആവണം എന്നില്ല. അവിടെ ആണ് ശരീരത്തിന്റെ ചെറിയ ചരിവുകൾ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിൻറെ മനസ്സിൽ അദ്ദേഹം നേരെ ആണ് നിൽക്കുന്നതും നടക്കുന്നതും, തലച്ചോർ ഒരു ചെറിയ ചരിവ് നേരെ ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് മാത്രം. മോഹൻ ലാലിനു മാത്രമല്ല നമുക്കെല്ലാവര്ക്കും എന്തെങ്കിലും ചരിവുണ്ടാവും. സ്റ്റുഡിയോയിൽ പടം എടുക്കാൻ പോകുമ്പോൾ ആവും നമ്മൾ പലപ്പോഴും നമ്മുടെ മുഖം ചരിച്ചു പിടിക്കുന്നത്‌ മനസ്സിൽ ആക്കുന്നത്.
സാധാരണ ഗതിയിൽ ഇത് പ്രശ്നമിലാത്ത കാര്യം ആണെങ്കിലും അൽഷൈമെർസ് രോഗം ബാധിച്ചവരിൽ ചരിവ് രോഗ ലക്ഷണം ആയി പ്രത്യക്ഷപെടാം. തലച്ചോറിലെ ശരീരത്തിന്റെ ഇമേജിനെ കുറിച്ചുള്ള ഓർമ്മകൾ അൽഷൈമെർസ് രോഗം ബാധിച്ചു നഷ്ടപെടാൻ തുടങ്ങുന്പോൾ ആണ് അത് സംഭവിക്കുന്നത്‌.

ഇത് ശരീരത്തിന്റെ കാര്യം, നമ്മുടെ പലരുടെയും മനസിന്റെ ചരിവും ഇത് പോലെ തന്നെയാണ്. നമ്മുടെ മനസ്സിൽ നമ്മൾ നേരെ ആണ്, പക്ഷെ മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ അറിയാം നമ്മുടെ ചരിവ്, വലത്തോട്ടായാലും, ഇടത്തോട്ടായാലും.

Ref : The man who mistook his wife for a hat , Oliver Sacks, chapter 7 : On the level

നടൻ ശ്രീനിവാസന് ഒരു തുറന്ന കത്ത്

https://www.facebook.com/Hussain.Kizhakkedathu/posts/10208914722777329

2017 June 5


കന്പപൊടി കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവ് തിന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ, ആഴ്ചയിൽ ഒരിക്കൽ, ഞങ്ങൾ കുട്ടികൾ പൂറോസ് എന്ന് ചുരുക്കി വിളിച്ചിരുന്ന സേക്രഡ് ഹാർട്ട് പുവർ ഹൌസിൽ നിന്നും എല്ലാവർക്കും കന്പപൊടി ഉപ്പുമാവ് കിട്ടുമായിരുന്നു. നല്ല മുളകും കടുകും വറുത്തിട്ട ഇത് ഇന്ത്യയിലെ പട്ടിണി മാറ്റാൻ അമേരിക്കയുടെ സംഭാവന ആയിരുന്നു. വെള്ളി നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കിനു മുകളിൽ നീല നിറത്തിൽ എഴുതിയ USA എന്ന അക്ഷരങ്ങൾ എനിക്കിന്നും ഓർമയുണ്ട്. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷയും ഉച്ചക്കഞ്ഞിയും എല്ലാം വരുന്നതിന് മുൻപായിരുന്നു അത്. വികസനത്തിലേക്ക് ഇന്ത്യ കുതിക്കാൻ തുടങ്ങുന്നതിനും നരസിംഹ റാവു ഗൺമെൻറ് ഇന്ത്യൻ വിപണി ലോകത്തിന് മുന്നിൽ തുറന്നു കൊടുക്കുന്നതിനും മുൻപ്.
അമേരിക്കയിൽ വന്നു കഴിഞ്ഞാണ് കന്പം എന്ന് നമ്മൾ വിളിക്കുന്ന ചോളത്തിന്റെ കൂടുതൽ ഉപയോഗം കണ്ടു കണ്ണ് തള്ളിയത്. ഇവിടെ പെട്രോൾ അടിച്ചാൽ അതിൽ ചോളത്തിൽ നിന്നുണ്ടാക്കിയ പത്തു ശതമാനം എത്തനോൾ ഉണ്ടാവും. ലിപ്സ്റ്റിക്ക് മുതൽ ടൂത്ത് പേസ്റ്റ് വരെ, രാവിലെ കഴിക്കുന്ന സിരിയൽ (cereal) മുതൽ ഉച്ചക്ക് കഴിക്കുന്ന ഹാംബർഗർ വരെ, കൊക്ക കോള മുതൽ മിട്ടായി വരെ കോണോ അതിന്റെ ഉപ ഉൽപ്പന്നമായ ഹൈ ഫ്രക്ടോസ് കോൺ സിറപ്പോ ഇല്ലാത്ത വസ്തുക്കൾ കണ്ടു പിടിക്കാൻ തന്നെ ബുദ്ധിമുട്ടായ അവസ്ഥ. അമേരിക്കയിലെ കോൺ വ്യവസായം കോടിക്കണക്കിനു രൂപ ഗവണ്മെന്റ് സബ്‌സിഡി കൊടുക്കുന്നതും, വലിയ രാഷ്‌ടീയ പിടിപാടുള്ള കർഷകർ ചെയ്യുന്നതുമായ ഒരു വ്യവസായം ആണ്. അമേരിക്ക ആളുകൾക്ക് ആവശ്യം ഉള്ളതിന്റെ പതിന്മടങ്ങു കോൺ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടാണ് ഇത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും, അത് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ഉപ ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നതും. പക്ഷെ വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. ഭക്ഷണം കഴിക്കാൻ കിട്ടാതെ കോടികണക്കിന് മനുഷ്യർ മരിച്ചു വീണ ഒരു സാഹചര്യത്തിൽ നിന്നാണ് ഇങ്ങിനെ ആവശ്യത്തിലും കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം വളർന്നത്.

നിയന്ത്രണമില്ലാത്ത ജനസംഖ്യ വർധനവും അതിനോട് ഒപ്പം വളരാത്ത ഭക്ഷ്യ ലഭ്യതയും മനുഷ്യൻ വേട്ടയാടൽ നിർത്തി കൃഷി ചെയ്യാൻ തുടങ്ങിയത് മുതൽ മനുഷ്യനെ കുഴപ്പിച്ച പ്രശ്നമാണ്. ആദ്യമായി ഒരു സിദ്ധാന്തം ഇക്കാര്യത്തിൽ കൊണ്ട് വന്നത് തോമസ് മാൽത്തൂസ് ആണ്. 1798 ൽ അദ്ദേഹം തൻറെ ജനസംഖ്യയെ കുറിച്ചുള്ള ലേഖനത്തിൽ ഒരു പ്രധാനപ്പെട്ട നിരീക്ഷണം നടത്തി. ഭക്ഷണ ഉല്പ്പാദനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് കൊണ്ട് 1,2,3,4 എന്ന് അരിത്മെറ്റിക് പ്രോഗ്രെഷനിൽ വർധിക്കുന്പോൾ, ജനസംഖ്യ 1,2,4,8 എന്നിങ്ങനെ ജോമെട്രിക് പ്രോഗ്രെഷനിൽ വർധിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അത് കൊണ്ട് കുറച്ചു നാല് കഴിയുന്പോൾ ആളുകൾക്ക് ആവശ്യമായ ഭക്ഷണം കിട്ടാതെ വരുമെന്നും അങ്ങിനെ ഒരു വലിയ പട്ടിണി മരണം ഉണ്ടാവും എന്നും അദ്ദേഹം പ്രവചിച്ചു. അത് കൊണ്ട് വലിയ രോഗമോ, പ്രകൃതി ദുരന്തമോ വന്നാൽ കൂടുതൽ ആളുകളെ രക്ഷപെടുത്തുന്നതിൽ അർത്ഥമില്ല എന്നു മുതൽ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് പകരം അവരെ മരിക്കാൻ അനുവദിക്കണം എന്ന് വരെയുള്ള മാനുഷികം അല്ലാത്ത ചില അഭിപ്രായങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. ഉള്ള ഭൂമി മുഴുവൻ കൃഷി ചെയ്തു കഴിഞ്ഞാൽ മനുഷ്യൻ എന്ത് ചെയ്യും? അന്പത് മീറ്റർ ട്രാക്കിൽ നൂറു മീറ്റർ ഓടാൻ പറ്റുമോ?

മാൽത്തൂസിന്റെ ഈ പ്രവചനം 1845 ൽ അയർലാൻഡിൽ ശരിയായി വന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഉരുളക്കിഴങ്ങു കഴിച്ചു കൊണ്ടിരുന്ന ഒരു ജനത ആയിരുന്നു അവർ. പ്രധാനപ്പെട്ട എല്ലാ കൃഷി ഇടങ്ങളിലും ഉരുളക്കിഴങ്ങു ആണ് കൃഷി ചെയ്തു കൊണ്ടിരുന്നത്. 1845 ൽ ഉരുളക്കിഴങ്ങ് ചെടിക്കു വന്ന ഒരു രോഗം മൂലം അയർലണ്ടിലെ ഉരുളക്കിഴങ്ങു കൃഷി മുഴുവൻ നശിച്ചു. അന്ന് എൺപതു ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന അവിടെ 1852 ൽ ഈ രോഗം അവസാനിക്കുന്പോൾ ജനസംഖ്യ പകുതി ആയി , നാൽപ്പതു ലക്ഷം ആയി കുറഞ്ഞു. പത്തു ലക്ഷം ആളുകൾ മരിച്ചു പോയി, ഇരുപതു ലക്ഷത്തിലേറെ പേർ അമേരിക്കയിലേക്കും ക്യാനഡയിലേക്കും കുടിയേറി. ഇപ്പോൾ അമേരിക്കയിലെ പത്തു ശതമാനത്തിൽ ഏറെ ആളുകൾ അയർലണ്ടിൽ നിന്നും വന്നവരുടെ പുതു തലമുറയാണ്. അന്ന് ബ്രിട്ടന്റെ കീഴിൽ ആയിരുന്ന അയർലണ്ടിനെ ബ്രിട്ടനിൽ നിന്നും അധികം സഹായം ലഭിച്ചിരുന്നില്ല. ഇന്നും അയർലണ്ടിലെ ജനസംഖ്യ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ പകുതി മാത്രമാണ്.

1943 ൽ ഇന്ത്യയിൽ സമാന സംഭവം ഉണ്ടായി. കുപ്രസിദ്ധമായ ബംഗാൾ ഭക്ഷ്യ ക്ഷാമം. രണ്ടാം ലോക മഹായുദ്ധത്തിന്റെ തിരക്കിൽ ബ്രിട്ടൻ ശ്രദ്ധിക്കാതെ പോയ ഈ സംഭവത്തിൽ ഇരുപതു ലക്ഷം ആളുകൾ ആണ് പട്ടിണി കിടന്ന് മരിച്ചത്. യുദ്ധം, വെള്ളപൊക്കം, കൃഷി രീതികളുടെ അപാകത തുടങ്ങി പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഇങ്ങിനെ എല്ലാം ഉള്ള ഒരു സ്ഥിതിയിൽ നിന്നാണ് ആവശ്യത്തിലും അധികം ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിലേക്ക് ആധുനിക ശാസ്ത്രം മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. മാൽത്തൂസ് കാണാതെ പോയ രണ്ടു കാര്യങ്ങൾ ആണ് ഇവിടെ പ്രവർത്തിച്ചത്. ഒന്നാമത് ഹരിത വിപ്ലവം എന്ന് നമ്മൾ ഇന്ന് വിളിക്കുന്ന രാജ്യാന്തര കൂട്ടായ്മ ആയിരുന്നു. നൂറു കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചവൻ എന്നാണ് ഇതിന്റെ ഉപജ്ഞാതാവായ നോർമൻ ബൊർലോഗിനെ വിളിക്കുന്നത്. ഇന്ത്യയിൽ ഇതിന്റെ തലതൊട്ടപ്പൻ തമിഴ്‌നാട്ടിലെ കുംഭകോണത് ജനിച്ച എം എസ് സ്വാമിനാഥൻ ആയിരുന്നു. 1961 ൽ അന്നത്തെ ഭക്ഷ്യ മന്ത്രി ആയിരുന്ന സി സുബ്രമണ്യൻ നോർമൽ ബൊർലോഗിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഫോർഡ് ഫൗണ്ടേഷനും ഇന്ത്യൻ ഗവൺമെന്റും കൂടി സംയുക്തമായി നടത്തിയ ആദ്യ പരീക്ഷണത്തിൽ IR8 എന്ന നെല്ലിനത്തിനെ പഞ്ചാബിൽ പരീക്ഷിക്കാൻ തീരുമാനിച്ചതാണ് ഇതിന്റെ ആദ്യ പടി. അത്ഭുത അരി എന്ന് വിളിപ്പേര് വീണ IR8 ഇന്ത്യയിൽ അത്ഭുതം പ്രവർത്തിച്ചു. 1960 ൽ ഹെക്ടറിന് രണ്ടു ടൺ അരി ഉൽപാദിപ്പിച്ച നമ്മൾ 1990 ആയപ്പോഴേക്കും ഹെക്ടറിന് ശരാശരി ആറ് ടൺ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. മൂന്നിരട്ടി.

IR8 പോലെ അധികം വിള തരുന്നതും രോഗ പ്രധിരോധ ശേഷി ഉള്ളതുമായ സങ്കര ഇനം ചെടികളുടെ ഉപയോഗം ഹരിത വിപ്ലവത്തിലെ ഒരു ഭാഗം മാത്രമെ ആകുന്നുന്നുള്ളു. കള നശിപ്പിക്കുന്ന മരുന്നുകൾ, കീടങ്ങളെ കൊല്ലുന്ന രാസ വസ്തുക്കൾ, ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങളുടെ ഉപയോഗം തുടങ്ങി ഒരു പിടി കാര്യങ്ങൾ ഒരുമിച്ചു ചെയ്താണ് ഇന്ത്യയിലും മറ്റു രാഷ്ട്രങ്ങളിലും ശാസ്ത്രം ഭക്ഷ്യ ഉൽപ്പാദനം കൂട്ടി വലിയ പല പട്ടിണി മരണങ്ങളും ഒഴിവാക്കിയത്. കാസർഗോട്ടെ എൻഡോസൾഫാനും, അമേരിക്കയിലെ റൌണ്ട് അപ്പും പോലെ പോലെ പ്രയോഗിക്കുന്നതിലെ അറിവില്ലായ്മ കൊണ്ട് കുറെ രോഗങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്ന്നത് വിസ്മരിക്കാൻ കഴിയില്ലെങ്കിലും ഹരിത വിപ്ലവം ജീവൻ രക്ഷിച്ചവരുടെ എണ്ണം വളരെ അധികം ആണ്. അന്പത് മീറ്റർ ട്രാക്കിൽ ഇരുനൂറു മീറ്റർ ഓടാനും പറ്റും എന്ന് ശാസ്ത്രം തെളിയിച്ചു.

മാൽത്തൂസ് കാണാതെ പോയ രണ്ടാമത്തെ കാര്യം ജനസംഖ്യ ഇപ്പോഴും വർധിക്കില്ല എന്നുള്ളതാണ്. പാവപെട്ട ഒരു ജനത പുരോഗതി കൈവരിക്കുന്പോൾ ജനസംഖ്യ ക്രമേണ കുറഞ്ഞു വരും. പാവപ്പെട്ടവർ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിന് കാരണം അവരുടെ ദാരിദ്യം ആണ് എന്ന് പലപ്പോഴും ആളുകൾ കാണാതെ പോകുന്നു. ദരിദ്രർക്ക് കൂടുതൽ കുട്ടികൾ കൂടുതൽ പണിയെടുക്കാനുള്ള ശരീരങ്ങൾ ആണ്. തമിഴ് നാട്ടിൽ പണ്ട് സഞ്ചരിക്കുന്പോൾ ചായക്കടകളിൽ ജോലി ചെയ്യുന്ന കുട്ടികൾ കണ്ടിട്ടുള്ളത് ഇതിനു ഉദാഹരണം ആണ്. ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ശിശു മരണ നിരക്ക് കൂടുതലും , ആളുകളുടെ ശരാശരി ആയുർദൈർഘ്യം കുറവും ആയിരിക്കും.

എന്നാൽ പുരോഗതി പ്രാപിക്കുന്നതോടെ ജനസംഖ്യ വർധന കുറഞ്ഞു വരികയും ആയുർ ദൈർഘ്യം കൂടുകയും ചെയ്യുന്നു. ഇങ്ങിനെ ജനസംഖ്യ വർധന നിരക്ക് കുറഞ്ഞു വന്നു ഉള്ള ആളുകളേക്കാൾ കുറവ് കുഞ്ഞുങ്ങൾ ഉണ്ടാവുന്ന ഒരു സ്ഥിതി വരും ((Below-replacement Fertility)). യൂറോപ്യൻ രാജ്യങ്ങളിൽ ചിലതെല്ലാം ഈ സ്ഥിതിയിൽ ആണ്. കേരളം അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇങ്ങിനെ ആകും എന്ന് ഒരു വാർത്ത വായിച്ചതായി ഓർക്കുന്നു.
ഇങ്ങിനെ ഒരു സ്ഥിതി വന്ന സ്ഥലങ്ങളിൽ ആണ് ആളുകൾ ജൈവ വളങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചും രാസ വളങ്ങൾ ഉപേക്ഷിക്കുന്നതിനെ പറ്റിയെല്ലാം ഉള്ള ചർച്ച ചെയ്യുന്നത്. കേരളം ഇപ്പോൾ ഈ സ്ഥിതിയിൽ ആണുള്ളത്. രാസ വളങ്ങൾ ഉപയോഗിക്കാതെ ഇപ്പോൾ ഉള്ള ജനത്തിനേ മൊത്തം തീറ്റി പോറ്റുവാൻ മാത്രം ഭക്ഷ്യ വസ്തുക്കൾ ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അതാണ് നമ്മുക്ക് ഏറ്റവും അഭികാമ്യം. ഇപ്പോഴുള്ള ജൈവ കൃഷി രീതികളിൽ അത് പറ്റുമോ എന്ന് എനിക്കറിയില്ല. മാത്രം അല്ല ജൈവ കൃഷിയിൽ കൂടുതൽ കൃഷി ഇടങ്ങൾ വേണ്ടി വരും എന്നും അത് കൂടുതൽ പ്രകൃതി നാശത്തിലേക്കു നയിക്കും എന്നെല്ലാം ഞാൻ വായിച്ചിരുന്നു. ആ വിഷയം കൂടുതൽ അറിവുള്ളവർക്ക് വിടുന്നു. പക്ഷെ അതിന്റെ പേരിൽ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച, ഇപ്പോഴും രക്ഷിച്ചു കൊണ്ടിരിക്കുന്ന രാസ വളങ്ങളെയും കീട നാശിനികളെയും നമുക്ക് ഭള്ളു പറയാതിരിക്കാം.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട തമാശ ചക്ക കഴിച്ചാൽ എയ്ഡ്സ് വരില്ല എന്നെല്ലാം പറയുന്നതാണ്. ചക്കയും മാങ്ങയും നല്ല ഭക്ഷ്യ വസ്തുക്കൾ തന്നെയാണ്, പക്ഷെ ചക്ക കഴിച്ചാൽ എയ്‌ഡ്സ്‌ വരില്ല എന്നെല്ലാം പറയുന്നതിന് മുൻപ് അതിനെ കുറിച്ചുള്ള ശാസ്ത്രീയ പരീക്ഷണങ്ങളുടെ തെളിവുകളും കൂടെ പുറത്തു വിടണം. അറിയാൻ എല്ലാവര്ക്കും അവകാശം ഉണ്ടല്ലോ.

എന്ന് സ്നേഹപൂർവ്വം ഒരു ആരാധകൻ.

ഇരയും വേട്ടക്കാരനും

https://www.facebook.com/Hussain.Kizhakkedathu/posts/10208942831680034

2017 June 8 ·

അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അത് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നുണ്ടോ എന്നൊരു സംശയം വരാൻ തുടങ്ങി.
ആറ് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ ഫേസ്ബുക്, ജിമെയിൽ, ഹോട്ട്മെയിൽ, യാഹൂ എന്നിങ്ങനെ എല്ലാ അക്കൗണ്ടുകളും ലോക്ക് ആയി. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒന്നിലും ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. ആന്ന് പാതിരാത്രിയിൽ എനിക്കൊരു ഫോൺ കാൾ വന്നു. മറുതലക്കൽ ഇംഗ്ലീഷിൽ ഒരാൾ സംസാരിച്ചു.

"ബ്രദർ ഞാൻ നിങ്ങളുടെ അക്കൗണ്ടുകൾ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ പറയുന്ന പോലെ ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ടുകൾ ഞാൻ അൺലോക്ക് ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഞങ്ങൾ ഇന്റർനെറ്റിൽ ഇടും. "

"നിങ്ങളുടെ വിളിച്ച നന്പർ എന്റെ ഫോണിൽ എനിക്കു കാണാം, ഞാൻ ഇപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കും" എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

അമേരിക്കൻ പോലീസ് മണിക്കൂറുകൾക്കുള്ളിൽ ഇവരെ പിടിക്കും എന്നെല്ലാം വിചാരിച്ചു ഞാൻ 911 ഡയല് ചെയ്തു. രാത്രി തന്നെ ഒരു പോലീസ്‌കാരൻ വന്നു. ഇന്റർനെറ്റിന്റെ സുരക്ഷിത പ്രശ്നങ്ങളെ കുറിച്ച് ഒരു ക്ലാസ് എടുത്തിട്ട് പോയി. എനിക്ക് ഫോൺ കാൾ വന്ന നന്പർ മിക്കവാറും ഏതെങ്കിലും ഉപയോഗിച്ച കളയുന്ന ഫോണോ, അല്ലെങ്കിൽ ഇന്റർനെറ്റിൽ നിന്ന് തന്നെ മാസ്ക് ചെയ്തു വിളിച്ചതു ആയിരിക്കാനാണ് സാധ്യത എന്ന് പറഞ്ഞു. അവർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു.

പിറ്റേന്ന് രാത്രി വീണ്ടും എനിക്ക് ഫോൺ കാൾ വന്നു. ആദ്യം വിളിച്ച അതെ ആൾ.

"ബ്രദർ, എനിക്ക് നിങ്ങളുടെ സഹായം വേണം. പോലീസിനെ വിളിച്ചു കാണും എന്നെനിക്കറിയാം. നിങ്ങളുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണണ്ട എന്നാണെങ്കിൽ ഞാൻ പറയുന്നത് കേൾക്കുക."

എന്ത് ചോദിച്ചാലും ബ്ലാക്ക് മെയിൽ ചെയ്യുന്നവരോട് സന്ധി ചെയ്യില്ലെന്ന് ഞാനും ഗോമതിയും ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഇന്റർനെറ്റിൽ നഗ്ന ചിത്രങ്ങൾ ഇടാൻ ആണ് പ്ലാൻ എങ്കിൽ കുറച്ചു കാണാൻ കൊള്ളാവുന്ന ശരീരത്തിൽ ഞങ്ങളുടെ തല പിടിപ്പിക്കണം എന്ന് ഞങ്ങൾ മറുപടി കൊടുത്തു. അതോടെ അയാൾ ഫോൺ വയ്ക്കുകയും ചെയ്‌തു.

പിറ്റേന്ന് ഞാൻ യാഹൂ, ഗൂഗിൾ തുടങ്ങി എല്ലാ കന്പനികളെയും ബന്ധപെട്ടു, ഹോട്ട്മെയിൽ ഒഴികെ എന്റെ എല്ലാ അക്കൗണ്ടുകളുടെയും നിയന്ത്രണം തിരികെ എടുത്തു. പക്ഷെ എനിക്കൊരു സംശയം ജനിച്ചു, വിളിച്ച ആൾ എന്നോട് പണം ഒന്നും ആവശ്യപ്പെട്ടില്ല, ഒരു സഹായം വേണം എന്നാണ് പറഞ്ഞത്, ഇനി വല്ല ഭീകര സംഘടനകളും ഞങ്ങളെ ഭീഷണിപ്പെടുത്തി ഉപയോഗിക്കാൻ നോക്കിയതാണോ?

അങ്ങിനെ ആണ് FBI യെ വിളിക്കാൻ തീരുമാനിച്ചത്. ന്യൂ ജേഴ്‌സിയിൽ ഉള്ള അവരുടെ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു. ഇനി വല്ല ബോംബ് സ്ഫോടനമോ മറ്റോ നടന്നാൽ നടത്തിയ ആൾ എന്നെ വിളിച്ചിരുന്നു എന്ന കണ്ടെത്തിയാൽ ഞാൻ കുടുങ്ങുമല്ലോ.

പക്ഷെ FBI യുടെതും ഒരു തണുപ്പൻ സമീപനം ആയിരുന്നു. പണനഷ്ടം, ജീവഹാനി തുടങ്ങിയ ഒന്നും നടക്കാത്ത ഈ കാര്യത്തിൽ ഇടപെടാൻ കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. ഞാൻ ഈ കാര്യത്തിന് വിളിച്ചിരുന്നു എന്നതിന് തെളിവ് വേണം എന്ന് പറഞ്ഞപ്പോൾ ഒരു വെബ്സൈറ്റിന്റെ അഡ്രസ് തന്നു, അവിടെ പോയി എല്ലാ കാര്യങ്ങളും എഴുതി സ്ക്രീൻ ഷോട്ട് എല്ലാം എടുത്തു കേസ് ഓപ്പൺ ചെയ്തു. അത്രമാത്രം, വേറെ ഒരു അനക്കവും ഇന്നുവരെ ആ കാര്യത്തിൽ ഉണ്ടായില്ല. അത്ഭുതം എന്ന് പറയട്ടെ രാത്രി വരുന്ന ഫോൺ കോളുകൾ അതോടെ നിന്നു.
2013 ൽ റാസ എന്നൊരാൾ ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റിന് എതിരെ ഫയൽ ചെയ്ത ഒരു കേസും അതിന്റെ കോടതി വിധിയും ആണ് പിന്നീട് ഈ സംഭവങ്ങളെ കുറിച്ച് എനിക്ക് കുറച്ചു സംശയങ്ങൾ ജനിപ്പിച്ചത്. ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റും CIA യും ചേർന്ന് മുസ്ലിംങ്ങളുടെ ഇടയിൽ നടത്തുള്ള രഹസ്യ നിരീക്ഷണത്തെ കുറിച്ചും അവരിൽ ഭീകരവാദികൾ ഉണ്ടോ എന്ന് കണ്ടു പിടിക്കാൻ ആയി പള്ളികളിലും മറ്റു മുസ്ലിം കമ്മ്യൂണിറ്റി സെന്ററുകളിലും കള്ള പേരിൽ നുഴഞ്ഞു കയറി ഭീകര വാദത്തിനു പ്രേരണ ചെലുത്തുകയും , അതിൽ ആരെങ്കിലും വീഴുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുക എന്നതായിരുന്നു പോലീസ് ചെയ്തു കൊണ്ടിരുന്നത്. രണ്ടായിരത്തി പതിമൂന്നു വരെ പത്തു വർഷത്തോളം ഉള്ള കാലയളവിൽ ഇങ്ങിനെ ഉള്ള നിരീക്ഷണത്തിലൂടെ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നതിനാലും, ഇത് പൗരന്റെ പ്രാഥമിക മത സ്വാതന്ത്ര്യത്തിലെക്കുള്ള കടന്നു കയറ്റം ആയതിനാലും കോടതി ഇത് നിരോധിച്ചു. ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ മുസ്ലിം നാമധാരിയായ എന്നെയും അവർ നിരീക്ഷിച്ചിരിക്കാം, ചില ചൂണ്ടകൾ ഇട്ടു നോക്കിയിരിക്കാം, 2012 അസോസിയേറ്റഡ് പ്രസ് ഒരു വാർത്തയിലൂടെ പുറത്തു കൊണ്ടുവരുന്ന വരെ വളരെ രഹസ്യമായി നടത്തിയ സംഭവം ആയതു കൊണ്ട് തെളിവുകൾ ഒന്നുമില്ല.

രണ്ടായിരത്തി മൂന്നിൽ സയോൺ നാഷണൽ പാർക്കിൽ പോയപ്പോഴാണ് ഞാൻ താമസിച്ച റിസോർട്ടിന്റെ ഉടമയായ സ്ത്രീ എന്റെ പേര് കേട്ടിട്ട് ഞാൻ ഒരു ഭീകരൻ ആണോ, സദ്ദാം ഹുസ്സൈന്റെ ബന്ധുവാണോ എന്നെല്ലാം ചോദിച്ചത്. അവരുടെ മുഖത്ത് നല്ല പേടി കണ്ടപ്പോഴാണ് അവർ സീരിയസ് ആയി ചോദിക്കുകയാണ് എന്ന് മനസിലായത്. അമേരിക്ക ഇറാക്കിലെ അധിനിവേശം തുടങ്ങിയ വർഷം ആയിരുന്നു അത്. ഞങ്ങൾ ജനാധിപത്യം സ്ഥാപിക്കാൻ ആണ് ഇറാക്ക് കീഴടക്കിയത് എന്ന് പറഞ്ഞ അവരോട്, ജോർജ് ബുഷിനേക്കാൾ കൂടുതൽ വോട്ടു കിട്ടിയ അൽ ഗോർ പ്രസിഡന്റ് ആകാതിരുന്ന ജനാധിപത്യം തെറ്റല്ലേ എന്ന് ചോദിച്ച എന്നെ ഒരു ഭീകരനെ പോലെ തന്നെയാണ് അവർ നോക്കിയത് :)

പക്ഷെ ഇതിന്റെ എല്ലാം തമാശ, ഞാൻ പല ഭീകര ആക്രമണങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട ആളാണ് എന്നുള്ളതാണ്. സെപ്റ്റംബർ പതിനൊന്നു നടക്കുന്പോൾ ന്യൂ യോര്കിൽ നിന്നും അൻപത് മൈൽ അകലെ ഉള്ള പ്രിൻസ്ടൺ എന്ന സ്ഥലത്തു പോയത് കൊണ്ട് രക്ഷപെട്ടു. രണ്ടായിരത്തി മൂന്നു മുതൽ ഒൻപതു വരെ വാൾ സ്ട്രീറ്റിൽ ജോലിക്കു പോയി കൊണ്ടിരുന്നത് ഗ്രൗണ്ട് സിറോയിലെ വിഷപ്പുകയും ശ്വസിച്ചായിരുന്നു. ഈജിപ്തിൽ മുല്ലപ്പൂ വിപ്ലവം മതതീവ്രവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ടതും കയ്‌റോയിലെ ബോംബ് സ്ഫോടനവും മറ്റും 2013 ജൂണിൽ ൽ ഞാൻ പോയി വന്നതിന്റെ പിറ്റേ മാസം മുതൽ ആയിരുന്നു. പാരിസിൽ പോയി വന്നു അടുത്ത ആഴ്ച ഞങ്ങൾ സ്ഥിരം നടന്നിരുന്ന ഷാംപ്‌സ്‌ എലീസിൽ ആക്രമണം ഉണ്ടായി. എന്തിനു പറയുന്നു, ഒരിക്കലും വാർത്തകളിൽ വരാത്ത തായ്‌ലൻഡിൽ വരെ ഞങ്ങൾ പോയ അന്പലത്തിൽ ഒരു വർഷത്തിനിടെ ബോംബ് സ്ഫോടനം നടന്നു.

ഞാൻ ഇതെല്ലം പറയാൻ കാരണം ലണ്ടനിലെത് ഉൾപ്പെടെ ഭീകര ആക്രമണം നടക്കുന്പോഴെല്ലാം എന്റെ പ്രാർത്ഥന അത് ചെയ്തത് മുസ്ലിം നാമധാരി ആകല്ലേ എന്നതാണ്, കാരണം പിറ്റേന്ന് മുതൽ ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യത്തിന് ഞാൻ പഴി കേൾക്കേണ്ടി വരും. എനിക്കറിയിക്കാവുന്ന എല്ലാ മുസ്ലിം സുഹൃത്തുക്കളുടെയും സ്ഥിതി ആണിത്. ഭീകരരെ അനുകൂലിക്കുന്ന ഒരാളെ പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചിലർ എന്നോട് ചോദിക്കുന്നത്, നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിലെ ഭീകരന്മാരെ പൊലീസിന് പിടിച്ചു കൊടുത്താൽ പോരെ എന്നാണ്. ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റും CIA യും പത്തു കൊല്ലം ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഞാൻ എങ്ങിനെ ചെയ്യാനാണ്? ഇരകളിൽ ഒരുവൻ ആയിരുന്നിട്ട് വേട്ടക്കാരനായി ചിത്രീകരിക്കപ്പെടുന്നത് വേദനാജനകം ആണ്. മുസ്ലിമായതു കൊണ്ട് മറ്റു മതസ്ഥർ കൂട്ട് കൂടാത്തത് മുതൽ ബാംഗ്ലൂരിൽ വാടകയ്ക്ക് ഫ്ലാറ്റ് കിട്ടാത്ത കഥകൾ വരെ കേട്ടിട്ടുണ്ട്.
കണക്കുകൾ നോക്കിയാൽ ലോകത്തിലെ മുസ്ലിം ഭീകര ആക്രമണങ്ങളുടെ പ്രധാന ഇരകൾ മുസ്ലിങ്ങൾ തന്നെയാണ്. ഇറാഖ് , അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ കൊല്ലപെടുന്നവരിൽ ഏതാണ്ട് എല്ലാവരും മുസ്ലിങ്ങൾ ആണ്. ന്യൂ യോർക്കിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാൽപതു മുസ്ലിങ്ങളിൽ അബ്ദുൽ സലാം മല്ലാഹി എന്ന യെമെനി പൗരൻ അനേകം ആളുകളെ രക്ഷപെടുത്തിയിട്ടു മരണം വരിച്ച ആളാണ്. മുംബൈ ഭീകര ആക്രമണത്തിൽ 138 പേരിൽ 32 പേര് മുസ്ലിങ്ങൾ ആയിരുന്നു. എന്ന് വച്ചാൽ ഇരകളിൽ ജാതിയും മതവും ഇല്ല.

മതത്തിന്റെ പേരിലുള്ള ഭീകരത ഇന്നത്തെ ഒരു യാഥാർഥ്യമാണ്. പക്ഷെ അതിനെതിരെ പോരാടേണ്ടത് നമ്മൾ എല്ലാവരും കൂടിയാണ്. ഇറാഖിലും സിറിയയിലും ഉള്ള ഭീകര ആക്രമണത്തിലെ ഇരകളും ലണ്ടനിലും പാരിസിലും ഉള്ള ഭീകര ആക്രമണത്തിലെ ഇരകളും ഉത്തര ഇന്ത്യയിൽ പശുവിന്റെ പേരിൽ തല്ലിക്കൊല്ലപ്പെടുന്നവരും എല്ലാം ഒരേ അനുകന്പ അർഹിക്കുന്നവരാണ്. അഖിലയും അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ ആടുമേയ്ക്കൽ പരാമർശം കേട്ട എന്റെ ഞെട്ടൽ ഇത് അവരെ മാറിയിട്ടില്ല. പക്ഷെ ഇത് എതിർക്കേണ്ടത് നമ്മൾ എല്ലാവരുടെയും കടമയാണ്. മത തീവ്രവാദ സംഘടനകൾക്കെതിരെ ഗവൺമെന്റ് ശക്തമായ നടപടികൾ എടുക്കണം. അതിന് മത ജാതി ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് സംശയമില്ലാത്ത കാര്യമാണ്.

ഭൂരിപക്ഷം ന്യൂനപക്ഷം

https://www.facebook.com/Hussain.Kizhakkedathu/posts/10208954526932408

2017 June 10
പിജിഡിസിഎ ഫൈനൽ പരീക്ഷ കഴിഞ്ഞു ഞങ്ങൾ അഞ്ചാറ് കൂട്ടുകാർ ഏലൂരിനടുത്ത് പാതാളം എന്ന സ്ഥലത്തുള്ള ഒരു കൂട്ടുകാരന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ കൂടിയതാണ്. പാതിരാത്രി ആയപ്പോൾ വെള്ളമടി എല്ലാം കഴിഞ്ഞു ഞങ്ങൾ നടക്കാൻ ഇറങ്ങി. ഒരു പാലത്തിന്റെ മുകളിലൂടെ നടക്കുന്പോൾ കൂടെയുള്ള തൃശൂരുകാരൻ അച്ചായൻ തോമസ് ഞങ്ങളോടെ ചോദിച്ചു

"ഇഷ്ടാ, ഇപ്പൊ നമ്മൾ ഇതിലൂടെ ഒറ്റയ്ക്ക് പോണെണെന്ന് വിചാരിക്കുക, എതിരെ അഞ്ചാറ് പേർ വന്നു നമ്മളെ ഭീഷണിപ്പെടുത്തി ഒരു അടി വച്ച് തന്നാൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?"
"അതില്ല"
"എന്നാ ഇനി എതിരെ ഒറ്റയ്ക്ക് വരുന്നവനെ നമ്മൾ തടഞ്ഞു നിർത്തി തെറി പറയുന്നു, പറ്റിയാൽ ഒരടിയും കൊടുക്കാം..."

എന്തെങ്കിലും പറഞ്ഞു തീരുന്നതിനു മുൻപ് എതിരെ ഒരാൾ ഒരു സ്‌കൂട്ടറിൽ വന്നു. സെക്കന്റ് ഷോ കഴിഞ്ഞോ മറ്റോ വരുന്ന വഴി ആയിരിക്കണം. പാലത്തിൽ വേറെ ഒരാളുമില്ല. തോമസ് അയാളെ തടഞ്ഞു നിർത്തി.

"നീ എവിടെ പോണേണെടാ? " എന്ന ചോദ്യത്തിൽ ആയിരുന്നു തുടക്കം, പിന്നെ തെറിയുടെ പൂരം. തല്ലു വരെ എത്തിയില്ല. പക്ഷെ അപ്രതീക്ഷിതമായ ഈ സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരൻ പകച്ചു പോയിരുന്നു. ഞങ്ങളെല്ലാം ഒരു വിധത്തിൽ തോമസിനെ പിടിച്ചു നിർത്തി അയാളെ പറഞ്ഞു വിട്ടു.

"ഞാൻ പറഞ്ഞില്ലെ, ഇങ്ങിനെ ഒരു അവസരത്തിൽ അവർക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല..." തോമസ് വീന്പിളക്കി. ഞങ്ങൾ ഞങ്ങളുടെ നടത്തം തുടർന്ന്.

പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ ഒരു ബഹളം കേട്ടു. ഞങ്ങൾ പേടിപ്പിച്ചു വിട്ട ആളും, കൂടെ ഒരു വലിയ കൂട്ടം ആളുകളും. കയ്യിൽ വടിയെല്ലാം ഉണ്ട്. അന്ന് ഏലൂർ - പാതാളം ഏരിയ ഗുണ്ടകളുടെ ആസ്ഥാനം ആണ്. അങ്ങിനെ ഉള്ള ഏതോ ഒരു ഗുണ്ടയുടെ ചേട്ടനെയോ അനിയനെയോ ആണ് ഞങ്ങൾ തടഞ്ഞു നിർത്തിയത് എന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. പാലത്തിന്റെ തൊട്ടപ്പുറത്തായിരുന്നു അയാളുടെ വീട്. ഓടിക്കോടാ എന്ന് തോമസ് അലമുറയിട്ടത് മാത്രം എനിക്കോർമ്മയുണ്ട്. ഓടി കുറെ കഴിഞ്ഞു പലയിടത്തും വീണും പിടിച്ചും ഏതോ കവലയിൽ എത്തിയപ്പോഴേക്കും ദേഹം എല്ലാം മുറിഞ്ഞിരുന്നു. പക്ഷെ ഭാഗ്യത്തിന് അവരുടെ കയ്യിൽ പെട്ടില്ല. ഈ സംഭവത്തോടെ ആണ് ഭൂരിപക്ഷം ന്യൂനപക്ഷം ആകാൻ അധികം സമയം വേണ്ട എന്നെനിക്കു മനസിലായത്.

ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാം പാകിസ്ഥാനിൽ പോകണം എന്നഭിപ്രായമുള്ള ചില ഉത്തരേന്ത്യൻ സങ്കി സുഹൃത്തുക്കൾ കുടിയേറ്റത്തിനെതിരെ നിലപാടെടുക്കുന്ന ട്രന്പിനെ ഇന്ന് ചീത്ത പറയുന്ന കേട്ടപ്പോൾ ഞാൻ ഈ സംഭവം ഓർത്തു പോയി. നാട്ടിൽ ന്യൂനപക്ഷ വിരുദ്ധരും കുടിയേറ്റ വിരുദ്ധരും ആയവർ അമേരിക്കയിൽ വന്നാൽ ന്യൂനപക്ഷ പ്രേമികളും കുടിയേറ്റ പ്രേമികളും ആണ് :)

ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊക്കെ പറയുന്പോൾ മിക്കവാറും പേർ അത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് കാണുന്നത്. പക്ഷെ ഇത് മത ന്യൂനപക്ഷത്തിന്റെ മാത്രം കാര്യമല്ല. ഭിന്ന ലിംഗക്കാർ, ഭിന്നശേഷിയുള്ള കുട്ടികൾ , നമ്മുടെ നാട്ടിൽ വന്നു ജോലി ചെയ്യുന്ന അന്യനാട്ടുകാർ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളും ഇതിൽ പെടും. മതന്യൂന പക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ചിലർ ഭിന്ന ലിംഗക്കാരെ കുറിച്ച് പറയുന്നത് കേട്ടാൽ അറപ്പു തോന്നും.

എല്ലാ ഭൂരിപക്ഷവും മറ്റൊരു വീക്ഷണ കോണിൽ നോക്കിയാൽ ന്യൂനപക്ഷം ആണ്. ഉദാഹരണത്തിന് കേരളത്തിലെ എല്ലാവരും ഇന്ത്യയിലെ മൊത്തം കണക്കു നോക്കിയാൽ ഭാഷാ ന്യൂനപക്ഷം ആണ്.

ഒരു രാജ്യത്തിൻറെ മഹത്വം അത് അതിലുള്ള ഏറ്റവും അവശരായവരെ എങ്ങിനെ പരിഗണിക്കുന്നു എന്നുള്ളതിലാണ് എന്ന് പറഞ്ഞത് ഗാന്ധിയാണ്. വ്യക്തികളുടെ കാര്യത്തിലും ഇത് ശരിയാണ് എന്നെനിക്കു തോന്നുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിൽ ജോസൂട്ടിയുടെ അച്ഛൻ പറയുന്ന പോലെ,മറ്റുള്ളവരുടെ ഭാഗത്തു നിന്നൊന്നു ചിന്തിച്ചു നോക്കിയാൽ തീരുന്ന പ്രശ്നമേ നമുക്കൊക്കെ ഉള്ളൂ.

"A nation's greatness is measured by how it treats its weakest members" : മഹാത്മാ ഗാന്ധി.

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...